ശൈഖ് കണ്യാല മൗലാ(റ), സ്വൂഫീലോകത്തെ നക്ഷത്രം
സമീപ കാലത്ത് കേരളത്തിൽ ജീവിച്ചു മണ്മറഞ്ഞു പോയ സ്വൂഫീവര്യരില്‍ പ്രമുഖനാണ് കണ്യാല മൗല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പട്ടിക്കാട് പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന കണ്യാലയിൽ തമ്പലക്കോടൻ സൂഫി മരക്കാർ ഫാത്തിമ ദാമ്പതികളുടെ മകനായി ഹിജ്‌റ 1356 റജബ് 27(ക്രിസ്താബ്ദം 1936) നാണ് അബ്ദുള്ള എന്ന കണ്യാല മൗല ജനിക്കുന്നത്. ഉപ്പ ചെറുപ്രായത്തിൽ തന്നെ മരണപ്പെടതുകൊണ്ട് ഉമ്മയിൽ നിന്നായിരുന്നു പ്രാഥമിക പഠനം നടത്തിയത്. പണ്ഡിതയും ഹാഫിളത്തുമായിരുന്നു മൗലയുടെ ഉമ്മ.
തുടർന്ന് തന്റെ ജ്യേഷ്ഠനായിരുന്ന കുഞ്ഞമ്മദ് മുസ്‌ലിയാരിൽ നിന്ന് വിദ്യ അഭ്യസിച്ചതിനു ശേഷം കറാച്ചി ബാപ്പു ഹാജിയുടെ ശ്രമഫലമായി പട്ടിക്കാട് റഹ്മാനിയ്യ ജുമുഅത്ത് പള്ളയിലെ ദർസിൽ അഞ്ചു വർഷത്തോളം പഠനം നടത്തി. ആദ്യ സമയങ്ങളിൽ പത്ത് മണി വരെ പാടത്ത് ജോലി ചെയ്ത് വിജ്ഞാനം നുകർന്നിരുന്ന കണ്യാല മൗല പിന്നീട് അറിവിനോടുള്ള അതിയായ താല്പര്യം കാരണം തൊഴിൽ ഉപേക്ഷിച്ചു മുഴുസമയം കിതാബ് ഓതാനും അറിവ് നുകരാനും വേണ്ടി മാറ്റിവെക്കുകയായിരുന്നു. പട്ടിക്കാടിനു പുറമെ പള്ളിപ്പുറം, പുത്തനങ്ങാടി ദർസുകളിലും വിജ്ഞാനം നുകർന്നിട്ടുണ്ട്. മഹാന്മാരായ പണ്ഡിതവാര്യന്മാരായിരുന്ന താഴേക്കാട് കുഞ്ഞലവി മുസ്‌ലിയാർ, അരിപ്ര സികെ മുഹമ്മദ് മുസ്‌ലിയാർ, മുക്കം മുഹമ്മദ് മുസ്‌ലിയാർ എന്നിവർ കണ്യാല മൗലയുടെ ഗുരുവര്യന്മാരാണ്.
ചെറു പ്രായത്തിൽ തന്നെ സഹപാഠികൾക്ക് കിതാബ് ഓതികൊടുക്കുകയും കർമ ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകളും ചോദ്യങ്ങളും കടന്നു വരുമ്പോൾ തുഹ്ഫയുടെ വാള്യവും പേജുമെല്ലാം കൃത്യമായി പറഞ്ഞ് മറുപടി കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. പഠന സമയത്ത് തന്നെ ഒഴിവ് സമയങ്ങളിൽ വിശുദ്ധ ഖുർആൻ പാരായണത്തിലും ദികറിലുമായി കഴിഞ്ഞു കൂടൽ പതിവായിരുന്ന മൗലയെ കുറിച്ച് പല മഹാന്മാരും, ഭാവിയില്‍ വലിയ മഹാനാവുമെന്ന് പറഞ്ഞിരുന്നു.
വിവിധ ഭാഷകളിൽ അവഗാഹം ഉള്ള കണ്യാല അബ്ദുല്ലാഹ് ഹാജി വലിയ കവി കൂടിയായിരിന്നു. വടകര മമ്മദ് ഹാജി, ബീരാൻ ഔലിയ, ഞണ്ടാടി ശൈഖ് എന്നറിയപ്പെടുന്ന അബൂബക്കർ ശൈഖ് എന്നിവരുമായി സഹവാസം പുലർത്തിയിരുന്ന കണ്യാല മൗലയുടെ ആത്മീയ ഗുരു മഹാനായിരുന്ന സ്വാലിഹ് മൗലയാണ് (ജനനം ഹിജ്‌റ 1305). കണ്യാല അബ്ദുല്ലാഹ് ഹാജി തന്റെ ആത്മീയ ഗുരുവിനെ കണ്ടെത്തുന്നത്തിനായി പല മഹത്തുകളെ സന്ദർശിക്കുകയും അവരെല്ലാവരും ഒരു മഹാനിലേക്ക് സൂചന നൽകുകയും ചെയ്തു. അജ്മീർ ദർഗയിൽ വെച്ച് ഒരു ഫഖീർ താങ്കളുടെ ശൈഖിനെ കണ്ടിട്ട് എത്ര ദിവസമായി കുട്ടീ എന്ന് മൗലയോട് ചോദിക്കുകയുണ്ടായി. അതോടെ ആത്മീയ ഗുരുവിനെ കണ്ടെത്തതാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയ കാണ്യാല മൗല മുത്തുപേട്ടയിൽ വെച്ച് സ്വപ്നത്തിലൂടെ തന്റെ ശൈഖ് വെളിയംകോട് കടപ്പുറത്തിനടുത്തുള്ള ഒരു പ്രായമായ ആളാണെന്നും അവിടേക്ക് തിരിക്കണമെന്നും അറിയുകയുണ്ടായി. വെളിയംകോട് എത്തി അവിടെയുള്ളവരോട് അന്വേഷിച്ചുവെങ്കിലും ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ഒടുവിലാണ് പാടത്തക്കായിൽ സ്വാലിഹ് മൗലയെ കുറിച്ച് അറിയുന്നത്. അവിടെ എത്തി അദ്ദേഹത്തെ കണ്ടതോടെ താൻ ചെറുപ്രായത്തിൽ ദർസിൽ പഠിക്കുമ്പോൾ ജോലി ചെയ്തിരുന്ന വയലിൽ വന്നു എന്നോട് സംസാരിക്കുകയും ദിക്റുകൾ ചെല്ലാൻ പറയുകയും ചെയ്ത മഹാനാണ് ഇതെന്ന് മനസ്സിലായി. സ്വാലിഹ് മൗല കണ്യാല അബ്ദുല്ലാഹ് ഹാജിക്ക് ഖാദിരി, jfഫാഈ, ചിഷ്തി, സുഹ്‍റവർദി എന്നീ നാല് ത്വരീഖത്തുകളുടെ ഖിലാഫത്ത് പദവി നൽകുകയും ചെയ്തു.
ഉമ്മുൽ മദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യയോട് വല്ലാത്ത അടുപ്പമായിരുന്നു മൗലക്കുണ്ടായിരുന്നത്. പൊതുപരിപാടികളിൽ സംബന്ധിക്കാറില്ലായിരുന്ന അദ്ദേഹം ജാമിഅ സമ്മേളനങ്ങളിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ആത്മീയജ്ഞാനത്തിന്റെ പ്രകാശം കൊണ്ട് നിരവധി പേർക്ക് വെളിച്ചം തെളിയിച്ചു കൊടുത്ത കണ്യാല മൗല ഹിജ്‌റ 1425 റജബ് 10 ക്രിസ്ത്വബ്ദം 2004 ആഗസ്റ്റ് 26 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.
Leave A Comment