മാപ്പിള സാഹിത്യവും മാലകളും  ഭാഗം 03 – മറ്റു മാലകളും വടക്കേ മലബാറും

കൊല്ലവർഷം 987 ൽ രചിച്ച അഹ്മദ് കബീർ രിഫായിയെ (റ) പ്രകീർത്തിച്ചു കൊണ്ടുള്ള മാലയാണ്  രിഫായി മാല. കാഞ്ഞിരാല കുഞ്ഞി രായിനിന്റെ (ഹിജ്റ 1319 മരണം) രചനകളാണ് ബദർമാല, ഫാത്തിമ മാല, മഹാരത്നമാല, സയ്യിദുൽ ഫുആദ് മാല എന്നിവ .   'നഫീസത്തു മാല, മഖ്ദൂം മാല, സലാമത്ത് മാല, പുതിയ മുഹിയുദ്ദീൻ മാല, ഫാത്തിത് മാല, ഇബ്രാഹിം മാല, മദിരപ്പൂ മാല, ഖദീജത്തുൽ കുബ്ര മാല മുതലായവ നാലകത്തു കുഞ്ഞിമോയ്തീൻകുട്ടി മുസ്‌ലിയാരുടെ  രചനകളാണ്. സയ്യിദ് ഖാജാ ഹുസൈൻ എന്ന പുണ്യ പുരുഷന്റെ പ്രകീർത്തനങ്ങളാണ് മഞ്ഞക്കുളം മാലയിൽ. അറബി മലയാള പരിഷ്കരണത്തിലെ പ്രധാനി സയ്യിദ് മമ്പുറം തങ്ങളുടെ പ്രകീർത്തനമാണ് ഹിജ്റ 1294 മുഹമ്മദ് ഹാജി രചിച്ച മമ്പുറം മാല.  ഹി: 1047 രചിച്ച പ്രവാചക കുടുംബത്തിന്റെ പ്രകീർത്തനങ്ങളാണ് മഹ്മൂദ് മാല. 

മാലപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും മറ്റു ഗദ്യ പദ്യ രചനകളും മാപ്പിള മലബാറിന്റെയും അറബി മലയാളത്തിന്റെയും സമുദ്ദാരണത്തിൽ പ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് വരെ തെക്കേ  തിരുവിതാംകൂർ  മുതൽ വടക്ക് മംഗലാപുരം   വരെ നീണ്ടു കിടക്കുന്ന മലബാറിലെ വിവിധ പ്രദേശങ്ങളെ, വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും വിളനിലയമാക്കിയതിൽ മലപ്പാട്ടുകളും അറബി മലയാള രചനകളും വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. 

ഇശൽ കൂട്ടം, മാപ്പിളക്കൂട്ടം എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാർ ഒത്തുകൂടുകയും അറബി മലയാളത്തിന്റെ സൗന്ദര്യത്തെപ്പറ്റി മത്സരിച്ചു തർക്കിക്കുകയും ചെയ്ത ചരിത്രങ്ങൾ ധാരാളമാണ്. തെക്കേ മലബാറിലെ പൊന്നാനി, തിരൂർ, താനൂർ മാപ്പിള സാഹിത്യത്തിൽ പ്രസിദ്ധമായതുപോലെ വടക്കേ  മലബാറിൽ തളങ്കര, മൊഗ്രാൽ, ചെമ്പരിക്ക, പള്ളിക്കര തുടങ്ങിയ പ്രദേശങ്ങളും പ്രസിദ്ധമാണ്. കാതിലും നാവിലും തൂലികയിലും മാലകളും സബീനകളുമടങ്ങിയ മാപ്പിള സാഹിത്യ സൃഷ്ടികൾ നിറഞ്ഞ് നിന്നിരുന്നു ഈപ്രദേശങ്ങളിൽ. ഇശലുകളുടെ നാട് എന്നറിയപ്പെടുന്ന കാസർഗോഡിലെ മൊഗ്രാലിൽ, കേരള, തമിഴ്നാട്, കർണാടകയിലെ വിശ്വകവികളും സാഹിത്യകാരന്മാരും സ്ഥിരമായി ഒത്തുകൂടുമായിരുന്നു. വിശ്വകവി മോയിൻകുട്ടി വൈദ്യരും മൊഗ്രാൽ സന്ദർശിക്കാറുണ്ടായിരുന്നു. മാപ്പിള സാഹിത്യത്തിന് മലബാറിൽ ഉണ്ടായിരുന്ന അതേ പ്രചാരം വടക്കേ മലബാറിലും നിലനിന്നിരുന്നതായി ഇത് സൂചിപ്പിക്കുന്നു. ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവി രചിച്ച ചെമ്പരിക്ക മാലയും മൊഗ്രാൽ സാഹുക്കർ കുഞ്ഞിപ്പക്കിയുടെ അഖീദാ മാലയും മാപ്പിള സാഹിത്യത്തലെ വടക്കേ മലബാറിന്റെ സ്വാധീനത്തെ വിളിച്ചോതുന്നു.

Read More: മാപ്പിള സാഹിത്യവും മാലകളും ഭാഗം 02 – മുഹ്‍യിദ്ദീന്‍ മാലയുടെ സ്വാധീനം

മോയിൻകുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ചേറ്റുവായ് പരീക്കുട്ടി, ശുജായ് മൊയ്തു മുസ്ല്യാർ, ഖാളി മുഹമ്മദ്, ഉമർ ഖാളി, കിഴക്കിനിയകത്ത് കമ്മുക്കുട്ടി മരക്കാർ, പൊന്നാനിക്കാരൻ കുഞ്ഞഹമ്മദ്, ചാക്കീരി മൊയ്തീൻ കുട്ടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഒടായപ്പുറം ചേക്കുട്ടി, കെ.ടി. മുഹമ്മദ് കുട്ടി മൊല്ല തുടങ്ങിയവരാണ് മദ്ധ്യ മലബാറിൽ മാപ്പിളസാഹിത്യത്തിലെ പ്രധാനികൾ. 

മലയാള ഭാഷ പ്രചുര പ്രചാരത്തിൽ ഉണ്ടായിട്ടും 18 ,19 നൂറ്റാണ്ട് കാലത്തെ മാപ്പിള സാഹിത്യങ്ങളുടെ എണ്ണത്തെ അത് കുറച്ചില്ല. എന്നാൽ പിൽക്കാലത്ത് മലയാള സാഹിത്യ ചരിത്രങ്ങളും കേരള ചരിത്രങ്ങളും എഴുതുമ്പോൾ മാപ്പിള സാഹിത്യത്തെ തഴയപ്പെടുന്നത് ആശങ്കാജനകമാണ്.  ഒരു സാഹിത്യ രചനയുടെ ചരിത്രം വക്രീകരിക്കുന്നതും മറച്ചുവെക്കുന്നതും ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. ഇത് തിരിച്ചറിഞ്ഞ്, ഈ സാഹിത്യങ്ങളുടെ യഥാര്‍ത്ഥ വക്താക്കളായ നാമെങ്കിലും അവയുടെ പ്രചാരണത്തിനും ഉന്നമനത്തിനും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter