സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങളുടെ(1847-1912) നൂറാം ആണ്ട് ആഘോഷിക്കുകയാണ് മുസ്‌ലിം കേരളം. മരണമടഞ്ഞു പോയവരുടെ ആണ്ടുത്സവങ്ങളും അനുസ്‌മരണ സംഗമങ്ങളും അനാചാരമാണെന്ന് വിധിയെഴുതിയവര്‍, മക്തിതങ്ങളുടെ നൂറാം ആണ്ടിനെ സംസ്ഥാന സമ്മേളനം കൊണ്ടാണ് വരവേല്‍ക്കാന്‍ പോകുന്നത് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തിനുണ്ട്. 2012 ഡിസംബറില്‍ നടക്കുന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം തന്നെ -നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്- എന്നാണ്.സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് അവരുടെ മുഖപത്രത്തില്‍ വന്ന ലേഖനം തുടങ്ങുന്നത് തന്നെ ഇങ്ങനെ: മലബാറിലെ സലഫീ പ്രസ്ഥാനത്തിനുവേണ്ട മണ്ണൊരുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചത് വെളിയങ്കോട്ടുകാരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍(1847- 1912) ആണ് (നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്: ഇസ്വലാഹീ പ്രസ്ഥാനത്തിന്റെ രംഗപ്രവേശം. വിചിന്തനം വാരിക 2012 ഏപ്രില്‍ 6).
മുജാഹിദ് ചരിത്രകാരന്‍ എഴുതുന്നു: ഇസ്വലാഹീ മണ്ഡലത്തിലെ അറിയപ്പെടുന്ന ആദ്യത്തെ കേരളീയ പണ്ഡിതന്‍ 1847 ല്‍ വെളിയങ്കോട്ട് ഭൂജാതനായ സനാഉല്ലാ മക്തി തങ്ങളാണ്( ഇസ്വലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേ:21).
കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്നു മക്തി തങ്ങളെന്നു സ്ഥാപിക്കുകയും അദ്ദേഹത്തെ വെച്ച് നവോത്ഥാനത്തിന്റെ നൂറ്റാണ്ട് തികക്കുകയും ചെയ്യുന്നത് ചുരുങ്ങിയപക്ഷം ചരിത്രത്തില്‍ നടത്തുന്ന അട്ടിമറിയാണ്. വസ്‌തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും ധ്വംസിച്ചുകൊണ്ടേ അങ്ങനെയൊന്ന് സ്ഥാപിക്കാനൊക്കൂ. വാസ്‌തവ വിരുദ്ധമായ ഒരു അവകാശ വാദത്തെയും ചരിത്രം സമ്മതിച്ചു തരില്ല. ഒരു നൂറ്റാണ്ട് മുമ്പ് പരലോകം പൂകിയ മക്തി തങ്ങളുടെ കൃതികളും രചനകളും നമ്മുടെ മുന്നിലുണ്ട്. ഇസ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ആശയാദര്‍ശങ്ങളുടെയും വാദവിവാദങ്ങളുടെയും നാള്‍വഴികളും കേരളീയ മുസ്‌ലിം സമാജത്തിന്റെ മുന്നിലുണ്ട്‌്. അവക്കിടയിലെ താരതമ്യപഠനം വസ്‌തുതകളെ പുറത്തേക്കുകൊണ്ടുവരും. തൗഹീദ് ശിര്‍ക്ക്, സുന്നത്ത് ബിദ്‌അത്ത് എന്നിവയുടെ പേരു പറഞ്ഞു മതത്തില്‍ കലാപം സൃഷ്‌ടിച്ചുകൊണ്ടാണ് മറ്റിടങ്ങളിലേതു പോലെ ഇസ്‌ലാഹീ പ്രസ്ഥാനം ഇവിടെയും കത്തിപ്പിടിച്ചത്. അതിനവര്‍ മാതൃക സ്വീകരിച്ചത് മക്തി തങ്ങളില്‍ നിന്നായിരുന്നില്ല. വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവി(1873-1932)യില്‍ നിന്നായിരുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രബോധകന്‍ അദ്ദേഹമായിരുന്നു. പ്രവാചകനോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ മക്തി തങ്ങളുടെ വിമര്‍ശനത്തിനു പാത്രമായ വ്യക്തിയാണ് വക്കം മൗലവി. കാബൂള്‍ അമീറിനെ കുറിച്ച് തിരുമനസ്സ് എന്ന് എഴുതിയ വക്കം മൗലവിയുടെ സ്വദേശാഭിമാനിയും മുസ്‌ലിം പത്രവും തിരു നബി(സ)യെ അദ്ദേഹം എന്നും മുഹമ്മദ് നബി അവര്‍കള്‍ എന്നും ആദരവ് കുറച്ചെഴുതിയതിനെ പറഞ്ഞാല്‍ ജനവിരോധം പറയാതിരുന്നാല്‍ മതവിരോധം- എന്ന ലഘുലേഖയില്‍ മക്തിതങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്( മക്തി തങ്ങള്‍ സമ്പൂര്‍ണ കൃതികള്‍474-475).
വക്കം മൗലവിയുടെ ആശയ സ്രോതസ്സ് മക്തി തങ്ങളോ മറ്റു കേരളീയ പണ്ഡിതന്മാരോ ആയിരുന്നില്ല. ഈജിപ്‌തില്‍ നിന്നും മൗലവി നേരിട്ട് ഇറക്കുമതി ചെയ്‌ത ആശയങ്ങളാണ് കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രബോധകനാകാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്. ഈജിപ്‌തിലെ മാസോണിസ്റ്റ് ചാരന്മാരായിരുന്ന ജമാലുദ്ദീന്‍ അഫ്‌ഗാനി(1838), മുഹമ്മദ് അബ്‌ദ(1849-1905), റശീദ് റിള്വ(1865-1935) എന്നിവരുടെ രചനകളും പ്രസിദ്ധീകരണങ്ങളുമാണ് മൗലവിയെ മതനവീകരണ വാദത്തിലേക്ക് നയിച്ചത്. മുജാഹിദ് സോവനീര്‍ എഴതുന്നു: വക്കം മൗലവി മുസ്‌ലിംകളുടെ സാമൂഹിക മുന്നേറ്റത്തിനുള്ള മാതൃകയായി കണ്ടത് മുഹമ്മദ് അബ്‌ദയെയും റശീദ് റിള്വയെയുമായിരുന്നു(മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളനം, 08 ചങ്ങരംകുളം സോവനീര്‍. പേ: 43)
വക്കം മൗലവിയുടെ കൂട്ടുകാരനും ഐക്യ സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന കെ.എം സീതി സാഹിബ് എഴുതുന്നു: സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് റിള്വയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു മൗലവി സാഹിബ്. സയ്യിദ് ജമാലുദ്ദീന്‍ അഫ്‌ഗാനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്‌ദു, സയ്യിദ് റശീദ് റിള്വ മുതലായ സച്ചരിതരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബ് ആയിരുന്നു(മിശ്‌കാത്തുല്‍ ഹുദാ മാസിക 1959 സപ്‌തംബര്‍, അല്‍ മനാര്‍ 1995 ജൂണ്‍).
മക്തി തങ്ങളില്‍ നിന്നല്ല, വക്കം മൗലവിയില്‍ നിന്നാണ് കേരളത്തിലെ മതനവീകരണ ചിന്തയുടെ തുടക്കമെന്നും ഈജിപ്‌താണ് അതിന്റെ ആശയ സ്രോതസെന്നും വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുകയാണീ ഉദ്ധരണികള്‍. 1898 മാര്‍ച്ച് മുതല്‍ റശീദ് രിള്വയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അല്‍ മനാര്‍ വക്കം മൗലവിയെ സ്വാധീനിച്ചത് എന്നാണെന്നോ അദ്ദേഹം അതിന്റെ വായനക്കാരനായി മാറിയത് എപ്പോഴാണന്നോ വ്യക്തമല്ല. പക്ഷേ, അല്‍മനാറിയന്‍ ചിന്തകള്‍ കേരളത്തില്‍ സംഘടിത ഭാവം സ്വീകരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്. 1922 ല്‍ കൊടുങ്ങല്ലൂരിലെ ഏറിയാട്ടുവെച്ച് ഐക്യസംഘമെന്ന പേരില്‍ സംഘടനയുണ്ടാക്കിയാണല്ലോ അതിന്റെ തുടക്കം. അതിനുമുമ്പ് മതനവീകരണ ചിന്തയുടെ പരസ്യപ്രകടനം കേരളത്തില്‍ ഉണ്ടായിട്ടില്ല. അത്‌കൊണ്ടു തന്നെ നവോത്ഥാനത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കാന്‍ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് ചുരുങ്ങിയത് ഒരു പതിറ്റാണ്ടെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരും. അതിനു മുമ്പേ നടത്തുന്ന ഒരു അവകാശ വാദവും ചരിത്രം അംഗീകരിച്ചു തരില്ല.
മക്തി തങ്ങള്‍ അടയാളപ്പെടുത്തിയത്
മത യാഥാസ്ഥിതികനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മക്തി തങ്ങള്‍. അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെ പില്‍ക്കാലത്ത് ഉടലെടുത്ത മതനവീകണവാദവുമായി കൂട്ടിക്കുഴക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. മത നവീകണവാദവും സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ശബ്‌ദവും രണ്ടാണ്. അതിനെ പരസ്‌പരം കൂട്ടികലര്‍ത്തി പുകമറ സൃഷ്‌ടിക്കുകയാണ് പുരോഗമന നാട്യക്കാര്‍. മതനവീകരണ വാദം മതവിരുദ്ധതയുടെ ഉല്‍പന്നവും സാമൂഹ്യ പരിഷ്‌കരണവാദം ഉമ്മത്തിന്റെ ഉത്ഥാനത്തിനു വേണ്ടിയുള്ള പരിശ്രമവുമാണ്. ആദ്യത്തേതിനെ ബിദ്‌അ എന്നും രണ്ടാമത്തേത് തജ്‌ദീദ് എന്നുമാണ് മതം പരിചയപ്പെടുത്തിയത്. രണ്ടും സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റ് വിതക്കുമെങ്കിലും മതത്തിന്റെ അടിത്തറയിളക്കുന്നതായതുകൊണ്ട് ബിദ്‌അയെ ഇസ്‌ലാം നിരാകരിക്കുകയും സമൂഹത്തിന്റെ പുരോയാനത്തിനു ശക്തി പകരുന്നതുകൊണ്ട് തജ്‌ദീദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മത യാഥാസ്ഥിതികരുടെ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമമാണ് തജ്‌ദീദ്. മത പ്രമാണങ്ങളില്‍ കലാപം സൃഷ്‌ടിക്കുന്നതിനു പകരം സാമൂഹികാന്തരീക്ഷത്തോടാണ് അവര്‍ പോരാടുന്നത്. ആ പോരാട്ടങ്ങളുടെ പേരിലുണ്ടാകുന്ന വിമര്‍ശനങ്ങളും എതിര്‍പ്പുകളും സാമൂഹിക മനസ്ഥിതിയുടേതാണ്. മതത്തിന്റേതല്ല. കേരളീയ പശ്ചാത്തലത്തില്‍ സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങളും മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദാജി(1883-1919)യുമെല്ലാം നേരിട്ട എതിര്‍പ്പുകള്‍ വിലയിരുത്തപ്പെടേണ്ടത് അങ്ങനെയാണ്.
മക്തി തങ്ങള്‍ ഒരിക്കലും കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ആദര്‍ശ പാരമ്പര്യത്തോടും വിശ്വാസദര്‍ശനങ്ങളോടും കലഹിക്കാനിറങ്ങിയിട്ടില്ല. യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ആശയ അടിത്തടയിലും പാരമ്പര്യ പ്രമാണങ്ങളുടെ പരിശുദ്ധിയിലും ഉറച്ചു നിന്നുകൊണ്ടാണ് അദ്ദേഹം സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വാദിച്ചത്. മക്തി തങ്ങളെ ചരിത്രം അടയാളപ്പെടുത്തുന്നത് അദ്ദേഹം ഉയര്‍ത്തിയ മതനവീകരണവാദത്തിന്റെ പേരിലല്ല. സ്വന്തം സമുദായത്തെ ആധുനിക വിദ്യാഭ്യാസം നേടാന്‍ നിരന്തരം ഉപദേശിക്കുകയും അതിനുവേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്‌തു, ഭരണാധികാരികള്‍ക്കെതിരെ നിരന്തര കലാപത്തിനിറങ്ങിയ മാപ്പിളമാരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു ഭരണകൂടങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുത്ത് സ്വന്തം ഭാവി ഭാസുരമാക്കാന്‍ പ്രേരിപ്പിച്ചു, ഇസ്‌ലാമിന്റെ അകത്തു കയറി കളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ക്രസ്‌ത്യന്‍ മിഷണറിമാരെ പിടിച്ചുകെട്ടി... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വ്യതിരക്തത അടയാളപ്പെടുത്തുന്ന ഇടങ്ങള്‍.
മക്തി തങ്ങളുടെ പിന്തുടര്‍ച്ചയും മാതൃകയുമാണ് ഇസ്‌ലാഹീ പ്രസ്ഥാനം സ്വീകരിച്ചിരുന്നെങ്കില്‍, മതത്തിനകത്ത് കലാപം സൃഷ്‌ടിക്കാതെ സാമൂഹ്യ വിഷയങ്ങളിലവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. അത് ചെയ്യേണ്ടതിനു പകരം ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കൂറ്റന്‍ കരിമ്പട്ടിക വരച്ചു സമുദായത്തെ മുഴുവന്‍ മതത്തില്‍ നിന്നും ആട്ടിയിറക്കുകയായിന്നു അവര്‍. അങ്ങനെ ആട്ടിയിറക്കപ്പെട്ടവരുടെ കൂട്ടത്തിലാണ് മക്തി തങ്ങളടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെല്ലാം. മുഹമ്മദ് നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നവനും പ്രഥമ സൃഷ്‌ടി മുഹമ്മദീയ ഒളിവ് ആണെന്ന് വിശ്വസിക്കുന്നവനും നബി കുടുംബം അനുഗ്രഹീതരാണെന്ന് കരുതുന്നവരും ഇസ്‌ലാഹീ വീക്ഷണ പ്രകാരം ഇസ്‌ലാമിനു പുറത്താണ്. അതേ സമയം ക്രിസ്‌ത്യന്‍ മിഷണിക്കെതിരെ പോരാട്ടത്തിറങ്ങുന്ന മക്തി തങ്ങള്‍ മുഹമ്മദ് നബി(സ)മധ്യവര്‍ത്തിയാക്കി വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബി(സ)യുടെ തിരുപ്പേരാശ്രയം കൊണ്ടു ആദം(അ) ചെയ്‌ത പിഴയെ പൊറുത്തു രക്ഷിച്ചതുപോലെ എന്റെ എല്ലാപാപങ്ങളേയും മുഹമ്മദ് എന്ന ആശ്വാസപ്രദന്റെ അനുചാര ഹേതുവായി ക്ഷമിക്കുകയും എന്നെ സദാദി വിജയനാക്കി രക്ഷിക്കുകയും ചെയ്യേണമേ(്രതിശ്ശിവപേരൂര്‍ ക്രിസ്‌തീയ വായടപ്പൂ. സമ്പൂര്‍ണ കൃതികള്‍, 182) എന്ന് പ്രാര്‍ഥിക്കുന്ന മക്തി തങ്ങള്‍ തിരു നബി(സ)യെ ഇടയാളനാക്കുകമാത്രമല്ല, ആദം(അ) പോലും മുഹമ്മദ് നബി(സ)യെ ഇടയാളനാക്കിയാണ് പ്രാര്‍ത്ഥിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇസ്‌ലാഹീ പ്രസ്ഥാനം മതഭ്രഷട് കല്‍പ്പിച്ച യാഥാസ്ഥിതിക ഇസ്‌ലാമിന്റെ കൂടെയാണിവിടെ മക്തി തങ്ങള്‍.
തണ്ടാന്‍കണ്‌ഠമാല എന്ന രചന തുടങ്ങുന്നതുതന്നെ -സത്യ സ്വരൂപമായവനേ, സര്‍വ്വാധാരങ്ങള്‍ക്കും ആധാരമായവനേ, നിന്റെ സമ്പൂര്‍ണ സഹായത്തെയും ജഗത് കാരണവും രക്ഷക്കു ഹേതുവുമായ മുഹമ്മദ് നബിയുടെ തിരുപാദാശ്രയത്തെയും ആധാരമാക്കി ധൈര്യപ്പെടുന്നതായ ഈ ശ്രമത്തില്‍ കടാക്ഷിക്കേണമേ (സമ്പൂര്‍ കൃതികള്‍, 276) എന്ന പാര്യമ്പര്യ ഇസ്‌ലാമിന്റെ തവസ്സുല്‍ അടങ്ങുന്ന പ്രാര്‍ത്ഥനയോടെയാണ്. മുഹമ്മദ് നബി(സ) ജഗത് കാരണവും രക്ഷക്കു ഹേതുവുമാണെന്ന യഥാസ്ഥിതിക വിശ്വാസത്തെയും അദ്ദേഹം ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
നബി കുടുംബത്തിലെ അംഗമാണെന്നതില്‍ അഭിമാനിക്കുന്ന മക്തി തങ്ങള്‍, ഹജറുല്‍ അസ്‌വദിനെ മുസ്‌ലിംകള്‍ ചുംബിക്കുന്നതിനെ മുഹമ്മദ് നബി സന്താനമായ തങ്ങന്മാരുടെ കൈ പിടിച്ചു മൊത്തുന്നതിനോടാണ് ഉപമിക്കുന്നത്(തണ്ടാന്‍ കണ്‌ഠമാല. സമ്പൂര്‍ കൃതികള്‍, 296). മതത്തിനും സമുദായത്തിനും നേതൃത്വം നല്‍കേണ്ടത് പ്രവാചക കുടുംബത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരാണെന്ന് മറ്റൊരിടത്ത് അദ്ദേഹം പറയുന്നുണ്ട്: മതത്തേയും മതകര്‍ത്താവേയും മതക്കാരായ ജനങ്ങളേയും രക്ഷിക്കേണ്ടവര്‍ കര്‍ത്താവിന്റെ സന്താനങ്ങളായ തങ്ങന്മാര്‍ (കോയമാര്‍) ആകുന്നു (ഖുര്‍ആന്‍ വേദവിലാപം. സമ്പൂര്‍ണ കൃതികള്‍, 565). പാരമ്പര്യ മുസ്‌ലിം സമൂഹം അഹ്‌ലുല്‍ ബൈത്തിനു നല്‍കുന്ന സ്ഥാനമാനങ്ങളെ സവര്‍ണമേധാവിത്വമെന്ന് പരിഹസിച്ചു രംഗത്തുവരികയും അത് ശീഇകളുടെ അന്ധവിശ്വാസത്തെ സുന്നികള്‍ മാലയിട്ടു സ്വീകരിച്ചതാണെന്ന് ആരോപിക്കുകയും ചെയ്‌തുകൊണ്ടാണ് ഇസ്‌ലാഹീ പ്രസ്ഥാനം രംഗത്ത് വന്നത്(ഓര്‍മയുടെ തീരത്ത് കെ. ഉമര്‍ മൗലവി പേ.5,6). അവര്‍ എങ്ങനെയാണ് മക്തിതങ്ങളുടെ പിന്മുറക്കാരും പിന്തുടര്‍ച്ചക്കാരുമാകുന്നതെന്ന് അദ്ദേഹത്തെ ഇസ്‌ലാഹീ പ്രസ്ഥാന നായകനാക്കി ചിത്രീകരിക്കുന്നവര്‍ വിശദീകരിക്കേണ്ടതുണ്ട്.
മതത്തിന്റെ അടിത്തറയായി നിലകൊണ്ടിരുന്ന അദബും ആദരവും തകര്‍ത്തുകൊണ്ടാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ രംഗപ്രവേശം. വിശുദ്ധ ഖുര്‍ആന്‍ തെളിവുകളന്വേഷിക്കാനുള്ള വെറുമൊരു ടെക്‌സ്റ്റ് ബുക്കും മുഹമ്മദ്(സ) അതെത്തിച്ചു തന്ന വെറുമൊരു ഇടനിലക്കാരനുമാണവര്‍ക്ക്. പ്രവാചകന്റെ മാതാപിതാക്കള്‍ പോലും അവരുടെ വീക്ഷണത്തില്‍ കാഫിറുകളും നരകാവകാശികളുമാണ്. ഇസ്‌ലാഹികള്‍ക്കു മുമ്പ് ക്രിസ്‌ത്യന്‍ മിഷണറിയായിരുന്നു ഈ ആരോപണം ഉന്നയിച്ചിരുന്നത്. അന്നവര്‍ക്കെതിരെ തൂലിക പടവാളാക്കി പോരാടിയ വ്യക്തിയാണ് മക്തി തങ്ങള്‍. പ്രവാചക പിതാവിനെ കാഫിറെന്നും നരകാധീനനെന്നും വിമര്‍ശിച്ച മിഷണറിയെ പ്രതിരോധിച്ചുകൊണ്ട് അവിശ്വാസ കുറ്റം ആ മഹാനില്‍ ഇല്ലെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം(ഘുലേഖകള്‍, സമ്പൂര്‍ണ കൃതികള്‍ -469).
വിശുദ്ധ ഖുര്‍ആനിന്റെ പ്രതി അശുദ്ധിയുള്ളവര്‍ സ്‌പര്‍ശിക്കാന്‍ പാടില്ലെന്ന യാഥാസ്ഥിതിക മത വീക്ഷണമാണ് മക്തി തങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നത്. കേടതിയില്‍ ജനങ്ങളെ സത്യം ചെയ്യിക്കാന്‍ രാമായണം, ബൈബിള്‍ എന്നിവയോടൊപ്പം ഖുര്‍ആനും അനുവദിച്ചപ്പോള്‍ അദ്ദേഹം അതിനെതിരെ ശക്തമായി ശബ്‌ദിച്ചു. അദ്ദേഹം എഴുതി: ഖുര്‍ആന്‍ എന്ന വേദാധാരം പരിശുദ്ധമാകുന്നു. വിശ്വാസികള്‍ താനും ശുദ്ധരാകാതെ സ്‌പര്‍ശിക്കരുത്. സര്‍വകര്‍ത്താവിനൊത്തവനുണ്ടെന്നുള്ള വിശ്വാസി അശുദ്ധനാകുന്നു. അശുദ്ധനാണെന്ന് അറിയപ്പെട്ടവനില്‍ വിശുദ്ധ ആധാരത്തെ മന:പൂര്‍വ്വം കൊടുക്കുന്നവന്‍ വേദഭ്രഷ്‌ടനാകുന്നു എന്നും ഖുര്‍ആന്‍ വിധിക്കുന്നു. പണ്ഡിത വിധികള്‍ ഇരിക്കുന്നു(ഖുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികള്‍ -560). ഖുര്‍ആനിന്റെ ഗ്രന്ഥ രൂപമായ മുസ്‌ഹഫ് സ്‌പര്‍ശിക്കുന്നയിടത്തുപോലും ആദരവും അംഗശുദ്ധിയും അനിവാര്യമാണെന്ന മക്തിതങ്ങളുടെ വീക്ഷണത്തെപോലും പിന്തിരിപ്പനെന്നു പരിഹസിക്കുന്നവരാണ് അദ്ദേഹത്തെ ഇസ്‌ലാഹീ മണ്ഡലത്തിലെ പ്രഥമ പണ്ഡിതനാക്കി അവതരിപ്പിക്കുന്നത്!
ജീവിതത്തെ വിശകലനം ചെയ്യുമ്പോള്‍
സയ്യിദ് കുടംബത്തിന്റെ ആത്മീയ ശക്തിയും സിദ്ധിയും മക്തിതങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും നിഴലിച്ചുകാണാം. ദൈവികതയുടെ മാനദണ്ഡം ശവത്തിനു ജീവനിടലാണെങ്കില്‍ എനിക്കും അതിനാകുമെന്നു മിഷണറിയെ വെല്ലുവിളിക്കാനും കുത്താറാത്തീബ് ക്രിമിനല്‍ കുറ്റമാക്കാന്‍ ശ്രമിച്ച പോലീസിനു മുമ്പില്‍ റാത്തീബ് നടത്തി സത്യം തെളിയിക്കാനും മക്തി തങ്ങള്‍ക്ക് ധൈര്യം നല്‍കിയത് ആ ശക്തിയാണ്. ഒരിക്കല്‍ കായംകുളത്തുവെച്ച് രിഫാഈ ത്വരീഖത്തിന്റെ ചില മുരീദുമാര്‍ കുത്താറാത്വീബ് നടത്തുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. അതിന്റെ പേരില്‍ പോലീസ് കേസെടുത്തു. അന്നേരം രിഫാഈ റാത്വീബില്‍ സാധാരണ വെട്ടുകയും കുത്തുകയും ചെയ്‌താല്‍ ഒരപകടവും സംഭവിക്കാറില്ലെന്നും അത് ഞങ്ങള്‍ വീണ്ടും തെളിയിക്കാന്‍ തയാറാണെന്നും കേസിലിടപെട്ട മക്തി തങ്ങള്‍ വാദിച്ചു. അങ്ങനെ പോലീസ് അധികാരികള്‍ക്ക് മുമ്പാകെ മക്തി തങ്ങളുടെ നേതൃത്വത്തില്‍ കുത്താറാത്വീബ് നടക്കുകയും വിഷയം ബോധ്യപ്പെട്ട പോലീസ് കേസെടുക്കാതെ മടങ്ങുകയും ചെയ്‌തു. ഈ സംഭവം 1966 ആഗസ്‌തിലെ അല്‍മുര്‍ഷിദില്‍ ഇസ്‌ലാഹീ പണ്ഡിതനായ ഇ.കെ. മൗലവി എഴുതിയിട്ടുണ്ട്.
ഒരിക്കല്‍ കായംകുളത്ത് 1885-ല്‍ പ്രോട്ടസ്റ്റന്റു സഭാ പണ്ഡിതനായ പ്രോണ്‍മേയര്‍ സായിപ്പുമായുണ്ടായ വാദപ്രതിവാദമധ്യേ, ക്രിസ്‌തുജനം കൊണ്ടുവരുന്ന ശവത്തെ ക്രിസ്‌തുവിനെപോലെ ജീവിപ്പിച്ചുയര്‍ത്താമെന്ന് സധൈര്യം അദ്ദേഹം ഏറ്റുപറഞ്ഞു. അത് പരസ്യപ്പെടുത്തി. നിശ്ചിത ദിവസം കോഴിക്കോട് മാനാഞ്ചിറ കുളത്തിന്റെ കിഴക്കുവശത്തുള്ള മൈതാനിയില്‍ നാനാജനങ്ങളും വന്നുചേര്‍ന്നു. അവസാനം ശവം കിട്ടാതെ വരികയായിരുന്നു. അതിനു കാരണമായ ശക്തി, സാധാരണ ശക്തിയാണോ അസാധാരണ ശക്തിയാണോ എന്നും ശവത്തോടു കൂടി വന്നിരുന്നെങ്കില്‍ ഈ ശക്തി ജീവിപ്പിക്കുമെന്നതില്‍ സന്ദേഹമുണ്ടോ എന്നും മക്തിതങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്(തണ്ടാന്‍ കണ്‌ഠമാല, സമ്പൂര്‍ണകൃതികള്‍ -313).
