മിനാ ദുരന്തമൊരു ഓര്‍മപ്പെടുത്തലാണ്.
ലോകമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ദുരന്തമായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച ബലിപെരുന്നാള്‍ ദിനത്തില്‍ പുണ്യനഗരമായ മക്കയിലെ മിനാ താഴ്‌വരയില്‍ സംഭവിച്ചത്. പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്‍കി, ഭാഷ-ദേശാന്തരങ്ങള്‍ക്കതീതമായ ആത്മത്യാഗംചെയ്ത്, മനസും ശരീരവും നാഥനിലര്‍പിച്ച് വിശുദ്ധ മണ്ണിലെത്തിയ ലക്ഷക്കണക്കിനു അതിഥികളില്‍ ഏതാനും ചിലരുടെ ഭൗതിക ജീവനപഹരിച്ച വന്‍ ദുരന്തം നമ്മുടെ മനസകങ്ങളെയെല്ലാം വേദനിപ്പിക്കുന്നതാണ്. രണ്ടാഴ്ച മുമ്പ് ഹറം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തത്തിന്റെ വേദന വിട്ടുമാറും മുമ്പേയായിരുന്നു ഈയൊരു ദുരന്തം കൂടിയെന്നത് ആഘാതത്തിന്റെ തോത് വര്‍ധിപ്പിച്ചതു സ്വാഭാവികം.
കുറ്റമറ്റ സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് മുന്‍വര്‍ഷങ്ങളിലെ പോലെത്തന്നെ ഈ വര്‍ഷവും ഹജ്ജ്കര്‍മ്മത്തിനെത്തിയ തീര്‍ഥാടകര്‍ക്കായി സഊദി സര്‍ക്കാര്‍ സംവിധാനിച്ചിരുന്നത്. എഴുപതിനായിരത്തിലധികം കാമറക്കണ്ണുകളുടെ നിരീക്ഷണം, ഒരുലക്ഷം സൈനികരുടെ കൈമെയ് മറന്ന സേവനങ്ങള്‍, ബോധവത്കരണങ്ങള്‍, തീവ്രവാദഭീഷണി മുന്‍നിറുത്തി പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍, കൂടാതെ അല്ലാഹുവിന്റെ അതിഥികള്‍ക്കുള്ള പ്രത്യേക ദൈവിക സാമീപ്യവും. എന്നിട്ടും, പുണ്യഭൂമിയിലെത്തിയവര്‍ക്ക് മിനായുടെ മണല്‍തിട്ടകള്‍ എങ്ങനെ പരീക്ഷണങ്ങളുടെ ഭൂമികയായി എന്ന അസ്വസ്ഥ ചിന്തയാണ് പലരെയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ആത്മത്യാഗമാണ്; ഇലാഹീമാര്‍ഗത്തില്‍ സര്‍വവും ത്യജിക്കാന്‍ സന്നദ്ധത കാണിച്ച ഇബ്‌റാഹീം ജനതയുടെ (വൈയക്തിക തലത്തിലുപരി, ഒരു ജനതയായാണല്ലോ ഇബ്‌റാഹീം നബിയെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.) അമരസ്മരണയാണത് മുന്നോട്ടുവയ്ക്കുന്ന പ്രമേയങ്ങളില്‍ മുഖ്യം. സര്‍വവും ത്യജിച്ച് അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കിയാണ് ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തുന്നത്. സുഖാഡംബരങ്ങള്‍ വെടിഞ്ഞ്, ദേശത്യാഗം വരിച്ച് മരണത്തിന് കീഴടങ്ങുന്ന പോലെ ഒരോ ഹാജിയും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഹിജാസ് മരുഭൂമിയിലെത്തുന്നു. ഒരര്‍ഥത്തില്‍, മരിക്കുന്നതിനു മുന്‍പ് മറ്റൊരു മരണത്തിനു തുല്യമായ തയാറെടുപ്പുകളാണ് ഹജ്ജിനായി വിശ്വാസികള്‍ നടത്തുന്നത്. അതുകൊണ്ടാണ് ആറടി മണ്ണിലേക്ക് യാത്ര പോകുമ്പോള്‍ ധരിക്കുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ ഹജ്ജ് വേളയില്‍ ഹാജിമാര്‍ ധരിക്കുന്നത്. ആത്മത്യാഗത്തിനും സമ്പൂര്‍ണ സമര്‍പ്പണത്തിനും ഹജ്ജ് അനുഷ്ഠാനത്തിലൂടെ ഹൃദയം പാകപ്പെടുത്തുന്ന വിശ്വാസിക്ക് പരീക്ഷണങ്ങളും പ്രതിബന്ധങ്ങളുമൊക്കെ തരണം ചെയ്യാനുള്ള മനക്കരുത്തുണ്ടാകണമെന്നതാണ് മതകീയ താത്പര്യം.
ഹാജിമാരുടെ സംഘമൃത്യുവിന് വഴിവച്ച ദുരന്തങ്ങളുടെ കാരണങ്ങളും പാളിച്ചകളും നൂലിഴ കീറി ചര്‍ച്ചാവിധേയമാക്കുന്നതിന് പകരം, ദൈവനിശ്ചയ പ്രകാരം സംഭവിച്ച ഈ മഹാദുരന്തം ഒരു പരീക്ഷണമായും മുന്നറിയിപ്പായും നാം മനസിലാക്കണം. നമ്മുടെ വിശ്വാസങ്ങളെ രൂഢമൂലമാക്കാനും ആത്മാവിനെ പാകപ്പെടുത്താനുമുള്ള അവസരം കൂടിയാണ് ഇത്തരം ദുരന്തങ്ങള്‍. ഇസ്‌ലാമിലെ ആരാധനാനുഷ്ഠാനങ്ങളുടെ മഹത്തായ പാഠങ്ങളില്‍ പ്രധാനമായൊരു ഘടകം അച്ചടക്കവും ആത്മനിയന്ത്രണവും പരിശീലിപ്പിക്കലാണ്.
വിശ്വാസിയുടെ കര്‍മങ്ങള്‍ സമചിത്തതയോടെയും സമാധാനത്തോടെയും ഒപ്പം ആത്മനിയന്ത്രണത്തോടെയുമല്ലെങ്കില്‍ അനിഷ്ട സംഭവങ്ങളിലായിരിക്കും പര്യവസാനമെന്നതിന് ചരിത്രം തന്നെ സാക്ഷി.
അത്യുന്നമായ ദൗത്യനിര്‍വഹണത്തിനിടയില്‍ ഉണ്ടാകുന്ന ചില ദൗര്‍ബല്യങ്ങള്‍ എന്നും നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും കഥകളാണ് നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. ഹിജ്‌റ മൂന്നാം വര്‍ഷം ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു. നിയമ ലംഘനം നടത്തുകയും ആത്മനിയന്ത്രണത്തിന്റെ പാത സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ഉഹുദിന്റെ ഗതിമാറ്റത്തിനു ഹേതുകം. ആദ്യഘട്ടത്തിലെ സമുജ്ജ്വല വിജയത്തോടെ പര്യവസാനിക്കേണ്ടിയിരുന്ന പ്രസ്തുത യുദ്ധം, മലമുകളില്‍ വിന്യസിക്കപ്പെട്ട മുസ്‌ലിം സൈനികര്‍ പ്രവാചകരുടെ കല്‍പന മാനിക്കാതെ താഴെയിറങ്ങിയതോടെ കീഴ്‌മേല്‍ മറിഞ്ഞു.
പരീക്ഷണങ്ങളും അടിക്കടിയുള്ള ദുരന്തങ്ങളുമൊക്കെ വിശ്വാസിക്ക് സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും പാതകളാണ് കാണിച്ചുതരുന്നത്. നിത്യപരീക്ഷണങ്ങളും പ്രതിബന്ധങ്ങളും വിശ്വാസികളുടെ കൂടെയുണ്ടാകുമെന്നാണ് പ്രവാചകാധ്യാപനം. മനുഷ്യര്‍ ഒരുക്കുന്ന സകല സംവിധാനങ്ങളും അപ്രസക്തമാക്കും വിധം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പരസ്പരം പഴിചാരുകയോ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രോഷപ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നതിലര്‍ഥമില്ല; അല്ലാഹുവിന്റെ അതിഥികളെ അവന്‍ തന്നെ അപായപ്പെടുത്തുകയോ എന്ന സന്ദേഹവും അപ്രസക്തം. 'സത്യവിശ്വാസികളേ, സഹനവും നിസ്‌കാരവും കൊണ്ട് നിങ്ങള്‍ സഹായമര്‍ഥിക്കുക. അല്ലാഹു സഹനശീലരോടൊപ്പമാകുന്നു. അല്ലാഹുവിന്റെ വഴിയില്‍ കൊല്ലപ്പെടുന്നവരെപ്പറ്റി അവര്‍ മരിച്ചവരാണ് എന്നു നിങ്ങള്‍ പറയരുത്. പ്രത്യുത, ജീവിച്ചിരിക്കുന്നവരാണവര്‍. പക്ഷേ, നിങ്ങളതറിയുന്നില്ല. ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്കനീ ദൗര്‍ലഭ്യം തുടങ്ങി ചിലതുവഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.
വല്ല വിപത്തും സംഭവിക്കുമ്പോള്‍ 'ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്കു മടങ്ങുന്നവരുമാണ്' എന്നു പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക. തങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും അവരില്‍ വര്‍ഷിക്കും. അവര്‍ തന്നെയത്രേ സന്മാര്‍ഗം കൈവരിച്ചവര്‍.' (അല്‍ ബഖറ: 153-157) മിനാദുരന്തമുള്‍പ്പെടെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ വിശ്വാസി കൈക്കൊള്ളേണ്ട മനോനിലയെ പ്രഘോഷണം ചെയ്യുന്ന ഈ സൂക്തങ്ങള്‍ക്കു മുമ്പും ശേഷവും ഹജ്ജ് സംബന്ധമായ വിഷയങ്ങളാണ് പ്രതിപാദ്യമെന്നതും ചിന്താര്‍ഹമാണ്.
സ്വന്തം അതിഥികളെ നിര്‍ദാക്ഷിണ്യം കുരുതി നല്‍കുന്നതിനു പകരം, വീരോചിതമായ വരവേല്‍പ്പാണ് പരലോകത്തേക്കവര്‍ക്ക് അല്ലാഹു നല്‍കിയിരിക്കുന്നത്. ഇലാഹീമാര്‍ഗത്തില്‍ കച്ചകെട്ടിയിറങ്ങി, നവജാതശിശുവിനെപ്പോലെ പാപരഹിതമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഏതു വിശ്വാസിയെയാണ് പുളകം കൊള്ളിക്കാതിരിക്കുക? ഇത്തരം ദുരന്തങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മാവിനെ പാകപ്പെടുത്തിവയ്ക്കാനുള്ള സുവര്‍ണാവസരമാണ്. പരീക്ഷണങ്ങളില്‍ ക്ഷമിക്കാനും ദൈവവിശ്വാസം രൂഢമൂലമാക്കാനുമുള്ള സാഹചര്യം ഇതിലൂടെ നാം ആര്‍ജ്ജിച്ചെടുക്കണം.
ഹറമിലെ ക്രെയിന്‍ ദുരന്തത്തില്‍ മരണം വരിച്ചൊരു ഈജിപ്ഷ്യന്‍ തീര്‍ഥാടകന്റെ മോഹനവാര്‍ത്തയും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുന്നു. ജീവിതാഭിലാഷമായ ഹജ്ജ് നിര്‍വഹണത്തിന് ദീര്‍ഘനാളായി ധനശേഖരണം നടത്തിവരികയായിരുന്ന അദ്ദേഹം, ഉപജീവന മാര്‍ഗമായ ചെറുകൃഷിഭൂമിയും വിറ്റതിനു ശേഷമാണ് പുണ്യഭൂമിയിലേക്കു യാത്രതിരിക്കുന്നത്. 'നിന്റെ പെണ്‍മക്കളുടെ സംരക്ഷണം ഇനിയാര് ഏറ്റെടുക്കും' എന്നുത്കണ്ഠപ്പെട്ട ബന്ധുക്കളോട് 'സര്‍വശക്തനായ അല്ലാഹു തന്നെ' എന്ന മറുപടി ദൃഢസ്വരത്തിലായിരുന്നു. തീര്‍ഥാടനവേളയില്‍ താന്‍ മരിച്ചാല്‍ പുണ്യഭൂമിയില്‍ തന്നെ മറവുചെയ്യണമെന്ന അന്ത്യാഭിലാഷം, രക്തസാക്ഷ്യമെന്ന അസുലഭ ലാഭത്തോടെ അദ്ദേഹത്തിനു നാഥന്‍ സാക്ഷാത്കരിച്ചുകൊടുത്തു; അല്ലാഹുവില്‍ ഭാരമേല്‍പ്പിച്ച കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടി, നഷ്ടപരിഹാരത്തുകയായി ലഭിക്കുന്ന ഇരുപതുലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടും! 'അല്ലാഹുവിന്റെ ഔദാര്യമാണത്; താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അതിമഹത്തായ ഔദാര്യനേ്രത അല്ലാഹു.' (ജുമുഅ:4)
ഏതായാലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശുദ്ധ ഹജ്ജിനെത്തി അപ്രതീക്ഷിത മരണം ഏറ്റുവാങ്ങിയ സര്‍വ തീര്‍ഥാടകര്‍ക്കും ദയാനിധിയായ അല്ലാഹു രക്തസാക്ഷിത്വവും പാരത്രികവിജയവും പ്രദാനം ചെയ്യട്ടെ. ബന്ധുമിത്രാദികള്‍ക്ക് മനഃസമാധാനവും ക്ഷമയും സാന്ത്വനവും നല്‍കി അനുഗ്രഹിക്കട്ടെ.
(മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് മസ്ജിദില്‍ ഡോ. നദ്‌വി നടത്തിയ ജുമുഅ ഖുത്വ്ബയുടെ സംഗ്രഹം.)
Leave A Comment