മൂന്ന് വര്‍ഷമായി ഇവര്‍ കാത്തിരിക്കുന്നു; വസന്തത്തിലെ മുല്ലപ്പൂ ഇതുവരെ വിരിഞ്ഞിട്ടില്ല
download മുല്ലപ്പു വിപ്ലവമെന്നും അറബ് വസന്തമെന്നും ഓമനപ്പേരിട്ട അറബ് ലോകത്തെ പ്രക്ഷോഭ പരമ്പരക്ക് മൂന്ന് വര്‍ഷം തികയുകയാണ്. 2010 ഡിസംബറില്‍ തുനീഷ്യയില്‍ നിന്നാരംഭിച്ച സമര പരമ്പര ചിലയിടങ്ങളില്‍ ഭരണകൂടങ്ങളെ നിലംപരിശാക്കി. മറ്റു ചില പ്രദേശങ്ങളില്‍ അത്‌ സജീവമായ പുനരാലോചനക്ക്‌ വഴിവെച്ചു. ഇനിയും ചിലയിടങ്ങളില്‍ പരിഹാരാമാവാത്ത ഭരണ പ്രതിസന്ധികള്‍ക്കും രക്തം ചിതറിയ ജനകീയ ക്ഷോഭങ്ങള്‍ക്കും അത്‌ വഴിമരുന്നിട്ടു. പ്രക്ഷോഭ പരമ്പരയില്‍ ഇതുവരെ പലയിടങ്ങളിലായി രണ്ടു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതിനും എത്രയോ ഇരട്ടി ആളുകള്‍ വഴിയാധാരമായി. ശബ്‌ദഘോഷങ്ങള്‍ മുഴക്കി കടന്നു പോവുന്ന ഒരു ഘോഷയാത്ര പോലെ കഴിഞ്ഞ മൂന്നാണ്ടായി രാഷ്‌ട്രങ്ങളില്‍ നിന്ന്‌ രാഷ്‌ട്രങ്ങളിലേക്ക്‌ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു മുല്ലപ്പൂ വിപ്ലവം. പുതിയ തലമുറ വിദ്യാഭ്യാസപരമായും ചിന്താപരമായും വളര്‍ന്നുവന്നത്‌, അഭിപ്രായ സ്വാതന്ത്യത്തിന്‌ വിലക്കുള്ള രാജ്യങ്ങളില്‍ വരെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ വഴി സമാന മനസ്‌കര്‍ക്ക്‌ സംഘടിക്കുവാനും ആശയ കൈമാറ്റം നടത്താനും കഴിഞ്ഞത്‌, അറബ്‌ രാജ്യങ്ങളില്‍ നിലനിന്നിരുന്ന ഏകാധിപത്യത്തിന്റെയും രാജവാഴ്‌ചയുടെയും സ്വഭാവമുള്ള ഭരണകൂടങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്‌മ, അഴിമതി, എല്ലാറ്റിനുമപരി അറബ്‌ ലോകത്ത്‌ നിരന്തരമായ അസ്വസ്ഥയും അരക്ഷിതാവസ്ഥയും നിലനില്‍ക്കണമെന്ന പാശ്ചാത്യന്‍ ലോബിയുടെ ആഗ്രഹം ഇവയൊക്കെയാണ്‌ അറബ്‌ വസന്തത്തിന്‌ തിരികൊളുത്തിയത്‌. പല സമ്പന്ന അറബ്‌ രാജ്യങ്ങളിലെയും ഭരണാധിപന്‍മാരെ അസ്വസ്ഥരാക്കാന്‍ മുല്ലപ്പൂ വിപ്ലവത്തിനായിട്ടുണ്ടെന്നത്‌ നേര്‌. തുനീഷ്യ, യമന്‍, ലിബിയ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളിലെ ദശകങ്ങള്‍ നീണ്ട ഏകാധിപത്യ ഭരണം അവസാനിച്ചു. നാമമാത്രമാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ നടത്താനും പ്രതിനിധി സഭകള്‍ രൂപീകരിക്കാനും പല രാഷ്‌ട്രങ്ങളും തയ്യാറായി. കുവൈത്ത്‌, ലബനാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭരണ നിര്‍വഹണ ശൈലി അഴിച്ചു പണിതു. ചില രാജ്യങ്ങള്‍ ഭരണഘടനാ പരിഷ്‌കരണം നടത്തി. സുഊദിയടക്കമുള്ള രാഷ്‌ട്രങ്ങളില്‍ ഇപ്പോഴും ചെറുതല്ലാത്ത തോതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുമുണ്ട്‌. പ്രവാസി മലയാളികളെ വലിയൊരു അളവില്‍ ബാധിച്ച സുഊദിയിലെ തൊഴി‍ല്‍ പരിഷ്കരണം അറബ് വസന്തത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഇനിയും അവസാനിക്കാത്ത അറബ്‌ വസന്തം മുസ്‌ലിം ലോകത്ത്‌ എന്ത്‌ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന ചിന്ത പ്രസക്തമാണ്‌. അറബ്‌ ലോകത്താകമാനം ജനാധിപത്യവും ഇസ്‌ലാമിക സംസ്‌കാരവും ഉള്‍കൊണ്ട നവചൈതന്യം പകരാന്‍ വിപ്ലവത്തിന്‌ കഴിയുമെങ്കില്‍ അത്‌ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. കാലാകാലങ്ങളായി പല രാജ്യങ്ങളെയും തറവാട്‌ സ്വത്ത്‌ പോലെ അടക്കി നിര്‍ത്തി ഭരിക്കുന്ന ഭരണാധികാരികള്‍ക്ക്‌ അത്‌ കനത്ത താക്കീതാവും. പൂര്‍വോപരി കരുത്തോടെ അറബ്‌ ലോകം ജ്വലിച്ചുയരും. എന്നാല്‍ അത്തരമൊരു പരിസമാപ്‌തിയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരാന്‍ പ്രയാസമാണ്‌. പ്രധാന തടസ്സം, അറബ്‌ ലോകത്തെ ഏത്‌ നീക്കവും കഴുകക്കണ്ണുകളോടെ വീക്ഷിക്കുന്ന അമേരിക്കന്‍ ലോബി തന്നെ. ഐക്യത്തിന്റെയും ഇസ്‌ലാമികതയുടെയും വാര്‍ത്ത കിഴക്കു നിന്ന്‌ കേള്‍ക്കാതിരിക്കാനാണ്‌ അവര്‍ക്ക്‌ താല്‍പര്യം. അതിനാല്‍ തന്നെ അത്തരം ശ്രമങ്ങളെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച്‌ പരോക്ഷമായോ സാമ്പത്തികതയും സൈനികശേഷിയും ഉപയോഗിച്ച്‌ പ്രത്യക്ഷമായോ അമേരിക്ക എതിര്‍ക്കും. ഇത്തരം നീക്കങ്ങളെക്കൊണ്ട്‌ സമൃദ്ധമാണ്‌ കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌. ഇറാനുമായുള്ള പുതിയ സമ്പര്‍ക്കമാണ് ഇതിന് അപവാദമയിട്ടുള്ള ഒന്ന്. എന്നാല്‍ ഇത് എത്രത്തേളം വിജയകരമായി മുന്നോട്ട് കാത്തിരുന്ന് കാണേണ്ടി വരും. അമേരിക്ക ഇടപെട്ട ഇറാഖില്‍ ഇപ്പോഴും പുകച്ചുരുളുകള്‍ അടങ്ങിയിട്ടില്ല. അഫ്‌ഗാനില്‍ ഇരകളെക്കാത്ത്‌ ഇനിയുമേറെ കുഴിബോംബുകള്‍ കിടക്കുന്നു. ഈജിപ്‌തിലെ തെരുവുകളില്‍ ആരവങ്ങളും ആര്‍ത്തനാദങ്ങളും ഒടുങ്ങിയ സമയമില്ല. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്നി പര്‍വതമായി ജ്വലിച്ചു കൊണ്ടിരിക്കുന്നു ലിബിയ. മുല്ലപ്പൂ വിപ്ലവത്തിന്റെ മറവില്‍ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണ്‌ നവ സാമ്രാജ്യത്വം. ഈജിപ്‌തില്‍ അറബ്‌ വസന്തത്തിന്‌ പിന്നാലെ തെരഞ്ഞെടുപ്പ്‌ നടക്കുകയും അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തിന്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. സ്വഭാവികമായും ലോകത്താകമാനം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്ന അമേരിക്കയടക്കമുള്ള രാഷ്‌ട്രങ്ങള്‍ ഈജിപ്‌തിലെ തെരഞ്ഞെടുപ്പിനെ തുറന്ന മനസ്സോടെ വരവേല്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. അതുണ്ടായില്ലെന്ന്‌ മാത്രമല്ല, സൈനിക നേതൃത്വത്തിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്‌തു കൊടുക്കുകയും ചെയ്‌തു. അസിസ്റ്റന്‍സ്‌ ഡമോക്രസി എന്ന പേരിലാണത്രെ അമേരിക്കയുടെ രഹസ്യ വ്യവഹാരങ്ങളില്‍ ഈ ഇടപാട്‌ രേഖപ്പെടുത്തപ്പെട്ടത്‌. ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിന്‌ വേണ്ടി ലിബിയയിലും അഫ്‌ഗാനിലും ഇറാഖിലും സൈനികമായി ഇടപെടുകയും സിറിയയില്‍ അത്തരമൊരു ഇടപെടലിന്‌ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം ഈജിപ്‌തിന്റെ കാര്യത്തില്‍ സ്വീകരിച്ച ഇരട്ടത്താപ്പ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ചകളത്രയും തുടങ്ങിയതും അവസാനിച്ചതും ഒരേ പോയിന്റിലാണ്‌. അമേരിക്ക പറയുന്ന ജനാധിപത്യ സംസ്ഥാപനം പാഴ്‌വാക്കാണ്‌. ലോകത്താകമാനം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉപാധി മാത്രമാണത്‌. ഇഷ്‌ടാനുസരണം ചായ്‌ച്ചും ചെരിച്ചും വെക്കാവുന്ന അളവുകോല്‍. അറബ് വസന്തത്തിന്റെ ലേബലില്‍ സംഘടിപ്പിക്കപ്പെടുന്ന സമരങ്ങള്‍ കൃത്യമായ നേതൃത്വത്തിനു കീഴില്‍ അല്ലാത്തതിനാല്‍ ആര്‍ക്കും എങ്ങോട്ടും റാഞ്ചിയെടുക്കാനാവും എന്നതാണ്‌ മറ്റൊരു പ്രശ്‌നം. അതിനാല്‍ പല ജനകീയ സമരങ്ങളും ഗോത്ര കലഹങ്ങളും വംശീയ സംഘട്ടനങ്ങളും സാമുദായിക സംഘര്‍ഷങ്ങളുമായി പരിണമിക്കുന്നു. പ്രക്ഷോഭം ആരംഭിച്ച്‌ മാസങ്ങള്‍ കഴിയുമ്പോഴേക്ക്‌ സമരം ചില വ്യക്തികളോ വിഭാഗങ്ങളോ ഏറ്റെടുക്കുകയും ആരംഭം കുറിച്ചവര്‍ സമര മുഖത്ത്‌ നിന്ന്‌ അപ്രത്യക്ഷമാവുകയും ചെയ്യും. സമരമവസാനിക്കുമ്പോള്‍ ഈ പുതിയ നേതൃത്വമാവും തലപ്പത്തുണ്ടാവുക. ലിബിയയിലെ പുതിയ ഭരണകൂടത്തിലെ പലരും ഗദ്ദാഫി സര്‍ക്കാറില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണ്‌. ഗദ്ദാഫിക്ക്‌ പിടിച്ചു നില്‍ക്കാനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ഇവര്‍ മറുകണ്ടം ചാടി നേതൃത്വമേറ്റെടുക്കുകയായിരുന്നു. സിറിയയിലെ സ്ഥിതിയും അതു തന്നെയാണ്‌. ഇപ്പോള്‍ വിമതപക്ഷത്തുള്ള നേതാക്കളില്‍ പലരും ഒരു കാലത്ത്‌ ഭരണത്തിലും സൈന്യത്തിലും ബശ്ശാറുല്‍ അസദിന്റെ വിശ്വസ്ഥരായിരുന്നു. സമരം ചൂടു പിടിച്ചപ്പോള്‍ അവര്‍ കാലുമാറി. സിറിയയിലെ പ്രക്ഷോഭം വിജയിച്ചാല്‍ അധികാരത്തിലെത്തുക ബശ്ശാറിന്റെ ഈ പഴയ ശിങ്കിടികളാവും. അറബ്‌ വസന്തത്തിന്റെ മറവില്‍ മുസ്‌ലിം ലോകത്തെ പ്രക്ഷുബ്‌ധമാക്കി നിര്‍ത്താന്‍ ആരൊക്കെയോ ശ്രിമിക്കുന്നുണ്ട്‌. അനുചിതമായ പ്രതിഷേധങ്ങള്‍ അറബ്‌ വസന്തത്തിന്റെ ലേബലില്‍ സംഘടിപ്പിക്കപ്പെട്ടത്‌ അങ്ങനെയാണെന്ന്‌ ന്യായമായും സംശയിക്കാം. ഇസ്‌താംബൂളില്‍ മാസങ്ങള്‍ക്കു മുമ്പ്‌ നടന്ന സമര പരമ്പര ഉദാഹരണം. നഗര പരിഷ്‌കരണത്തിനെതിരെ ആരംഭിച്ച്‌ തുര്‍ക്കി സര്‍ക്കാരിനെതിരെയുള്ള സമരമായി അത്‌ രൂപാന്തരപ്പെടുകയായിരുന്നു. ചില മാധ്യമങ്ങള്‍ അതിന്‌ അറബ്‌ വസന്തത്തിന്റെ ലേബലും ഒട്ടിച്ചു. സത്യത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ തക്കം പാര്‍ത്തു നിന്ന സെക്കുലറിസ്റ്റുകളേടാതിയിരുന്നു ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലില്‍ ചിതറിപ്പോയ ഈ സമരം. തുര്‍ക്കിയില്‍ ഇസ്‌ലാമികാഭിമുഖ്യമുള്ള ഭരണകൂടം നിരന്തരമായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ അസ്വസ്ഥരായ ആള്‍കൂട്ടമായിരുന്നു അത്‌. അറബ്‌ വസന്തത്തിന്റെ മൗലിക ലക്ഷ്യങ്ങളുമായി ഈ സമരത്തിന്‌ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പ്രതിസന്ധികളുടെ പുതിയ തരംഗം സൃഷ്‌ടിക്കാനായി എന്നതൊഴിച്ചാല്‍ അറബ്‌ വസന്തം മുസ്‌ലിം ലോകത്തിന്‌ കാതലായ ഗുണമൊന്നും ചെയ്‌തിട്ടില്ല. പല പ്രദേശങ്ങളും അരാജകത്വത്തിന്റെ പിടിയിലമരുകയും ചെയ്‌തു. തുണീഷ്യയിലും യമനിലും സുദൃഢമായ ഭരണകൂടം ഇപ്പോഴും നിലവില്‍ വന്നിട്ടില്ല. അധികാരത്തിനായി ചിലര്‍ നടത്തുന്ന വടംവലിയി‍ല്‍ ശ്വാസം മുട്ടുകയാണ് അവിടെ ജനാധിപത്യം. സിറിയില്‍ മാത്രം ഒന്നേക്കാല്‍ ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. രക്തത്തില്‍ കുളിച്ചു നില്‍‌ക്കുന്ന ഈജിപ്തുകാരുടെ ചിത്രം ദിവസവും പത്രങ്ങളില്‍ നിറയുന്നു. ലിബിയില്‍ ഇപ്പോഴും അശാന്തിയുടെ പുകപടലങ്ങള്‍ അടങ്ങിയിട്ടില്ല. ലബനാനിലെയും ഈജ്‌പ്‌തിലെയും സിറിയയിലെയും യമനിലെയും തുണീഷ്യയിലെയും ലിബിയയിലെയും സാധാരണ ജനങ്ങള്‍ക്ക്‌ അറബ്‌ വസന്തം കൊണ്ട്‌ എന്ത്‌ നേട്ടമാണ്‌ ഉണ്ടായത്‌? ജീവിതം താറുമാറാവുകയും ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെടുകയും ചെയ്‌തു.download (1) സുമോഹനമായ ഭാവിയെ പ്രതീക്ഷിക്കാന്‍ വകയുണ്ടായിരുന്നെങ്കില്‍ ഈ രക്തസാക്ഷിത്വങ്ങള്‍ക്ക്‌ ആത്മസംതൃപ്‌തിയുടെ നിറപ്പകിട്ടുണ്ടാവുമായിരുന്നു. നല്ല നാളേക്കു വേണ്ടി സ്വയം സമര്‍പ്പിച്ചവരെന്ന്‌ കൊല്ലപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും വിശേഷിപ്പിക്കാമായിരുന്നു. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണവും കലുഷിതവുമായ നാളെകളെയാണ്‌ ഈ രാഷ്‌ട്രങ്ങള്‍ക്ക്‌ വരവേല്‍ക്കാനുണ്ടാവുക എന്നാണ്‌ പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. -സുഹൈല്‍ ഹുദവി വിളയില്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter