ഇറാഖ്: അമേരിക്കന്‍ അധിനിവേശത്തിന്റെ പത്ത് വര്‍ഷങ്ങള്‍
2003 മാര്‍ച്ച് 19, പത്ത് വര്‍ഷം മുമ്പ്; അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് മകന്‍ ബുഷ് ടെലിവഷനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് ഇരുപത് പിറന്നിരുന്നു. പക്ഷേ ബോംബ്‌സ്‌ഫോടനങ്ങളുടെ അത്യുഗ്രന്‍ ശബ്ദങ്ങളോടെയാണ് ബാഗ്ദാദില്‍ നേരം വെളുത്തത്. അമേരിക്കകാരോട് അന്ന് ബുഷ് പറഞ്ഞത് ‘നാം ആക്രമണം തുടങ്ങിയിരിക്കുന്നു. ഇറാഖിനെ നിരായുധീകരിക്കാന്‍, അവിടത്തെ ജനങ്ങളെ സ്വതന്ത്രരാക്കാന്‍, ലോകത്തെ ഗുരതര ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍’ ഈ വാക്കുകളുമായി അമേരിക്ക നടത്തിയ ഇറാഖി അധിനിവേശത്തിനു പത്താണ്ട് തികയുന്ന ഘട്ടത്തില്‍ ഈ യുദ്ധംകൊണ്ട് എന്തുനേടിയെന്നു ലോകം ചര്‍ച്ചചെയ്യുന്നു.
ഏറ്റവും പുതിയ സര്‍വേകള്‍ പ്രകാരം അ
മേരിക്കാരില്‍ പകുതിയിലധികവും ഇന്ന് വിശ്വസിക്കുന്നത് ഇറാഖ് അധിനിവേശം ഒരു തെറ്റായിരുന്നുവെന്നാണ്. യുദ്ധത്തിനു കാരണമായി അമേരിക്കയും ബ്രിട്ടനും ലോകത്തിനു മുന്നില്‍ വെച്ച കാരണങ്ങള്‍ വെറും കള്ളത്തരങ്ങളായിരുന്നുവെന്നു പിന്നീട് ലോകം മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി ഈ ഒരു രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കി കയ്യില്‍ വെച്ച് കൊടുത്തിട്ട് പത്തുവര്‍ഷത്തിനിപ്പുറാം അതൊരു ‘തെറ്റായി’രുന്നുവെന്നു വിലപിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. പക്ഷെ യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള യാത്ര ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ കൌതുകത്തിനപ്പുറം ഒരു പാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
പശ്ചാത്തല സംവിധാനം
ഇറാഖ് അധിനിവേശം എന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന രണ്ടു പേരുകള്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബുഷിന്റെതും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെതുമാണ്. ഇറാഖ് അധിനിവേശത്തിനു പ്രധാന കാരണമായി ഈ കൂട്ടുകെട്ട് നിരത്തിയത് ഇറാഖില്‍ കൂട്ട സംഹാര ആയുധങ്ങളുടെ സാനിധ്യമുണ്ടെന്നതായിരുന്നു. രാസ-ജൈവ ആയുധങ്ങളുമായി സദ്ദാം ഹുസൈന്‍ ലോകത്തിനു ഭീഷണിയുയര്‍ത്തുന്നുവെന് വാദവുമായിട്ടാണ് ഇറാഖിനെ വെട്ടിപിടിക്കാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചത്. അമേരിക്കന്‍ മാധ്യമങ്ങളുടെ നിര്‍ലോഭ പിന്തുണയും ഇവര്‍ക്ക് കിട്ടി.
ഹാന്‍സ് ബ്ലാന്കിന്റെ നേത്രത്വത്തില്‍ യു.എന്‍ നിരീക്ഷകര്‍ പലപ്പോഴായി ഇറാഖില്‍ അരിച്ചുപൊറുക്കിയിട്ടും മരുന്നിനു പോലും ഇവ കണ്ടെത്താനായില്ലയെന്നത് അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. കാരണം ഇറാഖിനെ ആക്രമിക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതിനു മറ്റുള്ളവരുടെ മുന്നില്‍ കേള്‍ക്കാന്‍ കൊള്ളാവുന്ന ചില കാരണങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം. ഇത്തരം ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുന്‍. സംഘം അന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അന്നത്തെ യു.എസ്. പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞത് ‘തെളിവ് ഇല്ല എന്നതിന്റെ അര്‍ത്ഥം ഇല്ലാത്തതിന് തെളിവുണ്ടെന്നല്ല’ (The absence of evidence is not evidence of absence) അതായത് പ്രതിയാക്കാന്‍ തെളിവില്ലെങ്കിലും പ്രതിയല്ലെന്നത്തിന്റെ തെളിവല്ലല്ലോയെന്നു. പത്താം വാര്‍ഷിക വേളയില്‍ സി.എന്‍.എന്നില്‍ എഴുതിയ ലേഖനത്തില്‍ ഹാന്‍സ് ബ്ലാങ്ക് ഇത് വിശദീകരിക്കുന്നുണ്ട്.
2001 സെപ്റ്റംബര്‍ 11 സംഭവങ്ങള്‍ക്കുടനെ തന്നെ അഫ്ഗാനൊപ്പം ഇറാഖ് കടന്നു കയറ്റത്തിനും യുദ്ധത്തിന്റെ എന്‍ജിനീയര്‍മാര്‍ പ്ലാന്‍ വരച്ചിരിന്നുവെന്നതാണ് സത്യം. ഫ്രാന്‍സിലെ സി.ഐ.എ തലവനായിരുന്ന ബില്‍ മുറായ് അന്നത്തെ ഇറാഖ് വിദേശകാര്യമന്ത്രി നാജി സബ്റിയെ ഉദ്ധരിച്ചു നല്‍കിയ ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് പോലും യുദ്ധത്തിനു അനുകൂലമായി മാറ്റിയെഴുതപ്പെട്ടതായി പിന്നീട് വെളിപ്പെടുകയുണ്ടായി. അന്നത്തെ ഇറാഖ് നേത്രത്വം തന്നെ മുന്‍കൈയെടുത്തു പല സമാധാന ശ്രമങ്ങള്‍ക്ക് ഇടപെട്ടെവേന്കിലും അതും ഫ
ലം കണ്ടില്ല. പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പോള്‍ വോള്‍ഫോവിസ്റ്റും അന്നത്തെ വൈസ് പ്രസിഡന്‍റ് ഡിക് ചെനിയുമാണ് അമേരിക്കയുടെ യുദ്ധഭ്രാന്തിന്റെ യഥാര്‍ത്ഥ പിന്നണി പ്രവര്ത്തകരെന്നാണ് ലോകം വിലയിരുത്തുന്നത്. ഇസ്രയേലിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഇവര്‍ സെപ്റ്റംബര്‍ പതിനൊന്നു ആക്രമണങ്ങള്‍ക്ക് ഉടനെ തന്നെ ഇറാഖിനെതിരെ വാളോങ്ങി തുടങ്ങിയിരുന്നു. അല്‍-ഖാഇദയും സദ്ദാമും തമ്മില്‍ ചങ്ങാത്തത്തിലാണെന്നും വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അന്നത്തെ ആക്രമണത്തില്‍ പങ്കെടുത്തവര്‍ സന്ധിച്ചുവെന്നും തങ്ങള്‍ക്കു ഓശാന പാടുന്ന മാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്തയാക്കികൊണ്ടിരുന്നു. കൂട്ട സംഹാരായുധങ്ങളെക്കുറിച്ച് പറഞ്ഞത് പോലെ മറ്റൊരു പച്ച നുണയായിരുന്നു ഇത്.
ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് തങ്ങളുടെ സുഹൃത്തായിരുന്നു സദ്ദാമിനെ അറിയാത്തത് കൊണ്ടല്ല മറിച്ചു അച്ഛന്‍ ബുഷിന്റെ കാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നു അജണ്ട നടപ്പാക്കാന്‍ വേണ്ടി മാത്രം. അറബ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ബഅഥ് പാര്‍ട്ടിയുടെ തലവനായ സദ്ദാമിന് ഇസ്‌ലാമിനോട് കാര്യമായ താത്പര്യമുണ്ടായിരുന്നൈല്ലയെന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ആവശ്യാനുസരണം അതിനെ ഉപയോഗ്പ്പെടുത്തിയിരുന്നുവേന്കിലും; കേണല്‍ ഗദ്ദാഫിയെപ്പോലെ.
അധിനിവേശത്തിന്റെ വില
ഇറാഖിലെ ജനങ്ങള്‍ക്ക് ഭൂമിയിലെ സ്വര്‍ഗം വാഗ്ദാനം ചെയ്തു ഇറാഖിലേക്ക് കടന്നു കയറിയപ്പോള്‍ ഇത്രയും നീണ്ട ഒരു യുദ്ധത്തിലേക്കാണ് എടുത്തുചാടുന്നതെന്ന് അമേരിക്ക നിനച്ചിരിക്കില്ല. ആദ്യത്തെ ഗള്‍ഫ് യുദ്ധം കഴിഞ്ഞപ്പോള്‍ ബുഷ് ഒന്നാമന്റെ കമന്റ് നമ്മള്‍ വിയറ്റ്നാം സിന്‍ഡ്രം അതിജീവിച്ചുവേന്നായിരുന്നു. വിയറ്റ്നാമിലെ കയ്പേറിയ അനുഭവങ്ങള്‍ അത്രയ്ക്ക് അവരെ വേട്ടയാടിയിരുന്നു. എന്നാല്‍ അതിലും വലിയ സിന്‍ഡ്രോമാണ് രണ്ടാം ഗള്‍ഫ് യുദ്ധം അമേരിക്കക്ക് സമ്മാനിച്ചതെന്നതതില്‍ അമേരിക്കക്കാര്‍ക്ക് രണ്ടു പക്ഷമുണ്ടാവാന്‍ തരമില്ല.
നൂറിലധികം മാസം നീണ്ടു നിന്ന ഈ യുദ്ധത്തിന്റെ കണക്കെടുത്താല്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റാണ് മുന്നില്‍ വരിക. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് തന്നെ 4488 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 32,000 ലധികം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു ഇക്കാലയളവിനു ഇടയില്‍.
ഇറാഖികളുടെ കാര്യം പറയാതിരിക്കു
കയാവും ഭേദം. ബ്രൌണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠനമനുസരിച്ചു ഒരു ലക്ഷത്തി മുപ്പതിനാലായിരം ഇറാഖി സിവിലിയന്‍മാര്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖികളുടെ മരണ സംഖ്യ ഇതിന്റെ നാലിരട്ടിവരെ ആകാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. രോഗവും പട്ടിണിയും പകര്‍ച്ചവ്യാധിയും മാറ്റും മൂലം മരിച്ചവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും എണ്ണം അതിനപ്പുറമായിരിക്കും. ആദ്യ ഗള്‍ഫ് യുദ്ധത്തിനു ശേഷം പത്ത് വര്ഷം നീണ്ട ഉപരോധത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്ന ഇറാഖ് ജനതയുടെ കൂടി എണ്ണം കൂട്ടിയാല്‍ കണക്കുകള്‍ മില്യന്‍ കവിയുമെന്ന് തീര്‍ച്ച.
1.7 ട്രില്യന്‍ (1,700,000,000,000) അമേരിക്കന്‍ ഡോളര്‍ ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചുകഴിഞ്ഞുവെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 50- 60 ബില്യന്‍ ചെലവ് കണക്കാക്കിയാണ് ബുഷും കൂട്ടരും യുദ്ധതിനിരങ്ങിയിരുന്നത്. എന്നാല്‍ കണക്കുകള്‍ വീണ്ടും ഉയരാനാണ് സാധ്യതയെന്നും മൂന്നോ നാലോ ട്രില്യന്‍ അമേരിക്കന്‍ ഡോളറാകുമെന്നും കണക്കാക്കപ്പെടുന്നു. ഇത്രയൊക്കെ ചെലവഴിച്ചു അമേരിക്ക എന്തു നേടിയെന്നു ഇന്ന് അവിടത്തെ മാധ്യമങ്ങളും വിവിധ മേഖലയിലുള്ളവരും ചര്‍ച്ചചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്തുകാര്യം. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഒരു രാജ്യത്തെ കുട്ടിച്ചോറാക്കി എന്നതാവും ഒറ്റവാക്കില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ബാക്കിപത്രം. 1991-ല്‍ ജനീവയില്‍ നടന്ന ഒരു യോഗത്തില്‍ അന്നത്തെ ഇറാഖ് വിദേശകാര്യ മന്ത്രി താരിഖ് അസീസിനോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജയിംസ് ബക്കര്‍ പറഞ്ഞിരുന്നുവത്രേ ഇറാഖിനെ ഞങ്ങള്‍ നശിപ്പിക്കുകയും ശിലായുഗത്തിലേക്ക് അതിനെ തിരിച്ചുകൊണ്ട് പോവുകയും ചെയ്യുമെന്നു. പത്ത് വര്‍ഷത്തിനു ശേഷം മറ്റൊരു പത്തുവര്ഷം നീണ്ട കടന്നുകയറ്റത്തിലൂടെ അമേരിക്ക അത് സാധിച്ചുടെത്തുവെന്നു പറയുന്നതാകും ശരി.
പുതിയ ഇറാഖ്
മധ്യ പൗരസ്ത്യ ദേശത്ത് ജനാധിപത്യത്തിന്റെ പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തു അന്നത്തെ ബുഷ് ഭരണകൂടം ഇറങ്ങിത്തിരിച്ചപ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നും പോലും നേടാനയില്ലന്നതാണ് സത്യം. ഒരു പെരുന്നാള്‍ ദിനത്തില്‍ സദ്ദാമിനു തൂക്കുകയര്‍ സമ്മാനിച്ചുവന്നത് മാത്രമാണ് ആകെ അമേരിക്കക്ക് എടുത്തു പറയാവുന്ന നേട്ടം. മറ്റു പല അറബ് ഭരണാധികാരികളെയും പോലെ സദ്ദാമും ഒരു ഏകാധിപതിയായിരുന്നു. പക്ഷെ സാധാരണക്കാരന് ജീവിക്കാനുള്ള സൌകര്യമുണ്ടായിരുന്നു, സുരക്ഷയും നിയമ സംവിധാനവും നിലനിന്നിരുന്നു.
ഇന്നത്തെ ഇറാഖിന്റെ ചിത്രം ഏറെ ദയനീയമാണ്. എപ്പോഴാണ് സ്ഫോടനങ്ങള്‍ നടക്കുകയെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. സുന്നി-ഷിയാ സംഘട്ടനങ്ങള്‍, തൊഴിലില്ലായ്മ, തീവ്രവാദ ആക്രമണങ്ങള്‍, നൂരി മാലികിയുടെ രഹസ്യപ്പോലിസിന്റെ പീഡനങ്ങള്‍, പട്ടിണി, വിദ്യാഭാസ –ആരോഗ്യ രംഗങ്ങളിലെ ശോചനീയാവസ്ഥ അങ്ങനെ നീണ്ടു പോകുന്നു പട്ടിക.
അമേരിക്കയുടെ ആശീര്‍വാദത്തോടെ ഭരണത്തിലെത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി മാലികിയുടെ ഏകാധിപത്യഭരണമാണ് ഇന്ന് അവിടെ നടക്കുന്നത്. പ്രമുഖ അറബി പത്രമായ ശര്‍ഖുല്‍ അവ്സ്ഥ് അയാളെ വിളിച്ചത് ‘സദ്ദാം ശിയഈ’ (ശിയ്ക്കാരനായ സദ്ദാം) എന്നാണ്. ജാനാധിപത്യം ഇറക്കുമതിചെയ്യാന്‍ ഇറാഖിലെത്തിയ അമേരിക്കക്ക് അതില്‍ പോലും വിജയിക്കാനാ
യില്ലെന്നര്‍ത്ഥം. സുന്നി-കുര്‍ദ് നേതാക്കളെ വെച്ചുപൊറുപ്പിക്കില്ലെന്നു വാശിയിലാണ് മാലികി. ഇറാഖ് വൈസ് പ്രസിഡന്റും കുര്‍ദു നേതാവുമായ താരിഖ് ഹാശിമിക്കെതിരെ മാലികിയുടെ താത്പര്യത്തില്‍ കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നാടുവിട്ടു. മാലികിയുടെ സര്‍ക്കാരിലെ തന്നെ ധനമന്ത്രിയായിരുന്ന സുന്നി നേതാവ് റാഫി ഈസാവിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും മാലികി നീക്കങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്റെ വസതി റൈഡ് ചെയ്യുകയും ചെയ്തു. അവസാനം സുന്നി പ്രക്ഷോഭകാരികള്‍ക്ക് പിന്തുന്ന പ്രഖ്യാപിച്ചു മാര്‍ച്ച് ആദ്യം അദ്ദേഹം രാജിവെക്കുകയും ചെയ്തു.
ഇറാഖ് ഇന്ന് യാഥാര്‍തത്ത്വില്‍ മൂന്നായി വിഭാജിക്കപ്പെട്ടിരിക്കായാണ്. കുര്‍ദ് സ്വയം ഭരണ മേഖല, ഷിയാ ഭൂരിപക്ഷ മേഖല, സുന്നി ഭൂരിപക്ഷ മേഖല. എപ്പോള്‍ വേണമെങ്കിലും വിഘടിച്ചു പോകാവുന്ന രീതിയില്‍ സ്വയം നിലനില്പ്പിന്നുള്ള ശ്രമത്തിലാണ് കുര്‍ദു മേഖല. ഷിയാ ഭൂരിപക്ഷ മേഖലകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. പക്ഷെ സുന്നി ഭൂരിപക്ഷ മേഖലകളുടെ കാര്യം നേരെ തിരിച്ചാണ്. നൂരി മാലികിയുടെ തലതിരിഞ്ഞ നയങ്ങള്‍ ഇറാഖിനെ ഒരു വലിയ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പലരും ഭയപ്പെടുന്നു.
വസന്തം ബാഗ്ദാദിലേക്ക്
ഫല്ലുജ, റമാദി, അന്‍ബാര്‍, മൌസില്‍ പോലുള്ള സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാലികിയുടെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. അറബ് വസന്തത്തിന്റെ മാതൃകയില്‍ ബാഗ്ദാദില്‍ ഒരു വസന്തം പ്രതീക്ഷിക്കുന്നു ഇറാഖിലെ സുന്നി ജനത. പക്ഷേ അത് ചെന്നെത്തുക വസന്തതിലെക്കാണോ ഗ്രീഷ്മത്തിലെക്കാണോയെന്നു കണ്ടറിയെണ്ടിവരും. അധിനിവേശത്തിന്റെ പത്ത് വര്‍ഷത്തിനു ഇടയില്‍ മേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ സ്വഭാവികമായും ഇറാഖിനെയും ബാധിക്കും.
അറബ് വസന്തത്തെ തുടര്‍ന്നു നീണ്ടകാലം തങ്ങളുടെ രാജ്യങ്ങള്‍ അടക്കിവാണിരുന്ന ബിന്‍ അലി-മുബാറക്-ഖദ്ദാഫിമാര്‍ നിലംപതിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവിടത്തെ അവസ്ഥ. മറ്റു രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ അനുകൂലിച്ച ഇറാന്‍ സിറിയയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് മേഖലയെ സുന്നി-ശിയ സംഘട്ടനത്തിലേക്ക് നയിക്കുകയാണ്. ശിയാ വിഭാഗത്തില്‍പ്പെട്ട അലവി വിഭാഗക്കാരാനാണ് സിറിയന്‍ ഭരാണിധികാരി ബശാര്‍ അല്‍-അസദ്യെന്ന കാരണത്താല്‍ സിറിയന്‍ ഭരണകൂടത്തോടോപ്പമാണ് ഇറാന്‍. നൂരി മാലികിയുടെ നേത്രത്വത്തിലുള്ള ഇറാഖിലെ ശിയാ ഭരണകൂടുവും അസദിനോപ്പമാണ് കൂടെ ലബനാനിലെ ഹിസ്ബുല്ലയുമുണ്ട്. സഊടിയും ഈജിപ്തും ഖത്തറുമെല്ലാം സിറിയന്‍ പ്രതിപക്ഷത്തിനോപ്പവും. സഊദിയിലെയും ബഹ്റൈനിലെയും ശിയാ വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മറ്റൊരു ഭാഗത്തും. ഇരു ഭാഗത്തും നിന്നും സൂക്ഷമതയോടെ കൈകാര്യം ചെയ്യപ്പെട്ടിലെങ്കില്‍ സുന്നി-ശിയാ സംഘട്ടനത്തിലേക്ക് മേഖലെ ആകെ വഴുതി വീഴുമോയെന്നു ഭയക്കണം.
(2013 ഏപ്രില്‍ ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ഫൈസല്‍ നിയാസ് ഹുദവി - niyazkollam@gmail.com
Leave A Comment