രാഷ്‌ട്രീയ നിലപാടും സ്‌ത്രീപക്ഷ ചിന്തകളും
മക്തി തങ്ങളുടെ മാതൃകയും പിന്തുടര്‍ച്ചയും അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. ഗവണ്‍മെന്റുമായി സഹകരിക്കണമെന്ന് സമുദായത്തെ ഉണര്‍ത്തുകയും അത് മത ഭക്തിയുടെ ഭാഗമാണെന്ന് സ്ഥാപിക്കുകയുമാണ് അദ്ദേഹം ചെയ്‌തത്. സമുദായത്തിന്റെ മുന്നേറ്റത്തിനു ഭരണകൂടങ്ങളോട് രാജിയാവുകയേ വഴിയുള്ളൂ എന്നും വികാര വിക്ഷുപ്‌തരായി കലാപത്തിനിറങ്ങുന്നത് നഷ്‌ടമേ വരുത്തിവെക്കൂ എന്നും തിരിച്ചറിഞ്ഞ മക്തി തങ്ങള്‍, സാമൂഹ്യ പരിഷ്‌കരണത്തിന്റെ അടിത്തറയായി അതിനെ കണ്ടു. ഭരണകൂട വിരുദ്ധ ലഹളകള്‍ മഹാപാപമല്ലാതെ പുണ്യമൊന്നുമല്ലെന്ന് നാടുനീളെ നടന്നു അദ്ദേഹം പ്രസംഗിച്ചു. 1896 ല്‍ മലബാറില്‍ മാപ്പിള ലഹള നടന്നപ്പോള്‍, ചങ്ങനാശ്ശേരിയിലുണ്ടായിരുന്ന തങ്ങള്‍ അതിനെതിരെ ജനങ്ങളെ ബോധവത്‌കരിക്കാന്‍ വേണ്ടിമാത്രം മലപ്പുറം മുതലായ പ്രദേശങ്ങളില്‍ പ്രസംഗിക്കാന്‍ വന്നിട്ടുണ്ട്.(രാജഭക്തിയും ദേശാഭിമാനവും, സമ്പൂര്‍ണകൃതികള്‍ -504).
ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കുറിച്ച് അദ്ദേഹം എഴുതി: അല്ലയോ സ്‌നേഹിതരേ! മുന്‍ കഴിഞ്ഞ രാജാക്കന്മാരുടെ നീതികളും നിബന്ധനകളും പ്രജകള്‍ക്കുണ്ടായിരുന്ന സുഖവും ഇപ്പോള്‍ നിങ്ങള്‍ക്കുള്ള സുഖവും സന്തുഷ്‌ടിയും നിങ്ങള്‍ ഓര്‍ത്തു നോക്കുവീന്‍. ഈ ഗവണ്‍മെന്റിന്റെ വാഴ്‌ചയില്‍ നാനാജാതികളും നാനാതരങ്ങളും സമന്മാരായി ഹിതപ്രകാരം സുഖിക്കും പോലെ സുഖം അനുഭവിച്ച പ്രജകള്‍ ആരുണ്ട്?(കഠോരകുഠാരം, സമ്പൂര്‍ണ കൃതികള്‍ -30).
എന്നാല്‍, മക്തിതങ്ങളുടെ പിന്‍മുറക്കാരായി വേഷംകെട്ടിയവര്‍ അദ്ദേഹത്തിന്റെ ഈ വീക്ഷണം വലിച്ചെറിയുകയായിരുന്നു. ഗവണ്‍മെന്റിനെതിരെയുണ്ടായ കലാപങ്ങളുടെ മുന്‍നിരയില്‍ നിന്നു വികാരങ്ങളുടെ തീപന്തമെറിഞ്ഞു ജനക്കുട്ടത്തെ ഇളക്കിവിടുകയായിരുന്നു അവര്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ തീ കുണ്ഡത്തിലേക്ക് ജനങ്ങളെ വലിച്ചിഴച്ച കെ.എം മൗലവിയുടെ ഒളിച്ചോട്ട കഥ പ്രസിദ്ധമാണല്ലോ. അന്ന് സാമുദായിക പുരോഗതിക്ക് അനിവാര്യമായ സമീപനമായിരുന്നു മക്തി തങ്ങള്‍ സ്വീകരിച്ചിരുന്നെതെന്നും വികാരത്തോടൊപ്പം ഒലിച്ചുപോകുന്നതിനു പകരം, വിവേകത്തിന്റെ പക്ഷത്തു നിന്നു മാപ്പിളമാര്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ പുരോഗതിയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നും ഒരു നൂറ്റാണ്ടിപ്പുറത്തിരുന്നു ചിന്തിക്കുമ്പോള്‍ മനസ്സിലാകും. അക്കാലത്ത് സായിപ്പിനു പാദസേവചെയ്‌ത സമുദായങ്ങള്‍ പിന്നീട് അധികാരത്തിന്റെ അമരത്തിരുന്നു എല്ലാം നിയന്ത്രിച്ചപ്പോള്‍, മുമ്പ് നിസ്സഹകരിച്ച മാപ്പിള മക്കള്‍ക്ക് നിസ്സംഗരായി നേക്കിനില്‍ക്കാനേ സാധിച്ചുള്ളൂ എന്നത് സമകാലിക അനുഭവം. അന്നു പറ്റിയ മണ്ടത്തരത്തെ അധിനിവേശ വിരുദ്ധ പോരാട്ടമെന്ന ഭംഗിവാക്ക് കൊണ്ട് മറച്ചുപിടിക്കാനാണിപ്പോള്‍ എല്ലാവരും ശ്രമിച്ചു വരുന്നത്.
മറ്റുപലതിലുമെന്നപോലെ ഇവിടെയും മക്തി തങ്ങളുടെ വീക്ഷണത്തെ പിന്തുണച്ചതും പിന്തുടര്‍ന്നതും യാഥാസ്ഥിതിക പക്ഷത്തു നിന്നിരുന്ന പെന്നാനി പണ്ഡിതന്മാരും പില്‍ക്കാലത്ത് പിറവിയെടുത്ത സമസ്‌ത കേരള ജംഇയത്തുല്‍ ഉലമയുമാണ്. മതനവീകരണവാദികളും തീവ്രചിന്താഗതിക്കാരും ഖിലാഫത്തിന്റെയും മറ്റും പേരുപറഞ്ഞു ജനങ്ങളെ സായുധ സമരത്തിനു പ്രേരിപ്പിച്ചപ്പോള്‍, അത് ആത്മഹത്യാപരവും ആത്യന്തിക നഷ്‌ടവും മാത്രമായിരിക്കുമെന്ന് ഉറക്കെ പറഞ്ഞത് സമസ്‌തയാണ്. ഭരണകൂടത്തോട് പരസ്യമായി ഏറ്റുമുട്ടേണ്ടതില്ലെന്ന ഈ നിലപാട് 1933 മാര്‍ച്ച് 5 നു ഫറോക്കില്‍ ചേര്‍ന്ന സമസ്‌തയുടെ ആറാം വാര്‍ഷിക സമ്മേളനം ഉറക്കെ പറഞ്ഞപ്പോള്‍, അതിനെ ബ്രിട്ടീഷ് പാദസേവയെന്നാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പിന്നീട് പരിഹസിച്ചത്. ഇന്നും ആ പരിഹാസം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരേ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ച രണ്ടു കക്ഷികളില്‍ ഒരാളുടേത് നവോത്ഥാന പ്രവര്‍ത്തനവും മറ്റുള്ളവരുടേത് പിന്തിരിപ്പനുമാകുന്നതെങ്ങനെ എന്ന് അവര്‍ വിശദീകരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് അനുകൂല നിലപാടില്‍ തീവ്രത പുലര്‍ത്തിയ മക്തിതങ്ങള്‍ നവോത്ഥാന നായകനാകുമ്പോള്‍, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ നിലവിലെ അവസ്ഥയില്‍ അപകടമേ ചെയ്യൂ എന്നു പക്വമായി പറഞ്ഞ സമസ്‌തക്കാര്‍ പിന്തിരിപ്പന്മാരുമാകുന്നതിന്റെ മാനദണ്ഡമാണ് മനസ്സിലാകാത്തത്.
കേരളത്തിലെ ആദ്യത്തെ മുസ്‌ലിം സ്‌ത്രീപക്ഷവാദിയായി മക്തിതങ്ങള്‍ ചിത്രീകരിക്കപ്പെടാറുണ്ട്. പ്രബോധനം എഴതുന്നു: മുസ്‌ലിം കേരളത്തിലെ ആദ്യത്തെ സ്‌ത്രീപക്ഷ എഴുത്തുകാരനും ചിന്തകനുമാണ് മക്തിതങ്ങള്‍. സ്‌ത്രീവിദ്യാഭ്യാസത്തെ അത്യധികം പ്രോത്സാഹിപ്പിച്ച മക്തി തങ്ങള്‍ മിശ്ര വിദ്യാഭ്യാസത്തെയും അനുകൂലിച്ചു. നാരി നരാഭിചാരി എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ സ്‌ത്രീ പക്ഷ രചനകള്‍ അധികവും വെളിച്ചം കണ്ടത്. ബഹുഭാര്യത്വം, സ്‌ത്രീ-പുരുഷ സമത്വം, സ്‌ത്രീ സ്വാതന്ത്രം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങിയ സ്‌ത്രീകളുമായ ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഈഗ്രന്ഥം ചര്‍ച്ച ചെയ്യുന്നുണ്ട് (പ്രബോധനം വാരിക 2012 ഏപ്രില്‍ 28).
സ്‌ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ചും മക്തി തങ്ങള്‍ ശബ്‌ദിച്ചിരുന്നു എന്നത് നേര്. എന്നാല്‍ അത് പ്രബോധനം അവതരിപ്പിക്കുന്നത് പോലെയുള്ള സ്‌ത്രീപക്ഷ വാദമായിരുന്നില്ല. ഇസ്‌ലാമിന്റെ പ്രാമാണിക പക്ഷത്തു നിന്നുകൊണ്ട് ബഹുഭാര്യത്വം, സ്‌ത്രീ-പുരുഷ സമത്വം, സ്‌ത്രീ സ്വാതന്ത്രം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങിയ സ്‌ത്രീകളുമായ ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം സ്‌ത്രീ പക്ഷവാദികള്‍ വെച്ചുപുലര്‍ത്തുന്ന നിലപാടുകളെ ഖണ്ഡിക്കുകയാണ് നാരി നരാഭിചാരി(സ്‌ത്രീ പുരുഷനു പിന്നാലെ നടക്കേണ്ടവളാകുന്നു) എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. അക്കാരണത്താല്‍ മക്തിതങ്ങള്‍ സമ്പൂര്‍ണ കൃതികളുടെ അവതാരികയില്‍ ഗ്രന്ഥകര്‍ത്താവിനെ ഡോ.എം ഗംഗാധരന്‍ വിമര്‍ശിക്കുന്നുണ്ട്. മക്തിതങ്ങളുടേത് യഥാസ്ഥിതിക പുരുഷ ഖുര്‍ആന്‍ വായനയില്‍ അധിഷ്‌ഠിതമായ കാഴ്‌ചപ്പാടാണെന്നും നൂറ്റാണ്ടുകളിലൂടെ ഉലമാക്കളായ പുരുഷന്മാര്‍ നടത്തിവന്ന വായനയാണ് അദ്ദേഹം നടത്തിയതെന്നുമാണ് ഗംഗാധരന്റെ വിമര്‍ശം. (മക്തിതങ്ങള്‍ സമ്പൂര്‍ണ കൃതികള്‍ -17).
സ്‌ത്രീ-പുരുഷന്മാര്‍ സമന്മാരാകുന്നു, പുരുഷ ബുദ്ധിക്കും സ്‌ത്രീജന ബുദ്ധിക്കും വ്യത്യാസമൊന്നുമില്ല, സ്‌ത്രീ പുരുഷന്റെ സ്വാധീനതയിലും പുരുഷന്‍ സ്‌ത്രീയുടെ സ്വാധീനതയിലുമാകുന്നു, പുരുഷന്മാരെ അപേക്ഷിച്ച് വിദ്യാഭ്യാസം ആവശ്യമായിരിക്കുന്നത് സ്‌ത്രീകള്‍ക്കാകുന്നു, പുത്രന്മാര്‍ക്ക് മാര്‍ഗ ദര്‍ശി മാതാവാകുന്നു, ബഹുഭാര്യത്വ സ്വീകരണം പാപമാകുന്നു എന്നീ ഏഴുവാദങ്ങളെ അക്കമിട്ടു ഖണ്ഡിക്കുന്നതിനു മുമ്പ് തന്റെ കാഴ്‌ചപ്പാട് മക്തിതങ്ങള്‍ അവതരിപ്പിക്കുന്നത് ഇങ്ങനെ:
പരിഷ്‌കാര പ്രഭുവായ ഇസ്‌ലാം മതം കല്‍പ്പിക്കുന്നതാവിത്; നരീ നരാഭിചാരിയാകുന്നു. പ്രകൃതാ ഭാര്യാ ഭര്‍ത്താക്കന്മാരായിരിക്കുന്ന സ്‌ത്രീ-പുരുഷന്മാരില്‍, പുരുഷാവശ്യാര്‍ത്ഥം സൃഷ്‌ടിക്കപ്പെട്ടതും സ്വാധീനതക്കവകാശപ്പെട്ടും ഇരിക്കുന്ന സ്‌ത്രീജനം, ആവശ്യക്കാരനായി ഭര്‍ത്താവായിരിക്കുന്ന പുരുഷ രക്ഷക്ക് പാത്രമായും അധികാരത്തിന്നധീനമായുമിരിക്കണം. താന്‍ അന്യപുരുഷനേയും അന്യപുരുഷന്‍ തന്നെയും കാണാതെ ഭത്തൃഭക്തിയിലും ആശ്രയത്തിലും ജീവിക്കണം. ദൈവിക-ലൗകികമായ പഠനങ്ങളില്‍ അവസ്ഥാനുസരണം അമ്മയച്ഛന്മാരില്‍ നിന്നോ ഗുരുവില്‍ നിന്നോ പഠിക്കണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനവും പെണ്‍ഗുരുവും ആകുന്നത് നല്ലതാണ്. (നാരി നരാഭിചാരി, സമ്പൂര്‍ണകൃതികള്‍ -641).
വസ്‌തുത ഇതായിരിക്കേ, തങ്ങളുടെ നേതൃനിരയില്‍ മക്തി തങ്ങളെ ഉയര്‍ത്തിക്കാണിക്കാനുള്ള തിടുക്കത്തില്‍ അദ്ദേഹത്തെ വലിയ ഫെമിനിസ്റ്റായി ചിത്രീകരിക്കുകയും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചു വക്രീകരിക്കുകയുമാണ് പുരോഗമന നാട്യക്കാര്‍. വസ്‌തുതകളെ വെട്ടിമാറ്റി ചരിത്രത്തെ ഏച്ചുകൂട്ടി അതിന്മേല്‍ ആരു കയറിനിന്നാലും അതവിടെ മുഴച്ചുനില്‍ക്കും. പിന്നാലെ വരുന്ന ചരിത്ര വിദ്യാര്‍ത്ഥികളത് കണ്ടെത്തി വിചാരണ ചെയ്യും. അതാണ് കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലും ചാലിലകത്തിന്റെ ചരിത്രത്തിലുമൊക്കെ സംഭവിച്ചതും മക്തി തങ്ങളുടെ ജീവചരിത്രത്തിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
പി.എ. സ്വാദിഖ് ഫൈസി താനൂര്‍
Leave A Comment