ഇവിടെ അറബിമലയാളവും ഉണ്ടായിരുന്നു
 width=കേരളമിപ്പോള്‍ ഉത്സവത്തിമിര്‍പ്പിലാണ്, മലയാളികളും. മലയാള ഭാഷയാണ് കാര്യം. വിശ്വമലയാള മഹോത്സവത്തിന് തിരുവനന്തപുരത്ത് തിരശ്ശീല വീണ അന്ന് തന്നെയാണ് തീരൂര്‍ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ മലയാളത്തിനായി പ്രത്യേകമായി പുതിയ സര്‍വകലാശാല ഉദ്ഘാടനം ചെയ്യപ്പെട്ടത്. മലയാളിയുടെ സാംസ്കാരികമണ്ഡലത്തില്‍ അവന്റെ സ്വന്തം ഭാഷ നേരിടുന്ന അസ്തിത്വപ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഇവയുടെയെല്ലാം പ്രഖ്യാപിത ലക്ഷ്യം. നല്ലത് തന്നെ. മലയാളഭാഷയ സംരക്ഷിക്കേണ്ടതുണ്ടെന്നതില്‍ ആര്‍ക്കും മറുത്തൊരു അഭിപ്രായമുണ്ടാകാനിടയില്ല. സംസ്കാരികമായ ആവിഷ്കാരങ്ങളില്‍ ഭാഷയോളം പ്രധാനമാകുന്നില്ലല്ലോ മറ്റൊന്നും. മലയാളത്തോളമോ അതിലേറെ തന്നെയോ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന അറബിമലയാളത്തെ സംബന്ധിച്ചാണ്  ഈ കുറിപ്പ്. അറബി മലയാളം ഒരു ഭാഷയല്ല, അതൊരു ലിപി മാത്രമാണ്. പുതുതായി തുടങ്ങുന്ന മലയാളം സര്‍വകലാശാലയില്‍ അറബിമലയാളത്തിന് ഗവേഷണകേന്ദ്രങ്ങള് അനുവദിക്കപ്പെടണമെന്ന ചിലേടങ്ങളില്‍ നിന്നൊക്കെ ആവശ്യമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അതു നടക്കുമോ ഇല്ലെയോ എന്ന് അറിയാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. അന്ദുലൂസിലെ ഇസ്‌ലാമിക കാലശേഷം. അവിടെ അല്‍ജാമിയാദോ എന്ന പേരില്‍ ഒരു ലിപി നിലനിന്നിരുന്നതായി ഇസ്‌ലാമാനന്തര സ്പെയിന്‍ ചരിത്രം വിശദീകരിക്കുന്നുണ്ട്. സ്പെയിന്‍ഭാഷയിലെ പദങ്ങള്‍ അറബി അക്ഷരത്തില്‍ എഴുതിയിരുന്ന പ്രത്യേക ലിപിയാണിത്. സ്പെയിനിലെ മുസ്‌ലിംകള്‍ തങ്ങളുടെ സംസ്കാര വികാസത്തിനായി നടത്തിയ ശ്രമം. നമ്മുടെ അറബിമലയാളത്തിന്റെ സ്പെയിന്‍ പതിപ്പ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ ലിപിയില്‍ എഴുതപ്പെട്ട ഏറെ ഗ്രന്ഥങ്ങളെ ചരിത്രപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നുമുണ്ട്. കാലഗണനയില്‍ അതിനോടടുത്ത് തന്നെയാണ് മലയാളത്തിന്റെ അറബിലിപിയായ അറബിമലയാളത്തെയും ചരിത്രം രേഖപ്പെടുത്തുന്നത്. തങ്ങളുടെ മതപാഠങ്ങളെ സംരക്ഷിക്കാന്‍ സ്പെയിനിലെ മുസ്‌ലിംകള്‍ കണ്ടെത്തിയ ഒരു ഭാഷാവ്യവഹാര രീതിയായിരുന്നു ഈ പ്രത്യേകലിപി. അധികകാലം കഴിയും മുമ്പെ അതു തീര്‍ത്തും ഇല്ലാതായി. രാജ്യത്ത് മുസ്‌ലിംകളുടെ ഇല്ലാതാകലും അതിന് കാരണമായിത്തീര്‍ന്നിരിക്കണം. അറബിമലയാളത്തിന്റെ ഉത്ഭവത്തെ കുറിച്ചോ മറ്റോ ഒരു അന്വേഷണത്തിന് ഈ കുറിപ്പ് മുതിരുന്നില്ല. മറിച്ച് അതിന്റെ വര്‍ത്തമാനം എത്ര ദയനീയമാണെന്ന് തിരിച്ചറിയാനുള്ള ചെറിയ ശ്രമം മാത്രമാണിത്; മലയാളത്തിന്റെ നിലനില്‍പിനും സാംസ്കാരിക തുടര്‍ച്ചക്കും വേണ്ടി പൊതുമണ്ഡലത്തില്‍ ഏറെ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.  മലബാറിലെ മുസ്‌ലിംകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സത്വം സാധ്യമാക്കിയ ഒരു ഭാഷാവ്യവഹാരത്തെ കുറിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. മതപാഠങ്ങളുടെ രേഖപ്പെടുത്തലില്‍ തുടങ്ങി കഥയും കവിതയുമടക്കം നിരവധി സാഹിത്യരൂപങ്ങളിലെത്തിയ ഒരു ലിപിയുടെ ഇന്നത്തെ അവസ്ഥയെന്ത്. മദ്രസയിലെ പാഠപുസ്തകത്തില്‍ മാത്രം ഒതുക്കി ഒരു ലിപിയെയും അതിന്റെ തുടര്‍ച്ചകളെയും മാറ്റിനിറുത്തുക മലബാറിലെ മുസ്‌ലിംകള്‍ക്ക് ഇത്ര പെട്ടെന്ന് സാധിച്ചതെങ്ങനെ. കേരളത്തിലെ മുസ്‌ലിം ഉമ്മമാരെല്ലാവരും എണ്ണപ്പെടുന്നത് നിരക്ഷരരുടെ കൂട്ടത്തിലാണ്. സംസ്ഥാനത്തെ സാക്ഷരതാ പട്ടികയില്‍ ഈ സമുദായത്തിന്റെ ശതമാനം പലപ്പോഴും പിന്നാക്കമായി കാണപ്പെട്ടതിന്റെ കാരണവും നിരക്ഷരരെന്ന് മുദ്രകുത്തപ്പെട്ട ഈ വലിയുമ്മമാരായിരുന്നു. മലയാള അക്ഷരങ്ങള്‍ പഠിച്ച് സാക്ഷരരായതിന്റെ പേരില്‍ ഏറനാട്ടിലെ ചില മങ്കമാരെ രാഷ്ട്രപതിഭവനില്‍ വരെ വിളിച്ചുവരുത്തി അഭിനന്ദിച്ച വാര്‍ത്ത നമ്മുടെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് അധികകാലമൊന്നുമായിട്ടില്ല. എന്നും മഗ്രിബ് നമസ്കാര ശേഷം അറബി മലയാളത്തിലുള്ള ഏടുകള്‍ പാരായണം ചെയ്തു വരുന്നവരായിരുന്നു അവരെന്ന സത്യം അതിനിടക്ക് എല്ലാവരും മറന്ന്പോയി. മലയാള അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും അറിയുമ്പോള്‍ മാത്രമേ ആരും സാക്ഷരരാകൂവെന്ന പുതിയ സാക്ഷരതാബോധത്തിലും ഒരു തരം ജാതീയബോധം കുടികൊള്ളുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുബോധത്തോടൊപ്പം മാത്രം ചിന്തിക്കാനും വായിക്കാനും നാമും ശീലിച്ചു കഴിഞ്ഞിരിക്കുന്നു ഇപ്പോള്. ദര്‍ഗകളുടെ പരിസരങ്ങളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പൊടിപിടിച്ച 313 വക ഏടുകളിലും മദ്റസയിലെ അഞ്ചാം തരം വരെയുള്ള പാഠപുസ്തകത്തിലും മത്രമായി കേരളമുസ്ലിമിന്റെ ഏറ്റവും വലിയ സാംസ്കാരിക ശേഷിപ്പിനെ പരിമിതപ്പെടുത്തി വെയ്ക്കാന്‍ നാം ശീലിച്ചിരിക്കുന്നു. അറിയാതെയായിരിക്കും അറബിമലയാളത്തിന്റെ സാന്നിധ്യം പുതിയ തലമുറ അറിഞ്ഞു തുടങ്ങിയിട്ടുണ്ടാകുക. അറിയാതെ തന്നെ അവരില്‍ നിന്നാ ബോധത്തെ അടര്‍ത്തിയെടുക്കാന്‍ അതു കൊണ്ട് തന്നെ അവരുടെ കാലത്തിനാകുന്നു. അറബിമലയാളം കേരളമുസ്ലിമിന്റെ വളര്‍ച്ചയില്‍ സാംസ്കാരികമായി ഒരു കാലത്തെ അടയാളപ്പെടുത്തുന്നു, ഒരു ചരിത്രത്തെയും. അവരുടെ വളര്‍ച്ചയുടെ സുവര്‍ണകാലഘട്ടം ഇതള്‍വിരിഞ്ഞത് ഈ ലിപിയിലൂടെയാണ്. ഒരു പക്ഷേ അറബിമലയാളം പ്രദാനം ചെയ്തതുപോലുള്ള ഉള്‍ക്കാമ്പുള്ള കൃതികളെയും അര്‍ഥഗര്‍ഭമായ ഒരൂ സംസ്കൃതിയെയും മുന്നോട്ട് വെയ്ക്കാന്‍ ഭാഷാപരമായും സാങ്കേതികമായും സംഘടനാപരമായുമെല്ലാം മുന്നിട്ടു നില്കുന്നുവെന്ന് അവകാശപ്പെടുന്ന ഇക്കാലത്ത് പോലും സാധ്യമായിട്ടില്ല. വരും കാലം അത്തരമൊരു പ്രതീക്ഷക്ക് തീരെ വക നല്‍കുന്നുമില്ല. മുസ്‌ലിംകളുടേതെന്ന പേരില്‍ ഇന്നും പൊതുമണ്ഡലം ചര്‍ച്ചചെയ്യുന്നത് ഖാദിമുഹമ്മദിനെയും ഫത്ഹുല്‍ മുബീനെയും കുറിച്ച് മാത്രമാകുന്നതിന്റെ സാംഗത്യം അതാണ്.  സമസ്തയും മദ്റസാപ്രസ്ഥാനവുമടക്കം കേരളീയപശ്ചാത്തലത്തിലെ വിഷയങ്ങളില്‍ അറിയപ്പെട്ട യൂനിവേഴ്സിറ്റി ഫാക്കല്‍റ്റികളില്‍ ഗവേഷണം നടത്തി സമര്‍ക്കിപ്പെട്ടിട്ടുപോലും അതിന്റെ അലയൊലികള്‍ നമ്മുടെ പരിസരത്ത് മാത്രമായി ഒതുങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. നാഗരികതയില്‍ നിന്ന് സംസ്കാരത്തെ വേര്‍തിരിക്കുന്നതെന്തോ, അതെ കുറിച്ച് മാത്രമേ വരും കാലം പഠിക്കൂ. പലപ്പോഴും നിലവിലെ കാലം പോലും. അറബിമലയാളത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മിലിപ്പോള്‍ അപകര്‍ഷതാബോധമാണ് സത്യത്തില് ജനിപ്പിക്കുന്നത്. നമ്മുടെ മാത്രമായ സാംസ്കാരിക പരിസരത്ത് നിന്നു പോലും ഈ ലിപിയെ നാം പടിയിറക്കാന്‍ വെമ്പുന്നതിന്റെ കാരണമിതാണ്. അറബിമലയാളത്തില്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഒന്നുകില്‍ ഇല്ലാതാകുകയോ അല്ലെങ്കില്‍ പൊതുസംസ്കാരത്തിനൊപ്പം നില്‍ക്കാനായി മലയാളത്തിലേക്ക് മാറുകയോ ചെയ്തതായി കാണാം. പുതുതായ തുടങ്ങിയ മദ്റസാപ്രസ്ഥാനങ്ങളൊക്കെ തന്നെ തങ്ങളുടെ പാഠപുസ്തകങ്ങള്‍ മലയാളത്തില്‍ അച്ചടിച്ചിറക്കാനുള്ള കാരണവും മറ്റൊന്നല്ല. എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ ചരിത്രത്തിലെ പ്രത്യേകഘട്ടത്തില്‍ ഇത്തരമൊരു ലിപി കണ്ടുപിടിച്ച് സക്രിയമായി ഇടപെട്ടതിനെ കുറിച്ചറിയുമ്പോള്‍ അന്യസംസ്ഥാനക്കാരായ നമ്മുടെ സഹോദരങ്ങള്‍ അത്ഭുതപ്പെടാറുണ്ട്; സ്പെയിനിലെ അല്‍ജാമിയാദോയെ കുറിച്ചറിയുമ്പോള്‍ നമ്മള്‍ ഇപ്പോഴും അത്ഭുതപ്പെടുന്ന പോലെ. അധിനിവേശാനന്തര സമൂഹത്തിലെല്ലാം സാംസ്കാരികമായി നടക്കുന്ന ഒരു വധമുണ്ട്. ഡീകോളനൈസേഷനെ കുറിച്ച് നടന്ന പഠനങ്ങള്‍ അത്തരം വധങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നിശബ്ദമായി നടക്കുന്ന ഈ വധത്തെ കുറിച്ച് അതിന്റെ വക്താക്കള് പോലും അറിയാറില്ല. പലപ്പോഴും വക്താക്കള്‍ തന്നെയാണ് സാംസ്കാരികമായ ഈ മൌനവധത്തിന് കാരണമാകാറ്. അറബിമലയാളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അറബിമലയാളത്തിന്റെ സാംസ്കാരികമായ തുടര്‍ച്ചകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നത് പോകട്ടെ, ലഭ്യമായ കൃതികളുടെ സൂക്ഷിപ്പ് പോലും നമുക്കിന്ന് സാധ്യമാകുന്നില്ല. അതൊരിക്കലും നമ്മുടെ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ അജണ്ടയില്‍ വന്നുകണ്ടതുമില്ല. ഇന്റര്നെറ്റടക്കമുള്ള ആധുനിക വിദ്യാസംഭരണികളിലും ഈ വംശം അന്യമായി തന്നെ തുടരുകയാണെന്ന് തോന്നുന്നു. അറബി മലയാളത്തോടുള്ള ആവേശം കാരണം ലഭ്യമായ കൃതികളെല്ലാം കാശ് കൊടുത്ത് വാങ്ങി സൂക്ഷിക്കുന്ന ഒരാളെ കുറച്ച് മുമ്പ് പരിചയപ്പെട്ടിരുന്നു. അത്തരം വ്യക്തികളുടെ ശ്രമങ്ങള്‍ക്ക് ആയുസ്സുണ്ട്. ആ ആയുസ്സിനപ്പുറത്തേക്കും കൃതികളെ സംരക്ഷിക്കാനായില്ലെങ്കില്‍ നഷ്ടം നമ്മുടേതാണ്, നമുക്ക് തുടര്‍ന്നുവരാനുള്ള തലമുറകളുടേതും. അറബിമലയാളത്തെ വെറും ലിപിയായി സമീപിക്കുന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. ഭാഷയും ലിപിയുമെല്ലാം സാംസ്കാരത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണിലെ വിളയൂവെന്ന് സൌകര്യപൂര്‍വം നാം വിസ്മരിക്കുന്നു. സാംസ്കാരികമായ അതിന്റെ സമൃദ്ധി മനസ്സിലാക്കാത്തിടത്തോളം പിന്നെ മദ്റസാ പാഠപുസ്തകങ്ങളില്‍ പ്രസ്തുത ലിപി ഉപയോഗിക്കുന്നതില് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. പലപ്പോഴും പലരും സൂചിപ്പിക്കുന്ന പോലെ അതൊരു മണ്ടത്തരമാണ് താനും. അറബിമലയാളത്തെ കുറിച്ചുള്ള ഈ കുറിപ്പ് ഒരു ആവേശത്തിന്റെ പുറത്താണെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ദൃശ്യങ്ങള്‍ ഭാഷയുടെ അക്ഷരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ആ ചിന്ത ശരിയുമായിരിക്കാം. അപ്പോള്‍ പോലും പുതിയ കാലത്തിനനുസരിച്ചുള്ള ഒരു തുടര്‍ച്ചക്ക് നമുക്കെന്ത് കൊണ്ട് ശ്രമിച്ചുകൂടാ. ആ സംസ്കൃതിയുടെ ദീപം കൊളുത്തി പുതിയ കാലത്തെ എന്ത് കൊണ്ട് പ്രകാശമാനമാക്കിക്കൂടാ. അറബിമലയാളത്തിന്റെ പഴയകാലം ഓര്‍‍മിച്ച് ഭൂതരതി നടത്തുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. വര്‍ത്തമാനത്തില്‍ തുടര്‍ച്ചയുള്ളതിന് മാത്രമെ ഭൂതമുണ്ടായിരുന്നുവെന്ന് പറയാനൊക്കൂ. അങ്ങനെയാണെങ്കില്‍ മാത്രമെ ഭാവിയെ കുറിച്ച് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാനുമാകൂ. അതുകൊണ്ട് ഓര്‍മിപ്പിക്കുകയാണ്, ഇവിടെ അറബിമലയാളവും ഉണ്ടായിരുന്നു. മന്‍ഹര്‍. യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter