സെമി ഫൈനല്‍ കഴിഞ്ഞു; രാജ്യം നീങ്ങുന്നത് വര്‍ഗീയ കരങ്ങളിലേക്ക്
imagesപൊതു തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഞ്ച് സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിന്‍റെ ആകെത്തുക പരിശോദിക്കുമ്പോള്‍ രാജ്യം വര്‍ഗീയ കരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തമായ സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം വ്യക്തമായ മേല്‍ക്കോയ്മ സ്ഥാപിച്ച് തന്നെയാണ് ബി ജെ പി നേടിയത്. മതേതര കക്ഷികള്‍ രാജ്യത്തിന്‍റെ മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷമാകുന്ന ചിത്രവും രാജ്യം സാക്ഷിയാകാന്‍പോകുന്നതിന്‍റെ സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനവിരുദ്ധ ഭരണത്തില്‍പ്രതിഷേധിച്ച് ജനകീയ മുന്നേറ്റത്തോടെ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം ഒഴിച്ചാല്‍രാജ്യത്തിന് ആശ്വസിക്കാവുന്ന ഒരു വിധിയെഴുത്തല്ല സംഭവിച്ചത്. നരോന്ദ്രമോഡിയുടെ ഗ്ലാമര്‍പരിവേശം തെരെഞ്ഞെടുപ്പില്‍ഏശിയിട്ടില്ലെന്ന് പറയുമ്പോഴും, മൂന്ന് സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും രാജ്യതലസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റവും ബി ജെ പി സ്വന്തമാക്കിയെങ്കില്‍ ദേശീയ ഭരണത്തിലേക്ക് ഹിന്ദുത്വശക്തികള്‍ ഒന്നുകൂടി അടുക്കുകയാണെന്ന് പറയാതെ വയ്യ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര കക്ഷികള്‍ഇന്ത്യന്‍രാഷ്ട്രീയ ചിത്രത്തില്‍ഇടമില്ലാതെ പോകുന്നതിന്‍റെ ഭവിഷത്ത് എത്രമാത്രമെന്ന് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ദിനംതോറും ഇന്ത്യയുടെ മനസ്സ് വര്‍ഗീയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തുന്നവരെ വിമര്‍ശിച്ചുകൂടാ. കാരണം ഭൂരിപക്ഷ വര്‍ഗീയതയും വലതുപക്ഷ അപ്രമാധിത്വവും രാജ്യത്ത് വളരാന്‍ ഭരണത്തിലിരിക്കുന്നവര്‍തന്നെ ഒത്താശചെയ്യുന്ന കാലത്തോളം രാജ്യം രക്ഷപ്പെടാന്‍പോകുന്നില്ല. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും സാധാരണക്കാരന്‍റെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനോ അവന്‍റെ ആവാലാതികള്‍കേള്‍ക്കാനോ യു പി എ നേതൃത്വം നല്‍കുന്ന മുന്നണിക്ക് കഴിഞ്ഞില്ല എന്നത് രാജ്യത്തിന്‍റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് വലിയ അപമാനമാണ്. ആഗോള വത്ക്കരണത്തിന്‍റേയും ഉദാരവത്ക്കരണത്തിന്‍റേയും പേരില്‍കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍എത്രമാത്രം ജനപ്രദമായിരുന്നുവെന്ന് നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ പലസത്യങ്ങളും നാം അംഗീകരിക്കേണ്ടതായി വരും. രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ആക്രമണം പോലും സംശയത്തിന്‍റെ നിഴലിലായപ്പോള്‍, അന്യായതടവുകാര്‍ ഏറ്റവുംകൂടുതല്‍പീഢനമനുഭവിച്ചത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണെന്ന് സകല കണക്കുകളും സാക്ഷിപ്പെടുത്തുന്നു. ഇത് കേവലം കോണ്‍ഗ്രസ് വിമര്‍ശനമല്ല. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഭരണം നടത്താന്‍ രാഷ്ട്രീയപ്പാര്‍കളെ കിട്ടുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ബിജെപി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലൊക്കെ ഗോ വധനിരോധനമടക്കം സകല നിയമങ്ങളും നടപ്പാക്കപ്പെടുന്നു. കര്‍ണാടക മാത്രം ഉദാഹരണമായെടുക്കുക. അവിടെ ബി ജെ പി ഭരണത്തില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ഏറേക്കറേ ഹിന്ദുത്വ വത്ക്കരിക്കപ്പെട്ടു. എന്നാല്‍പ്രസ്തുത നിയമങ്ങള്‍പിന്‍വലിക്കാന്‍ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍മുതിരുന്നുമില്ല. രാജ്യം വര്‍ഗീയ കരങ്ങളിലേക്ക് നീങ്ങുന്നുവെന്നത് വെറുതെ പറയുന്നതല്ല. ഫൈനല്‍ മത്സരം ആകുമ്പോഴേക്കും മതേതര കക്ഷികള്‍ഉണര്‍ന്നേ തീരൂ. ഗുജറാത്ത് ഭരിച്ച മോഡിയെ ഇന്ത്യ ഭരിക്കാനാനയിച്ചാല്‍ ഉള്ള പൊറുതിയും ഇല്ലാതാകും. ഇടതുകക്ഷികളടക്കം ഏകസിവില്‍കോഡിനെ പിന്തുണക്കുന്ന കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാനും അവലംബിക്കാനും ആരെങ്കിലും വേണം. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോയാല്‍മതേതര മുന്നണിക്ക് തന്നെ ഇന്ത്യയെ നിലനിര്‍ത്താന്‍കഴിയും. അല്ലെങ്കില്‍ നമ്മെ അവരുടെ നിലക്ക് നിര്‍ത്താന്‍വിധ്വംസക ശക്തികള്‍വരും. അത് യഥാര്‍ത്ഥ ഇന്ത്യക്കര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. തീര്‍ച്ച.... അബ്ദുസ്സമദ് ടി കരുവാരകുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter