അമേരിക്ക കാണാത്ത ഗസ്സ സംഘര്‍ഷത്തിന്‍റെ മറുവശം
അമേരിക്കന്‍ ദിനപത്രമായ സ്റ്റാര്‍ ട്രിബൂണില്‍ ഗസ്സയുടെ ദുരിതത്തിന് ഹമാസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന് ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ പ്രാദേശിക സാമൂഹിക കൂട്ടായ്മയായ 'മിന്നസോട്ട ബ്രേക്ക് ദ ബോണ്ട് ക്യാമ്പയി'ന്‍റെ സഹകാര്യദര്‍ശിയായ സില്‍വിയ ഷ്വാര്‍സ് എഴുതിയ മറുകുറിപ്പ്
ഹോളോകോസ്റ്റ് അതിജീവിച്ച ജൂത ദമ്പതികളുടെ മകളാണ് ഞാന്‍. ജൂതരെല്ലാം ഏകസ്വരത്തിലല്ല സംസാരിക്കുന്നതെന്ന് ഊന്നിപ്പറയാനാണ് ഞാനിത് കുറിക്കുന്നത്. സയണിസത്തെക്കുറിച്ചും (ജൂദായിസമെന്നല്ല ഞാന്‍ പരാമര്‍ശിച്ചത്) ഇസ്രായേലിന്‍റെയും ഫലസ്തീന്‍റെയും ചരിത്രത്തെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ഗണ്യമായ സമയം തന്നെ ചിലവഴിച്ചിട്ടുണ്ട്. വര്‍ത്തമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ഗൌരവതരമാണ് ഈ ചരിത്രം.
ജൂതന്മാര്‍ക്ക് ഒരു നാട് എന്ന ആശയം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ തത്വചിന്തയാണ് സയണിസം. 1800കളുടെ അന്ത്യത്തില്‍ തിയഡോര്‍ ഹെര്‍സല്‍ തുടങ്ങിവെച്ച ഈ രാഷ്ട്രീയ പ്രസ്ഥാനമാണ് 1948ല്‍ ഇസ്രായേലിന്‍റെ പിറവിയില്‍ കലാശിച്ചത്. പൊതു ധാരണക്കു വിരുദ്ധമായി, സഹസ്രാബ്ദങ്ങളോളം നീണ്ടു നിന്ന ഒരു പോരാട്ടമൊന്നുമല്ല അത്. ഉസ്മാനിയ്യാ ഫലസ്തീനില്‍ ജൂതരും മുസ്ലിംകളും കൃസ്ത്യാനികളും നൂറ്റാണ്ടുകളോളം പൂര്‍ണ്ണ സമാധാനത്തിലും രമ്യതയിലുമാണ് കഴിഞ്ഞു വന്നത്. യൂറോപ്പിലെ ജൂതവിരുദ്ധ കൂട്ടഹത്യകള്‍ അതിജീവിച്ചെത്തിയ ജൂതര്‍ സ്വദേശീയരെ പതിയെ പുറന്തള്ളാന്‍ തുടങ്ങി. ഫലസ്തീനികള്‍ നഖ്ബ(ദുരന്തം)യെന്നും ഇസ്രായേലികള്‍ സ്വാതന്ത്ര യുദ്ധമെന്നും വിശേഷിപ്പിക്കുന്ന സംഭവ വികാസത്തില്‍ 1948ല്‍ ഏഴര ലക്ഷം ഫലസ്തീനികളാണ് ജന്മദേശത്ത് നിന്ന് കുടിയിറക്കപ്പെട്ടത്. പതിനായിരങ്ങള്‍ ഗസ്സയിലേക്കും മറ്റുള്ളവര്‍ വെസ്റ്റ് ബാങ്കിലേക്കും സമീപ അറബ് രാഷ്ട്രങ്ങളിലേക്കും കുടിയേറി.
1967 മുതല്‍ ഇസ്രായേല്‍ സൈനിക അധിനിവേശം തുടരുന്ന പ്രദേശമാണ് ഗസ്സ. ഗസ്സയില്‍ നിന്നും തങ്ങളുടെ സൈന്യത്തെയും പൌരന്മാരെയും പിന്‍വലിച്ച് ഗസ്സ അധിനിവിഷ്ട പ്രദേശമല്ലെന്ന് ഇസ്രായേല്‍ വാദിക്കുന്നു. എന്നാല്‍ സക്രിയമായ താല്‍ക്കാലിക നിയന്ത്രണം എന്നാണ് അധിനിവേശത്തിന്‍റെ ഔദ്യോഗിക ഭാഷ്യം. ഈയര്‍ത്ഥത്തില്‍ ഗസ്സക്കും അതിലെ ജനതതിക്കും മേല്‍ ഇപ്പോഴും പൂര്‍ണ്ണ നിയന്ത്രണം വെച്ച് പുലര്‍ത്തുന്നുണ്ട് ഇസ്രായേല്‍.
ഈജിപ്തിനും ഗസ്സക്കുമിടയിലുള്ളതല്ലാത്ത ഗസ്സ അതിര്‍ത്തി പ്രദേശങ്ങള്‍ മുഴുവന്‍ ഇസ്രായേല്‍ അധീനതയിലാണ്. ഗസ്സയുടെ കടലും ആകാശവും നിയന്ത്രിക്കുന്നതും ഇസ്രായേല്‍ തന്നെ.ഓസ്ലോ ഉടമ്പടി പ്രകാരം 20 നോട്ടിക്കല്‍ മൈല്‍ വരെ കടല്‍ സഞ്ചാരം നടത്താന്‍ അനുമതിയുണ്ടായിട്ടും മൂന്ന് നോട്ടിക്കല്‍ മൈലിനപ്പുറം പോകുന്ന ഗസ്സയിലെ മത്സ്യ ബന്ധകര്‍ക്കു നേരെ ഇസ്രായേല്‍ സേന വെടിയുതിര്‍ക്കുന്നു. അതിര്‍ത്തി വേലിപ്രദേശത്തുടനീളം തോക്കുധാരികളായ രഹസ്യ സേനയെ വിന്യസിച്ചിരിക്കുന്ന ഇസ്രായേല്‍ ഗസ്സയുടെ ഭൂപ്രദേശത്തിനും ഇസ്രായേല്‍ പണിത സംരക്ഷണ മതിലിനുമിടയില്‍ 300 മീറ്ററോളം ബഫര്‍ ഏരിയയായി ഒഴിച്ചിട്ടിരിക്കുന്നു. ഇവിടെ കൃഷിക്കൊരുമ്പെടുന്ന കര്‍ഷകരെ ഒളി സൈന്യം വെടിവെച്ചിടുന്നതു മൂലം കാലങ്ങളായി ഇവിടം തരിശിട്ടു കിടക്കുകയാണ്.
ഗസ്സയിലേക്കുള്ള എല്ലാ ചരക്കുകളും ഇസ്രായേല്‍ തടയുകയാണ്. 2007ല്‍ ഉപരോധമാരംഭിച്ചതു മുതല്‍ ഗസ്സയുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കും വിധം ഇവിടെ നിന്നുള്ള കയറ്റുമതിയും പൂര്‍ണ്ണമായും ഇസ്രായേല്‍ ഇടപെടലില്‍ നിലച്ചു പോയിരിക്കുന്നു. വര്‍ഷങ്ങളായി ഒരു മാനുഷിക ദുരന്തമായി അവശേഷിക്കുകയാണ് ഗസ്സ.
'ഗസ്സക്കു മേലുള്ള വലിയ ഭീഷണി ഹമാസിന്‍റെ വിദ്വേഷദര്‍ശനം' എന്ന തലവാചകത്തില്‍ ഈ മാസം 16ന് സ്റ്റാര്‍ ട്രൈബൂണില്‍ വന്ന ഒരു മുഖപ്രസംഗം ഇസ്രായേലീ ഭരണകൂടം അമേരിക്കന്‍ ജനത വിശ്വസിക്കാനിഷ്ടപ്പെടുന്ന അതേ രീതിയില്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന്‍റെ മുഴുവന്‍ പാപഭാരവും ഹമാസിന്‍റെ ചുമലില്‍ ചാര്‍ത്തി. ഒരു ഇസ്രായേലീ ഭരണകൂട പ്രചാരകനെപ്പോലും ലജ്ജിപ്പിക്കും വിധം ഇസ്രായേലീ താല്‍പര്യങ്ങളെ താലോലിക്കുന്നതായിരുന്നു അത്.
യാതൊരു തെളിവുകളുടെയും പിന്തുണയില്ലാതെ ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേല്‍ വാദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെളിച്ചത്തു കൊണ്ടു വരുന്നതോ ഫലസ്തീനിയന്‍ സിവിലിയന്‍മാരെ കവചമായി ഉപയോഗിക്കുന്ന ഇസ്രായേലിന്‍റെ നെറികേടുകളും.
ഇപ്പോഴത്തെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരില്‍ 80 ശതമാനവും പിഞ്ചു കുഞ്ഞുങ്ങളടങ്ങുന്ന നിരപരാധികളാണ്. ഐക്യരാഷ്ട്ര സഭയും മറ്റ് മനുഷ്യാവകാശ സംഘടനകളും ഇസ്രായേലിനു മേല്‍ നിരന്തരം യുദ്ധക്കുറ്റം ചുമത്തുന്നു.
സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. ഞാന്‍ ചോദിക്കട്ടെ, ഫലസ്തീനികള്‍ക്കും തങ്ങളെ പ്രതിരോധിക്കാനുള്ള ഇതേ അവകാശമില്ലേ?
സിവിലിയന്മാരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ബാധ്യതപ്പെട്ട രാജ്യമാണ് ഇസ്രായേല്‍. ആതുരാലയങ്ങളെയും ആരാധനാലയങ്ങളെയും കടന്നാക്രമിക്കല്‍ ജനീവ കണ്‍വെന്‍ഷന്‍റെ കടുത്ത ലംഘനമായിട്ടും ഇസ്രായേല്‍ ആക്രമണത്തില്‍ ഇവ നിരന്തരം തകര്‍ത്തെറിയപ്പെടുന്നു.
ഫലസ്തീനികളെ വംശീയമായി തുടച്ചു നീക്കി അവിടെ ജൂത പാര്‍പ്പിട കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സയണിസ്റ്റ് ഗൂഢ തന്ത്രത്തിന്‍റെ ഭാഗമാണ് ഗസ്സിയില്‍ അവിരാമം തുടരുന്ന അതിക്രമങ്ങള്‍. ഈ ദൃശ്യത്തില്‍, എല്ലാ ഫലസ്തീനികളും ഇസ്രായേലിന്‍റെ ശത്രുക്കളും കുഞ്ഞുങ്ങളുള്‍പ്പെടെ എല്ലാവരും അവരുടെ നിയമാനുസാരമുള്ള ഇരകളുമാണ്.
ഈ പോരാട്ടത്തില്‍ ഭൂരിഭാഗം അമേരിക്കക്കാരും അക്രമിക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നത് ഒരു ദുരന്തമാണ്, അതൊരു അദ്ഭുതമല്ലെങ്കിലും. കാരണം അവര്‍ ഈ കഥയുടെ ഒരു വശം മാത്രമേ കേള്‍ക്കുന്നുള്ളൂ എന്നത് തന്നെ. ഈയടുത്ത കാലത്തു മാത്രമാണ് അവരിലേക്കെത്തുന്നതില്‍ വിജയം കാണാന്‍ ഫലസ്തീനികള്‍ക്ക് കഴിഞ്ഞത്.
യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സംഘടന ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കുന്നതു വരെ അവരെ ബഹിഷ്ക്കരിക്കാനും കൈയ്യൊഴിയാനും ആഹ്വാനം ചെയ്തതിനു ശേഷം ലോകജനത പൊതുവെയും വര്‍ദ്ധിത രീതിയില്‍ അമേരിക്കക്കാരും ഈ അഹിംസാ പ്രസ്ഥാനത്തിന് എങ്ങനെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും എന്നതിന് സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍, സര്‍വ്വകലാശാലകളും ചര്‍ച്ചുകളും മനുഷ്യാവകാശ ലംഘനത്തിലൂടെ ലാഭം കൊയ്യുന്ന കൊര്‍പറേറ്റുകളെ പൂര്‍ണ്ണമായും തിരസ്ക്കരിച്ചു കഴിഞ്ഞു. അക്കാദമിക, സാംസ്ക്കാരിക, ഉപഭോക്തൃ ബഹിഷ്ക്കരണങ്ങള്‍ വ്യാപിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ നടപടികള്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദമേറ്റും.
വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ



Leave A Comment