ഡിജിറ്റല്‍ ഖിലാഫത്ത്:  സൈബര്‍ ലോകത്തെ ഐ.എസ് ചതിക്കുഴികള്‍
dabiqലണ്ടനില്‍ താമസിച്ചുവരുന്ന പ്രമുഖ ഫലസ്ഥീനി എഴുത്തുകാരന്‍ അബ്ദുല്‍ ബാരി അല്‍ അത്‌വാന്‍ ഐ.എസിന്റെ ഉള്ളറ രഹസ്യങ്ങളെ തുറന്നുകാട്ടി തയ്യാറാക്കിയ വിഖ്യാത രചനയാണ് Islamic State: The Digital Caliphate. ഐ.എസ് പ്രവര്‍ത്തകരെ നേരില്‍ ഇന്റര്‍വ്യൂ നടത്തിയും അവര്‍ക്കിടയില്‍ ഫീല്‍ഡ്‌വര്‍ക്ക് ചെയ്തും ഗവേഷണാത്മകമായി തയ്യാറാക്കിയ ഈ കൃതി ഈ ഭീകര സംഘടനയെ ശരിക്കും മനസ്സിലാക്കാന്‍ ഏറെ ഉപകാരപ്പെടും. കൂട്ടായ്മയുടെ ഘടന, നയതന്ത്രരീതികള്‍, പ്രവര്‍ത്തന ശൈലികള്‍, വിവിധ റിക്രൂട്ട്‌മെന്റ് മാര്‍ഗങ്ങള്‍ തുടങ്ങിയവ ഏറെ പ്രാധാന്യത്തോടെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് അസൂയാവഹമായ വളര്‍ച്ച നേടിയ ഇതിന്റെ സൈബര്‍ ലോകത്തെ സജീവ സാന്നിധ്യത്തെയും വ്യാപകമായ പദ്ധതികളെയും കുറിച്ചാണ് പുസ്തകം ആഴത്തില്‍ അന്വേഷണ വിധേയമാക്കുന്ന മറ്റൊരു മേഖല. എന്തുകൊണ്ട് ഐ.എസിന് ഇത്രയും വേഗത്തില്‍ ഇങ്ങനെയൊരു വളര്‍ച്ച സാധ്യമായി? ആളുകളെ വശീകരിക്കാനും റിക്രൂട്ട് ചെയ്യാനും ഫണ്ട് വര്‍ദ്ധിപ്പിക്കാനും ഇന്റര്‍നെറ്റ് ലോകത്ത് അത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം? എല്ലാവരും സ്വയം ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. അത്‌വാന്‍ തന്നെ സൂചിപ്പിക്കുന്ന പോലെ ഇന്റര്‍നെറ്റിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ഐ.എസ് ഒരിക്കലും അതിന്റെ ഇന്നത്തെ ഒരവസ്ഥയിലേക്കു വളരുമായിരുന്നില്ല എന്നതാണ് സത്യം. ഭൂമിപരമായ അതിന്റെ വികാസവും സൈനിക മേഖലയിലെ വര്‍ദ്ധിച്ച പങ്കാളിത്തവും സൈബര്‍ സാധ്യതകളിലൂടെ കൈവന്ന നേട്ടങ്ങളാണ്. ഈയൊരു സാധ്യത തന്നെയാണ് ഇന്നും അതിന്റെ ഏറ്റവും വലിയ ശക്തിയും. ഒരു കാലത്ത് അല്‍ ഖാഇദ ലോക വ്യാപകമായി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത്തരം വഴികള്‍ അവലംബിച്ചിരുന്നതായി കാണാം. ഇന്ന് ഐ.എസും വളരെ വിജയകരമായി ഇതേ വഴി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പുതിയ അംഗങ്ങളുടെ റിക്രൂട്ട്‌മെന്റ് മുതല്‍ യുദ്ധതന്ത്രങ്ങള്‍ വരെ ഐ.എസ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. കേവലം ആശയ പ്രചരണം മാത്രമല്ല, തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആളുകള്‍ക്കിടയില്‍ എത്തിക്കാനും അവര്‍ക്കിടയില്‍ വില്‍പ്പന നടത്താനും ഇന്റര്‍നെറ്റിലെ സൗകര്യങ്ങള്‍ തന്നെ അത് സ്വീകരിക്കുന്നു. യുവാക്കളാണ് പ്രധാനമായും ഐ.എസിന്റെ ഉന്നം. 15 മുതല്‍ 30 വരെ വയസ്സുള്ളവരാണ് ഇന്ന് അതില്‍ അംഗമായിട്ടുള്ളവരില്‍ വലിയൊരു ഭാഗവും. ഈയൊരു പ്രായത്തിലുള്ളവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അതിലേക്കു കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതും. മുന്നും പിന്നും ചിന്തിക്കാതെ തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും അത് നടപ്പിലാക്കാനും വളര്‍ന്നുവരുന്ന ഈയൊരു തലമുറയാണ് ഏറ്റവും ഫലപ്രദം എന്നാണ് ഐ.എസ് മനസ്സിലാക്കുന്നത്. വികാരങ്ങള്‍ ഇളക്കിവിട്ട് വളരെ വേഗത്തില്‍ വംശംവദരാക്കാനും മത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് എന്തു ക്രൂരതകള്‍ നടത്താനും ഈയൊരു കാലയളവ് സഹായം ചെയ്യും. ഐ.എസിന്റെ ക്രൂരകൃത്യങ്ങള്‍ ഒരളവോളം ലക്ഷ്യം കാണുന്നതും ബൗദ്ധികമായി ശണ്ഠീകരിക്കപ്പെട്ട ഈ യുവാക്കളിലൂടെത്തന്നെയാണ്. മതത്തെ ആവേശമായി മാത്രം സ്വീകരിക്കുന്ന അവര്‍ക്ക് അതിന്റെ ബാല പാഠം പോലും അറിഞ്ഞുകൊള്ളണമെന്നില്ല. അത്തരം ഇളയ മനസ്സുകളിലേക്ക് 'ജിഹാദി'ന്റെ അഗ്നിയും നിര്‍മിത ശത്രുവിന്റെ ചിത്രങ്ങളും വാരിയിടപ്പെടുമ്പോള്‍ സ്വാഭാവികമായും അവര്‍ ജിഹാദിസ്റ്റുകളായി മാറുകയാണ് ചെയ്യുന്നത്. ഒരു നിലക്കും മതകീയ പിന്‍ബലമില്ലാത്ത ഈയൊരു രീതിയാണ് ഇറാഖിലും സിറിയയിലും ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതും. ലോക വ്യാപകമായി യുവാക്കളില്‍ 89 ശതമാനവും ഓണ്‍ലൈനില്‍ സജീവമാണ് എന്നാണ് പഠനം. ഇതില്‍ 70 ശതമാനം ആളുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. ഒരാഴ്ച്ചയില്‍ ശരാശരി 19 മണിക്കൂര്‍ എങ്കിലും അവര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ചെലവഴിക്കുന്നുണ്ട്. ഈയൊരു സാധ്യതയാണ് ഐ.എസ് ഉപയോഗപ്പെടുത്തുന്നത്. തങ്ങളുടെ ജിഹാദിസ്റ്റ് പ്രോപഗണ്ടയുടെയുടെ പ്രചരണത്തിന് ലോക വ്യാപകമായുള്ള ചെറുപ്പക്കാരെ വളരെ തന്ത്രപരമായി അവര്‍ വിനിയോഗിക്കുന്നു. പലപ്പോഴും ആ യുവാക്കള്‍ക്കുപോലും തങ്ങള്‍ അകപ്പെട്ട സൈബര്‍ വലകളുടെ ഭീകരതയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കില്ല. സുമോഹന ചിത്രങ്ങളും വീഡിയോകളുമായി അത്രമാത്രം കൃത്യതയോടെ സൈബര്‍ ലോകത്ത് വല വിരിച്ചിരിക്കുകയാണ് ഇന്ന് ഐ.എസ് പോലെയുള്ള ഭീകര സംഘടനകള്‍. ട്വിറ്റര്‍, ഫെയ്‌സ്ബൂക്ക്, വാട്‌സാപ്പ്, യൂട്യൂബ് ചാനല്‍, സ്‌കൈപ്പ്, വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങി വിവിധ വഴികളാണ് അവര്‍ ഇന്നിതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഐ.ടി മേഖലയില്‍ പരിജ്ഞാനവും പരിചയവുമുള്ള ഐ.ടി സ്‌പെഷ്യലിസ്റ്റുകളെ തന്നെ ഐ.എസ് പ്രത്യേകം റിക്രൂട്ട് ചെയ്ത് തങ്ങളുടെ സൈബര്‍ പദ്ധതികളുടെ വിജയത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ പ്രോപഗണ്ട പ്രചരണത്തിന് പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതോടൊപ്പം നിലവിലെ പല സംവിധാനങ്ങളും ഹാക്ക് ചെയ്ത് ഉപയോഗപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. ഓണ്‍ലൈന്‍ മേഖലയിലെ ഇത്തരം കൃത്രിമ ഇടപെടലുകള്‍ നിമിത്തം പല സെര്‍ച്ചുകളും ഒടുവില്‍ ചെന്നെത്തുന്നത് ഐ.എസ് ലിങ്കുകളിലേക്കും അവര്‍ അപ്‌ലോഡ് ചെയ്ത വാര്‍ത്തകളിലേക്കോ വീഡിയോകളിലേക്കോ ആയിരിക്കും. ആളുകളെ അവര്‍ അറിയാതെത്തന്നെ ഐ.എസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കാന്‍ ഇത്തരം കുറുക്കുവഴികള്‍ അവര്‍ ഉപയോഗിക്കുന്നു. പുതിയ അംഗങ്ങളെ കണ്ടെത്താനും അവരെ റിക്രൂട്ട് ചെയ്യാനും ഐ.എസ് ഇന്റര്‍നെറ്റ് വഴികളാണ് പ്രധാനമായും അവലംബിക്കുന്നത്. ട്വിറ്ററും ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. സൈബര്‍ ലോകത്ത് തങ്ങള്‍ കുഴിച്ചുവെച്ച ചതിക്കുഴികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരുടെ കോണ്‍ടാക്റ്റുകള്‍ സമാഹരിക്കുകയാണ് അവര്‍ ആദ്യമായി ചെയ്യുന്നത്. കോണ്‍ടാക്റ്റുകള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ പിന്നെ വ്യക്തിഗതമായുള്ള മെസ്സേജിംഗുകളിലൂടെയും ചാറ്റിങ്ങുകളിലൂടെയും അവരെ വേട്ടയാടാന്‍ ആരംഭിക്കുന്നു. ചില ലിങ്കുകള്‍ വിട്ടുകൊടുക്കുന്നതോടെയോ ബന്ധപ്പെടാന്‍ ചില ആളുകളെ പരിചയപ്പെടുത്തുന്നതോടെയോ ആണ് പലരും അതിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ആരംഭിക്കുന്നത്. തങ്ങളുടെ ലക്ഷ്യവും ആദര്‍ശവും കൃത്യമായി വിവരിക്കുന്ന വീഡിയോകളും മറ്റും ലഭിക്കുന്നതോടെ പലരും അതില്‍ ലയിച്ചുപോവുകയും ചെയ്യുന്നു. ഇസ്‌ലാമെന്നാല്‍ ഇതു തന്നെയാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളൊന്നും ശരിയല്ലെന്നും ഇതേപോലെ ഏതെങ്കിലും കൂട്ടായ്മകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് സ്പിരിറ്റുള്ള മുസ്‌ലിമാകുന്നതെന്നും അവര്‍ അന്ധമായി വിശ്വസിക്കുന്നു. അങ്ങനെയാണ് ഹിജ്‌റയും പലായനവുമെല്ലാം ഉണ്ടാകുന്നത്. സ്‌കൈപ്പ് പോലെയുള്ള ഇന്റര്‍നെറ്റ് കോള്‍ സൗകര്യങ്ങളും പലപ്പോഴായി ഇതിന് അവര്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാംകൂടിയാകുമ്പോള്‍ കൂടുതല്‍ ചിന്താശേഷിയില്ലാത്ത, നിര്‍മല മനസ്‌കരായ ഏതു ചെറുപ്പക്കാരെയും വഴി തെറ്റിച്ച് രക്തക്കൊതിയുടെ ജിഹാദി ഗ്രൂപ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോവാന്‍ അവര്‍ക്ക് സാധിക്കുന്നുവെന്നതാണ് സത്യം. ഇതിനായി ഐ.എസിന്റെ ശമ്പളം പറ്റുന്ന കഴിവും പരിചയവുമുള്ള ഒരു പട തന്നെ സൈബര്‍ ലോകത്ത് പതിയിരിക്കുന്നുണ്ട് എന്നുവേണം നാം മനസ്സിലാക്കാന്‍. സോഷ്യല്‍ മീഡിയകളില്‍നിന്നും മറ്റും ലഭിക്കുന്ന ആളുകളുടെ പൂര്‍ണ മേല്‍വിലാസങ്ങള്‍ ഉപയോഗപ്പെടുത്തിയും ഐ.എസ് ആളുകളെ പിന്തുടരുന്നുണ്ടത്രെ. സൈബര്‍ ലോകത്ത് ജിഹാദി മനസ്സുള്ള ഒരു 'ഓണ്‍ലൈന്‍ ജനറേഷ'നെ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് ഐ.എസ് സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന അതി ഭീകരമായ മറ്റൊരു കാര്യം. തങ്ങളുടെ നിലപാടുകളെ പിന്തുണക്കുകയും പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ലോകവ്യാപകമായി ക്രമേണ അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരക്കാരുടെ വലിയ കൂട്ടായ്മകള്‍ തന്നെ ഓണ്‍ ലൈനില്‍ അവര്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് തങ്ങളുടെ ചിന്തകളെ കത്തിച്ചുനിര്‍ത്താന്‍ ആവശ്യമായ മെറ്റീരിയലുകള്‍ നിരന്തരമായി എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി ഓണ്‍ലൈന്‍ മാഗസിനുകള്‍, പാംലെറ്റുകള്‍, ട്രൈനിംഗ് മാന്വലുകള്‍, വീഡിയോകള്‍, പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ചെറു പുസ്തകങ്ങള്‍ തുടങ്ങിയവ അവര്‍ തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ടെക്‌നിക്കല്‍ മുജാഹിദ് എന്ന ട്രൈനിംഗ് മാന്വലും ദാബിഖ് എന്ന ഓണ്‍ലൈന്‍ മാഗസിനും ഇസ്‌ലാമിക് സ്‌റ്റേറ്റ് ന്യൂസ് (ഐ.എന്‍.എസ്) എന്ന പേരില്‍ ഒരു പിഡിഎഫ് ന്യൂസ് ലെറ്ററും ഇതില്‍ ഏറെ പ്രസിദ്ധമാണ്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് ഐ.എസ് തങ്ങളുടെ ഇത്തരം പല പ്രസിദ്ധീകരണങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ഉറുദു, റഷ്യന്‍, ചൈനീസ് പോലെയുള്ള ഭാഷകളിലും ഇന്നിത് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മീഡിയ രംഗമാണ് ആളുകളെ കൂടെ പിടിക്കാന്‍ ഐ.എസ് ശ്രദ്ധിക്കുന്ന മറ്റൊരു മേഖല. സിറിയക്കാരനായ അഹ്മദ് അബൂ സംറയാണ് ഐ.എസ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍. 1981 ല്‍ ഫ്രാന്‍സില്‍ ജനിച്ച ഇദ്ദേഹം ഐ.ടി മേഖലയില്‍ ഡിഗ്രി നേടുകയും മികവ് തെളിയിക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മീഡിയയുമായി ബന്ധപ്പെട്ട പല സംരംഭങ്ങളും ഐ.എസിനു കീഴില്‍ നടന്നുവരുന്നു. ശമ്പളം പറ്റുന്ന ധാരാളം ഫുള്‍ടൈം സ്റ്റാഫുകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ ഹയാത്ത്, അല്‍ ഫുര്‍ഖാന്‍, അല്‍ ഈത്തിസാം തുടങ്ങിയ ടി.വി സംരംഭങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഐ.എസിന്റെ ആശയ പ്രചാരണമാണ് പ്രധാനമായും ഇവ എല്ലാറ്റിന്റെയും ആത്യന്തിക ലക്ഷ്യം. 2014 മെയ് മാസത്തിലാണ് അല്‍ ഹയാത്ത് ചാനലിന്റെ തുടക്കം. സിറിയ കേന്ദ്രീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2006 മുതല്‍ അല്‍ ഫുര്‍ഖാന്‍ പ്രവര്‍ത്തിച്ചുവരുന്നു. മീഡിയ രംഗത്തെ ഐ.എസിന്റെ ജിഹ്വയായിട്ടാണ് ഇത് മനസ്സിലാക്കപ്പെടുന്നത്. ഐ.എസിന്റെ ജിഹാദി പ്രവര്‍ത്തനങ്ങളെ മഹത്വവല്‍കരിച്ചുകൊണ്ട് പരമ്പരയായി അവര്‍ സംപ്രേക്ഷണം ചെയ്ത Messages from the Land of Epic Battles, Flames of War തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്. സിറിയ കേന്ദ്രീകൃതമായിത്തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ഫിലിം പ്രോഡക്ഷന്‍ യൂണിറ്റാണ് അല്‍ ഈത്തിസാം. ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഉപകാരപ്രദമായ ഡോക്യുമെന്ററികളും മറ്റും ഇവരാണ് നിര്‍മിക്കുന്നത്. വളരെ പ്രൊഫഷണലുകളായ പത്രപ്രവര്‍ത്തകരും ഫിലിം നിര്‍മാതാക്കളും ഫോട്ടോഗ്രാഫര്‍മാരുമാണ് ഇതിലെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, വളരെ പെര്‍ഫക്ഷനോടുകൂടി മാത്രമേ അതില്‍നിന്നും സൃഷ്ടികള്‍ പുറത്തുവരുന്നുള്ളൂ. യുവാക്കളെ ആകര്‍ഷിക്കാന്‍ ഈ പെര്‍ഫക്ഷന്‍ വലിയൊരു അളവോളം കാരണമായി മാറുന്നുവെന്നതാണ് സത്യം. ആശയപരമായി ഇവരെല്ലാം അബൂബക്കര്‍ ബഗ്ദാദിയെ പിന്തുണക്കുന്നവരാണ് എന്നതാണ് മറ്റൊരു വസ്തുത. നിമിഷാര്‍ദ്ധങ്ങള്‍കൊണ്ട് തങ്ങളുടെ എല്ലാ വിവരങ്ങളും ലോകത്താകമാനം പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് ഐ.എസിന്റെ അടുത്തുണ്ട് എന്നുവേണം മനസ്സിലാക്കാന്‍. ഇതുവരെ പറഞ്ഞ വിവിധ തരം മീഡിയകളോടൊപ്പംതന്നെ അഖ്ബാറുല്‍ മുജാഹിദീന്‍ എന്ന പേരില്‍ അവര്‍ക്കിടയില്‍ വളരെ പ്രചാരം നേടിയ ട്വിറ്റര്‍ എക്കൗണ്ടും ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. അബൂബക്കര്‍ ബഗ്ദാദി ഖലീഫയായി സ്ഥാനാരോഹണം ചെയ്ത വിവരം യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. ഐ.എസിനു കീഴില്‍ റേഡിയോ സ്‌റ്റേഷനും സാറ്റലൈറ്റ് ടി.വി സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. മൊസൂളിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ബയാനാണ് അവരുടെ റേഡിയോ സ്‌റ്റേഷന്‍. ലിബിയ കേന്ദ്രീകരിച്ച് തൗഹീദ് എന്ന പേരില്‍ ടി.വി സ്റ്റേഷനും പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഐ.എസ് നടത്തുന്ന നിരന്തരമായ സൈബര്‍ ജിഹാദുകളിലുടെ ഒരു സൈബര്‍ ഖിലാഫത്ത് (ഡിജിറ്റല്‍ ഖിലാഫത്ത്) തന്നെ ഇന്ന് പ്രവര്‍ത്തിക്കുന്നതായി എളുപ്പത്തില്‍ മനസ്സിലാക്കാം. സാധാരണ ഭരണകൂടങ്ങള്‍പോലെ പ്രത്യക്ഷത്തില്‍ മുഖാമുഖമായിട്ടല്ല ഐ.എസ് ഇന്ന് തങ്ങളുടെ അനുയായികളെ നിയന്ത്രിക്കുന്നത്. മറിച്ച് സിറിയയില്‍നിന്ന് ലോകത്തെ മൊത്തം യുവാക്കളെ ഓണ്‍ലൈന്‍ വഴി നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ് ഐ.എസ്. ലക്ഷക്കണക്കിന് ഫോളൊവേഴ്‌സാണ് ഇന്നവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ലൈക് അടിച്ചും ഷയര്‍ ചെയ്തും അവര്‍ ഐ.എസിന് പിന്തുണ അറിയിക്കുകയോ അവരുടെ സന്ദേശങ്ങളെ പ്രചരിപ്പിക്കുകയോ ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter