റബീഇന് വിരമാമായി; 12 ന് നെയ്ച്ചോറും പോത്തും വെച്ച വകയിലെ വരവുചെലവു കണക്കുകള്‍
 width=പുണ്യറബീഇന് വിരാമമായി. സാമ്പ്രദായികമായി കേരളത്തിലെ മുസ്‌ലിംകള്‍ക്ക് റബീഅ് സംവാദങ്ങളുടെ കൂടെ മാസമാണ്. നബിദിനത്തെ അനുകൂലിച്ചും എതിര്‍ത്തും സ്റ്റേജും പേജും ഉണരുന്ന മാസം. നാട്ടിന്‍ പുറങ്ങളില്‍ പണ്ട് കണ്ടിരുന്ന വേദികെട്ടിയുള്ള പരിപാടികള്‍ ഏറെക്കുറെ ഇല്ലാതായി എന്നത് ശരി തന്നെ. എന്നാല്‍ സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ നബിദിനം ആഘോഷിക്കുന്നതിന്‍റെ പുണ്യത്തെ/ദോഷത്തെ കുറിച്ച് നിരവധി പോസ്റ്റുകള്‍ നടന്നു. പല ഗ്രൂപ്പുകളിലായി/വിഭാഗങ്ങളിലായി അതിന്‍റെ അലയൊലികള്‍ ഉയര്‍ന്നു. റബീഅ് പിറന്നതോടെ തന്നെ ആശംസയറിയിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഫൈസ്ബുക്കിലും മറ്റും വ്യാപകമായിരുന്നു. അതെ സമയം നബിദിനാഘോഷത്തിലെ അനിസ്ലാമികതയെ ഉയര്‍ത്തിക്കാട്ടിയും പല പോസ്റ്റുകളും വന്നു. ആയിടക്ക് നബിദിന പരിപാടിയോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ ഒരിടത്ത് നടന്ന സംഘര്‍ഷത്തില്‍ ഒരു വിശ്വാസി കൊല്ലപ്പെടുക കൂടി ചെയ്തതോടെ പിന്നെ പ്രസ്തുത വാര്‍ത്ത വെച്ചും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. നിബിദിനാഘോഷങ്ങളിലെ ആത്മാര്‍ഥതയും സ്നേഹത്തിന്‍റെ വിശ്വാസ്യതയും അത്തരം പോസ്റ്റുകള്‍ കാര്യമായി തന്നെ ചോദ്യം ചെയ്തു. ഒരു പക്ഷേ, സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ തുടര്‍ന്നു കൊണ്ടേയിരുന്ന പോസ്റ്റുകള്‍ തന്നെയാണ് നേരത്തെ എഴുതാനിരുന്ന ഈ കുറിപ്പിനെ വൈകിച്ചത് പോലും. നാട്ടിന്‍പുറങ്ങളില്‍ മൌലിദുകളും പരിപാടികളും പണ്ടത്തേതിലേറെ ശക്തമായി വരുന്നുവെന്നാണ് വ്യക്തിപരമായ നിരീക്ഷണം. പരിസരത്തുള്ള ചെറിയ പള്ളികളില്‍ പോലും റബീഇലെ പന്ത്രണ്ട് ദിനങ്ങളിലും മൌലിദ് പാരായണം നടക്കുന്നത് പ്രത്യേകം ശ്രദ്ധിച്ചു. മിക്കവാറുമെല്ലായിടത്തും പരിപാടിക്ക് ശേഷം ‘ചീരണി’ വിതരണവും കണ്ടു. റബീഅ് മുപ്പത് ദിവസവും മൌലിദ് നടത്തുന്ന പള്ളികളും കൂട്ടത്തിലുണ്ട്. പന്ത്രണ്ടിന് പകലില്‍ നാട്ടുമ്പുറത്ത് നടക്കുന്ന നബിദിന റാലികളും ഏറെ പുരോഗമിച്ചിരിക്കുക തന്നെയാണ്. ഒരു പതിനഞ്ചു വര്‍ഷം മുമ്പ് ജാഥയായി പോയിരുന്ന കുട്ടികള്‍ക്ക് എവിടെ നിന്നെങ്കിലും ലഭിച്ചിരുന്നത് നാല് മിഠായികളായിരുന്നു. ഇന്നത് ഏറെ മാറിയിട്ടുണ്ട്. പലപ്പോഴായി ഐസ്ക്രീമും ജ്യൂസും ഓറഞ്ചുമായി റാലിയുടെ മധുരവും കൂടിയിട്ടുണ്ട്. ആഘോഷവും അലങ്കാരവും ശക്തിപ്പെട്ടിരിക്കുന്നു. നബിദിന ജാഥയില്‍ പങ്കെടുത്ത നാട്ടുകാരുടെ അംഗബലത്തിലും കാര്യമായ കുറവുണ്ടെന്നു തോന്നിയില്ല. എങ്കിലും പന്ത്രണ്ടിന് സുബ്ഹ് നമസ്കാരത്തിന് മുമ്പ് നടക്കുന്ന പ്രത്യേക മൌലിദ് സദസ്സിന് പഴയ ആ ഗരിമ കിട്ടിയില്ല. അംഗബലവും കുറവായിരുന്നു. പന്ത്രണ്ടിന്റെ അന്ന് മദ്റസയില്‍ ഒരുക്കുന്ന ഭക്ഷണത്തിലും ഏറെ പുരോഗതിയുണ്ട്. അത് തയ്യാറാക്കുന്ന കാര്യത്തിലും നാട്ടിലെ യുവാക്കള്‍ ‍തന്നെ സ്വയം മുന്നിട്ടിറങ്ങിക്കണ്ടു. ചുരുക്കത്തില്‍ വ്യക്തിപരമായ വീക്ഷണത്തില്‍, ആഘോഷം ശക്തിപ്പെട്ടിരിക്കുക തന്നെയാണ്. എന്നാല്‍ അതേ തോതില്‍ തന്നെ ഇതിനോടുള്ള എതിര്‍പ്പും ശക്തിപ്പെട്ട് വരുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ‍പലതും എതിര്‍ത്തും/അനുകൂലിച്ചുമുള്ള സാമ്പ്രദായികമായ കവര്‍സ്റ്റോറികളുമായി തന്നെയാണ് ആയിടക്ക് പുറത്തിറങ്ങിയതും. ഹിജ്റ മുന്നൂറും മുദഫര്‍രാജാവും മൌലിദും/ പുണ്യനബിയുടെ കാലവും അക്കാലത്തെ മൌലിദിന്റെ അസാന്നിധ്യവും തുടങ്ങി കാലങ്ങളായി കേട്ടുശീലിച്ച അതേ വാക്യങ്ങള്‍. അതേ ഭാഷ തന്നെയും. പുണ്യനബിയെ സ്നേഹിക്കേണ്ടത് അവിടത്തെ ചര്യ പിന്‍പറ്റിയാണെന്നും അതിന് മാലമൌലിദ് ഓതിയിട്ട് കാര്യമില്ലെന്നുമുള്ള സാധാരണ വാദത്തിലെ ആദ്യഭാഗത്തെ അംഗീകരിച്ചേ തീരൂ. ആ വിഷയത്തില്‍ ഒരു പക്ഷെ മൌലിദുമായി നടക്കുന്ന പ്രവാചകസ്നേഹികളെന്ന് അവകാശപ്പെടുന്നവര്‍ പിന്നാക്കമാണെങ്കില്‍ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. മൌലിദ് പരിപാടിയുമായി ബന്ധപ്പെട്ട് കത്തിക്കുത്തും കൊലപാതകവും നടക്കുന്നുവെന്നത് ഇപ്പറഞ്ഞ വാദത്തിന്‍റെ പ്രകടമായ തെളിവാണ്. പരസ്പരമുള്ള വൈരാഗ്യത്തെയും അതേ തുടര്‍ന്നുള്ള കത്തിക്കുത്തിനെയും പ്രവാചകസ്നേഹത്തിന്‍റെ ഏത് കോളത്തിലാണ് നമുക്ക് എഴുതിച്ചേര്‍ക്കാനാകുക? എന്നാല്‍ മാലമൌലിദുകളെ നിഷേധിക്കുന്നതും അതിനു വേണ്ടി പരിപാടി സംഘടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതും പുണ്യനബിയെ അടിസ്ഥാനപരമായി മനസ്സിലാക്കാന്‍ കഴിയാതെ പോയത് കൊണ്ടാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ‘യുക്തിപരമാ’യി അവിടത്തോടുള്ള സ്നേഹത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട്. അന്ധകാരം കൊടികുത്തി വാണിരുന്ന അറബുസമൂഹത്തില്‍ 23 വര്‍ഷക്കാലം കൊണ്ട് നടത്തിയ സമാനതകളില്ലാത്ത വിപ്ലവത്തെ വിലമതിച്ച് പുണ്യനബിയെ മനസ്സിലാക്കുന്നവരുണ്ടാകാം. അവര്‍ക്ക് പ്രവാചകന്‍ ശ്രദ്ധേയനാകുന്നത് ഈ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമാണ്. അതായത് പ്രവാചകത്വം ലഭിച്ചതിന് ശേഷം പുണ്യനബി ജീവിച്ച 23 വര്ഷങ്ങളുടെ കലണ്ടറില്‍ അവര്‍ പ്രവാചകനെ പരിമിതപ്പെടുത്തുകയാണ്. അതിന് മുമ്പുള്ള 40 വര്‍ഷക്കാലത്തെ ജീവിതത്തെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ അത് പോലും ശേഷമുള്ള 23 വര്‍ഷക്കാലത്തെ സമൂലമായ പരിവര്‍ത്തനം മുന്‍നിറുത്തി മാത്രമാണ്. എന്നാല്‍ പ്രവാചകനെയും അവിടത്തെ പരിശുദ്ധ ജീവിതത്തെയും സമീപിക്കേണ്ടതും സ്നേഹിച്ചു തുടങ്ങേണ്ടതും സത്യത്തില്‍ ഇങ്ങനെയാണോ? വിപ്ലവം സാധ്യമാക്കിയ പരിശുദ്ധനബിയുടെ ജീവിതം പോലെയോ അതിലേറെയോ പ്രധാനമാണ് പ്രവാചകത്വത്തിന് മുമ്പുള്ള അവിടത്തെ ജീവിതം. അത് മനസ്സിലാക്കാനായാല്‍ മാത്രമെ, സാവ തടാകം വറ്റിവരളിച്ച ആ ജന്മത്തെ പോലും സ്നേഹിക്കാന്‍ സാധിക്കൂ. അതിലുപരി ആദം നബിയുടെ സൃഷ്ടിപ്പിന് മുമ്പ് തന്നെ ഉണ്ടായിരുന്ന പുണ്യനബിയുടെ പ്രകാശത്തെ സ്നേഹിച്ചാണ് നാം പ്രവാചക സ്നേഹത്തിന്‍റെ എഞ്ചുവടി പഠിച്ചു തുടങ്ങേണ്ടത്. (പഴയകാലത്തെ മാപ്പിളപ്പാട്ടുകളില്‍ കാണുന്ന ‘ആകലോക കാരണമുത്തൊളി’, ‘ആദിമുത്തൊളി’, ‘ആദ്യബീജം’ തുടങ്ങിയ പരാമര്‍ശങ്ങളെല്ലാം ഈ പ്രകാശത്തെയാണ് സൂചിപ്പിക്കുന്നത്.) പ്രളയം വിശ്വമാകെ വ്യാപിച്ചപ്പോള്‍ നൌകയില്‍ അനുയായികളുമൊത്ത് അല്ലാഹുവിന്‍റെ നാമമുച്ചരിച്ച് ഇറങ്ങിയ നൂഹ് നബി, പരിശുദ്ധ പ്രവാചകന്‍റെ പ്രസ്തുത പ്രകാശത്തെ മുന്‍നിറുത്തി പ്രാര്‍ഥിച്ചുവെന്ന പരാമര്‍ശം ഇത്തരത്തിലുള്ള പ്രവാചകസ്നേഹിക്ക് മുമ്പില്‍ സ്നേഹത്തിന്റെ പുതിയ വാതായനം തുറക്കും. പ്രസ്തുത പരാമര്‍‌ശം നടത്തുന്ന മന്‍ഖ്വൂസ് മൌലിദ് ആ വിശ്വാസിക്കു പവിത്രമായി മാറും. അതവന്‍ നിത്യം പാരായണം ചെയ്യാന്‍ ശ്രമിക്കും. അതിന് കഴിയാതെ വന്നാല്‍ അവിടന്ന് ജനിച്ച റബീഇലെങ്കിലും; ചുരുങ്ങിയ പക്ഷം റബീഅ് 12 നെങ്കിലും. അത് കൊണ്ട് തന്നെ മൌലിദ്പാരായണം ചെയ്യാതെ പരിശുദ്ധ നബിയിലെ വിശ്വാസവും അവിടത്തോടുള്ള സ്നേഹവും പൂര്‍ത്തിയാകുകയില്ലെന്ന് പ്രവാചകസ്നേഹി മനസ്സിലാക്കി തുടങ്ങുന്നു. അതെ കുറിച്ച് ശിര്‍ക്കെന്ന് വിളിച്ച് അപഹസിക്കുന്നവന് ചെവികൊടുക്കേണ്ടതില്ലെന്ന് തിരിച്ചറിവ് അവന് ലഭിക്കുന്നു. എന്ന് മാത്രമല്ല, ഒരുവേള മൌലിദ് പാരായണം പുണ്യമേറിയതാണെന്ന് അവന്‍ വിളിച്ചു പറയാന്‍ വെമ്പുന്നു. അപ്പോഴാണ് മൌലിദ് പുസ്തകങ്ങളുടെ സാധാരണ വായനയെ കുറിച്ച് ‘പാരായണ’മെന്നും ‘ഓത്തെ’ന്നുമെല്ലാം അവന്‍ പ്രയോഗിച്ചു തുടങ്ങുന്നത്. അപ്പോഴും, യുക്തിയുടെ ലോകത്തിരുന്ന് ചിന്തിക്കുന്നവന്‍ അതിന് തെളിവ് അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.  width=‘നിര്‍ബന്ധ നിസ്കാരങ്ങളും നിര്‍ബന്ധ നോമ്പുകളുമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ചെയ്തിട്ടില്ലെന്ന്’ പ്രവാചകസ്നേഹത്തിന്റെ ധന്യതയില്‍ തുറന്നുപറയുന്ന ബുര്‍ദയും മേല്‍പറഞ്ഞ വിശ്വാസിക്ക് പുണ്യമേറിയതായി മാറും. അതവന്‍ പാരായണം ചെയ്തു കൊണ്ടേയിരിക്കും. ചുരുങ്ങിയ പക്ഷം ‘മൌലായ’ എന്നു തുടങ്ങുന്ന അതിന്റെ പ്രാര്‍ഥനാഗീതമെങ്കിലും അവന്‍ ഉരുവിട്ടു തുടങ്ങും. അതിന് വേണ്ടി ബുര്‍ദമജലിസുകള്‍ നടത്തിയെന്നും വരും. അല്ലെങ്കിലും സ്നേഹം ഹൃദയത്തിന്റെ വികാരമാണല്ലോ. അതിനെ യുക്തിയുടെ ചങ്ങലക്കിടുന്നത് അബദ്ധമാണെന്ന് ഓര്‍മിപ്പിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. അനുഭവത്തില്‍ മനസ്സിലാക്കേണ്ട ഒരു മൂല്യത്തെ അക്കാദമികമായി അവതരിപ്പിച്ച് പ്രതിഫലിപ്പിക്കാനുള്ള ശ്രമം അബദ്ധമല്ലാതെ മറ്റെന്താണ്? (യുക്തി-സ്നേഹം എന്നീ രണ്ടു ഗുണങ്ങളെ മുന്‍നിറുത്തി ഇതു സംബന്ധമായി ഒരു ലേഖനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി പുറത്തിറക്കുന്ന തെളിച്ചം മാസികയിലെഴുതിയിരുന്നു. ‘അതുകൊണ്ട് സുന്നികള് ഖുറാഫികളായി തന്നെ തുടരുകയാണെ് വേണ്ടത്’ എന്ന തലക്കെട്ടില്‍.) ഇടയ്ക്കാലത്ത് ഉത്തരേന്ത്യയിലായിരുന്നപ്പോള്‍ അറിഞ്ഞ പ്രവാകസ്നേഹത്തിന്റെ തീവ്രത, അതിന്റെ സൂചന പോലും കൈമാറാന്‍ കേരളത്തിലെ പ്രവാചകസ്നേഹ പരിപാടികള്‍ക്ക് സാധിക്കുന്നില്ലെന്ന് സൂചിപ്പിക്കാന്‍ കൂടെ ഈ കുറിപ്പ് ഉപയോഗപ്പെടുത്തട്ടെ. റബീഇലെ ഏതെങ്കിലും ശനിയാഴ്ചകളിലെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് അവിത്തുകാരുടെ മൌലിദ് സദസ്സില്‍ പങ്കെടുത്തിരുന്നത്. അതു വരുത്തിയിരുന്ന വികാരവായ്പ് ചില്ലറയായിരുന്നില്ല. കേരളത്തിലെ ശരാശരി നാട്ടുമ്പുറത്തെ പിരപാടികള്‍ 12 വരെ നീണ്ടു നില്‍ക്കുമ്പോഴും അവയൊന്നും ആ മൂന്ന് മണിക്കൂറോളം വരില്ലെന്നാണ് തോന്നിയത്. ദുറൂദുകളുടെയും സ്വലാത്തുകളുടെും കുതിപ്പുറത്തേറ്റി സദസ്സിലുള്ളവരെ മദീനയിലെത്തിക്കുന്ന ഉത്തരേന്ത്യന്‍ രീതി നമുക്കിവിടെ ഇപ്പോള്‍ അന്യമാണ്. പഴയകാലത്ത് ഇവിടെയും അതുണ്ടായിരുന്നുവെന്ന് മാപ്പിള കലാപകാലത്തെ സംബന്ധിച്ച ബ്രിട്ടീഷുകാരുടെ രേഖകളായ Correspondence on Mappila Outrages in Malabar ലെ ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. ആ തോന്നല് ‍ശരിയാണെങ്കില്, പ്രസ്തുത തീവ്രതയെ നാടുകടത്തിയത് പുതിയ ചിന്താഗതികളുമായി രംഗത്ത് വന്നവരാണ്. തങ്ങളുടെ എതിര്‍ചേരിയിലുള്ളവരെ പോലും അവര്‍ക്ക് സ്വാധീനിക്കാനായി എന്നതിന് ഏറ്റവും വലിയ തെളിവും അതാണ്. മന്‍ഹര്‍‍. യു പി കിളിനക്കോട് കുറിപ്പിലെത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. മെയില്‍ ഐഡി: manharup@gmail.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter