സിറിയയുടെ കാര്യത്തില്‍ ഇനി എന്തുണ്ട് പ്രതീക്ഷ?
ഞാനൊരു സിറിയക്കാരനല്ല. എന്നാല്‍ ഒരു രാജ്യം മൊത്തം കുട്ടിച്ചോറായി കൊണ്ടിരിക്കുമ്പോള്‍ വെറും ഒരു കാഴ്ചക്കാരനായി തുടരാനും എനിക്കാവില്ല. ഓരോ ദിവസവും സിറയയിലെ അമേരിക്കക്കാരടക്കമുള്ള പലരുടെയും വികാരപ്പെടലുകള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്.
പലരുമായും യുദ്ധത്തിന്‍റെ കെടുതികളെ കുറിച്ചും അത് വരുത്തിയ ഭീകരതകളെ കുറിച്ചും രാത്രി വൈകി വരെയും സംസാരിച്ചിട്ടുണ്ട്. പലരും ഈ ഭരണകൂടം എങ്ങനെയും വീണുപോകണമെന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. ഔദ്യോഗിക പട്ടാളം അവരുടെ തെരുവുകളില്‍ നടത്തിയ അക്രമണങ്ങളുടെ ക്രൂരതയും തീക്ഷണതയും അവരുടെ മനസ്സിലേക്ക് കൂടെ പടര്‍ന്നിരിക്കുന്നു. അടുത്ത ബന്ധുക്കളും ഉറ്റകൂട്ടുകാരും സൈനിക ആക്രമണങ്ങളില്‍ ഇരകളായി പോയതിന്‍റെ ഓര്‍മകളാണ് അവരെ സംസാരിപ്പിക്കുന്നത്. അതിന്‍റെ വേദനകളിലാണ് അവരുടെ സംസാരം തുടങ്ങുന്നത്, ഒടുങ്ങുന്നതും.
യുദ്ധം ഇനിയും ഇങ്ങനെ തുടരുന്നത് ഭയക്കുന്നവരും ഇല്ലാതില്ല. മാസങ്ങള്‍ നീണ്ട യുദ്ധം കൊണ്ട് അവസാനം ആര് എന്ത് നേടി? മധ്യവര്‍ഗസമൂഹത്തിലെ പലരും ചോദിക്കുന്ന ചോദ്യം ഇതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളായ സമൂഹവും ഈ യുദ്ധത്തിന്‍റെ ഭീകരമായ കെടുതികള്‍ ഇനിയും സഹിക്കാനാകില്ലെന്ന് വിലപിക്കുന്നു. തങ്ങളുടെ കുടുംബവും ബന്ധുക്കളും ഇനിയും ഇത് കാരണം നഷ്ടമാകുമോ എന്ന ഭയം അവരുടെ സംസാരത്തെ ഇടയ്ക്ക് മുറിക്കുന്നു.
ഇക്കാലത്തും ഒരു ജനത മൊത്തം അനുഭവിക്കുന്ന മനസ്സങ്കോചത്തിന്‍റെ നേര്‍ചിത്രമുണ്ട് ഈ വാക്കുകളില്‍. പ്രദേശത്തുള്ള അമേരിക്കക്കാരിലുമുണ്ട് ഈ രീതിയില്‍ യുദ്ധത്തെ കുറിച്ചും അതിന്‍റെ തുടര്‍ച്ചയെ കുറിച്ചും വിവിധ അഭിപ്രായം പുലര്‍ത്തുന്നവര്‍.
എന്ത്കൊണ്ട് ഈയൊരു അവസ്ഥ സിറിയക്കാര്‍ക്ക് വന്നുപെട്ടു. എന്തു വിലകൊടുത്തും തങ്ങളുടെ ഭരണം നിലനിറുത്തുന്നതിന് വേണ്ടി ഒരുമ്പെട്ടിരിക്കുന്ന ഭരണകൂടമാണ് ഒരുഭാഗത്ത്. വ്യക്തിപരമായോ മറ്റുമുള്ള താത്പര്യങ്ങളുടെ പുറത്ത് പ്രത്യക്ഷമായി തന്നെ വിഘടനം കാത്തു സൂക്ഷിക്കുന്ന നിരവധി സംഘങ്ങളടങ്ങുന്ന പ്രതിപക്ഷം മറുഭാഗത്തും. അതിനു പുറമെ, പ്രദേശികമായ തങ്ങളുടെ അധികാര താത്പര്യങ്ങളെ മുന്‍നിറുത്തി മാത്രം സിറിയയെ കരുവാക്കുന്ന ചില പ്രാദേശിക-ലോക ശക്തികളുമുണ്ട് കളത്തിനു പുറത്ത്.
അതെ കുറിച്ചുള്ള ചര്‍ച്ച വിടൂ. തങ്ങളുടെതല്ലാത്ത തെറ്റിന് വേണ്ടി ഓരോ ദിവസവും സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വരുന്ന സാധാരണക്കാരായ സിറിയക്കാരെ കുറിച്ച് ആലോചിച്ചു നോക്കൂ.
യുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തുടക്കം മുതലെ പ്രശ്നത്തിനുള്ള പരിഹാരം വളരെ പ്രകടമായിരുന്നു. പരസ്പരം ചര്‍ച്ച ചെയ്തു വ്യക്തി സ്വാതന്ത്ര്യത്തിന് പ്രധാന്യം കൊടുക്കുന്ന ഒരു ഭരണകൂടത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. അത് പക്ഷെ ഇത്രകാലമായിട്ടും ആരും സാധ്യമാക്കിയില്ല. നിലവിലെ സാഹചര്യത്തിലും പ്രശ്നത്തിനുള്ള ഏക പരിഹാരം അത് തന്നെയാണ്. എന്നാല്‍ അതിപ്പോള്‍ നേരത്തെയുണ്ടായിരുന്നതിനേക്കാളും കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു. ഇരുഭാഗവും തങ്ങളുടെ വാശി പ്രയോഗിക്കുന്നു. ഇതിനിടയില്‍ പെട്ട് ആയിരണക്കണക്കിന് വരുന്ന സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടെയിരിക്കുന്നു.
നേരത്തെ അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ രിണ്ടാം ജനീവസമ്മേളനം നടക്കാനിരിക്കുന്നുവെന്ന് സമാധാന പ്രമേകികള്‍ ആശ്വസിച്ചു. സാധാരണക്കാരുടെ നിത്യജീവിതം അതോടെ സുരകഷിതമായി തീരുമെന്ന് അവര്‍ മോഹിച്ചു. എന്നാല്‍ കാര്യം കുഴഞ്ഞ് മറിഞ്ഞു. നീട്ടിവെച്ചു വന്ന സമ്മേളനം ഇനി നടക്കുമെന്ന് തോന്നുന്നില്ല. അതിന്‍റെ സാധ്യത അടഞ്ഞു.
ഇടയ്ക്കാലത്ത് ഔദ്യോഗകി ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത വന്നു. അതു സംബന്ധമായി ഭരണകൂടവും വിമതപക്ഷവും വാദങ്ങളും പ്രതിവാദങ്ങളും നടത്തി. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. പക്ഷെ ഏത് അര്‍ഥത്തില്‍?
പരസ്പരധാരണ രൂപപ്പെടുത്തുക മാത്രമാണ് സിറയിന്‍ പ്രശ്നത്തിനുള്ള പരിഹാരം. ഒരു പക്ഷെ ഒരു അക്രമണം നടത്തി പ്രദേശത്തെ സൈനികമായ അസന്തുലിതത്വത്തെ അമേരിക്കക്ക് പരിഹരിക്കാനായേക്കാം. എന്നാല്‍ ഒരു രാജ്യത്തെ ശാശ്വതമായ സമാധാനം സ്ഥാപിക്കപ്പെടുക സൈനിക ഇടപെടലിലൂടെ അല്ല, മറിച്ച് രാഷ്ട്രീയമായ പരിഹാരങ്ങളിലൂടെയാണ്. ചരിത്രപരമായി തന്നെ വര്‍ഗീയതയും വിഭാഗീയതയും അടിസ്ഥാന സ്വഭാവമായുള്ള സിറിയയെ സംബന്ധിച്ചിടത്തോളം അതമാത്രമാണ് പരിഹാരം. ഒരു പക്ഷെ അത് തന്നെയാണല്ലോ ഈ യുദ്ധത്തെ ഇത്രമാത്രം സങ്കീര്‍ണമാക്കി തുടര്‍ത്തിയതും.
കഴിഞ്ഞ ദിവസം മിഡിലീസ്റ്റ് ഓണ്‍ലൈനില്‍ അമേരിക്കക്കാരനായ ജെയിംസ് സോഗ്ബി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍. മിഡിലീസ്റ്റുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട് സോഗ്ബി. വിവര്‍ത്തനം: മന്‍ഹര്‍ യു.പി കിളിനക്കോട്



Leave A Comment