ഹമാസ് ഭീകരതയല്ല; പ്രതിരോധമാണ്

അറബ് രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസ് ഒരിക്കലൂടെ ചര്‍ച്ചയിലേക്കു വന്നിരിക്കുന്നു. സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ എടുത്തുന്നയിച്ച പ്രധാനപ്പെട്ടൊരു ആരോപണം അത് ഹമാസിനെ സഹായിക്കുന്നു എന്നതായിരുന്നു. സഊദി ഉന്നയിച്ച ഏറെ വിചിത്രമായ ഈയൊരു ആരോപണത്തെ വലിയ ഉത്കണ്ഠയോടെയാണ് മുസ്‌ലിം ലോകം എതിരേറ്റത്. മുസ്‌ലിം രാജ്യങ്ങളുടെ ഏറ്റവും വലിയ ശത്രുവായ അമേരിക്കയുമായി സൗഹാര്‍ദത്തില്‍ നില്‍ക്കുന്ന സഊദിക്കു മുമ്പില്‍ മുസ്‌ലിം ലോകത്തെ തകര്‍ക്കാന്‍ പദ്ധതികളൊരുക്കുന്ന ഇസ്രയേല്‍ ഒരു പ്രശ്‌നമേയാകുന്നില്ല. മറിച്ച്, അവരുടെ കിരാത മര്‍ദനങ്ങളേറ്റുവാങ്ങുന്ന പാവം ഫലസ്തീനികളെ പിന്തുണക്കുന്ന ഹമാസാണ് അവര്‍ക്കു മുമ്പിലെ വലിയ പ്രശ്‌നം പോലും! രാഷ്ട്രീയ നയതന്ത്രങ്ങള്‍ക്കു പോലും പിടി കിട്ടാത്ത ഒരു സമവാക്യമാണ്. കള്ളന്മാര്‍ കപ്പലില്‍ തന്നെ ജന്മമെടുക്കുന്ന വിരോധാഭാസകരമായ സമവാക്യം!!

ഫലസ്തീനികളുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യംവെച്ച് 1987 ല്‍ ജന്മംകൊണ്ട ഒരു പ്രതിരോധ പ്രസ്ഥാനമാണ് ഹമാസ്. ഹര്‍കത്തുല്‍ മുഖാവമ അല്‍ ഇസ്‌ലാമിയ്യ (Islamic Resistance Movemetn) എന്നാണ് ഇതിന്റെ പൂര്‍ണ നാമം. ഫലസ്തീനിലെ സുന്നി ഗ്രൂപ്പുകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹിക സേവനം, പ്രബോധനം, സായുധ പ്രതിരോധം തുടങ്ങിയവയാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. പി.എല്‍.ഓയോട് ഇടഞ്ഞുനിന്ന ഒരു കക്ഷിയായി ഫലസ്തീന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി തുടങ്ങിയവരായിരുന്നു നേതാക്കന്മാര്‍. ഫലസ്തീനിലെ ഒന്നാം ഇതിഫാദക്കു ശേഷം ഇത് ശക്തമായി രംഗത്ത് വരികയും ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിനായി രംഗത്ത് ഉറച്ചുനില്‍ക്കുകയും ചെയ്തു. 2007 മുതല്‍ ഗാസ മുനമ്പ് അവരുടെ നിയന്ത്രണത്തിലാണ്.

ശക്തമായൊരു പ്രതിരോധ പ്രസ്ഥാനമായതുകൊണ്ടുതന്നെ, ഇസ്രയേലിനെ താലോലിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വലിയ തലവേദനയായിരുന്നു ഹമാസ്. ആയതിനാല്‍, അമേരിക്ക, ഇസ്രയേല്‍ പോലോത്ത രാജ്യങ്ങള്‍ അതിനെ ഭീകര പ്രസ്ഥാനമായി മുദ്രകുത്തി. എന്തു വില കൊടുത്തും അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 

അറബ് രാജ്യത്തുനിന്നും ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായം ഹമാസിന് ഏറെ വിലപ്പെട്ടതാണ്. അധിനിവേശവിരുദ്ധത എന്ന പേരില്‍ അത് സഹായമര്‍ഹിക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കിയ പലരും അവരോടൊപ്പം നില്‍ക്കുന്നുമുണ്ട്. പക്ഷെ, ഛിദ്രപ്പെടുത്തല്‍ കൊളോണിയല്‍ രാജ്യങ്ങള്‍ക്ക് അനിവാര്യമാണ്. അതാണ് കാലാകാലങ്ങളായി അമേരിക്കയും ഇസ്രയേലും നടത്തിക്കൊണ്ടിരിക്കുന്നതും. 

ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സഊദി സന്ദര്‍ശനത്തോടെയാണ് വിഷയം ഒരിക്കലൂടെ ചൂട് പിടിക്കുന്നത്. റിയാദില്‍ നടന്ന ഉച്ചക്കോടിയില്‍ സംസാരിച്ച അദ്ദേഹം ഹമാസിനെ ഒരു ഭീകര സംഘടനയായി എടുത്തുപറഞ്ഞിരുന്നു. പക്ഷെ, ഇതൊരു സാധാരണ പ്രസ്താവനയായി മാത്രമേ അപ്പോള്‍ എല്ലാവരും മനസ്സിലാക്കിയിരുന്നുള്ളൂ. സന്ദര്‍ശനം കഴിഞ്ഞ് ട്രംപ് വീട്ടില്‍ തിരിച്ചെത്തിയതോടെ ആ സന്ദര്‍ശനത്തിന്റെ എരിവും പുളിയും ലോകം കണ്ടു തുടങ്ങുകയായിരുന്നു. ഹമാസിനെ സഹായിക്കുന്നുവെന്നതുള്‍പ്പടെയുള്ള കാരണങ്ങള്‍ പറഞ്ഞ് സഊദി ഖത്തറിനെ ഉപരോധിക്കാന്‍ രംഗത്ത് വന്നു. ഇതോടെ ഗള്‍ഫ് പ്രതിസന്ധി ആരംഭിക്കുകയും ചെയ്തു.

അമേരിക്കയെപ്പോലെത്തന്നെ ഹമാസിനെ ഭീകര സംഘടനയായാണ് സഊദിയും ഇവിടെ കാണുന്നത്. ഹമാസ് ഭീകര സംഘടനയാണെങ്കില്‍ ഇസ്രയേല്‍ സഊദിക്ക് എന്താണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലോകര്‍ ചോദിക്കുന്നത്. ഇസ്രയേല്‍ ഭീകരതയല്ല; പ്രതിരോധമാണ് എന്ന് അവര്‍ നവ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നു. ജി.സി.സി കൂട്ടായ്മയെ ഇളക്കി തകര്‍ക്കാന്‍ അമേരിക്ക ചെയ്യുന്ന ഗൂഢശ്രമങ്ങള്‍ക്ക് സഊദി അടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ തന്നെ പിന്തുണ നല്‍കുന്ന കാഴ്ച്ചകളാണ് ഇതിലൂടെ നാം കാണുന്നത്. ഫലസ്തീന്‍ ജനതയെ സപ്പോര്‍ട്ട് ചെയ്യേണ്ടവര്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദത്തിന്റെ ആളുകളായി മുദ്രകുത്താന്‍ ധാര്‍ഷ്ട്യം കാണിക്കുന്നത് അപകടകരമാണ്. അമേരിക്കന്‍ ചേവടി സേവകരായി മുസ്‌ലിം രാജ്യങ്ങള്‍ അധ:പതിക്കുമ്പോള്‍ തങ്ങളെ അടിക്കാനുള്ള വടിയാണ് കൊടുക്കുന്നതെന്ന് അവര്‍ തന്നെ മനസ്സിലാക്കുന്നത് നല്ലതാണ്. ഹമാസിനെ ഭീകര സംഘടനയായി മുദ്രകുത്തുകവഴി ഖത്തറി ഒറ്റപ്പെടുത്താന്‍ സഊദി രംഗത്ത് വന്നത് അതിന്റെ ചരിത്രത്തിലെത്തന്നെ വന്‍ വിഡ്ഢിത്തങ്ങളിലൊന്നാണ്. ഇത് തിരിച്ചറിയാന്‍ സഊദി ഇനിയും സമയമെടുത്തേക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter