അവരെന്നോട് ചോദിച്ചു; ഗോധ്രയോ പാണ്ഢ്യയോ അക്ഷര്‍ധാമോ.... ഏതാണ് വേണ്ടത്?
terror (1)ഗുജറാത്ത് പോലീസ് അദ്ദേഹത്തിന് അവസരം നല്‍കി- ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസോ ഹരണ്‍ പാണ്ഢ്യ വധക്കേസോ അക്ഷര്‍ധാം ഭീകരാക്രമണമോ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം...... പറയുന്നത് മുഹമ്മദ് സലീം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ അവരോധിതനാകാനുള്ള അമ്പരപ്പിക്കുന്ന ജനവിധി നേടുന്ന കാഴ്ചക്ക് ഭാരതീയ ജനത സമ്മിശ്ര വികാരത്തോടെ സാക്ഷിയായ അതേ മെയ് 16ന് 11 വര്‍ഷത്തെ തടവു ജീവിതത്തിനു ശേഷം കുറ്റക്കാരല്ലെന്നു കണ്ട് സുപ്രീം കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട അക്ഷര്‍ധാം ക്ഷേത്രാക്രമണ കേസിലെ ആറു കുറ്റാരോപിതരില്‍ ഒരാള്‍. '13 വര്‍ഷമായി ഞാന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തു വരുന്നതിനിടക്കാണ് പാസ്സ്‌പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് അവരെന്നെ പിടിച്ചു കൊണ്ടു പോയത്. അവരെന്നെ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇപ്പോഴും അതിന്റെ പാടുകള്‍ എന്റെ പുറത്തുണ്ട്. മര്‍ദ്ദനത്തില്‍ എന്റെ പാദത്തിനു പൊട്ടലേറ്റു. അക്ഷര്‍ധാമോ ഹരണ്‍ പാണ്ഢ്യയോ ഗോധ്രയോ........ ഏത് കേസാണ് വേണ്ടതെന്ന് അവരെന്നോട് ചോദിച്ചു. എന്താണ് പറയേണ്ടതെന്ന് മാത്രം എനിക്കറിയില്ലായിരുന്നു.' കേസില്‍ കോടതി കുറ്റവിമുക്തരാക്കി വിട്ടയക്കാന്‍ ഉത്തരവിട്ട ആറു പേരില്‍ അഞ്ചു പേരെ ഉള്‍ക്കൊള്ളിച്ച് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സലീം പറഞ്ഞു. സലീമിനെ അറസ്റ്റ് ചെയ്ത് നാല് മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മകള്‍ പിറന്നത്. ജയില്‍മോചിതനായതിനു ശേഷം അവളെ കൈകളിലേന്താന്‍ സലീമിനു കഴിയുമ്പോഴേക്കും അവള്‍ക്ക് വയസ്സ് പത്ത് കഴിഞ്ഞിരുന്നു. ജയില്‍ മോചിതരായ ആറു പേരില്‍ മറ്റൊരാളായ മുഫ്തി അബ്ദുല്‍ ഖയ്യൂം എന്ന അബ്ദുല്‍ ഖയ്യൂം മുഫ്തിസാബ് മുഹമ്മദ് ഭായിക്ക് 11 വര്‍ഷത്തെ ജയില്‍ ജീവിതം കൊണ്ട് തന്റെ ലോകം തന്നെ മാറിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് എന്നെന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം തങ്ങളുടെ പഴയ വീട് ഉപേക്ഷിച്ചു. സുപ്രീം കോടതി വിധിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. 'തടവറയില്‍ നിന്ന് മോചനം ലഭിച്ചെന്ന് മാത്രം. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഓരോ നിമിഷവും നീതി കുഴിച്ചുമൂടപ്പെട്ടു കൊണ്ടേയിരിക്കുകയായിരുന്നു. 'ക്ഷേത്രാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ കയ്യില്‍ നിന്നും ലഭിച്ച രണ്ട് കത്തുകള്‍ തന്റെ കൈപ്പടയിലുള്ളതാണെന്നായിരുന്നു അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട കുറ്റം. ഇത് തീര്‍ത്തും വ്യാജമാണെന്ന് AKSHAR DAMഅദ്ദേഹം പറയുന്നു. 'മൂന്നു ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി അവരെനിക്കു നല്‍കിയ ഒരു കത്ത് എന്നെക്കൊണ്ട് പകര്‍ത്തിയെഴുതിച്ചു. ഓരോ ദിവസവും ഞാന്‍ എഴുതിയത് അവരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഓരോ വിദഗ്ദര്‍ വരും. എന്റെ എഴുത്ത് കത്തിലുള്ളതു പോലെയാവാന്‍ ഉറുദു അക്ഷരങ്ങളുടെ വളവുകളും തിരിവുകളുമെല്ലാം കത്തിലുള്ളതു പോലെ അനുകരിക്കാന്‍ അവരെന്നോട് പറയും. തീര്‍ത്തും ഭയക്രാന്തനായിരുന്ന ഞാന്‍ അവര്‍ കല്‍പ്പിച്ചതു പോലെയെല്ലാം ചെയ്തു. പിന്നീട് ഞാനാണ് ആ കത്തുകള്‍ എഴുതിയിരിക്കുന്നതെന്ന് അവര്‍ കോടതിയില്‍ അവകാശപ്പെട്ടു.' അദ്ദേഹം പറയുന്നു. ജയിലില്‍ തന്നെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടു മുട്ടിയപ്പോള്‍ എന്തിനാണ് തന്നോടിത് ചെയ്തതെന്ന് താന്‍ അവരോട് ചോദിച്ചതായി അബ്ദുല്‍ ഖയ്യൂം പറയുന്നു. 'ജി.എല്‍. സിംഗാളിനെ കണ്ടുമുട്ടിയപ്പോള്‍ എന്തിനാണ് തന്നോടിത് ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. തന്റെ കൊച്ചു മകന്‍ ആത്മഹത്യ ചെയ്ത അദ്ദേഹത്തിനു മനോവേദനയെന്തെന്ന് നന്നായറിയാം. അദ്ദേഹം യാതൊന്നും പ്രതിവചിക്കാതെ നിശ്ശബ്ദനായി നിന്നു.' ഇത്തരം കാര്യങ്ങള്‍ ഇനിയും സംഭവിക്കില്ലെന്നുറപ്പ് വരുത്താന്‍ കാര്യങ്ങള്‍ ആരുമായും തുറന്നു സംസാരിക്കാന്‍ താനാഗ്രഹിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനിയും പലപ്പോഴായി ഇതാവര്‍ത്തിച്ചേക്കാമെന്ന ന്യായമായ ഭയം തനിക്കുണ്ടെന്നും പത്ര സമ്മേളനം സംഘടിപ്പിച്ച ജംഇയ്യതുല്‍ ഉലമാഎ ഹിന്ദ് പ്രസിഡണ്ട് അര്‍ഷദ് മദനി പറയുന്നു. ഇവരെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സംഘടന സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 'സുപ്രീം കോടതിയും ജുഡീഷ്യറിയുമാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ. ഭരണകൂടവും മാധ്യമങ്ങളും കടുത്ത പക്ഷപാതിത്വം കാണിക്കുകയും ഓരോ മുസ്ലിമും തീവ്രവാദിയായി ഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.' മദനി പറയുന്നു.
മോഡിയുടെ മഹാവിജയത്തിന്റെ ആഘോഷ മഹാമഹങ്ങള്‍ക്കിടയില്‍ അന്ന് ഗുജറാത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെയും സംസ്ഥാന പോലീസിന്റെയും മേല്‍ സുപ്രീം കോടതി ചൊരിഞ്ഞ ആക്ഷേപ വര്‍ഷം ആരും കേട്ടഭാവം നടിച്ചില്ല. ഒരു രാഷ്ട്രം പുനര്‍ജ്ജനി പൂണ്ടെന്ന മട്ടിലുള്ള ജയഘോഷങ്ങള്‍ക്കിടയില്‍ ജീവിതത്തിലെ സുവര്‍ണ്ണ കാലം ജയിലറക്കുള്ളില്‍ ഹോമിക്കപ്പെട്ട നിരപരാധികളുടെയും അവരെയോര്‍ത്ത് ഒരു ദശകത്തിലേറെ ഉള്ളു വിങ്ങിക്കഴിഞ്ഞ കൂട്ടു കുടുംബങ്ങളുടെയും നിശ്ശബ്ദ തേങ്ങലുകള്‍ക്ക് എന്ത് വില..??!! അല്ലെങ്കിലും പലതും സൗകര്യ പൂര്‍വ്വം മറക്കാനും കണ്ടില്ലെന്ന് നടിക്കാനും ഇന്ത്യന്‍ ജനത തയ്യാറായത് കൊണ്ട് മാത്രമാണല്ലോ മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരശൃംഖത്തില്‍ വിജയഹാസം തൂകി ഉപവിഷ്ടനാകാന്‍ സാധിച്ചത്.
വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter