മലപ്പുറത്തെ ആശിയ ഉമ്മയുടെ മുല കുടിച്ചാണ് ഞങ്ങള്‍ വളര്‍ന്നത് - സുകുമാര്‍ കക്കാട്/ഡോ. മോയിന്‍ മലയമ്മ
(ഈയിടെ അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ സുകുമാര്‍ കക്കാടുമായി ഓണ്‍വെബ് പ്രതിനിധി ഡോ.മോയിന്‍മലയമ്മ നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍. നേരത്തെ (2017) ഓണ്‍ വെബില്‍ പ്രസിദ്ധീകരിച്ച അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു)
പ്രമുഖ കവിയും നോവലിസ്റ്റുമാണ് സുകുമാര്‍ കക്കാട്. മുസ്‌ലിം ബിംബങ്ങളെ മുന്നില്‍വെച്ച് രചന നടത്തുന്ന വര്‍ത്തമാന സാഹിത്യ കാരന്മാരില്‍ ശ്രദ്ധേയനാണ് അദ്ദേഹം. 1939 തിരൂരങ്ങാടി കക്കാട്ട് ജനിച്ചു. വേങ്ങര ഹൈസ് സ്‌കൂള്‍ അധ്യാപകനായി വിരമിച്ച അദ്ദേഹം ഇന്ന് സാഹിത്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യമാണ്.
പത്തോളം നോവലുകളും 7 കവിതാസമാഹാരങ്ങളും ഇതിനകം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. അലുന്ന മരുപ്പച്ചകള്‍, മരണച്ചുറ്റ്, വെളിച്ചത്തിന്റെ നൊമ്പരങ്ങള്‍, കലാപം കനല്‍ വിരിച്ച മണ്ണ്, അന്തിക്കാഴ്ച്ചകള്‍, കണ്ണീരില്‍ കുതിര്‍ന്ന കസവുതട്ടം തുടങ്ങിയ പ്രധാന നോവലുകളാണ്. ജ്വാലമുഖികള്‍, മരുപ്പൂക്കള്‍, തഴമ്പ്, സ്‌നേഹ ഗോപുരം, സൗഹൃദഗന്ധികള്‍ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.
തന്റെ രചനകളില്‍ എന്തുകൊണ്ട് മുസ്‌ലിം പരിസരവും കഥാപാത്രങ്ങളും കടന്നുവന്നു എന്നതിനെകുറിച്ചും തന്റെ കവിതളില്‍ പ്രവാചകന്‍ എന്തുകൊണ്ട് മുഖ്യവിഷയമായി എന്നതിനെക്കുറിച്ചും അന്വേഷിക്കുന്ന ഒരു തുറന്ന സംസാരമാണിത്. മലബാറിന്റെ സൗഹാര്‍ദാന്തരീക്ഷവും അതിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും ഇതില്‍ ചര്‍ച്ചയാവുന്നു. സാസാരത്തില്‍ നിന്നും പ്രധാന ഭാഗങ്ങള്‍:
എന്തുകൊണ്ട് മുസ്‌ലിം വിഷയങ്ങള്‍?
മലബാര്‍ സമരങ്ങളുടെ ചൂടും മാപ്പിള പോരാട്ടങ്ങളുടെ രുചിയും നുണഞ്ഞ തിരൂരങ്ങാടിയുടെ ചാരത്തായിരുന്നുവല്ലോ താങ്കളുടെ ജനനവും കുട്ടിക്കാലവും. ശരിക്കും മലപ്പുറത്തിന്റെ ഹൃദയ ഭൂമിയില്‍. അവിടെനിന്നും എങ്ങനെയാണ് ഇസ്‌ലാമിക ബിംബങ്ങളെ പശ്ചാത്തലമാക്കി എഴുതുന്ന ഒരു എഴുത്തുകാരന്‍ ഉയര്‍ന്നുവരുന്നത്? അതിനുള്ള പ്രചേദനങ്ങള്‍ എന്തായിരുന്നു?
-എന്റെ ജീവിത പരിസരം തന്നെയാണ് എന്നിലെ മുസ്‌ലിം എഴുത്തുകാരനെ സൃഷ്ടിച്ചത്. തിരൂരങ്ങാടി കക്കാട്ടായിരുന്നു എന്റെ കുട്ടിക്കാലം. നൂറു ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന പ്രദേശങ്ങളാണിതെല്ലാം. മുസ്‌ലിംകളല്ലാത്തവര്‍ ഇവിടെ വളരെ കുറഞ്ഞ വീടുകളേയുള്ളൂ. എന്റെ അയല്‍വാസികളും മുസ്‌ലിംകളായിരുന്നു. അവരോടെല്ലാം വളരെ അടുപ്പവും സ്‌നേഹവുമായിരുന്നു അക്കാലത്ത്. നേരെ തിരിച്ചും. ഒരു വീട്ടിലെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു ജീവിതം.
അയല്‍പക്കക്കാരായ രണ്ടു പാത്തുമ്മമാരുണ്ടായിരുന്നു. വീടിന് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍. മറ്റൊരു ബിയ്യുട്ടി. അവരെല്ലാം എന്റെ വീട്ടിലെ അംഗങ്ങളെ പോലെയായിരുന്നു. എന്റെ അമ്മയുമായും കുടുംബവുമായും വളരെ അടുപ്പത്തില്‍. എന്റെ കുട്ടിക്കാലം രൂപംകൊള്ളുന്നത് ഇവരുടെയെല്ലാം പരിലാളനയിലും സ്‌നേഹത്തിലുമാണ്.
വീട്ടില്‍ എന്തു ഭക്ഷണമുണ്ടാക്കിയാലും ഞങ്ങള്‍ക്കുള്ള ഓഹരി അവര്‍ വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. നോമ്പുകാലത്ത് അവര്‍ നോമ്പു തുറക്കുന്നതിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള വിഹിതം അവര്‍ വീട്ടില്‍ എത്തിക്കും. അത്രമാത്രം ഹൃദയ ബന്ധമായിരുന്നു അവരുമായി. എന്തിനേറെ, എന്റെ വീട്ടില്‍ ആളില്ലാത്തപ്പോള്‍ രാത്രി പേടിക്ക് കിടക്കാന്‍ പോലും അവര്‍ വീട്ടില്‍ വരും.
സത്യം പറഞ്ഞാല്‍, ഞാന്‍ കുഞ്ഞുകാലത്ത് ആയിശ ഉമ്മ എന്നൊരു മുസ്‌ലിം സ്ത്രീയുടെ മുല കുടിച്ചുകൊണ്ടാണ് വളര്‍ന്നത്. കൂടുതല്‍ കാലമില്ല. കുറച്ചുകാലം മാത്രം. എന്റെ അമ്മക്ക് സ്തന രോഗം ബാധിച്ചപ്പോഴായിരുന്നു ഇത്. ഇതൊന്നും അക്കാലത്ത് വിചിത്രമോ അല്‍ഭുതമോ ഒന്നുമായിരുന്നില്ല. മറിച്ച്, സാധാരണ സംഭവങ്ങളായിരുന്നു. ഹിന്ദു, മുസ്‌ലിം എന്നിങ്ങനെയുള്ള ഒരതിര്‍വരമ്പ് പോലും അന്ന് ആളുകളുടെ മനസ്സുകളില്‍ ഉണ്ടായിരുന്നില്ല. അത്രമാത്രം അടുപ്പമായിരുന്നു. ഒരു ഹിന്ദു കുടുംബത്തില്‍ പിറന്ന കുഞ്ഞ് ഒരു മുസ്‌ലിം ഉമ്മയുടെ മുല കുടിക്കുകയെന്നത് ഇന്നൊരുപക്ഷെ അല്‍ഭുതവും അസംഭവ്യവുമായി തോന്നിയേക്കാം. പക്ഷെ, നമ്മുടെ മലബാറിന്റെ പഴയകാലം നോക്കിയാല്‍ അത്തരം സംഭവങ്ങളെല്ലാം ധാരാളമായി കണ്ടെത്താന്‍ കഴിയും.
മുസ്‌ലിം ബിംബങ്ങളെ ആസ്പദമാക്കിയുള്ള എഴുത്തിന് വീട്ടില്‍നിന്ന് പ്രചോദനമുണ്ടായിരുന്നോ?
-എനിക്കു കിട്ടിയ പ്രധാന പ്രചോദനം അയല്‍പക്കം തന്നെയായിരുന്നു. അച്ഛനും അമ്മയും നേരത്തെത്തന്നെ മരിച്ചുപോയി. അവര്‍ ഒരുക്കിയ സാഹചര്യങ്ങളും ഉപകാരപ്പെട്ടിരിക്കാം. ആരും ഇത്തരമൊരു ഉദ്ദ്യമത്തിന് എതിരല്ലായിരുന്നു. കാരണം, ആര്‍ക്കും വേണ്ട എന്നു പറയാന്‍ കഴിയുമായിരുന്നില്ല. ഒരു വീട്ടിലെ അംഗങ്ങളെക്കുറിച്ച് എഴുതേണ്ട എന്നു പറയാന്‍ അവിടെയുള്ളവര്‍ക്ക് കഴിയില്ലല്ലോ.
പുരോഗമന സാഹിത്യ സെന്ററുമായി ബന്ധപ്പെട്ടാണ് ഞാന്‍ എഴുത്ത് തുടങ്ങുന്നത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്ന സംരംഭത്തിന്റെ ഭാഗമായി. സര്‍ക്കിളിന്റെ ജില്ലാ കമ്മിറ്റിയുടെ ഭാഗമായിട്ടായിരുന്നു എഴുത്ത്. തൊഴിലാളി വര്‍ഗങ്ങളുടെയും കഷ്ടപ്പെടുന്നവരുടെയും വേദനകളായിരുന്നു എഴുത്തിന്റെ തീം. ഇതിനെ തൊഴിലാളികളുടെ സാഹിത്യമെന്നോ പ്രവാചകന്റെ സാഹിത്യമെന്നോ വേണമെങ്കില്‍ വിളിക്കാം. ഇല്ലാത്തവനു വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടിയുമായിരുന്നല്ലോ അവരെല്ലാം സംസാരിച്ചിരുന്നത്.
ആദ്യകാല എഴുത്തനുഭവങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നു?
-കവിതയായിരുന്നു ആദ്യം എന്റെ സജീവ എഴുത്തുമേഖല. ദേശാഭിമാനി, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയവയില്‍ അന്ന് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഇസ്‌ലാമിക വിഷയങ്ങളായിരുന്നു ചന്ദ്രികയിലെ പല കവിതകളുടെയും ഉള്ളടക്കം. അല്ലാതെ പൊതു വിഷയങ്ങളിലും ധാരാളമായി എഴുതിയിരുന്നു. പലതും ഇ്ന്ന് ഓര്‍ക്കുന്നില്ല. വളരെ ചെറുപ്പത്തില്‍ എഴുതിയ ഒരു കവിത ഇപ്പോഴും ചെറുതായി ഓര്‍മയുണ്ട്. അതിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗങ്ങള്‍ ഇങ്ങനെയാണ്:
മനസ്സില്‍ അടുപ്പത്ത്
പായസം തിളപ്പിച്ച
മധുര പതിനേഴേ
നിന്നെ ഞാന്‍ മറക്കട്ടെ
…………………………………..
മനസ്സിന്‍ അടുപ്പത്ത്
ഇന്നൊരു മുത്തശ്ശ്യമ്മ
മനസ്സിരുത്തിയോരോ
കഷായം കുറിക്കുന്നു.
ആദ്യമായി അച്ചടിച്ചുവന്ന കവിത ‘കൂട് വിട്ട കിളി’ എന്ന പേരില്‍ വന്ന ഒന്നാണ്. എന്റെ സ്‌കൂള്‍ പഠന കാലത്തായിരുന്നു ഇത്. കേവലം ഒരു കുട്ടിക്കവിതയായിരുന്നു ഇത്.
-ഇങ്ങനെ കവിതകള്‍ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് നോവല്‍ എഴുത്തിലേക്ക് എനിക്ക് പ്രോത്സാഹനം തന്ന ഒരു സംഭവമുണ്ടായത്. 1983 ലായിരുന്നു സംഭവം. മലയാള മനോരമ നടത്തിയ ഒരു നോവല്‍ മത്സരത്തില്‍ എനിക്കൊരു അവാര്‍ഡ് ലഭിച്ചു. മരണച്ചുറ്റ് എന്നായിരുന്നു നോവലിന്റെ പേര്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ സംഭവമായിരുന്നു ഇത്. ഏഴായിരത്തോളം രൂപ അവാര്‍ഡ് തുകയുണ്ടായിരുന്നു. അന്നത്തെ കാലത്ത് വലിയ തുകയാണത്. പത്ത് സെന്റ് സ്ഥലമെങ്കിലും എടുക്കാന്‍ പറ്റുന്ന തുക. കഥ ആളുകള്‍ക്ക് ഇഷ്ടമാണ്. ആയതിനാല്‍, നോവല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നൊരു തോന്നല്‍ ഇതോടെ എന്നിലുണ്ടായി. അവാര്‍ഡ് എനിക്ക് വലിയ പേരും പ്രശസ്തിയും തന്നു. ഈ മേഖലയില്‍ ശ്രദ്ധിക്കാനും എനിക്ക് പ്രചോദനമായി.
മനോരമ ഞായറാഴ്ച്ചപ്പതിപ്പില്‍ 32 ആഴ്ചകളിലായി ഈ നോവല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. കൂടുതല്‍ വായനക്കാരെ ഉണ്ടാക്കാനും അത് അവസരം സൃഷ്ടിച്ചു. പിന്നീട് ഡിസി ബുക്‌സാണ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചത്. നോവല്‍ മേഖലയില്‍ എന്റെ ആദ്യ ഉദ്ദ്യമം തന്നെ വളരെ വിജയകരമായിരുന്നു. തകഴി ശിവശങ്കരപ്പിള്ള അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് എന്റെ പുസ്തകം തെരഞ്ഞെടുത്തത് എന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. അദ്ദേഹത്തില്‍നിന്നും എനിക്കു ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് ഞാന്‍ അതിനെ മനസ്സിലാക്കുന്നത്.
ആ ഒരു ആവേശത്തില്‍ ഞാന്‍ വീണ്ടും ഒരു നോവലെഴുതി. കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി എന്നാണ് അതിന് പേരിട്ടത്. ഉടനെ മനോരമക്കു തന്നെ അയച്ചുകൊടുത്തു. പക്ഷെ, പ്രതീക്ഷിച്ചതായിരുന്നില്ല സംഭവിച്ചത്. അവരത് സ്വീകരിച്ചില്ല. കഥയിലെ പ്രണയം മൂര്‍ത്തീമല്‍ഭാവം പൂകുന്നില്ല എന്നതായിരുന്നു തള്ളപ്പെടാന്‍ അവര്‍ പറഞ്ഞ കാരണം. കഥയില്‍ പ്രണയം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ പ്രതീക്ഷിക്കുന്ന പോലെ അതിന്റെ ഫിനിഷിംഗില്‍ എത്തിയിരുന്നില്ല. വായനക്കാരും പ്രസാധകരും അത്തരം കഥകളാണ് കൊതിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. കഥകളില്‍ പ്രണയല്‍ ഉണ്ടായാല്‍ പോരാ, അത് പൂവണിയിക്കുകയും കൂടി വേണം എന്നായപ്പോള്‍ അത്തരം നോവലുകള്‍ എഴുതല്‍ എനിക്ക് പ്രയാസമായി. ശരിക്കും പറഞ്ഞാല്‍, ഞാനൊരു അങ്കലാപ്പിലായി അന്ന്. കവിതയില്‍നിന്നും വിട്ടു; നോവലില്‍ എത്തിയതുമില്ല എന്ന അവസ്ഥ വന്നു.
പിന്നെ, എങ്ങനെയാണ് മുസ്‌ലിം കഥാപാത്രങ്ങളും പശ്ചാത്തലവുമുള്ള നോവല്‍ എഴുത്തിലേക്ക് വരുന്നത്?
-ഈ തിരസ്‌കാരം എന്നെ വളരെ വേദനിപ്പിച്ചു. മറ്റൊരു നിലക്കു പറഞ്ഞാല്‍, എനിക്ക് എന്റെ മേഖല തിരിച്ചറിയാനും ആ മേഖലയില്‍ പ്രവര്‍ത്തിക്കാനും ഒരു ഓപ്പണിംഗായി അത് വര്‍ത്തിക്കുകയായിരുന്നു. 1984-85 കാലമായിരുന്നു ഇത്. ഞാന്‍ എഴുത്തിന്റെ പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിക്കൊണ്ടിരുന്ന സമയം. അക്കാലത്താണ് കോഴിക്കോട് കേന്ദ്രീകരിച്ച് ചില വനിതാ മാസികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. അവര്‍ എന്നെ വിളിച്ച് സ്ത്രീകള്‍ക്ക് പറ്റിയ നോവല്‍ വേണമെന്നാവശ്യപ്പെട്ടു. പൈങ്കിളി സ്വഭാവത്തില്‍ നിന്നും മാറി അവര്‍ക്കിടയില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്ന സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കണം സൃഷ്ടി എന്നതായിരുന്നു അവരുടെ ആവശ്യം. വായിച്ച് വളരാനും രസിക്കാനും പറ്റുന്ന സൃഷ്ടികള്‍. ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പിടിവള്ളിയായിരുന്നു. അതോടെയാണ് മുസ്‌ലിം ബിംബങ്ങളും പശ്ചാത്തലവുമുള്ള നോവല്‍ എഴുത്തിലേക്ക് ഞാന്‍ കാല്‍ വെക്കുന്നത്.
ആരാമത്തിലും പൂങ്കാവനത്തിലും ഒരേ സമയം എന്റെ നോവലുകള്‍ പ്രസിദ്ധീകരിച്ചുവന്നു. കണ്ണീരില്‍ കുതിര്‍ന്ന കസവു തട്ടം ആദ്യമായി അന്ന് പൂങ്കാവനത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്ന നോവലാണ്. ഇതിലൂടെ വലിയൊരു വായന ലോകത്തെ ഉണ്ടാക്കിയെടുക്കാന്‍ എനിക്കു കഴിഞ്ഞു. ഇത് വായിച്ച് കണ്ണീരൊഴുക്കിയ കഥകള്‍ പലലും എന്നോട് നേരിട്ടു പറയുകയുണ്ടായി. എന്റെ പെങ്ങള്‍ പോലും ഇത് വായിച്ച് മൂന്നു ദിവസം കരഞ്ഞിട്ടുണ്ട്. ഒരു ശോകപര്യവസായിയായ കഥയാണത്. ആരെയും പിടിച്ചിരുത്തുന്ന കഥ. അതിലൂടെയാണ് ഞാന്‍ എന്റെ വായനക്കാരെ തിരിച്ചറിയുന്നത്. എന്റെ മേഖല ഇതാണെന്നും എന്റെ വായനക്കാര്‍ ഇന്നതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീടിങ്ങോട്ട് ആ വായനക്കാരെ മുന്നില്‍ കണ്ടായിരുന്നു എന്റെ എഴുത്ത്.
മുല്ലപ്പൂവും മൂര്‍ഖന്‍പാമ്പുകളും, കണ്ണീരുകൊണ്ടൊരു മുത്തുമാല തുടങ്ങിയവയാണ് പിന്നീട് എഴുതിയ നോവലുകള്‍. കസവുതട്ടം ഉള്‍പ്പടെ ഈ മൂന്നു നോവലുകളും ഒന്നിച്ച് പിന്നീട് കോഴിക്കോട്ടെ കാപ്പിറ്റല്‍ ബുക്സ്റ്റാള്‍ പുസ്തകമാക്കി. 1990 കളുടെ തുടക്കത്തിലായിരുന്നു ഇത്. പുതിയ വായനാ ലോകങ്ങളിലേക്ക് പുസ്തകം കടന്നുചെല്ലാന്‍ ഇതും കാരണമായി.
കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി എന്ന നോവല്‍ പിന്നീട് ഞാന്‍ ചന്ദ്രികക്കു നല്‍കി. യാതൊരു മാറ്റവുമില്ലാതെ അവരത് പ്രസിദ്ധീകരിച്ചു. ശേഷം, കോഴിക്കോട് ടൂറിംഗ് ബുക്സ്റ്റാളാണ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചത്. ഈ കാലങ്ങളിലെല്ലാം ആരാമത്തില്‍ എന്റെ വിവിധ നോവലുകള്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ടായിരുന്നു. ഏഴോ എട്ടോ നോവലുകള്‍ അതില്‍ വന്നിട്ടുണ്ട്. പലതും പിന്നീട് പുസ്തകമായി. അകലുന്ന മരുപ്പച്ചകള്‍ മറ്റൊരു നോവലാണ്. ടൂറിംഗ് ബുക്‌സ്റ്റാളാണ് അതും പ്രസിദ്ധീകരിച്ചത്.
എന്റെ വായനക്കാരായി ഞാന്‍ കാണുന്ന യുവാക്കള്‍ക്കു വേണ്ടിയാണ് ഞാന്‍ അതെല്ലാം എഴുതിയത്. പ്രധാനമായും മുസ്‌ലിം ചെറുപ്പക്കാര്‍. ഞാന്‍ വളര്‍ന്നുവന്ന പരിസരവും സാഹചര്യവും അതാണല്ലോ. അവരുടെ മനസ്സ് വായിക്കാനും ആവശ്യങ്ങള്‍ തിരിച്ചറിയാനും എനിക്ക് എളുപ്പത്തില്‍ കഴിയും. കാരണം, അതിന്റെ ഒരു ഭാഗമായിട്ടായിരുന്നു എന്റെയും ജീവിതം. അതിനാല്‍, ഞാന്‍ അവര്‍ക്കുവേണ്ടി എഴുതിക്കൊണ്ടിരുന്നു.
എപ്പോഴെങ്കിലും ഈ രീതിയില്‍നിന്നും മാറി പൊതു നോവലുകള്‍ എഴുതണമെന്നു തോന്നിയിട്ടുണ്ടോ?
-ഞാന്‍ എന്റെ വായനക്കാരെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ആ മേഖലയില്‍ തന്നെ എഴുതാനാണ് ഞാന്‍ ആഗ്രഹിച്ചത്. ആളുകളുടെ ആവശ്യവും ഞാനത് തുടരണമെന്നതായിരുന്നു. ഞങ്ങള്‍ക്കൊരു മുസ്‌ലിം നോവല്‍ വേണമെന്നു പറഞ്ഞാണ് പലരും എന്നെ ബന്ധപ്പെട്ടിരുന്നത്. എന്റെ വായനക്കാരില്‍ കൂടുതലും മുസ്‌ലിം യുവാക്കളും യുവതികളുമാണ്. അങ്ങനെ, ആവശ്യങ്ങളും സാഹചര്യങ്ങളും എന്നെ അതിന്റെ ആളാക്കി മാറ്റി.
അക്ബര്‍ കക്കട്ടിലിനെയും പുനത്തിന്‍ കുഞ്ഞബ്ദുല്ലയെയും പോലെ, മുസ്‌ലിം വിഷയങ്ങള്‍ എഴുതാന്‍ കഴിവുള്ള പ്രഗല്‍ഭര്‍ ഉണ്ടായിട്ടും ആളുകള്‍ എന്തുകൊണ്ട് എന്റെ നോവലുകള്‍ ഇഷ്ടപ്പെട്ടു എന്നതായിരുന്നു എന്റെ മനസ്സിലെ വലിയൊരു പ്രചോദനം. എണ്ണം പറഞ്ഞ വലിയ നോവലിസ്റ്റുകളും കഥാകൃത്തുകളും ഇവിടെയുണ്ടായിട്ടും ഇത്തരം വിഷയങ്ങള്‍ക്ക് സാഹചര്യം എന്നെ തേടി വരികയായിരുന്നു. ഹിന്ദുവോ മുസ്‌ലിമോ ആര് എഴുതുന്നു എന്നതല്ല; എഴുത്തില്‍ നൈതികത ഉണ്ടാവുക, സദാചാര ബോധമുണ്ടാവുക, ഉയര്‍ന്ന മൂല്യമുണ്ടാവുക എന്നതാണ് ഇവിടത്തെ പ്രധാന വിഷയം. സദാചരവും മൂല്യവും എഴുത്തില്‍ കടന്നുവരണം. അതെല്ലാം ഏതെങ്കിലുമൊരു കഥാപാത്രത്തിലൂടെ നമുക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് വലിയ കാര്യം. അത് മുസ്‌ലിം കഥാപാത്രമോ ഹിന്ദു കഥാപാത്രമോ എന്നത് പ്രസക്തമല്ല. സദാചാരബോധവും മൂല്യവുമുള്ള ഒരു കഥാപാത്രം മുസ്‌ലിം പേരുള്ളതായി എന്നുകരുതി അതിന് എന്തു കുഴപ്പമാണുള്ളത്? അത് എന്റെ എഴുത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ജനങ്ങള്‍ അത് ഇഷ്ടപ്പെടുകയും ചെയ്തു. കഥാപാത്രം ആര് എന്നതല്ല, അവരെ മൂല്യാധിഷ്ഠതമായി അവതരിപ്പിക്കുക എന്നതാണ് വിഷയം.
ചുരുക്കത്തില്‍, നോവലിന് അവാര്‍ഡ് ലഭിക്കുകയും മുസ്‌ലിം തീം അടങ്ങിയ സൃഷ്ടികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അതില്‍ സജീവമായി എന്നു വേണം പറയാന്‍. അതൊരു നിമിത്തവുമായിരുന്നു. ഞാന്‍ അവര്‍ക്കിടയില്‍ ജീവിക്കുന്നു എന്നതുതന്നെയാണ് ഇതിനെല്ലാം അടിസ്ഥാന കാരണം.
എഴുത്തിന്റെ ഉള്ളടക്കത്തെ മാത്രമല്ല, താങ്കളുടെ എഴുത്തിന്റെ ഭാഷയെയും ഈ മാപ്പിളത്തം വല്ലാതെ സ്വാധീനിച്ചതായി അനുഭവപ്പെടുന്നുണ്ടല്ലോ. കസവുതട്ടം പോലുള്ള നോവലുകളില്‍ അറബി വാക്കുകയും അറബിമലയാള വാക്കുകളും ധാരാളമായി കടന്നുവരുന്നത് കാണാം. എങ്ങനെയാണ് ഇത്തരമൊരു എഴുത്തു തലത്തിലേക്ക് എത്തിയത്? അറബിമലയാള പുസ്തകങ്ങള്‍ വായിക്കാറുണ്ടായിരുന്നോ?
-മാപ്പിള ജീവിതം ശരിക്കും അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലക്കുതന്നെയാവണം അവരുടെ സംസാര ഭാഷയും അതേപടി ഒപ്പിയെടുക്കാന്‍ എനിക്ക് സാധിച്ചത്. സാധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ഉപയോഗിച്ചു വരുന്ന പല അറബി പദങ്ങളും ഞാന്‍ വായനക്കിടയില്‍ എഴുതിവെച്ച് പഠിക്കാറുണ്ട്. കറാമത്ത്, ഹിക്മത്ത് പോലുള്ള വാക്കുകളെല്ലാം സാധാരണ മലയാള വാക്കുകള്‍ പോലെ അവര്‍ ഉപയോഗിക്കുന്നതാണ്. അവരുടെ വികാരങ്ങള്‍ അവതരിപ്പിക്കുന്ന നോവലുകള്‍ എന്ന നിലക്ക് അത്തരം വാക്കുകളും സ്വാഭാവികമായും എന്റെ രനകളില്‍ കടന്നുവരുന്നു. സംഭവങ്ങളുടെയും കഥയുടെയും തനിമയും സൗന്ദര്യവും കിട്ടാന്‍ വേണ്ടിയാണിത്. അപ്പോഴേ മാപ്പിളയെക്കുറിച്ച രചനകള്‍ ആവുന്നുള്ളു അവ.
പ്രവാചക കവിതകള്‍
എങ്ങനെയാണ് പ്രവാചകരെക്കുറിച്ച കവിതാരചനയിലേക്ക് കടന്നുവരുന്നത്? ആ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നടത്തിയിട്ടുണ്ടല്ലോ താങ്കള്‍. എങ്ങനെ ആ മേഖല താല്‍പര്യ വിഷയമായി തെരഞ്ഞെടുത്തു?
-നോവലുകള്‍ എഴുതുമ്പോഴെല്ലാം അടിസ്ഥാനപരമായും ഞാനൊരു കവിയാണെന്ന ബോധം എന്നിലുണ്ടായിരുന്നു. നോവലുകള്‍ കുറേ കാലം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ലെന്നും കവിതയാണ് തന്റെ മേഖലയെന്നുമുള്ള ഒരു ഉള്‍വിളി. ആ ഉള്‍വിളിയാണ് കവിതയിലേക്കു തന്നെ തിരിച്ചുവരാനും സജീവമാകാനും എന്നെ ക്ഷണിച്ചിരുന്നത്. മാനവ മോക്ഷത്തിനും സൗഹാര്‍ദത്തിനും വേണ്ടി നിലകൊണ്ട ചരിത്രത്തിലെ അതുല്യനായ ഒരു വ്യക്തിത്വം എന്ന നിലക്ക് ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബി തന്നെ അതിന്റെ മൂല വിഷയമായി കടന്നുവരികയായിരുന്നു. അവരുടെ ജീവ ചരിത്രവും അധ്യാപനങ്ങളും എന്നെ ആകര്‍ഷിച്ചു. പല നിലക്കും സ്വാധീനിച്ചു. അങ്ങനെയാണ് മുഹമ്മദ് നബി എന്റെ കവിതകളുടെ മുഖ്യ വിഷയമായി വരുന്നത്. പിന്നെ, എന്റെ ഓഡിയന്‍സും അത്തരമൊരു വിഷയം തെരഞ്ഞെടുക്കുന്നതിലേക്ക് എന്നെ എത്തിച്ചു.
സ്തുതിക്കപ്പെട്ടവന്‍ എന്ന കവിതയാണല്ലോ ഈ മേഖലയില്‍ താങ്കളുടെ മാസ്റ്റര്‍ പീസ്. എങ്ങനെയാണ് അത്തരമൊരു ശ്രദ്ധേയമായ രചന രൂപപ്പെട്ടത്? സാമൂഹികവും ബൗദ്ധികവുമായ അതിനു പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?
എന്റെ കവിതകളില്‍ എനിക്ക് ഏറ്റവും അംഗീകാരവും പ്രശസ്തിയും തന്ന കവിതയാണ് സ്തുതിക്കപ്പെട്ടവന്‍. സത്യം പറഞ്ഞാല്‍, ഇത് ഞാന്‍ എഴുതിയ കവിതയല്ല. മറിച്ച്, അത് എന്നെ എഴുതിയ കവിതയാണ്. കാരണം, അത് ഒരുപാട് ആസ്വദിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ഒരുപാട് പ്രശംസ എനിക്ക് കിട്ടിയിട്ടുണ്ട്. ആ കവിത എഴുതിയ ആളെ കാണാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്ന യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ആ കവിത എഴുതിയ കൈ ഒന്ന് സ്പര്‍ശിക്കാന്‍ വേണ്ടി വന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ആ കവിത മന്ത്രശക്തിയുള്ള ഒന്നാണെന്ന് പലരും എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും പറയുന്നത്, അത് ഞാന്‍ എഴുതിയ കവിതയല്ല. മറിച്ച്, എന്നെ എഴുതിയ കവിതയാണ്. ഒരു ഉറവ പോലെ എപ്പോഴോ, ഏതോ ഒരു നിമിഷത്തില്‍ മനസ്സില്‍ ഒഴുകി വന്ന കവിതയാണത്.
എന്നായിരുന്നു ഇതിന്റെ രചന?
-2000 ലാണ് ഇത് ആദ്യമായി എന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചുവരുന്നത്. അതിനു മുമ്പുതന്നെ ഇത് വന്നിട്ടുണ്ട്. തിരുനബി മഹാത്മ്യം എന്ന പേരില്‍ പ്രവാചകരെക്കുറിച്ച് മറ്റു മതസ്ഥര്‍ എഴുതിയ കവിതകളുടെ ഒരു സമാഹാരം തയ്യാറാക്കപ്പെട്ടിരുന്നു. അരീക്കോട്ടെ ഇസ്‌ലാമിക് ഫൗണ്ടേഷനാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ ശ്രീനാരായണ ഗുരു, ജി. ശങ്കരക്കുറുപ്പ്, വള്ളത്തോള്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങി പല മഹാന്മാരുടെയും കവിതകള്‍ ഉണ്ടായിരുന്നു. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മാഷാണ് ഇത് സമാഹരിച്ചത്. ഈ സമാഹാരത്തില്‍ ഒന്നാമത്തെ കവിതയായിട്ടാണ് സ്തുതിക്കപ്പെട്ടവന്‍ ആദ്യം പുറത്തുവരുന്നത്.
മുഹമ്മദ് എന്ന വാക്കിന്റെ അര്‍ത്ഥം സ്തുതിക്കപ്പെട്ടവന്‍ എന്നാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കവിതക്ക് അങ്ങനെയൊരു പേര് നല്‍കുന്നത്. അത് പിന്നീട് ക്ലിക്കാവുകയും ചെയ്തു. ആയതിനാല്‍, എന്റെ മനസ്സില്‍നിന്നും തെളിനീരുപോലെ നിറഞ്ഞൊഴുകിയ ഒരു കവിതയായിരുന്നു. എന്റെ ആത്മാര്‍ത്ഥമായ നബി ദര്‍ശനവും കാഴ്ചപ്പാടുമാണ് അതിലൂടെ പുറത്തുവന്നത്.
അത്രമാത്രം മനോഹരമായ ഒരു കവിത എഴുതണമെങ്കില്‍ പ്രവാചക ജീവിതം ശരിക്കും അതിന്റെ പൂര്‍ണ രുചിയോടെത്തന്നെ ഉള്‍കൊള്ളണമല്ലോ. എങ്ങനെയാണ് അതിനു കഴിഞ്ഞത്?
– നബിയെക്കുറിച്ച വിശാലമായ വായനാനുഭവം തന്നെയാണ് അതിനു സഹായിച്ചത്. ചരിത്രത്തില്‍നിന്നും നബിയെ വായിച്ചു പഠിച്ചു. പിന്നെ, എന്റെ ഹൃദയം കൊണ്ട് ഞാന്‍ അവരെ വരച്ചു. അതുകൊണ്ടാണ് അതിന് ആ ചാരുത കൈവന്നത്.
ആ കവിതയുടെ അമരത്വം എങ്ങനെ അനുഭവപ്പെട്ടു. ഇന്നും എവിടെയും സജീവമാണല്ലോ ആ കവിത. പല സദസ്സുകളിലും ഇന്നും പാടപ്പെടുന്നു. സ്‌കൂള്‍ കലോല്‍സവങ്ങളിലും അറബിക് കോളേജ് ആര്‍ട് ഫെസ്റ്റുകളിലുമെല്ലാം ഇത് സജീവ സാന്നിധ്യമാണല്ലോ. എന്താണ് തോന്നുന്നത്?
-തീര്‍ച്ചയായും. കാലം കഴിയും തോറും പുതുമയും പ്രസിദ്ധിയും കൂടി വരുന്നതുപോലെയുണ്ട് ആ കവിതയുടെ കാര്യം. ഇന്നലെയും എനിക്കൊരു അനുഭവമുണ്ടായി. ഇന്നലെ കൊടിഞ്ഞിയില്‍ യൂത്ത് ലീഗിന്റെ ഒരു പരിപാടിയുണ്ടായിരുന്നു. അശാന്തി വിതക്കരുത് എന്ന ശീര്‍ഷകത്തിലായിരുന്നു സംഗമം. അബ്ദ്സ്സ്വമദ് സ്വമദാനിയായിരുന്നു അതിലെ മുഖ്യാതിഥി. തന്റെ പ്രസംഗത്തിനിടെ അവിടെവെച്ചും അദ്ദേഹം ആ കവിത അനുസ്മരിച്ചു.
ഈ കവിതക്ക് വലിയ പബ്ലിസിറ്റി നല്‍കുന്നതില്‍ സമദാനിക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ മദീനയിലേക്കുള്ള പാത എന്ന കോഴിക്കോട് കടപ്പുറത്തെ ഒരു പരിപാടിയില്‍ ഈ കവിത പൂര്‍ണമായും ആലപ്പിക്കപ്പെട്ടിരുന്നു. ഇത് പതിനായിരങ്ങളുടെ മനസ്സിലേക്ക് ഈ കവിതയെ എത്തിച്ചു. അങ്ങനെ അത് മരിക്കാത്ത ഒരു ശബ്ദമായി മാറി. തീര്‍ച്ചയായും അതെഴുതിയതില്‍ ഞാന്‍ ചരിതാര്‍ത്ഥനാണ്.
പണ്ടൊരിക്കല്‍ പട്ടിക്കാട്ട് ഒരു പരിപാടിക്ക് ഞാന്‍ പോയിരുന്നു. അന്ന് കവിതാലാപനത്തിന് വന്ന കുട്ടി പാടിയത് ഈ കവിതയായിരുന്നു. രണ്ടാമതായി വന്ന കുട്ടി പാടിയതും ഇതേ കവിത തന്നെ. വളര്‍ന്നുവരുന്ന തലമുറക്കിടയില്‍ ഇതിന്റെ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.
എങ്ങനെ ഇത്രയും മനോഹരമായൊരു കോര്‍വയില്‍ ഈ കവിത കോര്‍ത്തെടുക്കാന്‍ സാധിച്ചു?
-അത് അങ്ങനെ സംഭവിക്കുകയായിരുന്നുവെന്നുവേണം പറയാന്‍. അതിലെ ഓരോ ഖണ്ഡികയും അത്രമാത്രം ചേര്‍ച്ചയോടെയാണ് വന്നിരിക്കുന്നത്. അതിന്റെ തുടക്കവും ഒടുക്കവും മാത്രം നോക്കിയാല്‍ അത് ബോധ്യമാകും. തുടക്കം നോക്കൂ…
സ്വര്‍ഗത്തില്‍നിന്നും-
ഹൃദയത്തിലേക്കൊരു
സ്വര്‍ണനൂല്‍പ്പാലം
പണിത പ്രവാചകാ,
ജീവന്റെ ഭിന്നമാം
നാദവൈചിത്ര്യങ്ങ-
ളേകമാംസത്തയില്‍
ബന്ധിച്ച ധാര്‍മ്മികാ,
തമ്മിലിടഞ്ഞും
സഹകരിച്ചും, കരള്‍-
കൊത്തിപ്പറിച്ചും
ചവച്ചും പുളച്ചാര്‍ത്ത-
ഗോത്രക്കുറുമ്പിനെ,
കാട്ടു ക്രൗര്യങ്ങളെ
ശാന്തിസങ്കീര്‍ത്തന-
മാക്കിയ നായകാ.
കവിതയുടെ ഒടുക്കവും ഇതേ ചാരുതയില്‍ കോര്‍ക്കപ്പെട്ടത് കാണാം. നബിയോര്‍മകള്‍ വെളിച്ചത്താല്‍ പ്രശോഭിതമാകട്ടെയെന്നാണ് അത് വര്യവസാനിക്കുന്നത്. അത് ഇങ്ങനെ വായിക്കാം:
അങ്ങയെ ചൂഴു-
മൊരായിരമോര്‍മകള്‍
ആത്മഹര്‍ഷം-
വിതച്ചെത്തുമീവേളയില്‍
ബന്ധുരചിന്തകള്‍
ജീവന്റെ ജീവനില്‍
കുന്തിരിക്കം പുക-
ചെത്തുമീ മാത്രയില്‍
കൈകോര്‍ത്തു മേവുന്ന-
മണ്ണുമാകാശവും
കൈമാറിനില്‍പ്പൂ
സ്തുതിയുമാശംസയും…
താവക പുണ്യ-
സ്മരണകളെങ്ങളില്‍
തൂവട്ടെ ശാന്തി തന്‍
തേനും വേളിച്ചതും!.
ഉള്ളില്‍ നിന്നും പ്രവാചകരെ അനുഭവിച്ച ഒരു സുഖവും രുചിയും ഈ വരികളില്‍നിന്നും ലഭിക്കുന്നുണ്ട്. മനസ്സുകൊണ്ട് എഴുതിയാലേ ഇത് സാധിക്കൂ. എങ്ങനെയായിരുന്നു രചനാ വേള?
-തീര്‍ച്ചയായും മനസ്സുകൊണ്ടെഴുതിയ ഒരു സൃഷ്ടി തന്നെയായിരുന്നു അത്. സാഹിത്യം എന്നതുതന്നെ ആത്മാര്‍ത്ഥതകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണല്ലോ. ആത്മാര്‍ത്ഥതയില്ലാതെ എങ്ങനെയാണ് അങ്ങനെയൊന്ന് ചെയ്യാന്‍ സാധിക്കുക!.
എന്തുകൊണ്ട് പ്രവാചകന്‍ എന്റെ എഴുത്തിനെ ഇത്രമേല്‍ സ്വാധീനിച്ചു എന്നു ചോദിച്ചാല്‍ അവരുടെ അസാധാരണമായ മനുഷ്യ സ്‌നേഹം എന്നതു മാത്രമാണ് ഉത്തരം.
സ്തുതിക്കപ്പെട്ടവന്‍ ആദ്യ പ്രവാചക കവിതയാണോ? അതിനു മുമ്പും ഇത്തരം കവിതകള്‍ എഴുതിയിട്ടുണ്ടോ?
-ഉണ്ട്. പ്രവാചകരുമായി ബന്ധപ്പെട്ടും ഇസ്‌ലാമുമായി ബന്ധപ്പെട്ടും ധാരാളം കവിതകള്‍ അതിനു മുമ്പും എഴുതിയിട്ടുണ്ട്. മരുപ്പുക്കള്‍ എന്ന എന്റെ കവിതാസമാഹാരം ഇത്തരം കവിതകളുടെ സമാഹാരമാണ്. കാപിറ്റലാണ് ഇതും പ്രസിദ്ധീകരിച്ചത്. ശുഭയാത്ര എന്നൊരു കവിത കൊണ്ടാണ് ആ പുസ്തകം തുടങ്ങുന്നത്.
വീണ്ടുമൊരോര്‍മതന്‍
പൊന്നിളംചില്ലയില്‍
ചെണ്ടിട്ട പൂവിന്‍
പരിമള ചേലയില്‍
വീണ്ടുമൊരോര്‍മ തന്‍
പൊന്നിളം ചില്ലയില്‍
പൂവിട്ട ചെമ്പനീര്‍
പൂവിന്റെ ഓര്‍മകളേ
എന്നെയും ദൂരെയെടുത്തൂ
ശതാബ്ദങ്ങള്‍ പിന്നെയും പിന്നിട്ടു
പിന്നോട്ടൊഴുകവെ
കണ്ണിനാമോദം
പകരുന്ന കാഴ്ചകള്‍ക്കപ്പുറം
വെന്തുമരിച്ച തരിശുകള്‍
തീക്കണ്ണുരുട്ടി മുരളുന്ന രാവുകള്‍
തീകുണ്ഠമോങ്ങി ചിരിക്കും പകലുകള്‍
പ്രവാചകന്റെ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയാണ് ഈ കവിത എഴുതുന്നത്. സ്തുതിക്കപ്പെട്ടവന്‍ പോലെ മനോഹരമാണ് ഈ കവിതയും. ഇതാണ് ഇസ്‌ലാമിക കവിതകളുടെ ആദ്യ സമാഹാരം. ശിഹാബ് തങ്ങള്‍ അതിമനോഹരമായ ഒരു ആശംസ കുറിപ്പ് ഇതിന് എഴുതിത്തന്നിട്ടുണ്ട്. ആ പുസ്തകത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നതാണത്. മനുഷ്യ മനസ്സുകള്‍ ശിഥിലമാകുന്ന ഇക്കാലത്ത് അവ അടുപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഇതെന്നാണ് അതിന്റെ ആശയം.
ഏറ്റവും അവസാനം ഇറങ്ങിയ നബിചരിതം കിളിപ്പാട്ട് എങ്ങനെയാണ് ജന്മംകൊള്ളുന്നത്? എന്തായിരുന്നു പ്രചോദനം?
പ്രവാചക ജീവിതം സമ്ഗ്രമായി കവിതയില്‍ ആവിഷ്‌കരിക്കുക എന്നത് എന്റെ ഒരു ചിരകാലാഭിലാഷമായിരുന്നു. അത് കിളിപ്പാട്ട് രൂപത്തിലായിരുന്നെങ്കില്‍ എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഒരിക്കല്‍ ഈയൊരു ആഗ്രഹം ഞാന്‍ ഒരു യോഗത്തില്‍ പങ്ക് വെച്ചു. ഇതോടെ പലരും എന്നെ സമീപ്പിക്കുകയും എത്രയും വേഗത്തില്‍ അത് എഴുതിത്തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നല്ലവരായ ആ സുഹൃത്തുക്കളുടെ പ്രചോദനമാണ് അത്തരമൊരു രചന വേഗത്തില്‍ പുറത്തുവരാന്‍ വഴിയൊരുക്കിയത്. ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചുവന്നത്. ഒടുവില്‍ കാപ്പിറ്റല്‍ തന്നെ അത് പുസ്തകമായി പ്രസിദ്ധപ്പെടുത്തി. കിളിപ്പാട്ട് രീതിയില്‍ പ്രവാചക ജീവിതം പൂര്‍ണമായി അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണത്. വായനക്കാരില്‍നിന്നും നല്ല പ്രതികരണവും പ്രശംസയും ഇതിനു ലഭിച്ചിട്ടുണ്ട്.
തകരുന്ന സൗഹാര്‍ദാന്തരീക്ഷത്തിനെതിരെ
കേരളത്തില്‍ വിശിഷ്യാ മലപ്പുറത്ത് ഉണ്ടായിരുന്ന അതിശയകരമായ മത സൗഹാര്‍ദാന്തരീക്ഷത്തിലേക്കാണല്ലോ ഇതുവരെയുള്ള സംസാരം വിരല്‍ ചൂണ്ടുന്നത്. ഈയൊരു സൗഹാര്‍ദാന്തരീക്ഷം തകര്‍ച്ചയിലേക്കു പോവുകയാണോ? വര്‍ത്തമാന സംഭവങ്ങള്‍ തരുന്ന സൂചനകള്‍ എന്താണ്?
-കേരളത്തിന്റെ പാരമ്പര്യം പരസ്പരം തിരിച്ചറിഞ്ഞുകൊണ്ടുള്ള സൗഹാര്‍ദാന്തരീക്ഷം തന്നെയാണ്. അതാണ് നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ ആരോഗ്യത്തെ ഇതുവരെ പിന്തുണച്ചതും. ആ തിരിച്ചറിവും സ്‌നേഹവും നിലനില്‍ക്കുകതന്നെ വേണം.
ഹിന്ദു, മുസ്‌ലിം അതിര്‍വരമ്പുകള്‍ ഉയര്‍ത്തിക്കാട്ടി ഛിദ്രതയും വര്‍ഗീയതയും സൃഷ്ടിക്കുന്നത് ഫാസിസമാണ്. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതിലൂടെ തകര്‍ന്നു പോകുന്നത് കേരളത്തിന്റെ ഭാസുരമായൊരു പാരമ്പര്യമാണെന്നത് ആരും ഗൗരവത്തോടെ ഓര്‍ക്കുന്നില്ല. എല്ലാ മതങ്ങളിലും നന്മകളുണ്ട്. ആ നന്മ കൈകൊണ്ട് ജീവിക്കാന്‍ അതിന്റെ അനുയായികള്‍ക്ക് കഴിയണം. പരസ്പരം കൊലവിളിയും വിധ്വേഷവും ഉയര്‍ത്തി സ്വയം നശിക്കുന്നത് നമ്മെ മൊത്തം തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിക്കുക.
കൊടിഞ്ഞി ഫൈസല്‍ വധം പോലുള്ള സംഭവങ്ങള്‍ നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തിനു നേരെ ഉയര്‍ന്നുവരുന്ന ഭീഷണിയല്ലേ സൂചിപ്പിക്കുന്നത്?
-തീര്‍ച്ചയായും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണത്. കൊടിഞ്ഞി സംഭവം നടന്നപ്പോള്‍ പാണക്കാട് തങ്ങള്‍ പറഞ്ഞൊരു വാക്ക് ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഇത് കാരണമായി കൊടിഞ്ഞിയിലെ ഒരു ഹൈന്ദവ സുഹൃത്തിനും യാതൊരു പ്രയാസവും ഉണ്ടാവരുത്. മുസ്‌ലിംകള്‍ ഹിന്ദു വീടുകള്‍ക്ക് കാവല്‍ നില്‍ക്കണം എന്നതായിരുന്നു അത്. അത് വല്ലാത്തൊരു വാക്കാണ്. നബി തിരുമേനിയുടെ സന്ദേശമാണത്. പഴയ ആ സൗഹാര്‍ദാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനും സ്‌നേഹം, പരസ്പര സഹായം, സഹകരണം പോലെയുള്ള മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നമുക്ക് കഴിയണം. അപ്പോഴേ, മാനവസ്‌നേഹം നമ്മില്‍ കളിയാടുകയുള്ളൂ. അല്ലാതെ, ഛിദ്രത പ്രചരിപ്പിക്കുന്ന ഫാസിസത്തിന്റെ കളികള്‍ എതിര്‍ക്കപ്പെടേണ്ടതും മനുഷ്യത്വ വിരുദ്ധവുമാണ്.
Leave A Comment