അല്‍ജാമിയാദോ; മോറിസ്‌കോകളുടെ അതിജീവനത്തിന്റെ ശബ്ദം

ആവശ്യമാണ് കണ്ട് പിടുത്തങ്ങളുടെ മാതാവ് എന്നത് പ്രാപഞ്ചിക സത്യമാണ്. മതമൂല്യങ്ങളെ സംരക്ഷിക്കുക എന്ന ആവശ്യം ഒരു ഭാഷ തന്നെ രൂപപ്പെടുത്തിയ ചരിത്രമാണ് മുസ്‍ലിം ഭരണാനന്തര സ്പെയിന്‍ മുസ്‍ലിംകള്‍ക്ക് പറയാനുള്ളത്. ആ ഭഗീരഥ പ്രയത്നത്തിന്റെ കഥ വായിക്കാം. 
ക്രിസ്താബ്ധം 1492.. 
ഇസ്‍ലാമിക സ്‌പെയിനിലെ അവസാന മുസ്‍ലിം സങ്കേതമായിരുന്ന ഗ്രാനഡയുടെ പതനവും സംഭവിച്ചത് അന്നായിരുന്നു. അതോടെ, പ്രൗഢ ഗംഭീരമായ ചരിത്രേതിഹാസങ്ങള്‍ക്ക് തിരശ്ശീല വീണു. സ്‌പെയിനിലെ മുസ്‍ലിംകള്‍ക്ക് തങ്ങളുടെ മതപ്രകാരം ജീവിക്കാനും ഇസ്‍ലാമിക ആശയങ്ങളും തങ്ങളുടെ ഭാഷ, സമ്പത്ത്, പാരമ്പര്യം എന്നിവയെല്ലാം സംരക്ഷിക്കാനുമുള്ള അവകാശം ഉറപ്പ് നല്കുന്ന കരാറിനടിസ്ഥാനത്തിലായിരുന്നു ആ ചരിത്രാന്ത്യമുണ്ടായത്. 
പക്ഷെ സ്പാനിഷ് ഭരണകൂടം തങ്ങളുടെ ജന്മസ്വഭാവമെന്ന പോലെ ആ കരാറിനെ പച്ചയായി ലംഘിക്കാന്‍ തുടങ്ങി. കത്തോലിക്കാ അധികാര കേന്ദ്രങ്ങളും അന്വേഷണ കോടതികളും പട്ടാളവും തങ്ങളുടെ മഹനീയമായ മതം വിട്ടെറിയാനും ക്രിസ്തീയരാവാനും അറബി ഭാഷയ്ക്ക് പകരം കാറ്റലോണിയന്‍ ഭാഷ സംസാരിക്കാനും അവിടത്തെ മുസ്‍ലിംകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇസ്‍ലാമിന്റെ ആത്മാവിനെത്തന്നെ നിഷ്പ്രഭമാക്കാനുള്ള ഈ കിരാത നടപടികള്‍ക്കിടയില്‍ സ്പാനിഷ് മുസ്‍ലിംകള്‍ ഞെരിപിരി കൊണ്ടു. 1501ല്‍ അവര്‍ക്ക് മുമ്പില്‍ രണ്ട് സാധ്യതകള്‍ മാത്രമേയുണ്ടായിരുന്നൂ. ഒന്നുകില്‍ ക്രിസ്തീയരാവുക, അല്ലെങ്കില്‍ ജന്മഭൂമിയില്‍ നിന്നും ഭ്രഷ്ട് വിധിക്കപ്പെടുക എന്നതായിരുന്നു അത്.

ഈ വൃത്തിഹീനമായ പീഢന നിയമചൂഷണങ്ങള്‍ സഹിച്ച് നില്‍ക്കാന്‍ അവരിലെ ഒരു പറ്റം മുസ്‍ലിംകള്‍ക്കായില്ല. അവര്‍ എന്ത് വില നല്‍കിയും ചെറുത്ത് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. തങ്ങളുടെ പാവനമായ പാരമ്പര്യവും അസ്തിത്വവും സംരക്ഷിക്കാന്‍ അവര്‍ അഹോരാത്രം പരിശ്രമിച്ചു. അവരുടെ ശ്രമങ്ങളിലൊന്നായിരുന്നു, രഹസ്യമായി ആശയവിനിമയം നടത്താന്‍ വേണ്ടി അവര്‍ കണ്ടു പിടിച്ച അല്‍ജാമിയാദോ ഭാഷ. ബാഹ്യവേഷങ്ങളിലും നടപ്പിലും ക്രിസ്ത്യാനികളായിരിക്കെ തന്നെ അതീവ രഹസ്യമായി അവര്‍ ഈ ഭാഷയില്‍ ഇസ്‍ലാമിക ഗ്രന്ഥ രചനകള്‍ നടത്തി, വിശ്വാസം കെടാതെ സൂക്ഷിച്ചു. ഭരണത്തിലിരിക്കുന്ന കിരാതന്മാര്‍ക്ക് പിടികൊടുക്കാതെ ഇത് കാലങ്ങളോളം അതിജീവിച്ചു എന്നത് ഏറെ അല്‍ഭുതകരമാണ്. 

ഉത്ഭവം
സ്പാനിഷ് ചരിത്രകാരനായ ഡോ. അലി അല്‍കതാനിയുടെ നിരീക്ഷണപ്രകാരം അല്‍ജാമിയാദോ വളര്‍ന്നതും അഭിവൃദ്ധി പ്രാപിച്ചതും 14-ാം  നൂറ്റാണ്ടിലാണ്. കാറ്റലോണിയക്കും ആരഗോണിനുമിടയിലുള്ള പ്രവിശ്യകളില്‍ നവജാഗരണമുണ്ടാക്കിയ ഈ ഭാഷ പതിനെട്ടാം നൂറ്റാണ്ട് വരെ നിലനിന്നിരുന്നു. അറബി അക്ഷരങ്ങളുപയോഗിച്ച് കൊണ്ട് റോമന്‍ കാറ്റലോണിയന്‍ ഭാഷകള്‍ ആവിഷdകരിക്കപ്പെടുന്ന രീതിയാണ് ഇതിനുള്ളത്. മലയാളം അറബി അക്ഷരങ്ങളില്‍ ആവിഷ്‌കരിച്ച അറബി മലയാളത്തെപ്പോലെ എന്ന് പറയാം. അറബി മലയാളത്തിനും അല്‍ജാമിയാദോക്കുമിടയില്‍ ഈ സാമ്യതയും ചരിത്രപരമായ സമകാലികവും നമുക്ക് കാണാനാവും. 
സ്പിയിനിന്റെ പതനാനന്തരം സ്‌പെയിനില്‍ തന്നെ കഴിഞ്ഞുകൂടിയവരാണ് മോറിസ്‌കുകള്‍. തങ്ങളുടെ സ്വത്വബോധത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ അസാധ്യരായിരുന്ന അവര്‍ അറബി ഭാഷ നഷ്ടപ്പെട്ടാല്‍ തങ്ങളുടെ മതത്തിന്റെ ആത്മാവും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയിരുന്നു. അക്കാരണത്താലായിരുന്നു ഖുര്‍ആനിന്റെ അതേ ലിപിയില്‍ തങ്ങളുടെ ആശയധാരയെ പ്രതിഫലിപ്പിക്കാന്‍ അവരും തീരുമാനിച്ചത്. മുസ്‍ലിം സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പ്രതിബദ്ധതയുടെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമാണ് ഈ ഭാഷ എന്ന് നമുക്ക് നിസ്സംശയം പറയാം.

1567ല്‍ സ്പാനിഷ് രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്‍, അറബി ഭാഷ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കി. ഔപചാരികവും അനൗപചാരികവുമായ പരിപാടികളിലെല്ലാം അറബി ഭാഷാ പ്രയോഗം ക്രിമിനല്‍ കുറ്റമാക്കപ്പെട്ടു. എഴുത്തിനും വാമൊഴിക്കും ഈ വിലക്ക് ബാധകമായിരുന്നു. ക്രിസ്ത്യന്‍ സ്പാനിഷ് ഭാഷ മൂന്ന് വര്‍ഷത്തിനുള്ളില്‍ പഠിച്ചിരിക്കണമെന്ന് ഫിലിപ്പ് ഭരണകൂടം മോറിസ്‌കോകളുടെ മേല്‍ ചട്ടം കെട്ടി. അറബി ഭാഷയെ ഉഛാടനം ചെയ്യാനുള്ള ഈ ക്രൂര പദ്ധതിയുടെ തിക്ത ഫലമെന്നോണം അറബി ഭാഷയുടെ മിടിപ്പ് സ്‌പെയിനില്‍ മന്ദീഭവിക്കാന്‍ തുടങ്ങി. ഈയൊരു സന്നിഗ്ധ ഘട്ടത്തിലും തങ്ങളുടെ അസ്തിത്വം കളഞ്ഞുകുളിക്കാന്‍ ജീവനുള്ള കാലത്തോളം തയ്യാറാവില്ലെന്ന മോറിസ്‌കോകളുടെ മനോസ്ഥൈര്യത്തില്‍ നിന്നാണ് അല്‍ജാമിയാദോ ഉദയം കൊണ്ടത്. ഈ ഭാഷ 'അജമിയ്യത്തുല്‍ അന്‍ദുലുസ്' എന്നും അറിയപ്പെടുന്നുണ്ട്. ഒരുപാട് ഇസ്‍ലാമിക ഗ്രന്ഥങ്ങള്‍ ഈ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടതും ഇതിന് പിന്നിലെ ലക്ഷ്യത്തിന്റെ സൂചകമാണ്.

സംഭാവനകള്‍
അല്‍ജാമിയാദോയില്‍ രചിക്കപ്പെട്ട സാഹിത്യ രചനകള്‍ ഒട്ടനവധിയാണ്. തകര്‍ന്ന പ്രതാപത്തെയോര്‍ത്തുള്ള ഗൃഹാതുരത്വവും തിരിച്ചുപോക്കിനുള്ള ഉല്ക്കടമായ ആഗ്രഹവും ഈ രചനകളില്‍ വേരൂന്നിയതായി കാണാം. 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ചരിത്രകാരന്മാര്‍ അല്‍ജാമിയാദോയെക്കുറിച്ചറിയുന്നത്. പിന്നീടങ്ങോട്ട് ഇതിന്റെ നിഗൂഢതയും ചരിത്ര ശേഷിപ്പുകളും പുറത്തുവന്നു തുടങ്ങി. ഈ ഭാഷയില്‍ വിരചിതമായ രചനകളില്‍, ഗവേഷകര്‍ അത്യുത്സുകരാവുകയും അവയെക്കുറിച്ച് അപഗ്രഥിക്കാനും ഗവേഷണങ്ങള്‍ നടത്താനും തുടങ്ങുകയും ചെയ്തു. പാസ്‌കല്‍ ഗ്യെന്‍ഗസ്, എഡ്വാര്‍ഡോ സബേദ്ര തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. മാഡ്രിഡിലെ ദേശീയ ലൈബ്രറിയില്‍ അല്‍ജാമിയാദോ സാഹിത്യ രചനകള്‍ നാഗരികതയുടേയും സംസ്‌കാരത്തിന്റെയും തിരുശേഷിപ്പുകളായി ഇന്നും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

ഡോ. അലി അല്‍കതാനിയുടെ 'ഇന്‍ബിആസുല്‍ ഇസ്‍ലാം ഫില്‍ അന്‍ദലുസ്' എന്ന ഗ്രന്ഥത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ പതനത്തില്‍ വ്യസനമറിയിച്ചു കൊണ്ട് രചിക്കപ്പെട്ട അല്‍ജാമിയാദോ സാഹിത്യകാരന്മാരുടെ കാവ്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. ഗ്രാനഡക്കാരനായിരുന്ന ഒരു കവിയുടെ വരികള്‍ ഇങ്ങനെയാണ്; ആഹ്, എന്റെ ഹൃദയം കവര്‍ന്ന പട്ടണമേ, പുരഷന്‍മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം  ജനങ്ങള്‍ ഈ വലിയ അപചയത്തില്‍ അതീവ ദുഖിതരാാണ്. ഗ്രാനഡയിലെ മണിമാളികകളുടെ ജാലകങ്ങളില്‍ ദുഖം തളം കെട്ടിനില്‍ക്കുന്നതല്ലാതെ ഒന്നും കാണുന്നില്ല. രാജാവും കരയുന്നു. പ്രിയജന്മനാടേ, എന്തിനാണദ്ദേഹം കരയുന്നത്. ഒരുപാട് നഷ്ടങ്ങളുണ്ടല്ലോ.

പ്രമുഖ അല്‍ജാമിയാദോ കവിയായ അലി ബീരീസ് സ്‌പെയിനിലെ മുസ്‍ലിം സമൂഹം നേരിട്ട പീഢനങ്ങളെ തന്റെ വരികളില്‍ ആവിഷ്‌കരിക്കുന്നത് ഇങ്ങനെയാണ്, ഗതകാലമാലോചിച്ചല്ല ഞാന്‍ കരയുന്നത്. കാരണം ഗതകാലത്തേക്കുള്ള മടക്കം അസാധ്യമാണ്. പക്ഷെ,  ഞാന്‍ കരയുന്നത് കണ്മുന്നിലുള്ള കയ്‌പേറിയ പീഢനങ്ങള്‍ കണ്ട് സഹിക്കാനാവാതെയാണ്. 

കാലാതിവര്‍ത്തിയായ അല്‍ജാമിയാദോ ഗ്രന്ഥങ്ങള്‍ അനേകമാണ്. ഖിസ്സതുല്‍ അസര്‍ അദഹബി, ഖിസ്സതു അലി വല്‍ അര്‍ബഊന ജാരിയ, ഖിസ്സതുല്‍ ഇസ്‌കന്‍ദര്‍ ദില്‍ഖര്‍നയ്ന്‍, അല്‍ഗുറു വല്‍ മനാഫിഅ് ലില്‍മുജാഹിദീന ബില്‍മദാഫിഅ് തുടങ്ങിയവ അവയില്‍ പ്രമുഖങ്ങളാണ്.
സംസ്‌കാരങ്ങളുടെ സംഗമങ്ങളാണ് ഇത്തരം ഭാഷകള്‍ക്ക് ജന്മം നല്കിയതെന്നും പറയാം. അറബി മലയാളവും അല്‍ജാമിയാദോയും അതിന്റെ ബാക്കിപത്രങ്ങളാണ്. ഉത്ഥാന-പതനങ്ങളിലും അവ തമ്മില്‍ ഏറെ സാമ്യതകള്‍ കാണാനാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter