ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഹിന്ദുത്വത്തെ തിരയുന്നവര്‍
1980കള്‍ മുതല്‍ക്കു തന്നെ ഭാരതാംബയുടെ മണ്ണിലും സ്വത്വരാഷ്ട്രീയമെന്ന ചിന്താഗതി മുഖം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഷാബാനു പ്രശ്‌നവും രാമക്ഷേത്ര വിവാദവും രഥയാത്രകളും ഭാരതീയ പൗരന്മാരുടെ സ്വത്വബോധത്തിന് ആക്കം കൂട്ടി. സ്വത്വബോധം പകര്‍ന്നു നല്‍കിയ ഉര്‍ജ്ജത്തില്‍ നിന്നാണ് സംഘ് ശക്തികള്‍ക്ക് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ 'ഹിന്ദുത്വ രാഷ്ട്ര'മെന്ന വാദത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുന്നത്. ഈയൊരു ലക്ഷ്യാവിഷ്‌കാരത്തിന്റെ തുടക്കമായിരുന്നു 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ രാഷ്ട്രം ദര്‍ശിച്ചത്. 1990കളില്‍ ഭാരതീയ ജനതാപാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷിയെ കൊണ്ട് ഇങ്ങനെ പറയിച്ചതും ഈയൊരു സ്വത്വബോധം തന്നെ. ''നാമെല്ലാവരും ഹിന്ദുക്കളാണ്, മുസ്‌ലിംകള്‍ അഹ്മദിയ്യ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ ക്രൈസ്തവ ഹിന്ദുക്കള്‍, ബുദ്ധരും, ജൈനരും, സിഖുകാര്‍എല്ലാവരും ഇത്തരത്തിലുള്ള ഹിന്ദുക്കള്‍ തന്നെ''. ആര്‍.എസ്.എസ്. ബുദ്ധരെയും ജൈനരെയും സിഖുുകാരെയും ഹൈന്ദവതയുടെ അവാന്തര വിഭാഗങ്ങളായേ ഗണിച്ചിരുന്നുള്ളൂ. എന്നാല്‍ ആര്‍.എസ്.എസിന്റെ പഴയ കാല സര്‍സംഘചാലക് ആയിരുന്ന സുദര്‍ശന്റെ നിലപാട് കുറച്ച് കൂടി രസകരമായിരുന്നു: ''സിഖിസം ഒരു മതം തന്നെയല്ല. സാക്ഷാല്‍ ഹിന്ദുമതത്തിന്റെ ഒരു അവാന്തര വിഭാഗം മാത്രമാണ് സിഖിസം'' ഈ പ്രസ്താവന സിഖുകാരന്റെ ഈറ്റില്ലമായ പഞ്ചാബില്‍ ഏറെ പ്രതിഷേധങ്ങളും കോലാഹലങ്ങളും സൃഷ്ടിച്ചത് സ്വാഭാവികം മാത്രം. ഏതായിരുന്നാലും നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തോടെ ഹൈന്ദവതയെ ദേശീയ സ്വത്വമാക്കി അവതരിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ശ്രമങ്ങള്‍ക്ക് പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ്.
മോദിയുടെ ആഗമനത്തോടെ ആര്‍.എസ്.എസിന്റെ ഹിന്ദുത്വവാദംശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ.് ''ക്രിസ്ത്യാനികള്‍ ക്രൈസ്തവ ഹിന്ദുക്കളാണ്'' എന്ന ഗോവന്‍ ഉപമുഖ്യമന്ത്രിയായ ബി.ജെ.പി അംഗം ഫ്രാന്‍സിസ് ഡിസൂസ എന്ന ക്രിസ്ത്യാനിയുടെ വാക്കുകള്‍ ഇതിന്റെ പ്രഥമ പ്രതിഫലനമായി വേണം കാണാന്‍. അര്‍.എസ്.എസ് അപ്പോസ്തലന്‍ മോഹന്‍ ഭഗവത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജല്‍പനവും ഇതു തന്നെ ''ലോകം മുഴുന്‍ ഭാരതീയരെ ഹിന്ദുക്കളായി അംഗീകരിക്കുന്നു. അത് കൊണ്ട് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. ഇംഗ്ലണ്ടില്‍ വസിക്കുന്നവരെ നാം ഇംഗ്ലീഷുകാരെന്നു വിളിക്കുന്നു, ജര്‍മനിയില്‍ താമസിക്കുന്നവര്‍ ജര്‍മന്‍കാരാണ്, യു.എസ്.എയിലെ താമസക്കാരാണ് അമേരിക്കന്‍സ്. പിന്നെ ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെ ഹിന്ദുവെന്ന് വിളിക്കാന്‍ നമുക്ക് എന്താണ് തടസ്സം, അത് കൊണ്ട് നാമവരെ ഹിന്ദുക്കള്‍ എന്നു വിളിക്കുന്നു. 'ഹിന്ദു' എന്ന പദത്തെയും 'ഹിന്ദുത്വം' എന്ന പദത്തെയും വിചിത്രമായ രീതിയില്‍ സംയോജിപ്പിക്കാനും ഇയാള്‍ക്ക് മടിയില്ല. ഇയാള്‍ പറയുന്നത് കാണുക: ''എല്ലാ ഭാരതീയ പൗരന്മാരുടെയും സാംസ്‌കാരിക സ്വത്വം സ്ഥിതി ചെയ്യുന്നത് ഹിന്ദുത്വത്തിലാണ്. അത് കൊണ്ട് എല്ലാ ഭാരതീയരും ഈയൊരു മഹാ സംസ്‌കൃതിക്ക് വഴിപ്പെടേണ്ടതുണ്ട്''്. അതായത് എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ മാത്രമല്ല ഹിന്ദുത്വര്‍ കൂടിയാണ്. (ഈ പദങ്ങളുടെ ഉത്ഭവ ചരിത്രം പരിശോധിച്ചാല്‍ ഇതിലെ വൈചിത്ര്യം വ്യക്തമാകും). ഇവരുടെ ജല്‍പനങ്ങള്‍ക്ക് പിറകില്‍ മറഞ്ഞ് കിടക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ മറ നീക്കി പുറത്ത് വരുന്നത് ഗോവന്‍ സഹകരണ മന്ത്രി ദീപക് ദാവലികറുടെ വാക്കുകളിലൂടെയാണ്: ''നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തോടെ 'ഹിന്ദു രാഷ്ട്രം' എന്ന സ്വപ്നത്തിലേക്കുള്ള അകലം കുറഞ്ഞിരിക്കുന്നു''
'ഹിന്ദു', 'ഹിന്ദുത്വം', 'ഹിന്ദു രാഷ്ട്രം' എന്നീ മൂന്ന് പദങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ജല്‍പനങ്ങളും വളരെ വ്യവസ്ഥാപിതമായി ആസൂത്രണം ചെയ്യപ്പെട്ട ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ്. ഈ മൂന്ന് പദങ്ങളുടെയും രൂപാന്തര ചരിത്രവും അവയുമായി ബന്ധപ്പെട്ട ആധുനിക അവകാശ വാദങ്ങളും വിശകലന വിധേയമാക്കപ്പെടേണ്ടതുണ്ട്. 'ഹിന്ദു' എന്ന പദത്തിന്റെ പരിണാമത്തിനു പിന്നില്‍ വളരെ നീണ്ട ചരിത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ അതിന്റെ ഉപയോഗം തന്നെ പരിവര്‍ത്തനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി 'ഹിന്ദു' എന്ന പദത്തെ ഇന്ന് 'ഹിന്ദുത്വ'വുമായി കൂട്ടി കലര്‍ത്തപ്പെടുന്നു. 'ഹിന്ദുത്വ'ത്തി ലൂടെ അത് 'ഹിന്ദു രാഷ്ട്ര'മെന്ന സംഘ്പരിവാര്‍ അജണ്ടയിലെത്തിച്ചേരുന്നു. ഈ പദപ്രയോഗങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന ദേശീയതക്കനുസൃതമായി സംഘ് ശക്തികള്‍ വ്യവസ്ഥാപിതമായി രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്.
'ഹിന്ദു'വെന്ന പദത്തിന്റെ പ്രഭവ കേന്ദ്രം തേടിയിറങ്ങിയാല്‍ നമ്മളെത്തുക പൗരാണിക അറബികളിലേക്കാണ്. എട്ടാം നൂറ്റാണ്ട് വരെ ഹൈന്ദവ വേദഗ്രന്ഥങ്ങളെന്ന് വിളിക്കപ്പെട്ടിരുന്ന ഒരു ഗ്രന്ഥത്തിലും ഹിന്ദു എന്ന പദം ഉപയോഗിക്കപ്പെട്ടതായി കാണുന്നില്ല എന്നത് ഏറെ ശ്രദ്ധാര്‍ഹമായ കാര്യമാണ്. പിന്നെ ആരാണ് ആദ്യമായി ഈ പദമുപയോഗിച്ചത് അറബികളുടെയും മിഡ്ല്‍ ഈസ്റ്റ് മുസ്‌ലിംകളുടെയും ഭാരതത്തിലേക്കുള്ള ആഗമനത്തോ ടെയാണ് 'ഹിന്ദു' എന്ന പദപ്രയോഗത്തിന്റെ ചരിത്രമാരംഭിക്കുന്നത്. സിന്ധു നദിക്ക് കിഴക്ക് വശത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ അവര്‍ 'ഹിന്ദു' എന്നു വിളിച്ചു. അവര്‍ ഇങ്ങനെ ഉപയോഗിച്ചത് ഒരു മതത്തെയൊ സംസ്‌കൃതിയെയോ കുറിക്കാന്‍ വേണ്ടിയായിരുന്നില്ല. മറിച്ച് ഭൂമി ശാസ്ത്രപരമായ ഒരു വേര്‍തിരിവിനു വേണ്ടി മാത്രമായിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മധ്യേഷ്യയില്‍ ഇന്ത്യയെ കുറിക്കാന്‍ 'ഹിന്ദുസ്ഥാന്‍' എന്ന പദമാണ് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ മിസ്റ്റര്‍ ഭഗവത് പറഞ്ഞത് പോലെ ലോകം മുഴുവന്‍ ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്നല്ല വിളിക്കുന്നത്. മാത്രമല്ല, ഹിന്ദുസ്ഥാന്‍ എന്നു വിളിക്കുന്നവര്‍ അങ്ങനെ വിളിക്കുന്നത് ഭഗവത് പറഞ്ഞ കാരണം കൊണ്ടുമല്ല, അത് ഭൂമി ശാസ്ത്രപരമായ ഒരു വിവേചനം മാത്രം. സൗദി അറേബ്യയില്‍ ഹജ്ജിനു പോകുന്ന ഇന്ത്യക്കാരായ മുസ്‌ലിംകളെ കുറിക്കാന്‍ പോലും 'ഹിന്ദി' എന്ന പദമാണ് ഇന്നും ഉപയോഗിക്കുന്നത്. ഗണിത ശാസ്ത്രത്തിലെ ഒരു പ്രധാന ഭാഗത്തെ ഇന്നും അറബികള്‍ 'ഹിന്ദ്‌സ' എന്ന പദം കൊണ്ട് ഉപയോഗിക്കുന്നത് അത് ഇന്ത്യയില്‍ നിന്നും വന്നു എന്ന ഒറ്റക്കാരണത്താലാണ്. അല്ലാതെ ഈ വാക്കിന് ഏതെങ്കിലും സംസ്‌കാരവുമായോ മതവുമായോ ഒരു ബന്ധവുമില്ല.
ബ്രാഹ്മണരുടെയും ബുദ്ധരുടെയും ആചാരങ്ങളും മേല്‍പറഞ്ഞതില്‍ നിന്നും വളരെ വ്യതിരക്തമായിരുന്നു. ബ്രാഹ്മണര്‍ തങ്ങള്‍ ജന്മം കൊണ്ട് തന്നെ മഹത്വമുള്ളവരായി എന്ന് വാദിച്ചപ്പോള്‍ ബുദ്ധര്‍ ഇവരുടെ ശക്തരായ എതിരാളികളായി നിലകൊണ്ടു. മൊത്തത്തില്‍ നേരത്തെ ഇന്ത്യയില്‍ പൊതുവായ ഒരു ഏകീകൃത സംസ്‌കാരം നിലവിലുണ്ടായിരുന്നു എന്ന വാദം അര്‍ഥ ശൂന്യവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതു മാണ്. കുടിയേറ്റങ്ങളിലൂടെയും ആശയ വിനിമയങ്ങളിലൂടെയും സംസ്‌കാരങ്ങള്‍ നിരന്തരം പരിഷ്‌കൃതമായി ക്കൊണ്ടിരിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടും യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു പൗരാണിക ഏകീകൃത സംസ്‌കൃതിക്ക് വേണ്ടി വാദിക്കുന്നതിലെ വങ്കത്തരം എത്ര ഭീകരം !
അന്വേഷണം 'ഹിന്ദുത്വ'ത്തിലേക്ക് നീളുകയാണെങ്കില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ മൂവ്‌മെന്റിന് ബദലായി വന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉയിര്‍പ്പോടെയാണ് 'ഹിന്ദുത്വം' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത ഹിന്ദു-മുസ്‌ലിം ഫ്യൂഡല്‍ പ്രഭുക്കളിലൂടെയാണ് രാജ്യം ആദ്യമായി വര്‍ഗീയതയെ അഭിമുഖീകരിക്കുന്നത്. കോണ്‍ഗ്രസ് വിരോധത്തില്‍ ഹൈന്ദവ മതധാരയില്‍ നിന്നും ഉയിര്‍കൊണ്ട സിദ്ധാന്തത്തെയാണ് 'ഹിന്ദുത്വം' എന്ന് വിളിക്കപ്പെട്ടത്. 1924ല്‍ സവര്‍ക്കറാണ് ഈ ആശയത്തെ പൊതുധാരയിലേക്ക് കൊണ്ടുവന്നത്. സവര്‍ക്കറുടെ വീക്ഷണപ്രകാരം ഇന്ത്യയെ വിശുദ്ധ നഗരവും മാതൃരാജ്യവുമായി കാണുന്നവര്‍ മാത്രമാണ് ഹിന്ദുക്കള്‍. ഭൂപ്രദേശത്തിലും സാംസ്‌കാരത്തിലും വര്‍ഗത്തിലുമടക്കം പരിപൂര്‍ണമായ ഹൈന്ദവതയെയാണ് 'ഹിന്ദുത്വം' ദ്യോതിപ്പിക്കുന്നത്. 'ഹിന്ദുത്വ'ത്തിന് ഈ രീതിയില്‍ വ്യാഖ്യാനങ്ങള്‍ നല്‍കുമ്പോഴും സവര്‍ക്കറുടെ ശ്രദ്ധ 'ഹിന്ദുരാഷ്ട്ര'ത്തിലായിരുന്നു. കാരണം 'ഹിന്ദുത്വ'ത്തിന്റെ പ്രാധാന ലക്ഷ്യം അതായിരുന്നുവല്ലോ. സവര്‍ ക്കറുടെ 'ഹിന്ദുരാഷ്ട്ര'മെന്ന ഈ സ്വപ്നമാണ് 1925ല്‍ ആര്‍.എസ്.എസ് തങ്ങളുടെ പ്രഖ്യാപിത അജണ്ടയായി സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ മൂവ്‌മെന്റ് ലക്ഷ്യം വെക്കുന്ന സമ്പൂര്‍ണ ജനാധിപത്യ മതേതര രാഷ്ട്രമെന്ന ആശയത്തിന് തുരങ്കം സൃഷ്ടിക്കാനുള്ള ചുവട് വെപ്പുകളാണ് ''ഹിന്ദുരാഷ്ട്ര''മെന്ന ആശയത്തിലൂടെ ആര്‍ എസ് എസ് മുന്നോട്ട് വെച്ചത്.
മതം തനിച്ച് ഒരു ജീവിതമാര്‍ഗമല്ല. എന്നാല്‍ ഭാഷകളും പ്രാദേശിക സാംസ്‌കാരിക വ്യതിയാനങ്ങളും ഒരുമിച്ചു ചേരുമ്പോഴാണ് മതങ്ങള്‍ ജീവിതപാതയായി മാറുന്നത്. ഹിന്ദുത്വ വാദികള്‍ പറയുന്നത് പ്രകാരം ഹൈന്ദവത ഒരു 'ജീവിത മാര്‍ഗ'മാണ്. ഭാരതത്തില്‍ ജീവിക്കുന്നവര്‍ക്ക് ഈ ജീവിത രീതിയെ അവലംബിക്കല്‍ അനിവാര്യമാണ്. ഭാഷയും ദേശവും സംസ്‌കൃതിയുമില്ലാതെ എങ്ങനെയാണ് ഒരു മതം ജീവിത മാര്‍ഗമായി മാറുക. അതൊരിക്കലും സാധ്യമല്ല. എന്നാല്‍ മതം ഒരു ജീവിത രീതിയുടെ ഭാഗമാണ്. മതവും കൂടി ജീവിത രീതിയുടെ ഭാഗമാകുമ്പോഴാണ് ജീവിതം അര്‍ഥ പൂര്‍ണമാകുന്നത്.
ജനാധിപത്യരാഷ്ട്രത്തിന്റെ പരമോന്നത ഭരണസിരാകേന്ദ്രമായ നിയമനിര്‍മാണസഭകളില്‍ അരങ്ങേറിയ നിരന്തര വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഭാരതത്തിന്റെ രാഷ്ട്രീയ അസ്ഥിത്വത്തില്‍ ഒരു തീരുമാനത്തിലെത്താനായത്. 'ഇന്ത്യ' അല്ലെങ്കില്‍ 'ഭാരതം' എന്നിങ്ങനെയുള്ള പക്ഷരഹിത വാക്കു കൊണ്ട് ഭാരതത്തെ വിശേഷിപ്പിക്കുക എന്ന പ്രഖ്യാപനമായിരുന്നു ആ തീരുമാനം. ഇന്ന് 'ഹിന്ദു' ഒരു ദേശീയമോ പ്രാദേശികമോ ആയ മേല്‍വിലാസത്തിനു വേണ്ടിയല്ല ഉപയോഗിക്കപ്പെടുന്നത്. മറിച്ച് പ്രഥമ ദൃഷ്ട്യാ അതൊരു മതത്തിന്റെ സ്വത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭൂമിശാസ്ത്രപരമായി എല്ലാ ഭാരതീയരും തങ്ങള്‍ സ്വയം 'ഹിന്ദു'വാണെന്ന് പ്രഖ്യാപിക്കണമെന്ന വാദം, പിന്നീട് തങ്ങളുടെ പൂര്‍വ്വീകരെ പോലെ തങ്ങളും ഹിന്ദുക്കളാണെന്നും ഗീതയും മനുസ്മൃതിയും തങ്ങളുടെ കൂടി വേദഗ്രന്ഥങ്ങളാണെന്നും ഗോമാതാവാണ് തങ്ങളുടെ ദേശീയ മൃഗമെന്നും ശ്രീ രാമനാണ് ആരാധ്യപാത്രമെന്നും പറയിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ തുടക്കമായിട്ട് വേണം കണക്കാക്കാന്‍.
''നാമെല്ലാവരും ഹിന്ദുക്കളാണെ''ന്നതില്‍ തുടങ്ങി'ഹിന്ദുരാഷ്ട്ര'ത്തിലൂടെ ഹൈന്ദവാചാര്യന്മാരെയും പുരോഹിതരെയും പിന്‍പറ്റാനാവശ്യപ്പെടുന്നിടത്തേക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കാനുള്ള ആസൂത്രിത നീക്കം വളരെയധികം ഭീതിജനകം തന്നെ. കേവലം ഒരു മതത്തിന്റെ മാത്രം സ്വത്വത്തിലേക്കാണ് 'ഹിന്ദു' എന്ന പദം വിരല്‍ ചൂണ്ടുന്നതെന്നും 'ഇന്ത്യ'യെന്ന പദത്തിലൂടെയാണ് ഭാരതത്തിന്റെ സ്വത്വത്തെ കുറിക്കേണ്ടതെന്നും ഭരണഘടന വളരെ വ്യക്തമായി പറയുമ്പോഴാണ് വര്‍ഗീയ കക്ഷികളുടെ ഈ ഗൂഢശ്രമങ്ങളെന്നത് ഏറെ ലജ്ജാവഹം തന്നെ. സ്വാതന്ത്ര്യസമരത്തെക്കുറിച്ചോ ഭരണഘടനയെ വിശ്വാസത്തിലെടുക്കുന്നതിനെക്കുറിച്ചോ ഒരക്ഷരം ഉരിയാടാന്‍ ഒരു ആര്‍.എസ്. എസുകാരനും കഴിയില്ല. കാരണം അവരുടെ അജണ്ട നടപ്പാക്കണമെങ്കില്‍ ഈ ഭാരതത്തെ 'ഇന്ത്യ' എന്ന സ്വത്വത്തില്‍ നിന്നു ''ഹിന്ദുത്വ''ത്തിലേക്ക് എത്തിക്കണം. അതാണെങ്കില്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധവുമാണ്.
ആര്‍. എസ്. എസ് പരിശീലന ക്ലാസുകളില്‍ അരങ്ങേറുന്ന ചര്‍ച്ചകളില്‍ നിന്നും അവരുടെ ദീര്‍ഘകാലപദ്ധതികളിലെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കുമെന്ന് വളരെ വ്യക്തമാണ്. ഒരു ചോദ്യോത്തരവേളക്കിടെ ഒരു സ്വയംസേവക് ദീര്‍ഘകാലമായി ആര്‍.എസ്.എസിന്റെ സന്തതസഹചാരിയായി നേതൃനിരയില്‍ തുടരുന്ന യാദവ് റാവു ജോഷിയോട് ചോദിച്ചു: നാം പറയുന്നു ആര്‍ എസ് എസ് ഒരു ഹിന്ദു സംഘടനയാണ്, ഭാരതം ഹിന്ദുരാഷ്ട്രമാണ്, അത് ഹൈന്ദവന്റെ അവകാശമാണ് എന്ന്. എന്നാല്‍ സ്വരാജ്യ സ്‌നേഹം സൂക്ഷിക്കുന്ന കാലത്തോളം മുസ്‌ലിമിനും ക്രൈസ്തവനും ഭാരതത്തില്‍ യാതൊരു ഭയപ്പാടുകളുമില്ലാതെ വസിക്കാമെന്നും നാം കൂട്ടിച്ചേര്‍ക്കുന്നു. എന്തിന് വേണ്ടിയാണ് നാമീ ആനുകൂല്യം അവര്‍ക്ക് പതിച്ചു നല്‍കുന്നത്? നാമിതിനെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഹിന്ദുമതം സ്വീകരിക്കലല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് വ്യക്തമല്ലേ? എന്നിട്ടുമെന്തിന് നാം മടിച്ചു നില്‍ക്കണം! ജോഷി മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു: നിലവില്‍, മുസ്‌ലിമിനോടും ക്രൈസ്തവനോടും മുഖം നോക്കി ഹിന്ദുവാകാന്‍ ആജ്ഞാപിക്കാനോ അംഗീകരിപ്പിക്കാനോ അവരെ ഉന്മൂലനം ചെയ്യാനോ ഉള്ള ത്രാണി ആര്‍ എസ് എസിനോ ഹിന്ദു സമൂഹത്തിനോ ഇല്ല. എന്നാല്‍ ഒരുകാലത്ത് തീര്‍ച്ചയായും അതിനുള്ള ശേഷിയും ഊര്‍ജവും കൈവരും, അന്ന് നാമവരോട് അങ്ങനെ പറയുകയും ചെയ്യും.
ഒമ്പത് ദശാബ്ദകാലമായി സംഘ് ശക്തികള്‍ ഊണിലും ഉറക്കിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന ജല്‍പനങ്ങളിലേക്കുള്ള അകലം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലെ മോദിയുടെ അധികാരാരോഹണത്തോടെ ആര്‍ എസ് എസ് അപ്പോസ്തലന്മാരും അനുയായികളും ചാനല്‍ സംവാദങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായ ഭരണഘടനാ മൂല്യങ്ങള്‍ക്ക് ക്ഷതമേല്‍പിക്കുന്നതാണെന്ന് വ്യക്തമല്ലേ, എന്നിട്ടും അവര്‍ക്ക് ഇവിടെ ഭീഷണിയായി ഒന്നുമില്ലല്ലോ? കാരണം ഭരണം തങ്ങളുടെ ശിങ്കിടികളുടെ കൈയ്യിലാണെന്നതു തന്നെ. അത് കൊണ്ട് തന്നെ പൊതുജനം ഇനിയും ഉറക്കം നടിക്കരുത്. തങ്ങള്‍ സ്വാതന്ത്ര്യസമരത്തിലൂടെ എന്താണ് നേടാനായത് എന്നതിനെക്കുറിച്ച് അവര്‍ ഒരു വിശദ വിശകലനം നടത്തേണ്ടതുണ്ട്. ഭരണഘടന നല്‍കിയ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. വിഭാഗീയ അജണ്ടകളുടെ ഉത്തേജനത്താല്‍ പ്രവര്‍ത്തിക്കുന്ന കക്ഷികളില്‍ നിന്നും നാം സ്വയം സുരക്ഷിതരാവുക.
Leave A Comment