muslimപാരിസ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍മിക്കുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനുംവേണ്ടിയായിരുന്നു പാരിസിലെ പ്ലെയ്‌സ ഡി ലാ റിപ്പബ്ലിക് സ്‌ക്വയറില്‍ പാരിസ് ജനത ഒത്തുചേര്‍ന്നത്. സ്വന്തം ടവ്വല്‍കൊണ്ട് കണ്ണുമൂടിക്കെട്ടി കാലുകള്‍കൊണ്ട് പ്ലക്കാര്‍ഡുകള്‍ ചവിട്ടിപ്പിടിച്ച് ഒരു യുവാവ് അവരുടെ ശ്രദ്ധക്ഷണിച്ചത് അതിനിടയിലാണ്. ''ഞാന്‍ ഒരു മുസ്ലിമാണ്. ഞാനൊരു തീവ്രവാദിയാണെന്ന് അവര്‍ പറയുന്നു. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്നെ ആശ്ലേഷിക്കൂ'' എന്നീ വാചകങ്ങളായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.
പാരിസുകാര്‍ യുവാവിനെ നിരാശനാക്കിയില്ല. അവര്‍ ഓരോരുത്തരും മുന്നോട്ടുവന്ന് യുവാവിനെ ഗാഢമായി പുണര്‍ന്നു. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ മുസ്ലിം പൗരന്മാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചും ഇസ്ലാം മതവിശ്വാസികളെല്ലാവരും തീവ്രവാദികളല്ലെന്നതിനെക്കുറിച്ചും പാരിസ് ജനതയെ ബോധ്യപ്പെടുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. തന്റെ കണ്ണിന്റെ കെട്ടഴിച്ച ആ മുസ്ലിം യുവാവ് തന്നെ പുല്‍കിയ എല്ലാവരോടും തന്റെ നന്ദിയറിയിച്ചു. ''എല്ലാവര്‍ക്കും ഒരു സന്ദേശം നല്‍കുന്നതിനുവേണ്ടിയാണ് ഞാന്‍ ഇപ്രകാരം ചെയ്തത്. ഞാനൊരു മുസ്ലിമാണ്. പക്ഷേ, അതുകൊണ്ട് ഞാന്‍ തീവ്രവാദിയാകുന്നില്ല. ഞാനിന്നുവരെ ആരെയും കൊലചെയ്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച എന്റെ പിറന്നാളായിരുന്നു. ഞാന്‍ എങ്ങും പോയില്ല'' -യുവാവ് പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ തനിക്കും അതിയായ ദുഖമുണ്ട്. മുസ്ലിം എന്നാല്‍ അര്‍ഥം തീവ്രവാദിയെന്നല്ല. ഒരു തീവ്രവാദി തീവ്രവാദിതന്നെയാണ്. തന്റെ സഹജീവിയെ ഒരു ചിന്തയുമില്ലാതെ കൊലപ്പെടുത്തുന്നവന്‍. ഒരു മുസ്ലിമിന് ഒരിക്കലും അപ്രകാരംചെയ്യാന്‍ സാധിക്കില്ലെന്നും ഇസ്ലാസ്ലാം മതം അതനുവദിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ''നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്നെ ആലിംഗനം ചെയ്യൂ'' എന്നാവശ്യപ്പെട്ട് പാരിസ് ജനതയ്ക്കിടയിലേക്കിറങ്ങിച്ചെന്ന മുസ്ലിം യുവാവിന്റെ വീഡിയോ യൂട്യൂബില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളാണു കണ്ടത്.