ആ ചോദ്യങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ഇസ്‍ലാമിലായിരുന്നു- എമിലിടോണ്‍

ആ ചോദ്യങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ഇസ്‍ലാമിലായിരുന്നു- എമിലിടോണ്‍

(1996 ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജനനം, 2020 ല്‍ ഇസ്‍ലാം ആശ്ലേഷണം, ബ്യൂട്ടീഷ്യന്‍ വിദഗ്ദയും മാഞ്ചസ്റ്ററിലെ ഇസ്‍ലാമിക് സെന്ററില്‍ സന്നദ്ധ സേവകയുമായ എമിലി ടോണിന്റെ ഇസ്‌ലാം ആശ്ലേഷണ ചരിത്രം, ഹിവാര്‍ ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.) 

അസാം തമീമി/ എമിലി ടോണ്‍
വിവ: അബ്ദുല്‍ ഹഖ് മുളയങ്കാവ്

എങ്ങനെയാണ് നിങ്ങളുടെ ഇസ്‍ലാമിലേക്കുള്ള യാത്ര ആരംഭിക്കുന്നത്?
- പ്രൈമറി സ്‌കൂളിലായിരുന്നപ്പോള്‍ തന്നെ ആ ചിന്ത എന്നില്‍ തുടക്കമിട്ടിരുന്നു എന്ന് വേണം പറയാന്‍. അന്ന് തന്നെ, ജീവിതത്തെ കുറിച്ച് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു, പഠിച്ചിരുന്നത് ഒരു കത്തോലിക്ക സ്‌കൂളിലായിരുന്നു. യേശു ക്രിസ്തുവിനെ കുറിച്ച് അവിടെവെച്ച് പഠിച്ചിരുന്നു. ക്രിസ്മസ് നാടകത്തില്‍ പങ്കെടുത്ത് മര്‍യം ബീവിയുടെ റോള്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്റെ മാതാപിതാക്കള്‍ മതനിഷ്ഠയുള്ളവരായിരുന്നില്ല, 'നാം എവിടെ നിന്ന് വന്നു, എങ്ങിനായണ് നാം ഇവിടെ എത്തിയത്, നമ്മുടെ മരണത്തിന് ശേഷം എന്ത് സംഭവിക്കും' തുടങ്ങിയ ചോദ്യങ്ങള്‍ അന്ന് തന്നെ എന്നെ അലട്ടിക്കൊണ്ടിരുന്നു.
(കരയുന്നു)

എന്നിട്ട് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയോ?
-ഇല്ല, ആരില്‍ നിന്നും സംതൃപ്തമായ ഉത്തരം ലഭിച്ചില്ല. പക്ഷെ, ഈ ജീവിതത്തിന് ഒരു ലക്ഷ്യം വേണം എന്ന് തന്നെ ഞാന്‍ ഉറച്ച് വിശ്വസിച്ചു. സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജ് ജീവിതത്തിലും ശേഷം ജോലിയുമായി മുന്നോട്ട് പോയപ്പോഴുമൊക്കെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. 

പിന്നെ എന്താണ് താങ്കളെ ഇസ്‍ലാമിലേക്ക് കൊണ്ടുവന്നത്?
- ഞാന്‍ കൂട്ടുകാരോടൊക്കെ ജീവിത ലക്ഷ്യത്തെകുറിച്ചുള്ള ചോദ്യം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍, ഒരു മുസ്‍ലിം കൂട്ടുകാരിയോടും ഇത് ചോദിച്ചു. ഏശു ക്രിസ്തുവിനെ കുറിച്ചുള്ള മുസ്‍ലിംകളുടെ വിശ്വാസം ഞാന്‍ മനസ്സിലാക്കിയത് അവരില്‍ നിന്നാണ്. അല്ലാഹുവിന്റെ പ്രവാചകരില്‍ ഒരാളാണ് ഈസാ നബിയെന്നും അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നുമെല്ലാം ഞാന്‍ മനസ്സിലാക്കി. ഇസ്‍ലാമിനെ കുറിച്ചും അവള്‍ കൂടുതല്‍ പറഞ്ഞ് തന്നു. അവയെല്ലാം സത്യത്തോടും യാഥാര്‍ത്ഥ്യത്തോടും കൂടുതല്‍ അടുത്ത് നില്‍ക്കുന്നതായി എനിക്ക് തോന്നി.
ഇത് 2018 അവസാനത്തിലായിരുന്നു. ശേഷം കൊറോണ വൈറസ് വ്യാപിച്ച് വീട്ടിലിരുന്ന വേളയില്‍ ഞാന്‍ ഇസ്‍ലാമിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങി. യൂട്യൂബിലെ ക്ലാസുകളും ഇസ്‍ലാം സ്വീകരിച്ചവരുടെ  അനുഭവങ്ങളുമെല്ലാം നിരന്തരം കേട്ടു. അതോടെ, ഇതാണ് യഥാര്‍ത്ഥ മതമെന്നും ഇത് എല്ലാവര്‍ക്കുമുള്ളതാണെന്നും ഞാന്‍ ഉറപ്പിച്ചു. 

അപ്പോ കൊറോണ നിങ്ങളെ സംബന്ധിച്ചെടുത്തോളം അനുഗ്രഹമായിരുന്നു ?
- അതെ , അല്ലാഹുവിന് സ്തുതി. ആദ്യ ലോക്ക്ഡൗണില്‍ തന്നെ ഞാന്‍ ഇസ്‍ലാമിലേക്ക് വന്നു. ഖുര്‍ആന്‍ വായിക്കുന്നത് ചെയ്യാന്‍ നേരത്തെ തുടങ്ങിയിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ അവിടെ കണ്ടെത്താനായി. അതോടെ തന്നെ ഹൃദയംകൊണ്ട് ഞാന്‍ മുസ്‍ലിമായിരുന്നു. ഏകദേശം 6 മാസത്തിന് ശേഷം ശഹാദത്ത് ചൊല്ലി, അല്‍ഹംദുലില്ല. പിന്നെയും നാലഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഉമ്മയോടും ഉപ്പയോടും വിവരങ്ങള്‍ പറഞ്ഞത്.
എനിക്ക് പല മേഖലകളിലുള്ള അനേകം സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ, ഇസ്‍ലാം സ്വീകരിച്ചതോടെ പലരെയും പിരിയേണ്ടി വന്നു. കാരണം, അവര്‍ തിന്മയുടെ ഭാഗത്തേക്കായിരുന്നു എന്നെ പ്രേരിപ്പിച്ചതെല്ലാം. അതേസമയം, കൊറോണ കാരണം, സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം അകന്ന് കഴിഞ്ഞതും ഇസ്‍ലാം ആശ്ലേഷണത്തിന്റെ ആദ്യകാലത്ത് ഏറെ സഹായകമായി. തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന കൂട്ടുകാരുമായി അകലം പാലിക്കാനും കൊറോണ എന്നെ സഹായിച്ചു എന്ന് വേണം പറയാന്‍. 

മാതാപിതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
ഞാനവരോട് നേരിട്ട് പറയുകയല്ല ചെയ്തത്, കത്തെഴുതി അറിയിക്കുകയായിരുന്നു. ഇപ്പോള്‍ തോന്നുന്നു, നേരിട്ട് തന്നെ പറയാമായിരുന്നു എന്ന്. ആദ്യം അവര്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും, സമയം കഴിയുംതോറും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ അവരുടെ കൂടെ താമസിക്കുന്നില്ലെങ്കിലും ഇടക്കിടെ അവരെ കാണുകയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. ഞാനിപ്പോഴും അവരുടെ മകള്‍ തന്നെയാണ്. 
അവരോട് കൂടുതല്‍ നന്നായി പെരുമാറാനാണ് ഇസ്‍ലാം എന്നെ പഠിപ്പിച്ചതും ശീലിപ്പിച്ചതും. അവര്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ അല്ലാഹുവിനോട് ഞാന്‍ നിത്യവും ദുആ ചെയ്യാറുമുണ്ട്. അതോടൊപ്പം, അവരുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇസ്‍ലാം ഒരാളെ എത്രമാത്രം നല്ല വ്യക്തിത്വമാക്കി മാറ്റുന്നു എന്ന് എന്നിലൂടെ അവര്‍ക്ക് കാണാനാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവരും ഈ മതം തെരഞ്ഞെടുക്കണമെന്നും. അത്തരത്തില്‍ ഇസ്‍ലാമിലേക്ക് വന്ന ചില രക്ഷിതാക്കളെ ഞാന്‍ കണ്ടിട്ടുമുണ്ട്.

പക്ഷെ, ഇന്ന് മീഡിയകളെല്ലാം ഇസ്‍ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണല്ലോ. അത് അവരെയും സ്വാധീനിക്കില്ലേ?
-ശരിയാണ്, മീഡിയകള്‍ ഇസ്‍ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അതിലുപരി, അതിനായി തന്നെ മീഡിയകളുണ്ട് എന്ന് പറയുന്നതാവും ശരി. അത്തരം തെറ്റിദ്ധാരണകള്‍ തിരുത്താനാണ് ഇപ്പോള്‍ ഞാന്‍ പരിശ്രമിക്കുന്നത്. എന്നെ അലട്ടിയത് പോലുള്ള ചോദ്യങ്ങള്‍ എല്ലാവരെയും അലട്ടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനുള്ള മറുപടികള്‍ ഖുര്‍ആനിലുണ്ടെന്നും അത് വായിക്കുകയാണ് അതിന് പരിഹാരമെന്നും ഞാന്‍ സാധിക്കുന്നവരോടെല്ലാം പറയുന്നു. 

- ഇസ്‍ലാമിലെ ആരാധനകളും ജീവിത രീതികളുമൊക്കെ എങ്ങനെയാണ് ശീലിച്ചത്?
-  ഞാന്‍ പള്ളിയില്‍ പോവാറുണ്ട്. ദസ്ബരിപള്ളി തീര്‍ത്തും വ്യത്യസ്തമാണ്, അവിടെയുള്ളവര്‍ സ്നേഹത്തോടെ ആളുകളെ സ്വാഗതം ചെയ്യുന്നു, എല്ലായിടത്ത് നിന്നും ആളുകള്‍ അവിടെ എത്തുന്നു, അവരെല്ലാം വളരെ നല്ലവരാണ്. നാം ഒറ്റക്കല്ലെന്ന തിരിച്ചറിവ് അവിടെനിന്ന് ലഭിക്കുന്നു, പ്രത്യേക സ്നേഹം ലഭിക്കുന്നു, കുടുംബത്തെ പോലെ പരസ്പരം സഹായിക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നു. സമാന മനസ്കരുടെ ഒരു സംഗമമാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത്. അത് നല്കുന്നത് വല്ലാത്ത ധൈര്യവും ആത്മനിര്‍വൃതിയുമാണ്. 

-ജനനം കൊണ്ട് മുസ്‍ലിമായ ഭൂരിഭാഗംപേരും ഈ അനുഗ്രഹത്തെ തിരിച്ചറിയുന്നില്ലെന്ന് നിങ്ങള്‍ക്കറിയാമോ?
- അതെ, അങ്ങനെ കേട്ടിട്ടുണ്ട്. അത് സ്വാഭാവികവുമാണല്ലോ. ത്യാഗങ്ങളിലൂടെ നേടിയെടുക്കുമ്പോഴാണല്ലോ ഏതൊന്നിനും വിലയുണ്ടാവുന്നത്. അതോടൊപ്പം, ഇസ്‍ലാമിന്റെ പേരില്‍ നടക്കുന്ന പലതും അതിന്റെ ഭാഗമല്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. യോജിക്കാനാവാത്ത പലതും ചുറ്റുപാടും ഇസ്‍ലാമിന്റെ പേരില്‍ കാണുമ്പോള്‍ പൊതുജനങ്ങള്‍ സംശയത്തിലാവുമെന്നത് സ്വാഭാവികമാണ്. തനിക്കിഷ്ടമില്ലാത്ത ഒരാളുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കപ്പെട്ട ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. ഇത്തരം പലതും മതത്തിന്റെ പേരില്‍ നടക്കുന്നത് കൊണ്ടാണ്, പലര്‍ക്കും ഇതിനോട് മടുപ്പ് വരുന്നത്.
എല്ലാവര്‍ക്കും നന്മ വരട്ടെ എന്നും സുദൃഢമായ വിശ്വാസം കൈവരട്ടെ എന്നും ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.


(കടപ്പാട്: ഹിവാര്‍ ടി.വി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter