കലകളുടെ ഇസ്‌ലാമിക കാലം
ഇസ്‌ലാമിലെ കലകള്‍ മുസ്‌ലിം നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഉദാത്തമായ നേര്‍ചിത്രങ്ങളുടെ പ്രതിഫലനങ്ങളാണ്. മുസ്‌ലിം നാഗരികതയുടെ ഏതുവശം പരിഗണിക്കുമ്പോഴും അതിന്റെ അസ്തിത്വത്തിനുള്ള സര്‍ഗപരമായ അടിസ്ഥാനം വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനാണ്. ഇസ്‌ലാമിക കലകളില്‍ ഖുര്‍ആന്റെ വൈവിധ്യമാര്‍ന്ന അര്‍ത്ഥ തലങ്ങളെ വ്യത്യസ്ത രീതികളിലൂടെ ആവിഷ്‌കരിക്കപ്പെടുകയാണ്. മനുഷ്യാസ്തിത്വത്തിനു നിമിത്തമായ മഹാശക്തിയെ കുറിച്ചുള്ള ബോധം ഉറപ്പിക്കുന്നതും ദൈവിക ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമാണ് ഇസ്‌ലാമിക കലകള്‍. ഇസ്‌ലാമിക കലകളുടെ ഊടും പാവും നിര്‍ണയിക്കുന്നതും സൗന്ദര്യപരമായ മാതൃക വിവരിച്ചുതരുന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. നന്മയെ പുല്‍കലും ചീത്തയെ തിരസ്‌കരിക്കലും ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കലകളിലൂടെയുള്ള സര്‍ഗാത്മകമായ ഇടപെടലുകള്‍ മതത്തിന്റെ മഹദ് സന്ദേശങ്ങളെ സര്‍വര്‍ക്കും പകര്‍ന്നുനല്‍കുകയും അതുവഴി ഉന്നതനായ നാഥന്റെ വാഴ്ത്തലുകള്‍ക്ക് ഇടം നല്‍കുകയും ചെയ്യുമ്പോള്‍ അവ സ്തുത്യര്‍ഹവും അഭിലഷണീയവുമായിത്തീരുന്നു. ധാര്‍മികതയുടെ സീമകള്‍ ലംഘിക്കുകയും അശ്ശീലങ്ങളെ പ്രചാരത്തിലെത്തിക്കുകയും ചെയ്യുമ്പോള്‍ കലകളുടെ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കുകയും മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് അവക്ക് ഭ്രഷ്ട് കല്‍പിക്കപ്പെടുകയും ചെയ്യും. ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭം മുതല്‍ ഈ സ്വീകാര്യതയുടെയും തിരസ്‌കാരത്തിന്റെയും സാക്ഷ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ചിന്താപരമായി ആഴത്തിലുള്ള അര്‍ത്ഥതലങ്ങളെ ഉള്‍കൊണ്ട ഉമയ്യത് ബ്‌നു അബിസ്വല്‍ഥിന്റെ കവിതകളും മനോഹരമായ സാഹിത്യശൈലിയും ഉശിരാര്‍ന്ന മാനവിക മൂല്യങ്ങളും സംഗ്രഹിച്ചിരുന്ന ഖുസ്സുബ്‌നു സാഇദയുടെ പ്രഭാഷണങ്ങളും പ്രവാചകന്‍ തിരുനബിക്ക് ഏറെ പ്രിയങ്കരമായിരുന്നു. ശത്രുവിന്റെ ആക്ഷേപ പദാവലികള്‍ക്ക് സര്‍ഗാത്മകമായി മറുപടി നല്‍കാനും ഇസ്‌ലാമിന്റെ അതുല്യപാഠങ്ങളെ സുന്ദരമായ കവിതാശകലങ്ങളിലൂടെ പുനരാവിഷ്‌കരിക്കാനും പ്രവാചകന്‍ (സ്വ) ഹസ്സാനുബ്‌നു സാബിത്ത് (റ) നെ നിയോഗിച്ചിരുന്നു. കലകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അവ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നതിനുമുള്ള പ്രാഥമിക പാഠങ്ങള്‍ മുന്‍ ചൊന്ന ഉദാഹരണങ്ങളിലുണ്ട്.സര്‍ഗാത്മകതയെ നിരന്തരം പരിപോഷിപ്പിക്കുകയും പ്രതിഭാധനത്വത്തെ പ്രഫുല്ലമാക്കുകയും അതിനു മങ്ങലേല്‍പ്പിക്കാതെ സമൂഹത്തിന്റെ വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കും ഉപയോഗപ്പെടുത്തല്‍ നമ്മുടെ സാമൂഹിക ബാധ്യതയാണ്. ആദ്യകാല മുസ്‌ലിംകള്‍ സൗന്ദര്യാത്മകവും സര്‍ഗാത്മകവുമായ വെല്ലുവിളികളെ ഏറ്റെടുത്ത് തങ്ങള്‍ക്ക് പരിമിതമായിരുന്ന സെമിറ്റിക്ക്, ബൈസന്റിയന്‍, സാസാനിയന്‍ തുടങ്ങിയ മുന്‍ഗാമികളുടെ കലകളും പ്രമേയങ്ങളും പഠിച്ച് തങ്ങളുടെ പരിധിയിലാക്കാന്‍ ശ്രമിക്കുകയും നൂതനമായ പ്രമേയങ്ങളും സമ്പ്രദായങ്ങളും സ്വന്തമായി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. അങ്ങനെ പ്രാദേശിക ഭേദങ്ങളെ നിരാകരിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാത്ത വിധമുള്ള സൗന്ദര്യപരമായ ഏകത്വം മുസ്‌ലിം ലോകത്തിന് പുതിയ കലാമാതൃകയിലൂടെ ആവിഷ്‌കരിച്ചുനല്‍കി.
Leave A Comment