അഫ്ദലുല്‍ ഉലമ സിലബസില്‍നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന കിതാബുത്തൗഹീദ് എന്തിന് പിന്‍വലിക്കണം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള അറബിക് കോളേജുകളിലെ അഫ്ദലുല്‍ ഉല സിലബസില്‍ കയറിക്കൂടിയ അനാരോഗ്യകരമായ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പുസ്തകം കേരളത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കുന്നു. തീവ്ര സലഫി ആശയ ധാരയും ഐ.എസും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ രംഗത്തെ ഔദ്യോഗിക സിലബസില്‍ പിന്തിരിപ്പനും വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതുമായ ഇങ്ങനെയൊരു പുസ്തകം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മാസങ്ങളായി ചില കാമ്പസുകളില്‍ ഇത് പഠിപ്പിച്ചുവരികയും ചെയ്യുന്നുണ്ടത്രെ.
സഊദി സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ രചിച്ച കിതാബു ത്തൗഹീദാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പ്രസ്തുത കൃതി. ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇതിലെ ഓരോ അധ്യായവും. സലഫികള്‍ അല്ലാത്തവരെല്ലാം അവിശ്വാസികളും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവരുമാണെന്നും ആയതിനാല്‍ അവരുടെ രക്തവും സമ്പത്തും അനുവദനീയമാണെന്നും സ്ഥാപിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. വഹാബി
ആചാര്യന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനും മുഹമ്മദ് അബ്ദക്കും ഇതേ പേരില്‍ തന്നെ പുസ്തകങ്ങളുണ്ട്. അവയാണ് വഹാബി ഐഡ്യോളജിയുടെ ടെക്‌സ്റ്റ് പുസ്തകങ്ങളായി സലഫി വൃത്തങ്ങളില്‍ ഇന്നും സ്വീകരിച്ചുവരുന്നത്. ആ ധാരയില്‍ കുറച്ചുംകൂടി ആധുനികമായ രചനയാണ് ഉസൈമീന്റെ കിതാബു തൗഹീദ്.
കേരളത്തില്‍ മാത്രമല്ല, ആഗോള തലത്തില്‍തന്നെ സലഫി പ്രത്യയശാസ്ത്രം നിശിതമായി വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ പക്ഷപാതിത്തപരമായ ചിന്താഗതികളില്‍നിന്നും മുക്തമാകേണ്ട ഒരു പൊതു വിദ്യാഭ്യാസ സിലബസില്‍ ഇങ്ങനെയൊരു പുസ്തകം കയറിക്കൂടിയത് ശക്തമായ അണ്ടയുടെ ഭാഗമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അക്കാദമിക രംഗത്തെ സലഫി സ്വാധീനം ഉപയോഗപ്പെടുത്തി, വിദ്യാഭ്യാസ വിചക്ഷണരുടെ കണ്ണ് വെട്ടിച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരമൊരു പുസ്തകം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
2007 ല്‍ തന്നെ അന്നത്തെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ അംഗീകാരപ്രകാരം യൂണിവേഴ്‌സിറ്റി അഫ്ദലുല്‍ ഉലമ സിലബസില്‍ ഇതേ പുസ്തകം നിര്‍ദേശിക്കപ്പെട്ടിരുന്നു. സുന്നി സംഘടനകള്‍ ശക്തമായി ഇതിനെതിരെ സമരമുറകളുമായി രംഗത്തിറങ്ങിയതോടെ പിന്‍വലിക്കപ്പെടുകയാണുണ്ടായത്. പുതിയ കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടും എട്ടു വര്‍ഷത്തിനു ശേഷം അതേ പുസ്തകം തന്നെ വീണ്ടും സിലബസില്‍ ഉള്‍കൊള്ളിക്കാനുള്ള ചലരുടെ കൊണ്ടുപിടിച്ച ശ്രമം ചില ഗൂഢ ശക്തികളുടെ മറകള്‍ക്കു പിന്നിലുള്ള ശ്രമങ്ങളെയാണ് പുറത്തുകൊണ്ടുവരുന്നത്.
സര്‍ക്കാര്‍ ചേലവില്‍ സലഫിസം പ്രചരിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളില്‍ വികല ആശയങ്ങള്‍ കുത്തിനിറക്കുക തുടങ്ങിയ വിമര്‍ശനങ്ങള്‍ ഇതിനകം പുസ്തകം ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനെതിരെ ശക്തമായിട്ടുണ്ട്.
ഖുര്‍ആനും ഹദീസും പരിചയപ്പെടുത്തുന്ന യഥാര്‍ത്ഥ തൗഹീദിനു വിരുദ്ധമായ ആശയങ്ങളാണ് കിതാബു തൗഹീദിന്റെ ഉള്ളടക്കം. തൗഹീദിനെ മൂന്നാക്കി വഭിജിച്ചിട്ടുണ്ടാണ് അതിലെ ചര്‍ച്ചകള്‍ കടന്നുപോകുന്നത്. തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദു റുബൂബിയ്യ, തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത് എന്നിങ്ങനെയാണത്. ഇതില്‍ ഓരോ വിഭാഗത്തെയും വിശദമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നുണ്ട് പുസ്തകത്തില്‍. തൗഹീദു റുബൂബിയ്യ അംഗീകരിച്ചുകൊണ്ട് മഹാന്മാരുടെ സന്നിധാനങ്ങളില്‍ എത്തുകയും അവിടെക്ക് നേര്‍ച്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നവന്‍ മുശ്‌രിക്കോ കാഫിറോ ആണെന്ന് പുസ്തകം കട്ടായം പറയുന്നു. അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ മഖ്ബറകളില്‍ പോകുന്നതും അവിടെനിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും കുഫ്‌റാണെന്നും ഇത് വിശദീകരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍, 18 ാം നൂറ്റാണ്ടില്‍ നവീന ആശയങ്ങളുമായി കടന്നുവന്ന ഇബ്‌നു അബ്ദില്‍ വഹാബിനെ അംഗീകരിക്കുന്നവര്‍ മാത്രമാണ് ലോകത്ത് യഥാര്‍ത്ഥ മുസ്‌ലിംകള്‍ എന്നാണ് പുസ്തകം സമര്‍ത്ഥിക്കുന്നത്. അല്ലാത്തവരെല്ലാം കാഫിറുകളോ വധിക്കപ്പെടേണ്ടവരോ ആണെന്നാണ് ഇതിനുള്ളിലെ ധ്വനി.
ഇന്ന് ഐ.എസ് തീവ്രവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാശയമാണിത്. കുഫ്‌റും ശിര്‍ക്കും ആരോപിച്ച് കൊല ചെയ്യുന്ന തീവ്ര സലഫിസം എന്ന ആശയധാരയും ഇതേ ചിന്തയെ പ്രതിനിധീകരിക്കുന്നു. ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ഈ ആശയത്തെ സ്ഥാപിക്കാന്‍ പുസ്തകത്തില്‍ ഉടനീളം ഗ്രന്ഥകാരന്‍ ശ്രമിച്ചിരിക്കുന്നത്.
കോയക്കുട്ടി ഫാറൂഖി മലയാളത്തില്‍ സംഗ്രഹം തയ്യാറാക്കിയ പുസ്തകത്തിലെ അപകടകരമായ ചില പരാമര്‍ശങ്ങള്‍ ഇങ്ങനെ വായിക്കാവുന്നതാണ്:
'അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ടുതന്നെ മരണപ്പെട്ടവരെ മറവു ചെയ്യപ്പെട്ട സ്ഥലത്ത് (ഖബറിനു സമീപം) പോയി ആരാധനാ മനോഭാവത്തോടെ അവരെ സമീപിക്കുകയും നേര്‍ച്ച സമര്‍പ്പിക്കുകയും അതുവഴി സ്രഷ്ടാവിന്റെ സാമീപ്യം തേടുകയും ചെയ്യുന്ന പക്ഷം അവന്‍ കാഫിറും (അവിശ്വാസി) കുശ്‌രികും (ബുഹദൈവ വിശ്വാസി) ആണ്. അനന്തരം അവന്‍ നരകത്തില്‍ വസിക്കുന്നവനുമാണ്. മുശ്‌രികുകളോട് പ്രവാചകന്‍ യുദ്ധം ചെയ്യുകയും അവരുടെ രക്തവും സമ്പത്തും മുസ്‌ലിംകള്‍ക്ക് അനുവദനീയമാക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ (മുശ്‌രികുകള്‍, ബഹുദൈവവിശ്വാസികള്‍) അല്ലാഹുവിനെ സ്രഷ്ടാവാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരെ (അല്ലാഹുവിലേക്ക്) പങ്കു ചേര്‍ത്തിരിക്കുന്നു. അതിനാല്‍ അവര്‍ രക്തവും സമ്പത്തും അനുവദനീയമാക്കപ്പെട്ട മുശ്‌രികുകളാണെന്ന് പ്രസിദ്ധമാണല്ലോ..! (കിതാബുത്തൗഹീദ്, സംഗ്രഹം, കോയക്കുട്ടി ഫാറൂഖി).
ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ സുന്നികളെല്ലാം വധിക്കപ്പെടേണ്ടവരാണെന്ന് പുസ്തകം വ്യംഗ്യമായി പറയുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍. സലഫിസം അതിന്റെ മനസ്സ് തുറക്കുന്നതുപോലെയാണ് ഇത്തരം ഉദ്ധരണികള്‍ അനുഭവപ്പെടുത്തുന്നത്. ഐസിസ് ഐഡ്യോളജിയും സലഫി വഴിയും ഒന്നുതന്നെയാണെന്നും ഇത്തരം പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
കൂടാതെ, തൗഹീദു സ്വിഫാത് എന്ന അധ്യായത്തില്‍ അല്ലാഹുവിന് മനുഷ്യരെപ്പോലെ കൈകാലുകള്‍ ഉണ്ട് എന്നും പുസ്തകം വാദിക്കുന്നു. യഥാര്‍ത്ഥ മുസ്‌ലിം വിശ്വാസത്തിനുള്ള ഒരു തിരുത്താണിത്. സലഫികള്‍ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും ഈയൊരു ചിന്തയിലൂന്നിയാണ്.
ഐ.എസ് ഭീകരവാദികള്‍ പ്രചരിപ്പിക്കുന്ന ഈ തീവ്ര ആശയം ഒരു പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠപുസ്തകത്തിലൂടെ കേരളത്തില്‍ പഠിപ്പിക്കപ്പെടുന്നത് ഒരിക്കലും പൊറുക്കാനാവാത്ത കാര്യമയാണ്. ഏറെ വിഷലിപ്തമായ വാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സലഫി ഗ്രന്ഥം ഐ.എസ് കാലത്ത് ഭീകരവാദ ആശയങ്ങളെ മറ്റൊരു വിധത്തില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വളര്‍ന്നു വരുന്ന യുവതലമുറയുടെ മനസ്സില്‍ തീവ്രവാദം വളര്‍ത്താന്‍ ഇത്തരം പുസ്തകങ്ങള്‍ സഹായകമായേക്കും. അത് തിരിച്ചറിഞ്ഞ് കേരളത്തിന്റെ സംഘടിതവും സുരക്ഷിതവുമായ ഒരു ഭാസുരമായ ഭാവി മുന്നില്‍ കണ്ട് ഈ പുസ്തകം പിന്‍വിലക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്. തല്‍സ്ഥാനത്ത് ഇസ്‌ലാമിന്റെ സമാധാന മുഖം പ്രചരിപ്പിക്കുന്ന സത്യസന്ധമായ മൗലിക പഠനങ്ങള്‍ നിര്‍ദേശിക്കപ്പെടേണ്ടതുണ്ട്.
അല്ലാതെ, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ വിശ്വാസാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ കുത്തിനിറച്ച പുസ്തകങ്ങള്‍ പാഠഭാഗങ്ങളായി യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കപ്പെടുന്ന അവസ്ഥാവിശേഷം അവരുടെ സത്യം പഠിക്കാനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണമാണ്. ഇത് എന്തു വിലകൊടുത്തും തടഞ്ഞേ മതിയാകൂ.
Leave A Comment