ഫത്ഹുൽഫത്താഹ്: അറബി മലയാളത്തിലെ വിജ്ഞാന കോശം
കേരള മുസ്‌ലിംകൾക്കിടയിൽ ഒരു കാലത്ത് ഏറെ സജീവമായിരുന്ന അറബി മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. എന്നാൽ അവയിൽ അധികവും പദ്യ രൂപത്തിലായിരുന്നു. പിന്നീട് അറബി മലയാളം ഗദ്യ രൂപത്തിലേക്ക് വ്യാപിച്ചത് ശുജായി മൊയ്തു മുസ്‌ലിയാരുടെ കൃതികളിലൂടെയായിരുന്നു. ഈ ഗണത്തിൽപ്പെടുന്ന മൊയ്‌തു മുസ്‌ലിയാരുടെ പ്രധാന കൃതിയാണ് ഫത്ഹുൽ ഫത്താഹ്.
മഖ്ദൂമീ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പൊന്നാനി ദേശത്തിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന അണ്ടത്തോട് പ്രദേശത്താണ് ശുജാഇ മൊയ്തു മുസ്‍ലിയാരുടെ ജനനം. പൗരപ്രമുഖനായ അബ്ദുല്‍ ഖാദിര്‍ സാഹിബാണ് പിതാവ്. അണ്ടത്തോട് ജുമുഅത്ത് പള്ളിയിലായിരുന്നു മൊയ്തു മുസ്ലിയാരുടെ ആദ്യ കാല പഠനം. ശേഷം എരമംഗലം, വെള്ളിയോട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളില്‍ പഠിച്ചു. സിമാമു മുസ്ലിയാര്‍, ചെറിയ കുഞ്ഞന്‍ ബാവ മുസ്ലിയാര്‍, തുന്നല്‍ വീട്ടില്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു അക്കാലത്തെ ഉസ്താദുമാര്‍.
ഔദ്യോഗിക പരിശീലന പഠനങ്ങൾക്ക് പുറമെ തസവ്വുഫ്, ആഗോള ഇസ്‍ലാമിക ചരിത്രം, ഭാഷാ പഠനം, പ്രസംഗം, കവിത തുടങ്ങിയ മേഖലകൾ കൂടി മുസ്‌ലിയാർ പഠിച്ചെടുത്തു. സംവാദ വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്ന മൊയ്തു മുസ്‌ലിയാർ തന്‍റെ സ്വതസിദ്ധമായ വാഗ്വിലാസം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കി. ശുജാഇ (പരിഷ്കാരി, ധീരന്‍) എന്ന കീര്‍ത്തി പേര് അദ്ദേഹത്തിന് വന്നു ചേർന്നത് അങ്ങനെയാണ്. കൊണ്ടോട്ടി തങ്ങന്മാരിലൂടെ കേരളത്തില്‍ ശീഇസം വ്യാപിക്കുന്നത് പ്രതിരോധിച്ചവരില്‍ ഒരാള്‍ ശുജാഇ മൊയ്തു മുസ്‌ലിയാര്‍ ആയിരുന്നു.
മലയാളം, അറബി, ഉറുദു, തമിഴ്, ഹിന്ദി, പേര്‍ഷ്യന്‍ ഭാഷകളില്‍ ആശയവിനിമയത്തിന് കഴിവുണ്ടായിരുന്ന അദ്ദേഹം പ്രസ്തുത ലിപികളിലെ ആവശ്യ പുസ്തകങ്ങളത്രയും ശേഖരിച്ച് വെച്ചിരുന്നു. അത്തരം ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഇപ്പോഴും അണ്ടത്തോട് കുളങ്ങര വീട്ടിൽ കാണാം.
ഫത്ഹുൽ ഫത്താഹ്
ഇസ്‍ലാമിക നാഗരികത വശ്യ സുന്ദരമായി ആവിഷ്കരിച്ച ശുജായി മൊയ്തു മുസ്‌ലിയാരുടെ കൃതിയാണ് ഫൈളുൽ ഫയ്യാള്. പ്രസ്തുത മേഖലയിൽ മൊയ്തു മുസ്ലിയാരുടെ ആദ്യ കൃതിയും ഇത് തന്നെ. പ്രപഞ്ചോല്‍പത്തി മുതല്‍ അബ്ബാസീ ഭരണകര്‍ത്താവായ സുല്‍ത്തന്‍ നാസര്‍ ബില്ല വരെയുള്ളവരുടെ ചരിത്രമാണ് ഫൈളുൽ ഫയ്യാളിന്റെ പ്രമേയം. വിശ്വപ്രസിദ്ധമായ പതിനഞ്ച് ചരിത്രസമാഹാരങ്ങളില്‍ നിന്നും ക്രോഡീകരിച്ച പ്രസക്തമായ വിഷയങ്ങള്‍ സമര്‍ത്ഥിക്കുന്ന ഈ ഗ്രന്ഥം മൊയ്തു മുസ്ലിയാരുടെ ആറുമാസക്കാലത്തെ നിരന്തര അധ്വാനത്തിന്റെ ഫലമായിരുന്നു.
ഈ രചനക്ക് വായനാ ലോകത്ത് വ്യാപകമായ പ്രതികരണങ്ങൾ ലഭിച്ചു. തുടർന്ന് അവ വിപുലമായി തന്നെ എഴുതാം എന്ന ചിന്തയിൽ നിന്നാണ് ഫത്ഹുൽ ഫത്താഹ് ജന്മമെടുക്കുന്നത്. ആദം നബി(അ)ന്റെ സൃഷ്ടിപ്പ് മുതല്‍ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പ്രാരംഭ കാരണങ്ങള്‍ വരെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ഫത്ഹുല്‍ ഫത്താഹിനെ മലയാളത്തിലെ (അറബി മലയാളത്തിൽ ആണെങ്കിലും) ആദ്യ വിജ്ഞാന കോശമായല്ലാതെ വിശേഷിപ്പിക്കാനാകില്ല. മൂന്ന് വാള്യങ്ങളുള്ള ഫത്ഹുല്‍ ഫത്താഹ് രണ്ടു വര്‍ഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായിരുന്നു.
1904 എപ്രിൽ 13 നാണ് ഗ്രന്ഥത്തിന്റെ എഴുത്ത് പൂർത്തിയാവുന്നത്. പ്രസ്തുത കൃതി വായിക്കുന്ന ഏതൊരാൾക്കും ഇസ്‍ലാമിക ചരിത്രം ഉൾക്കൊള്ളാനും ഖിലാഫത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും സാധിക്കും എന്നത് തീർച്ച.
പ്രസ്തുത ഗ്രന്ഥത്തിന്റെ സ്ഥിതി വിശേഷണങ്ങളിലേക്കൊന്ന് കണ്ണോടിക്കാം. ഫത്ഹുൽ ഫത്താഹ് ഫീ സീറത്തി മൻ ബിഹിൽ ഫലാഹ് എന്നാണ് ഗ്രന്ഥത്തിന്റെ നാമം. ഇന്നാ ഫതഹ്നാ ലക ഫത്ഹൻ മുബീനാ എന്ന ഖുർആൻ വാക്യത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. ഓരോ വാള്യങ്ങളും ജിൽദ് ഒന്ന്, രണ്ട്, മൂന്ന് എന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആകെ 352 വകുപ്പുകളായാണ് (Side heading) ഗ്രന്ഥത്തിന്റെ അവതരണ ശൈലി. ഓരോ വകുപ്പുകളുടെയും വിഷയം തലക്കെട്ടായി ചേർത്തിട്ടുമുണ്ട്.
ഗ്രന്ഥത്തിൽ അറബി മലയാളത്തിന്റെ തനതായ ശൈലിയാണ് ശുജായി മൊയ്തു മുസ്‌ലിയാർ സ്വീകരിച്ചിരിക്കുന്നത്. ഗ്രന്ഥത്തിൽ ഉടനീളം കാണാനാകുന്ന അക്ഷരങ്ങളുടെ വിന്യാസവും പ്രയോഗങ്ങളുടെ ഉപയോഗവും പഴമയിലേക്ക് ഏതൊരു വായനക്കാരനെയും തിരിച്ചു വിളിക്കും. ചരിത്ര സംഭവങ്ങൾ വിവരിക്കാൻ അറബി വർഷങ്ങളാണ് കൃതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഖുലാസത്തു സിയർ, ശവാഹിദു നുബുവ്വ, സുർഖാന, റൗളത്തുൽ അഹ്ബാബ്, അരിയാളുന്നളിറ, ഇസ്തീആബ്, യഅ്‌മരീ, സഹ്‌രി, ദിംയാഥി, മുസീലുൽ ഖഫാ, തക്മില, മിനഹുൽ ബാരീ, സീറതു ഇബ്നി ഹിശാം, സീറത്തു നബവിയ്യ, സീറത്തുൽ ഹലബിയ്യ, താരീഖുൽ ഖമീസ്, അൽഗുററു വദുറർ എന്നിവയാണ് അവലംബമായി ചേർത്തിട്ടുള്ള പ്രധാന ഗ്രന്ഥങ്ങൾ.
പ്രവാചക പ്രകാശത്തിന്റെ ഉത്ഭവം മുതലാണ് ചരിത്രം ആരംഭിക്കുന്നത്. ഖുർആനിൽ പറഞ്ഞ പ്രവാചകൻമാരെയും അവരുടെ ചരിത്ര സംഭവങ്ങളും അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വിവരണം. മുഹമ്മദ്(സ)യുടെ ചരിത്രം വിവരിക്കാൻ കൂടുതൽ പേജുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശേഷമുള്ള ഓരോ ഭരണാധികാരികളേയും ക്രമപ്രകാരം വിശദീകരിക്കുന്നു.
ഖുലഫാഉ റാശിദൂൻ കഴിഞ്ഞാൽ ഖിലാഫത്ത് ഏറ്റവും ഗുണപ്രദമായി വിനിയോഗിച്ചവർ ഉസ്മാനികളാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ വരവും ക്രൂരതകളും ഉസ്മാനികൾ വഹാബികളെ തുടച്ചു നീക്കിയ സംഭവവും കൃതിയിൽ വിവരിക്കുന്നുണ്ട്. ഖബീസ് (നീചൻ) എന്നാണ് വഹാബി പ്രസ്ഥാനത്തിൻ്റെ തലവനെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നത്. സുൽത്താൻ അബ്ദുൽ ഹമീദിന് മുസ്‍ലിംകൾക്കിടയിലുണ്ടായിരുന്ന സ്വാധീനവും ഖിലാഫത്തിന്റെ ഉസ്മാനിയ്യ പ്രഭാവവും അദ്ദേഹത്തിന്റെ വരികളിൽ തെളിഞ്ഞു കാണുന്നുണ്ട്. ഹി 1328 തലശേരിയില്‍ നിന്നാണ് ഫത്ഹുൽ ഫത്താഹിന്റെ പ്രിന്‍റിംഗ് നടക്കുന്നത്.
Leave A Comment