സകരിയ്യയെക്കുറിച്ച്  മഅ്ദനിയുടെ അനുഭവങ്ങള്‍
പരപ്പനങ്ങാടിയില്‍ നിന്നും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കുടുക്കി കര്‍ണാകട പോലീസ്‌ അറസ്റ്റ്‌ ചെയ്ത അനാഥനായ ചെറുപ്പക്കാരന്‍; സകരിയ്യയെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസിദ്ധീകരിച്ച കുറിപ്പ് maudani1എന്നെ കുടുക്കിയിട്ടുള്ള ബാംഗ്ലൂര്‍ കേസില്‍പെടുത്തി ജയിലിലടച്ചിരിക്കുന്ന സക്കരിയ്യ എന്ന യുവാവിനെകുറിച്ചുള്ള ചിന്ത തന്നെ എന്നെ അസ്വസ്ഥമാക്കുന്നതാണ്. ജയിലെത്തിയ ആദ്യ നാളുകളില്‍ ഒന്ന് രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് അവനെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. ഞാനൊന്നും ചോദിച്ചിട്ടുമില്ലായിരുന്നു. ഇടയ്ക്ക് ഒരു ദിവസം രാവിലെ അറിഞ്ഞു; സക്കരിയ്യ ഉള്‍പ്പെടെയുള്ള എന്റെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ പേരെയും ബാംഗ്ലൂര്‍ ജയിലില്‍ നിന്നും ബല്‍ഗാം ജയിലേക്ക് മാറ്റിയെന്ന്. എന്റെ കേസില്‍ പെട്ട മനാഫ്‌ എന്നയാള്‍ എന്നോടൊപ്പം സഹായിയായിരുന്നത്കൊണ്ട് അയാളെയും പിന്നെ എന്നെയുമാണ് മാറ്റാതിരുന്നത്. ബല്‍ഗാം ജയിലില്‍ കൊണ്ടുപോയവരില്‍ നിന്ന് കേരളത്തില്‍ കൊച്ചി എന്‍.ഐ.എ കോടതിയിലെ കേസിലെ പ്രതികളെയെല്ലാം പിന്നീട് അങ്ങോട്ട്‌ കൊണ്ടുപോയി അവിടെ ഏറണാകുളം സബ്ജയിലില്‍ റിമാന്റ് ചെയ്തു. പിന്നീട് ബല്‍ഗാം ജയിലില്‍ അവശേഷിച്ചത് എന്‍.ഐ.എ കേസില്‍ പെടാത്ത സകരിയ്യ ഉള്‍പ്പെടെ മൂന്നപേരായിരുന്നു. എന്റെ കേസിന്റെ അവധിദിവസം കേരളത്തിലുള്ളവരെയും ബാംഗ്ലൂര്‍ ജയിലുലുണ്ടായിരുന്നവരെയും ജയിലില്‍ തന്നെയുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും. ബല്‍ഗാം ജയിലുള്ളവരെ വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് ഹജരാക്കിയിരുന്നത്. മിക്ക അവധി ദിവസങ്ങളിലും ബല്‍ഗാം ജയിലില്‍ നിന്നും രണ്ടുപേരെ മാത്രമേ ഹജാരാക്കാറുണ്ടായിരുന്നുള്ളൂ. സകരിയ്യയെ ജഡ്ജി അന്വേഷിക്കുമ്പോഴെല്ലാം ആശുപത്രിയിലാണെന്ന് ബല്‍ഗാം ജയിലധികൃതര്‍ മറുപടി പറയും. സകരിയ്യയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റു രണ്ടു തടവുകാര്‍ പറയാറുണ്ടായിരുന്നെങ്കിലും അന്നത്തെ ജഡ്ജി ശ്രീനിവാസന്‍ അത് മൈന്‍ഡ്‌ ചെയ്യാറുണ്ടായിരുന്നില്ല, സകരിയ്യയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ആര്‍ക്കുമറിയില്ല. ഒരാളോടും ചോദിക്കാനും കഴിയില്ല. ഇതിനിടെ എന്റെ സഹായിയായിരുന്ന മനാഫില്‍ നിന്നും അറിയാന്‍ കഴിഞ്ഞു; സകരിയ്യ ഈ കേസില്‍ നൂറു ശതമാനവും നിരപരാധിയാണെന്ന്. ചെറുപ്പത്തിലെ പിതാവ്‌ മരിച്ചു അനാഥനായ സകരിയ്യ വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠനത്തോടൊപ്പം ഒരു മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് പോയതായിരുന്നുവെന്നും ആ ഷോപ്പിന്റെ ഉടമയെ ഈ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ ഫോണില്‍ സകരിയ്യയുടെ നമ്പര്‍ ഉണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ അറസ്റ്റ് ചെയ്യുകായിരുന്നുവെന്നും. സകരിയ്യ അറസ്റ്റിനു ശേഷം വളരെ അസ്വസ്ഥനാണെന്നും ഇടയ്ക്കിടെ മറ്റുള്ളവരോട്‌ എന്നെ എന്തിനാണ് അറസ്റ്റ്‌ ചെയ്തത് എന്ന് ചോദിക്കാറുണ്ടെന്നും അള്‍സര്‍, വെരിക്കോസ് വെയിന്‍, അലര്‍ജി തുടങ്ങിയ നിരവധി രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ് അവനെന്നുമെല്ലാം മനാഫ്‌ പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ കോടതിയില്‍ പോയത്‌ ഒരുറച്ച തീരുമാനത്തോടെയായിരുന്നു. അടുത്ത ദിവസം കോടതിയിലെത്തിയ ഞാന്‍ ജഡ്ജിയോട് പറഞ്ഞു: യാതൊരു കാരണവുമില്ലാതെ ഇവിടെ നിന്നും ബല്‍ഗാമിലേക്ക് മാറ്റിയ സകരിയ്യയെ ഉത്തരവിടണം. ഒരൊറ്റ ദിവസവും വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാക്കാതെ ആശുപത്രിയിലെന്നാണ് ജയിലധികൃതര്‍ പറയുന്നത്. എന്ത് രോഗമാണെന്നോ എന്താണവസ്ഥയെന്നോ ആര്‍ക്കുമറിയില്ല. എന്തിനാണ് സകരിയ്യയെ ഇവിടെനിന്നും ബല്‍ഗാമിലേക്ക് മാറ്റിയതെന്നുമാര്‍ക്കുമറിയില്ല. ഇത്രയും പറഞ്ഞപ്പോള്‍ ജഡ്ജി ശ്രീനിവാസന്‍ പറഞ്ഞു: അഡ്മിനിസ്ട്രേഷന്‍ ഗ്രൌണ്ടിലാണ് പ്രതിയെ ബല്‍ഗാമിലേക്ക് മാറ്റിയതെന്ന് എഡിജിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീണ്ടും ഞാന്‍ കോടതിയോട് ചോദിച്ചു: അയ്യായിരം തടവുകാരുള്ള ഈ ജയിലില്‍ സകരിയ്യയെപ്പോലെ രോഗിയും നിരുപദ്രവകാരിയുമായ ഒരാള്‍ കൂടി ഉണ്ടായാല്‍ എന്ത് അഡ്മിനിസ്ട്രേഷന്‍ പ്രശ്നമാണ് ഉണ്ടാകുന്നതെന്ന്. പ്രതികളാര്‍ക്കും വക്കീലുമാരെ നിശ്ചയിച്ചിട്ടില്ലാത്തിനാല്‍, എനിക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട വക്കീലിന്റെ ജൂനിയറായ ഒരു അഭിഭാഷകന്‍ മാത്രമായിരുന്നു അന്ന് കോടതിയിലുണ്ടായിരുന്നത്. കേരളത്തില്‍നിന്ന് കൊണ്ടുവന്നവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുമുണ്ടായിരുന്നു. എന്തായാലുംഅടുത്ത ഹിയറിംഗ് ദിവസം ബല്‍ഗാം ജയിലിലുള്ള മൂന്നുപേരെക്കൂടി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. അതനുസരിച്ച് അടുത്ത ഹിയറിംഗ് ദിവസം സകരിയ്യയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുമ്പ് ഒന്ന് രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ടായിരുന്നെങ്കിലും അന്നാണ് സകരിയ്യയെ ശ്രദ്ധിച്ചു നോക്കുന്നത്. ആ പിഞ്ചുസഹോദരനെക്കണ്ട് എന്റെ കണ്ണുനിറഞ്ഞു. കണ്ണുകള്‍ രണ്ടും കുഴിഞ്ഞു, കവിളെല്ലുകള്‍ തള്ളി ക്ഷീണിച്ചു തളര്‍ന്ന ഒരു മനുഷ്യ രൂപം. കോടതിക്കുക്കുള്ളില്‍ വെച്ചാണ് കണ്ടതെന്നത് കൊണ്ട് തന്നെ ഞാനവനോട് ഒന്നും സംസാരിച്ചില്ല. കോടതി നടപടികള്‍ കഴിഞ്ഞ ശേഷം രോഗവിവരങ്ങളും മറ്റും സംസാരിക്കാമെന്നു കരുതിയിരുക്കുമ്പോഴാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചു കൊണ്ട് ജഡ്ജി പറയുന്നത്: ഏറണാകുളം സബ്ജയിലില്‍നിന്ന് കൊണ്ടുവന്നവരെ അങ്ങോട്ടും ബല്‍ഗാം ജയിലില്‍ നിന്ന് കൊണ്ടുവന്നവരെ അങ്ങോട്ടും റിമാന്‍ഡ് ചെയ്യുന്നുവെന്ന്. ആരോഗ്യം തകര്‍ന്നു നന്നായി ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ സകരിയ്യയെ നേരിട്ടുകണ്ട ജഡ്ജി അവനെ അടിയന്തിരമായി ബാംഗ്ലൂരിലെ ഏതെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യുമെന്ന് ന്യായമായും എല്ലാവരും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ജഡ്‌ജിയുടെ ഈ വാക്കുകള്‍ കേള്‍ക്കുന്നത്. ഇതു കേട്ടു ശരിക്കും ഞാന്‍ പൊട്ടിത്തെറിച്ചുപോയി. ഇത്രയും മനുഷ്യത്വരഹിതമായ സമീപനം എങ്ങനെയാണ് ഈ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുന്നത്? ഇനിയും സകരിയ്യയെ ബല്‍ഗാം ജയിലിലേക്ക് അയക്കുകയും അവനു എന്തെങ്കിലും സംഭവിക്കുകയും ചെയ്‌താല്‍ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തിനു ആരു മറുപടി പറയും?..... തുടങ്ങി ശക്തമായ ഭാഷയില്‍ ഞാന്‍ കോടതിയില്‍ സംസാരിച്ചു. എന്തായാലും കുറെ നേരത്തെ സംവാദത്തിനു ശേഷം കോടതി സകരിയ്യയെ ബാംഗ്ലൂര്‍ ജയിലില്‍ റിമാന്‍ഡ്‌ ചെയ്യുകയും ആവശ്യമായ ചികത്സ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter