മുത്വലാഖും കോടതിവിധിയും: പരിഹാരമെന്ത്?

ഏറെക്കാലമായി ഇന്ത്യയിലെ രാഷ്ട്രീയ,നിയമ,സാമൂഹിക ഇടനാഴികളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മുസ്‌ലിം വിവാഹമോചന രീതികളില്‍പ്പെട്ട മുത്വലാഖ് സംബന്ധിച്ച സുപ്രിംകോടതി വിധി വന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിനു പകരം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. മുസ്‌ലിം,ഹിന്ദു,സിഖ്,ക്രിസ്ത്യന്‍,ജൈന മതങ്ങളില്‍പെട്ട അഞ്ചു ജഡ്ജിമാരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി വായിച്ചെടുക്കുന്നതില്‍പോലും വ്യക്തതയില്ലായ്മയുണ്ട്.

മൂന്നു വ്യത്യസ്ത വിധികളാണ് പുറത്തുവന്നിരിക്കുന്നത്. ഭരണഘടനാവിരുദ്ധമെന്നു രണ്ടുപേര്‍. ഇസ്‌ലാമികവിരുദ്ധമെന്ന് ഒരാള്‍; വ്യക്തിനിയമത്തിന്റെ ഭാഗവും ഭരണഘടനാവിരുദ്ധവുമല്ലെന്നും എന്നാലും……. ആറുമാസത്തേയ്ക്ക് ഒഴിവാക്കണമെന്നും രണ്ടു പേര്‍. മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍!

സുപ്രിംകോടതി വിധി വന്നതോടെ അതിനെ പിന്താങ്ങി രാഷ്ട്രീയനേതൃത്വവും പ്രതിരോധിച്ചുകൊണ്ടു മതനേതൃത്വവും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയകളിലും മറ്റും മുത്വലാഖിനെ പ്രതിരോധിക്കാനിറങ്ങിയവര്‍ പൊതുവേ ചെയ്തതു വിവാഹബന്ധത്തില്‍ സംഭവിക്കുന്ന വിള്ളലുകളെ വിവാഹമോചനത്തിലെത്താതെ പരിഹരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച വിവിധഘട്ടങ്ങളെക്കുറിച്ച് ആവേശപൂര്‍വം സംസാരിക്കുകയോ ഇസ്‌ലാമിക വിവാഹമോചനമെന്നു പറഞ്ഞാല്‍ കേവലം ഒറ്റയടിക്കു മൊഴിചൊല്ലലല്ലെന്നു പറയുകയോ മാത്രമാണ്. 
അത്തരം ന്യായീകരണങ്ങള്‍ യഥാര്‍ഥപ്രശ്‌നത്തെ അഭിമുഖീകരിക്കുന്നില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും അതില്‍നിന്ന് ഒളിച്ചോടുകയും ചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിനു നിര്‍ദേശിക്കപ്പെട്ട വിവിധ നടപടികള്‍ സ്വീകരിക്കാതെയും ഭാവിയില്‍ അതിനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചും ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖും ചൊല്ലിയാല്‍ കര്‍മശാസ്ത്ര നിയമാനുസരണം അതിനു നിയമസാധുതയുണ്ടെന്ന വിഷയമാണല്ലോ സുപ്രിംകോടതി വിധിയുടെ അടിസ്ഥാന പ്രശ്‌നം. ആ വിഷയത്തെ പ്രത്യേകമായി അഭിസംബോധന ചെയ്യാതെ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇടപെടലുകളും കേവലം പുകമറ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ. 

ഇസ്‌ലാമിലെ ത്വലാഖ് സംവിധാനം കേവലം മൊഴിചൊല്ലലല്ല. മറിച്ച്, നേരത്തേ സൂചിപ്പിച്ച വിവിധഘട്ടങ്ങള്‍ കടന്നുപോകണമെന്നു നാം ആവേശപൂര്‍വം പറയുമ്പോള്‍ പ്രസക്തമാകുന്നതാണു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിന്യായം. ഈ ഘട്ടങ്ങളൊന്നും കടന്നുപോകാത്ത മുത്വലാഖ് ഇസ്‌ലാമിക വിരുദ്ധമല്ലേയെന്നാണു പ്രത്യക്ഷത്തില്‍ ന്യായമായിത്തോന്നാവുന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍. 

ഇതിനു കൃത്യമായി മറുപടി നല്‍കുന്നതില്‍, അല്ലെങ്കില്‍ ഇത്തരത്തിലുള്ള ത്വലാഖിന്റെ സാധുത നിയമസംവിധാനത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതില്‍ മുസ്‌ലിം പ്രതിനിധികള്‍ വിജയിച്ചിട്ടില്ലെന്നാണു സുപ്രിംകോടതിവിധിയും തുടര്‍ന്ന് അതിനെ സ്വാഗതം ചെയ്യുന്ന വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായ പ്രകടനങ്ങളും വ്യക്തമാക്കുന്നത്.

കര്‍മശാസ്ത്രപരമായി നൂറ്റാണ്ടുകളായി മുസ്‌ലിംസമൂഹം പിന്തുടര്‍ന്നുവരുന്ന നാലു സരണികളും (ശാഫിഈ, ഹനഫി, മാലികി, ഹന്‍ബലി) ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖും ചൊല്ലിയാല്‍ അതോടെ ആ വിവാഹബന്ധം അവസാനിക്കുകയും അവര്‍ തമ്മിലുള്ള ദാമ്പത്യബന്ധം നിഷിദ്ധമായിത്തീരുകയും ചെയ്യുന്നുവെന്നാണു സ്ഥിരീകരിക്കുന്നത്. ഇബ്‌നു തൈമിയ്യ പോലുള്ള ഒറ്റപ്പെട്ട ചിലര്‍ മാത്രമാണു മറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. 

ഇത്തരത്തില്‍ നിയമസാധുത കല്‍പിക്കപ്പെടുന്ന ഒരു കാര്യം ഇന്ത്യന്‍ സമൂഹത്തില്‍ എന്തുകൊണ്ട് ഇത്ര അപരിഷ്‌കൃതമായ നിയമരൂപമായി വിലയിരുത്തപ്പെടുന്നുവെന്നു ചിന്തിക്കേണ്ടത് ഇന്ത്യയിലെ മുസ്‌ലിംസമൂഹവും അവരുടെ മത,സാമൂഹിക നേതൃത്വവുമാണ്. അതു സംബന്ധിച്ച ചര്‍ച്ചയിലേക്കു വഴിതുറക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

ത്വലാഖിന്റെ സാംസ്‌കാരിക-നിയമ പരിസരം

ഏതൊരു നിയമസംവിധാനവും പ്രായോഗികതലത്തില്‍ സമ്പൂര്‍ണമാകുന്നത് അതിനെ വലയം ചെയ്യുന്ന സാംസ്‌കാരികവും ധാര്‍മികവുമായ അന്തരീക്ഷത്തില്‍ മാത്രമാണ്. വിവാഹമെന്ന സാമൂഹികസംവിധാനത്തെ ഇസ്‌ലാമിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കുകയും ഇസ്‌ലാമിലെ വിവാഹസങ്കല്‍പത്തിന്റെ സാകല്യതയില്‍ നിന്നു ത്വലാഖിനെ വായിക്കുകയും ചെയ്യണം. പറഞ്ഞുവരുന്നത്, ഇന്ത്യയിലെ മുസ്‌ലിംസമൂഹത്തിന്റെ ഇടയില്‍ കര്‍മശാസ്ത്രനിയമങ്ങളുടെ സാങ്കേതികത പിന്തുടരപ്പെടുമ്പോള്‍തന്നെ ഇസ്‌ലാമിന്റെ സാംസ്‌കാരികപരിസരത്തുനിന്ന് ഏറെ മാറിയാണു പലപ്പോഴും നടപ്പ് എന്നാണ്. 

ഇസ്‌ലാമിലെ വിവാഹസങ്കല്‍പവുമായി ബന്ധപ്പെട്ട നാലുകാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. മഹറില്‍ (പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന വിവാഹധനം) കേന്ദ്രീകൃതമാണ് എന്നതാണ് ഒരു പ്രധാനകാര്യം. ഇസ്‌ലാം പുനര്‍വിവാഹത്തെയും വിധവാവിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവാഹത്തെ തുടര്‍ന്നു തന്റെ ഇണയുടെ അടിസ്ഥാനപരമായ എല്ലാ ചെലവുകളും മക്കളുടെ ചെലവുകള്‍ പൂര്‍ണമായും വഹിക്കേണ്ടതു പുരുഷനാണ്. 

പുരുഷനും സ്ത്രീയുടെ രക്ഷാധികാരിയും ഉള്‍ക്കൊള്ളുന്ന ഉഭയകക്ഷി കരാറാണത്. ഈ നാലു കാര്യങ്ങളിലും സംസ്‌കാരവും നിയമവും ഇഴചേര്‍ന്നു നില്‍ക്കുന്നതോടൊപ്പം ആദ്യ രണ്ടുകാര്യങ്ങള്‍ ഇസ്‌ലാമിക വിവാഹസംസ്‌കാരത്തിന്റെ പരിസരം നിര്‍മിക്കുമ്പോള്‍ ശേഷമുള്ള രണ്ടു കാര്യങ്ങള്‍ വിവാഹത്തെ തുടര്‍ന്നുള്ള ബാധ്യതകളുടെ നിയമപരമായ സംവിധാനത്തിന് അടിത്തറ പാകുന്നു.

ഈ സാംസ്‌കാരിക നിയമ പരിസരങ്ങളെ പലപ്പോഴും അരികുവല്‍കരിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യയിലെ മുസ്‌ലിം വിവാഹങ്ങള്‍. വിവാഹം സ്ത്രീധന കേന്ദ്രീകൃതവും പുനര്‍വിവാഹവും വിധവാവിവാഹവും മോശം കാര്യങ്ങളുമായി കാണുന്ന ഇന്ത്യയില്‍ നിലനില്‍ക്കുന്ന വൈവാഹികസംസ്‌കാരം ഒരു ഭാഗത്തു പിന്തുടരുകയും മറുഭാഗത്ത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വിധികള്‍ അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ചേര്‍ച്ചക്കുറവാണു യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ത്വലാഖ് സംബന്ധിച്ച ചര്‍ച്ചയില്‍ സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കപ്പെടാത്തിടത്തോളം ത്വലാഖ് സംബന്ധിച്ചു പൊതുവെയും മുത്വലാഖ് സംബന്ധിച്ചു പ്രത്യേകിച്ചും പൊതുസമൂഹത്തെയും മുസ്‌ലിം സമൂഹത്തിലെ തന്നെ ലിബറല്‍ ചിന്താഗതിക്കാരെയും ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇസ്‌ലാമിക സംസ്‌കാരത്തില്‍ പുരുഷന് ഒട്ടനവധി ബാധ്യതകള്‍ വരുത്തിവയ്ക്കുന്ന സംവിധാനമാണു വിവാഹം. അതില്‍ ഏറ്റവും പ്രധാനമാണു മഹ്‌റ്. സ്ത്രീക്കു പുരുഷന്‍ നല്‍കുന്ന മഹ്‌റിന് ഇസ്‌ലാം ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തു പുരുഷന്മാരുടെ പരാതിയില്‍ മഹ്‌റിനു പരിധി നിശ്ചയിക്കാന്‍ ഉമര്‍ (റ) മുതിര്‍ന്നപ്പോള്‍ ഒരു സ്ത്രീ അതിനെ എതിര്‍ത്തതും അങ്ങനെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്നു പിന്തിരിഞ്ഞതും ചരിത്രത്തില്‍ സുവിദിതമാണല്ലോ. 

വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണു മഹ്‌റ്. അത് എത്രവേണമെന്നു വിവാഹത്തിനു മുമ്പായി അവള്‍ക്കു നിശ്ചയിക്കാം. പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സ്ത്രീകളുടെ ഉയര്‍ന്ന മഹ്‌റ് കാരണം പുരുഷന്മാരെ വിവാഹത്തിനു സഹായിക്കാനായി പ്രത്യേക സംവിധാനങ്ങള്‍ തന്നെയുണ്ട്. സ്വര്‍ണവും വീടും വാഹനവുമൊക്കെ മഹ്‌റായി സ്ത്രീ ആവശ്യപ്പെടാറുണ്ട്. തന്റെ ഇണയുമായി ശാരീരികബന്ധം പുലര്‍ത്തിയശേഷം അവളെ മൊഴിചൊല്ലുന്ന പക്ഷം മഹ്‌റ് നല്‍കിയ ഒന്നും തിരിച്ചുവാങ്ങാന്‍ പുരുഷന് അവകാശമില്ല; ബന്ധം പുലര്‍ത്തുന്നതിനു മുമ്പാണെങ്കില്‍ പകുതി മാത്രം തിരിച്ചുവാങ്ങാം. 

വൈവാഹികജീവിതം ആരംഭിക്കുന്നതോടെ സ്ത്രീയുടെ അടിസ്ഥാനപരമായ എല്ലാ ചെലവുകളും നടത്തേണ്ടതു പുരുഷനാണ്. മക്കളുടെ ചെലവുകളുടെ പൂര്‍ണ ഉത്തരവാദിയും ഭര്‍ത്താവു തന്നെ. വിവാഹത്തോടനുബന്ധിച്ചുള്ള വിവാഹസല്‍ക്കാരം നടത്തേണ്ടതും ഭര്‍ത്താവാണ്. ഇവ്വിധം ഭാരിച്ച സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്ന ചടങ്ങാണു പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹം. അതേസമയം ഒരു നയാപൈസയുടെ ചെലവുമില്ലാതെ സ്ത്രീക്കു വിവാഹജീവിതത്തിലേയ്ക്കു പ്രവേശിക്കാം. ഈയൊരു പശ്ചാത്തലത്തില്‍ നിന്നുവേണം പുരുഷനെ സംബന്ധിച്ചിടത്തോളം ഉദാരമായ ത്വലാഖ് സംവിധാനത്തെ കാണാന്‍. 

ഒരു സ്ത്രീയെ വിവാഹമോചനം നടത്തിയ പുരുഷനു മറ്റൊരു വിവാഹം കഴിക്കണമെങ്കിലും ഈ ചെലവുകളെല്ലാം വീണ്ടും നല്‍കേണ്ടിവരും. തിരിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇദ്ദ കാലാവധി കഴിഞ്ഞു മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുകയാണെങ്കിലും മഹ്‌റ് വീണ്ടും നല്‍കണം; ഇദ്ദ കാലയളവിലെ ചെലവും. എന്നാല്‍, സ്ത്രീക്കു വീണ്ടും മഹ്‌റ് ലഭിക്കുക വഴി സാമ്പത്തികമായി ലാഭകരമാണു പുനര്‍വിവാഹം. 
ഇസ്‌ലാമിക സംസ്‌കാരത്തില്‍ സ്ത്രീകളുടെ പുനര്‍വിവാഹം ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നതാണെന്ന കാര്യം ഇതിനോടു കൂട്ടിവായിക്കണം. ഇത്തരമൊരു സംവിധാനത്തില്‍ ഭാര്യയെ ത്വലാഖ് ചൊല്ലുന്നതിനു മുന്‍പു രണ്ടുപ്രാവശ്യം പുരുഷന്‍ ആലോചിക്കുമെന്നു തീര്‍ച്ച. അതായത്, മഹ്‌റ് സംവിധാനത്തിലൂടെ സ്വാഭാവികമായി നിയന്ത്രിക്കപ്പെടും ത്വലാഖ്. മാത്രമല്ല ഇത്തരമൊരു സാംസ്‌കാരികപരിസരത്തില്‍ ത്വലാഖ്‌കൊണ്ട് ഏറെ പ്രയാസപ്പെടുക പുരുഷനായിരിക്കും. വിവാഹം, ത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കളിയും തമാശയും പാടില്ലെന്നും തമാശയായിപ്പോലും അതിന്റെ പദങ്ങള്‍ ഉച്ചരിച്ചാല്‍ അതിനും നിയമസാധുതയുണ്ടാകുമെന്ന പ്രവാചകാധ്യാപനവും ഈ വിഷയത്തില്‍ പുലര്‍ത്തിയിരിക്കേണ്ട ഗൗരവത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. 

ഇന്ത്യന്‍ സാഹചര്യത്തില്‍ നേരത്തെപ്പറഞ്ഞ സാംസ്‌കാരികപരിസരം ഇല്ലെന്നു മാത്രമല്ല പലപ്പോഴും അതിന്റെ നേര്‍വിപരീതമാണു കാണാന്‍ സാധിക്കുന്നത്. മഹ്‌റിനെ അപ്രസക്തമാക്കി സ്ത്രീധനമെന്ന പുരുഷധനം ആ സ്ഥാനം കൈയടക്കിയിരിക്കുന്നു. വിവാഹച്ചെലവുകളുടെ നല്ലൊരു ശതമാനം പോലും സ്ത്രീ വഹിക്കേണ്ടി വരുന്നു. തന്റെ മഹ്‌റ് എത്രയെന്നു അറിയാനോ അതു ചോദിക്കാനോ മുസ്‌ലിംസ്ത്രീക്കു കഴിയുന്നില്ല. വിവാഹമോചിതയാവുന്ന സ്ത്രീയെ സമൂഹം രണ്ടാം കണ്ണോടെ കാണുകയും അവരുടെ പുനര്‍വിവാഹത്തെ അവഗണിക്കുകയും ചെയ്യുന്നു. വിവാഹമോചിതയായ സ്ത്രീക്കു പലപ്പോഴും മക്കളുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടിവരുന്നു. 

ഇത്തരം സ്ത്രീവിരുദ്ധമായ സാംസ്‌കാരിക അപചയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ത്വലാഖ് അതിന്റെ ഭാഷാര്‍ഥം സൂചിപ്പിക്കുന്നതുപോലെ സ്ത്രീക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതിനുപകരം അവളുടെ ജീവിതം കൂടുതല്‍ പരിതാപകരമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഉദാരമായ ത്വലാഖ് വ്യവസ്ഥകളെ പലരും ആശങ്കകളോടെ കാണുന്നതെന്നു പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടുതന്നെ ഈ സാമൂഹ്യസാഹചര്യത്തിനു മാറ്റംവരുത്താന്‍ മുസ്‌ലിം മത-രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങള്‍ മുന്നോട്ടുവരികയും അതിനുവേണ്ട നിയമ-സാംസ്‌കാരിക വലയങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈ എടുക്കുകയും വേണം.

സുപ്രീകോടതി വിധിയും ത്വലാഖിന്റെ നിയമസാധുതയും

അനാവശ്യവും ഏകപക്ഷീയവുമായ വിവാഹമോചനങ്ങളെ വെറുക്കപ്പെട്ടതും ഒഴിവാക്കെപ്പെടേണ്ടതുമായിട്ടാണ് ഇസ്ലാം കാണുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത ശുദ്ധി സമയത്ത് ന്യായമായ കാരണങ്ങള്‍ക്ക് വേണ്ടിയാവണം ത്വലാഖ്. അതു തന്നെ തിരിചെടുക്കാവുന്ന ഒറ്റ ത്വലാഖ് ആവുകയെന്നതും അതിനു മുമ്പ് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച പ്രശ്‌നപരിഹാരത്തിനുള്ള മറ്റു മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തിട്ടാവണം. ഇതാണ് ശരിയായ ഒരു വിശ്വാസി ധാര്‍മികമായി ത്വലാഖിനോട് പുലര്‍ത്തേണ്ട സമീപനം. അല്ലാത്ത എല്ലാ ത്വലാഖുകളും അഭികാമ്യമല്ലാതത്തതും ചിലപ്പോള്‍ നിഷിദ്ധമായതുമാണ്. ഈ അര്‍ത്ഥത്തില്‍ നേരത്തെ സൂചിപ്പിച്ച നിബന്ധനകള്‍ പാലിക്കാത്ത ത്വലാഖുകള്‍ സുപ്രീകോടതി ജഡ്ജിമാര്‍ പറഞ്ഞതുപോലെ ഭരണഘടനയുടെ അന്തസത്തക്ക് മാത്രമല്ല ഇസ്ലാമിന്റെ അന്തസത്തക്കും വിരുദ്ധമാണ്.

പക്ഷേ ഇവിടെ ധാര്‍മിക നിലപാടും നിയമത്തിന്റെ സാങ്കേതികതയും തമ്മില്‍ വ്യത്യാസമുണ്ട്. അതായത് നേരത്തെ പറഞ്ഞ ഇസ്ലാമിക ധാര്‍മികത ഉള്‍കൊള്ളാതെ ഒരാള്‍ ത്വലാഖ് ചൊല്ലിയാല്‍ അത് നിയമപരമായി നിലനില്‍ക്കുന്നതും അതുവഴി അവര്‍ തമ്മിലുള്ള വിവാഹബന്ധത്തിനു തിരശ്ശീല വീഴുന്നതുമാണ്. അതിനു നല്ലൊരു ഉദാഹരണമാണ് അന്യായമായി മറ്റൊരാളില്‍ നിന്ന് സ്വന്തമാക്കിയ ഒരു സ്ഥലത്ത് വെച്ച് ഒരാള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ അയാള്‍ കുറ്റക്കാരനാണെങ്കിലും ആ നിസ്‌കാരം സാധുവാണ്. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലെ ഈ വ്യതാസം മനസ്സിലാക്കുന്നിടത്ത് സംഭവിച്ച പിഴവാണ് ജസ്റ്റിസ് ജോസഫ് കുര്യന്റെ വിധിന്യായത്തില്‍ കാണാന്‍ കഴിയുന്നത്. ഖുര്‍ആന്‍ വിരുദ്ധമായ ഈ ത്വലാഖ് നിയമ സാധുതയില്ലത്തതാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അതില്‍ നിന്ന് വരുന്നതാണ്.

ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ചൊല്ലുന്ന വിഷയത്തിലും പ്രശ്‌നം ഇത് തന്നെയാണ്. ധാര്‍മികമായി ഇത് തെറ്റാണെങ്കിലും അതിലൂടെ ഉണ്ടാകുന്ന നിയമപരമായ സധുതക്ക് അത് തടസ്സമല്ല. ഇവിടെ വിവാഹബന്ധത്തിനു തിരിശ്ശീല വീഴുന്നു. മൂന്നു ത്വലാഖ് ചെല്ലപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ വളരെ പ്രയാസകരാമായ നിബന്ധനകള്‍ ഇസ്ലാം മുന്നോട്ടുവേക്കുകയും ചെയ്യുന്നു. നിയമപരമായ മറ്റൊരു വിവാഹവും ശാരീരിക ബന്ധവും വിവാഹമോചനവും പൂര്‍ത്തിയാകാതെ ആ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.  ത്വലാഖുകൊണ്ട് കളിക്കുന്ന പുരുഷസ്വഭാവത്തെ നിയന്ത്രിക്കുന്നതിനുകൂടി വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ അത്തരം നിബന്ധനകള്‍ നിയമമക്കപ്പെട്ടത്.

ഇവിടെ കോടതി വിധിയോ മറ്റോ ഇതിനു നിയമ സാധുത ഇല്ലെന്നു പറഞ്ഞത്‌കൊണ്ട് മാത്രം കര്‍മ്മശാസ്ത്രപരമായി ഇത് ത്വലാഖ് അല്ലാതാവുന്നില്ല. അതായത് ഇസ്ലാമിക നിയമങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തണമെന്നു ആഗ്രഹിക്കുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം പിന്നീട് അവര്‍ തമ്മിലുള്ള ശാരീരിക ബന്ധം നിഷിദ്ധവും വ്യഭിചാരത്തിനു തുല്യവുമാണ്. അപ്പോള്‍ ഇതിനെ നിയമവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല കോടതിവിധി ഉയര്‍ത്തുന്ന വേറെയും കുറെ നിയമ-കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. ഇവിടെ ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ചൊല്ലിയാല്‍ അത് ത്വലാഖായേ പരിഗണിക്കപ്പെടുകയില്ല എന്നതാണോ അതോ ഒരു ത്വലാഖ് മാത്രമായി പരിഗണിക്കപ്പെടുമേന്നതാണോ വിധി. ഒരു ത്വലാഖ് മാത്രമായി പരിഗണിക്കപ്പെടുമെങ്കില്‍ അതിന്റെ ഇദ്ദകാലയളവില്‍ വ്യതസ്ത സമയങ്ങളിലായി രണ്ടും മൂന്നും ത്വലാഖ് ചൊല്ലിയാല്‍ അവ പരിഗണിക്കപ്പെടുമോ? അതോ അതിനും നിയമ സാധുതയില്ലെന്നാണോ കോടതി പറയുന്നത്? ഒറ്റയിരുപ്പില്‍ ചൊല്ലുന്നതിനു പകരം ഒരേ ദിവസം തന്നെ മൂന്നു വ്യതസ്ത സമയങ്ങളിലായി ഒരാള്‍ ത്വലാഖ് ചൊല്ലിയാല്‍ അതിനു ഈ വിധി ബാധകമാണോ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ കോടതിവിധിയെത്തുടര്‍ന്നു ഉയര്‍ന്നുവരുന്നുണ്ട്.

ത്വലാഖ് : പ്രതിവിധിയെന്ത്?

മുത്വലാഖും ഏകപക്ഷീയമായ മറ്റു ത്വലാഖുകളും നിയമം വഴി നിരോധിക്കുന്നത്‌കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ലെന്നു മാത്രമല്ല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയുള്ളൂ വെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട് ഇതിനു പരിഹാരം കണ്ടെത്തുക മാത്രമാണ് പോംവഴി. മഹ്ര് കേന്ദ്രീകൃത ഇസ്ലാമിക വിവാഹ സംസ്‌കാരത്തിന്റെ നിയമപരവും ധാര്‍മികവുമായ സാഹചര്യം സൃഷ്ടിക്കുകയാണ് അതിനു ആദ്യമായി ചെയ്യേണ്ടത്. അതില്‍ മുസ്ലിം മത നേതൃത്വം മുന്‍കൈ എടുക്കണം. നിയമപരമായ സാഹചര്യത്തിനു മോഡല്‍ വിവാഹക്കരാര്‍ (നികാഹ് നാമ) നടപ്പാക്കണം. ഇസ്ലാമിലെ വിവാഹം ഒരു ഉഭയകക്ഷി കരാറായത്‌കൊണ്ടുതന്നെ വിവാഹത്തിന്റെ അടിസ്ഥാന കാര്യങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നിബന്ധനകള്‍ കര്‍മ്മശാസ്ത്രപരമായി സ്വീകാര്യമാണ്. ഇത്തരം നിബന്ധനകളുടെ വിശദാംശങ്ങളില്‍ പണ്ഡിതലോകത്തിനു അഭിപ്രായ വ്യതാസമുണ്ടെങ്കിലും. വിവാഹക്കരാറിന്റെ ഭാഗമാക്കാതെ പ്രത്യേക കരാറായും ഈ നിബന്ധനകള്‍ ആലോചിക്കാവുന്നതാണ്.

ഇവിടെ സ്ത്രീയുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി പല മുസ്ലിം രാജ്യങ്ങളും നടപ്പിലാക്കിയിട്ടുള്ളതാണ് രണ്ടു തരം മഹ്ര് സിസ്റ്റം. വേഗം നല്‍കേണ്ട മഹറും (മഹര്‍ മുഖദ്ദം) പിന്തിപ്പിക്കപ്പെടുന്ന മഹറും (മഹര്‍ മുഅഖ്ഖര്‍). ഇവിടെ ഇത് രണ്ടും വിവാഹക്കരാറില്‍ ഉള്‍പ്പെടുത്തുകയും മഹര്‍ മുഖദ്ദം വിവാഹ സമയത്തോ അതിനു ഉടനെയോ നല്‍കുമ്പോള്‍ മഹര്‍ മുഅഖ്ഖര്‍ സ്ത്രീ ആവശ്യപ്പെടുക ഏകപക്ഷീയമായി അവളെ വിവാഹമോചനം ചെയ്യുമ്പോള്‍ മാത്രമായിരിക്കും. മഹ്രിന്റെ ഭാഗമായത് കൊണ്ട് തന്നെ ശാരീരിക ബന്ധത്തോടെയോ അല്ലെങ്കില്‍ നിശ്ചയിക്കപ്പെടുന്ന കാലാവധിയിലോ  അവള്‍ അതിനു അവകാശിയാണെങ്കിലും സാധാരണഗതിയില്‍ വിവാഹം നല്ല നിലക്ക് പോകുന്ന പക്ഷം അത് ആവശ്യപ്പെടാറില്ല. വിവാഹമോചനത്തില്‍ കലാശിക്കുന്ന പക്ഷം ഈ തുക പൂര്‍ണ്ണമായും നല്‍കാന്‍ പുരുഷന്‍ നിര്‍ബന്ധിതനാവുന്നു. വിവാഹമോചിതയാവുന്ന സ്ത്രീക്ക് സാമ്പത്തികമായി വലിയ ആശ്വാസം നല്‍കുന്നതോടൊപ്പം പുരുഷനെ അകാരണമായ ത്വലാഖില്‍ നിന്ന് തടഞ്ഞു നിറുത്താനും ഇത് കാരണമാവും. മരണസമയാത്തോ വിവാഹമോചന സമയത്തോ മാത്രം നല്‍കുമെന്ന നിബന്ധനയോടെയും ഇങ്ങനെ ചെയ്യാമെന്ന് ഹനഫി കര്‍മ്മശാസ്ത്രം അഭിപ്രായപ്പെടുന്നുണ്ട്.

അതോടൊപ്പം മഹ്ര്, ചെലവുകള്‍, സന്താന പരിപാലനം തുടങ്ങിയ കാര്യങ്ങളിലെ മുസ്ലിം പുരുഷന്റെ സാമ്പത്തിക ബാധ്യതകളെപ്പറ്റി പുരുഷന്മാരെയും സ്ത്രീകളെയും ബോധവത്കരിക്കുകയും സ്ത്രീധന സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തി ശരിയായ ഇസ്ലാമിക വിവാഹ സംസ്‌കാരത്തിനുള്ള ധാര്‍മിക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് മത നേതൃത്വത്തിന്റെ ബാധ്യതയാണ്. ഒരു ഭാഗത്ത് കര്‍മ്മശാസ്ത്രത്തിന്റെ ഏറ്റവും സൂക്ഷ്മമായ വിധികള്‍ പോലും പിന്തുടരുകയും മറുഭാഗത്ത് ഇസ്ലാമിക സംസ്‌കാരതതിന്റെ ഉന്നതമൂല്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

അകാരണമായ ഏകപക്ഷീയ ത്വലാഖിനു സ്ത്രീക്ക് നഷ്ടപരിഹാരം. പല മുസ്ലിം രാഷ്ട്രങ്ങളും നടപ്പാക്കിയിട്ടുണ്ട്. പക്ഷേ ഇതിന്റെ കര്‍മ്മശാസ്ത്രപരമായ സാധുതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിന്റെ സാധ്യതയും സാധുതയും ഇന്ത്യയിലെ മുസ്ലിം പണ്ഡിത നേതൃത്വം ചര്ച്ചചെയ്യണം. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍, വിവാഹമോചനവുമായ ബന്ധപ്പെട്ട നിയമങ്ങളിലെ പ്രബലമല്ലാത്ത കര്‍മ്മശാസ്ത്ര അഭിപ്രായങ്ങള്‍ പിന്തുടരുന്നതിന്റെ സാധ്യതയും പഠനവിധേയമാക്കണം.

നികാഹ് ഹലാല അഥവാ തഹ്ലീല്‍

കോടതി ഇപ്പോള്‍ ഇടപെടാത്തതും എന്നാല്‍ മുത്വലാഖിനെ തുടര്‍ന്ന് വരുന്ന മറ്റൊരു വിഷയമാണ് നികാഹ് ഹലാല. അതായത് മൂന്നു ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ വീണ്ടും അതേ വ്യക്തിക്ക് വിവാഹം കഴിക്കണമെങ്കില്‍ ആ സ്ത്രീ നിയമപരമായ മറ്റൊരു വിവാഹത്തിനും  ശാരീരിക ബന്ധത്തിനും  വിവാഹമോചനത്തിനും വിധേയമാകണം. എന്നാല്‍ ഇത്തരത്തില്‍ മുന്‍ഭര്‍ത്താവിനു  അവള്‍ വീണ്ടും നിയമവിധേയമാക്കണമെന്ന താത്പര്യത്തോടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ ഇസ്ലാം അതിരൂക്ഷമായി വിമര്‍ശിക്കുന്നു. അത്തരത്തില്‍ വിവാഹം ചെയ്യുന്നവനെ വാടക കൊറ്റനാട് (അത്തീസ് അല്‍-മുസ്തആര്‍) എന്നാണു പ്രവാചക തിരുമേനി (സ) വിശേഷിപ്പിച്ചത്. അങ്ങനെ വിവാഹം ചെയ്യുന്നവനെയും അവന്‍ ആര്‍ക്കുവേണ്ടിയാണോ വിവാഹം ചെയ്യുന്നത് (മുന്‍ ഭര്‍ത്താവ്) അവനെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിവാഹം നിഷിദ്ധവും വിവാഹക്കരാറില്‍ ഈ നിബന്ധന പറയുന്ന പക്ഷം നിയമപരമായി അസാധുവുമാണെന്നാണ് ശാഫി-മാലികി-ഹന്ബലി സരണികളുടെ ശാസന. ഹനഫി കര്‍മ്മശാസ്ത്രത്തില്‍ അത്തരം നികാഹിന്റെ  സാധുത ശരിവെക്കുന്നുണ്ടെങ്കിലും ആ നിബന്ധനയെ തള്ളിക്കളയുകയും അത്തരം വിവാഹങ്ങള്‍ വളരെ മോശപ്പെട്ട വിവാഹങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്യുന്നു. വിവാഹക്കരാറില്‍ ഈ നിബന്ധനവെക്കാതെ എന്നാല്‍ ഈ ഉദ്ദേശത്തോടുകൂടി പരസ്പര ധാരണയോടെ വിവാഹം ചെയ്യുന്നപക്ഷം ശാഫിഈ മദ്ഹബില്‍ വിവാഹം സാധുവെങ്കിലും ധാര്‍മികമായി അത് തെറ്റാണ്. നേരത്തെ പ്രവാചകന്‍ അല്ലാഹുവിന്റെ ശാപമുണ്ടെന്ന പറഞ്ഞ വിഭാഗത്തില്‍ അവരും ഉള്‍പ്പെടും. മാലികി-ഹന്ബലി സരണികള്‍ അനുസരിച്ചു ഈ ഉദ്ദേശത്തോടുകൂടിയുള്ള വിവാഹങ്ങള്‍ കരാറില്‍ നിബന്ധനയായി പറഞ്ഞിട്ടിലെങ്കിലും അസാധുവാണ്. പറഞ്ഞുവരുന്നത് ഇത്തരം വിവാഹങ്ങളെ നിയന്ത്രിക്കാന്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ തന്നെ വകുപ്പുകള്‍ ഉണ്ട്.

ഒന്നിച്ചു മൂന്നു ത്വലാഖ് ചൊല്ലുന്നത് പോലെതന്നെയുള്ള മറ്റൊരു വിഷയമാണു വിവാഹംമോചനം ആഗ്രഹിക്കുന്ന സ്ത്രീക്ക് പുരുഷന്റെ ഭാഗത്ത് നിന്ന് ചിലപ്പോഴെങ്കിലും അത് അനുവദിക്കാതിരിക്കുന്ന പ്രശ്‌നം. ഈ വിഷയവും ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിനുള്ളില്‍ നിന്ന് പരിഹരിക്കുന്നതിനു പല മുസ്ലിം രാജ്യങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പുരുഷന്റെ അധികാരമായ ത്വലാഖ് തന്റെ ഭാര്യക്ക് കൈമാറുന്ന തഫ്വ്~വീദ് എന്ന സങ്കേതമുപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന്റെ വിശാദംശങ്ങളിലും മദ്ഹബുകള്‍ക്കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും അഭിപ്രായന്തരങ്ങള്‍ ഉണ്ടെങ്കിലും ഇത് നിയമവിധേയമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ വിവാഹം കരാറിനൊപ്പം ത്വലാഖ് തഫ്~വീദുചെയ്യുന്നതിനുള്ള സമ്മതം കൂടി ഉള്‍പ്പെടുത്തുന്നു. ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനു അത്തരം ഘട്ടങ്ങളില്‍ ആദ്യ ഭാര്യക്ക് വിവാഹമോചനത്തിനു അവസാനമൊരുക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ വിവാഹക്കാരാനൊപ്പം നിശ്ചയിക്കപ്പെടുന്ന നിബന്ധനകളിലൂടെയും മഹ്ര് വ്യവസ്ഥയിലൂടെയും ഒട്ടേറെ അധികാരങ്ങള്‍ സ്ത്രീക്കു ഇസ്ലാമിക കര്‍മ്മശാസ്ത്രം അനുവദിക്കുന്നു. അതിനെക്കുറിച്ച് സ്ത്രീയെ ബോധവത്കരിക്കാനും അത് ആവശ്യാനുസരണം ചോദിച്ചു വാങ്ങാന്‍ അവളെ പ്രപ്തയാക്കാനും മുസ്ലിം മത-സാമൂഹിക നേതൃത്വങ്ങള്‍ മുന്നോട്ട് വരുകയും വിവാഹം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മത പണ്ഡിതരും നിയമജ്ഞരും ഫാമിലി കൌണ്‍സിലര്‍മാരും അടങ്ങുന്ന ആര്‍ബിട്രേഷന്‍ കൌണ്‍സിലുകള്‍ ജില്ലാടിസ്ഥാനത്തിലോ മറ്റോ രൂപീകരിക്കുകയും വേണം. മുസ്ലിം വിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കും മതനിരാസവാദികള്‍ക്കും മതത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടക്കുന്നവര്‍ക്കും അടിക്കാനുള്ള വടി നല്‍കാതിരിക്കാന്‍ ഇസ്ലാമിക കര്‍മ്മശാസ്ത്ര പരിഹാരങ്ങള്‍ക്ക് മുസ്ലിം മതപണ്ഡിത സഭകളും അഖിലേന്ത്യാ പെഴ്‌സണല്‍ ലോ ബോര്‍ഡും നേതൃത്വം നല്‍കണം.

കടപ്പാട്: സുപ്രഭാതം

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter