മുസ്‌ലിം നേതൃത്വത്തോട് കാമ്പസിന് പറയാനുള്ളത്;  പരാതികളും പരിഭവങ്ങളും
campppകൊച്ചിന്‍ യൂനിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ പഠന കാലം. എഞ്ചിനീയറിംഗിലെ ഒരേയൊരു സാമൂഹ്യ ശാസ്ത്ര പേപ്പര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് അധ്യാപക. മതവും ശാസ്ത്രവും എന്നതാണ് വിഷയം. മതം, ചോദ്യങ്ങള്‍ക്ക് ഇടമില്ലാത്ത, അന്വേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കാത്ത ഒരു അറുപിന്തിരിപ്പന്‍ സംവിധാനം. ഗലീലിയോ വധം, കുരിശു യുദ്ധങ്ങള്‍, മറ്റു വര്‍ഗ സംഘട്ടനങ്ങള്‍, എന്നാല്‍ ഇതൊന്നും ഇല്ലാത്ത ഇതിനൊക്കെ നേര്‍ വിപരീതമായ ഒന്നാണ് ശാസ്ത്രവും എന്നിടത്തെത്തി ചര്‍ച്ച അവസാനിച്ചു. മറ്റൊരു ഇന്റര്‍നെറ്റ് ചര്‍ച്ചയില്‍ ശാസ്ത്രത്തിന്റെ വക്താവായി സ്വയം വന്ന ഒരാള്‍ പറയുന്നുണ്ടായിരുന്നു. മതം ശാസ്ത്രത്തിനും ശാസത്രം മതത്തിനും എതിരു നില്‍ക്കുന്നു. അതായത് ശാസത്രം മതത്തെ ഉന്മൂലനം ചെയ്യും. നവോത്ഥാനന്തര യൂറോപ്പും പുരഗോതി പ്രാപിച്ച ജപ്പാനുമൊക്കെ ദൈവത്തെയും മതത്തെയും പൊതുനിരത്തുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ പോകുന്നു ചര്‍ച്ചകള്‍. കാമ്പസുകളില്‍ ശാസത്രപഠനത്തിനു എത്തുന്ന മുസ്‌ലിം വിദ്യാര്‍ഥി നേരിടുന്ന അനവധി ചോദ്യങ്ങളില്‍ ഒന്നാണ് മേല്‍ വിവരിച്ചത്. ഇവിടെ നിന്നാണ് ശാസ്ത്ര പഠനത്തിനു വന്ന മതവിശ്വാസികളുടെ ഓരോരുത്തരുടെയും ചിന്തകള്‍ക്കും തുടക്കം കുറിക്കുന്നത്. പൊതുസമൂഹത്തില്‍ നിന്നും മുസ്‌ലിം സമൂഹത്തിന്റെ രീതികളോട് സ്വന്തത്തില്‍ നിന്നും ഇത്തരം നിരവധി ചോദ്യങ്ങള്‍ അവന് നേരിടേണ്ടിവരുന്നു. ചോദ്യങ്ങളെക്കാള്‍ സങ്കീര്‍ണമായ പ്രായോഗിക പ്രശ്‌നങ്ങളും. ഇതിനു സ്വന്തത്തോട് ഉത്തരം പറഞ്ഞുകൊണ്ടും തന്റെ തുടക്കത്തിനു ലക്ഷ്യം നിര്‍വചിച്ചു കൊണ്ടുമാണ് ഭൗതിക കലാലയങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനം തുടങ്ങേണ്ടത്. ഇസ്‌ലാമിക ചരിത്രത്തില്‍ മതം ശാസത്രത്തിനും ശാസ്ത്രം മതത്തിനും എതിരു നിന്നിട്ടില്ല. പകരം ശാസ്ത്രത്തെ മതം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനം നടന്നത് യൂറോപ്പില്‍ ആണ്. ആ നിര്‍വചനം യൂറോപ്പിന്റെ നിര്‍വചനവുമാണ്. ബാഗ്ദാദിലും മുസ്‌ലിം സ്‌പെയിനിലും മതം അതിന്റെ മനോഹാരിതയില്‍ നിന്ന കാലഘട്ടത്തില്‍ തന്നെയാണ് ഏറ്റവും വലിയ ശാസ്ത്ര ഗവേഷണങ്ങളും അന്വേഷണങ്ങളും നടന്നത്. ഇബ്‌നു സീനയും ഇബ്‌നു റുഷ്ദും മറ്റു മുസ്‌ലിം ശാസ്ത്ര ഗവേഷകരും പണ്ഡിതരും നിര്‍വഹിച്ച സേവനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ യൂറോപ്യന്‍ നവോത്ഥാനം തീര്‍ത്തും അസാധ്യമായിരുന്നു. ആ നവോത്ഥാനത്തിന്റെ ബാക്കി പത്രമായി വന്നതാണല്ലോ ഈ അറിവിന്റെ ശാഖകളും കലാലയങ്ങളും . അതുകൊണ്ട് തന്നെ അന്നും ഇന്നും ശാസ്ത്രത്തോട് ഇസ്‌ലാമിനോടോ ഇസ്‌ലാമിന് ശാസ്ത്രത്തോടോ ഏറ്റുമുട്ടേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ശാസ്ത്ര പഠനം മുസ്‌ലിമിന് തന്റെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. ഇവിടെ നിന്നാവണം മുസ്‌ലിം വിദ്യാര്‍ഥിയുടെ കാമ്പസ് ജീവിതത്തിന്റെ തുടക്കം. വിശ്വാസത്തിനു നേരെ ഉയരുന്ന ഇത്തരം ചോദ്യങ്ങളല്ല, മറിച്ചു ചോദ്യങ്ങളെക്കാള്‍ സങ്കീര്‍ണമായതും മതത്തില്‍ നിന്നും അതിന്റെ സന്ദേശങ്ങളില്‍ നിന്നും അവനെ അകറ്റി കൊണ്ടുപോകുന്ന പ്രായോഗിക പ്രശ്‌നങ്ങളാണ് കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത്തരം പ്രശ്‌നങ്ങളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഈ ലേഖനം. ഒരു സുപ്രഭാതത്തില്‍ തുറന്നുവെക്കപെട്ട ഒരു ലോകത്തേക്ക് ഒരു പതിനേഴുകാരന്‍ കയറി വരുന്ന, കാമ്പസിലെ ഒന്നാം വര്‍ഷം. വഴി കാണിക്കാനോ മാതൃക കാണിക്കാനോ അധികം ആരുമില്ലാത്തൊരിടം. സാഹചര്യങ്ങള്‍ അല്‍പം പിഴച്ചതാണെങ്കില്‍ പിന്നെ അവിടെ എങ്ങനെ പെരുമാറണം, എന്തില്‍ നിന്നൊക്കെ അകലം പാലിക്കണം എന്നു പെട്ടന്നു പഠിച്ചെടുക്കാന്‍ ആയിക്കൊള്ളണമെന്നില്ല. മുസ്ിലം വിദ്യാര്‍ഥികൡ തന്നെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കടന്നുവരുന്നവരാണ് കാമ്പസിലെ പല ചതിക്കുഴികളിലും വീണ് പൂര്‍വകാല വ്യക്തിത്വത്തില്‍ നിന്ന് അകന്നുപോകുന്നത് എന്നു കാണാനായി. ഇത്രയും തുറന്ന ഒരു അന്തരീക്ഷം ഇവര്‍ക്കു ജീവിതത്തിലാദ്യാനുഭവമായിരിക്കാം. കാമ്പസ് കാലം അവസാനിക്കുമ്പോഴേക്കും ഇങ്ങനെ പല വഴിക്കും സഞ്ചരിച്ച വലിയൊരു ശതമാനം പേരും വീണ്ടും ആത്മീയതയിലേക്ക് തന്നെ മടങ്ങി വരുന്നത് കാണാം. അതായത് കാമ്പസുകളില്‍/ അതുപോലുള്ള തുറന്ന ഇടങ്ങളില്‍ എങ്ങനെ പെരുമാറണം എന്നത് വളര്‍ന്നു വരുന്ന വിദ്യാര്‍ഥിക്ക് മുന്നേ നല്‍കപ്പെടേണ്ട അടിസ്ഥാന ബോധങ്ങളില്‍ ഒന്നാക്കി ഉള്‍പെടുത്താന്‍ നമുക്കാവണം എന്നാണ് ആദ്യമായി പറയാനുള്ളത്. അതിന് മഹല്ലുകളും മതസ്ഥാപനങ്ങളും മുന്നിട്ടിറങ്ങുകയും വേണം. എന്നും വീടുകളിലും മുസ്‌ലിം ഗ്രാമങ്ങളിലും കഴിയേണ്ടി വരുന്നവരല്ല പുതിയ തലമുറ. ജീവിതത്തില്‍ പല ഘട്ടങ്ങളിലും ദുര്‍ഘടമായ വഴികളിലൂടെ യാത്ര പോകേണ്ടവരാണവര്‍. വ്യക്തമായ പ്രീ-കാമ്പസ് ട്രൈനിങ്ങിന്റെ കുറവു തന്നെയാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ കാമ്പസില്‍ നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി. താമസ സാഹചര്യങ്ങളെ കുറിച്ച് പറയാം. നല്ല കൂട്ടുകെട്ടില്‍ നിന്നും നല്ല ചുറ്റുപാടില്‍ നിന്നുമാണ് നല്ല ജീവിതങ്ങളുണ്ടായി വരുന്നത്. നല്ല കൂട്ടുകാര്‍ക്കും ആദ്യം വേണ്ടത് നല്ല ഹോസ്റ്റല്‍ സൗകര്യങ്ങളാണ്. കേരളത്തിലെ 90% കോളേജുകളിലും ഒന്നാം വര്‍ഷവിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ല. കോളേജ് ഹോസ്റ്റലുകള്‍ നല്ലതാണ് എന്ന് അഭിപ്രായമില്ല. പക്ഷേ, സാഹചര്യങ്ങള്‍ ഇങ്ങനെ ആയിട്ടും തങ്ങളുടെ മക്കളെ നല്ല അന്തരീക്ഷത്തില്‍ താമസിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് പോലും ഇസ്‌ലാമികാന്തരീക്ഷമുള്ള ഹോസ്റ്റലുകള്‍ കണ്ടെത്താനാകുന്നില്ല എന്നതാണു വസ്തുത. ഇത് ഒരുക്കിക്കൊടുക്കാനനായാല്‍ തന്നെ കേരളത്തിലെ കാമ്പസുകളില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രധാന പ്രശ്‌നത്തിന് പരിഹാരമാകും എന്നു മാത്രമല്ല, അതു അത് ഗുണകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്യും. തൃശൂര്‍ എം.ഐ.സിയും കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ഹോസ്റ്റലുകളുമൊക്കെ നമുക്ക് ഈ മാറ്റത്തിന്റെ പ്രാരംഭ സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. ലഹരി പദാര്‍ഥകള്‍ക്കും മദ്യത്തിനും ഒക്കെ സര്‍ക്കാറുകള്‍ എത്ര ബ്രേക്കിട്ടാലും അവ കാമ്പസുകളില്‍ സുലഭമാണ്. ഒരുപാട് പേര്‍ ഈ ചതിക്കുഴികളില്‍ വീണു പോകാറുമുണ്ട്. എന്നാല്‍, മദ്യമല്ല, അല്ലെങ്കില്‍ അതുപോലുള്ള മറ്റു തിന്മകളല്ല ഇവിടെ വില്ലനാവുന്നത്. മറിച്ചു ജീവിതത്തിന്റെ ഒരു വലിയ കാലം നല്ല ബന്ധങ്ങള്‍ ഇല്ലാതെ കഴിയുന്ന അവസ്ഥ അവന്റെ ചുറ്റുപാടുകളില്‍ പതിയിരിക്കുന്ന നശിച്ച കൂട്ടുകെട്ടുകളെ പിന്തുടരാന്‍ അവനെ പ്രേരിപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ മദ്യത്തിനെതിരെ കാമ്പയ്‌നുകള്‍ നടത്തുകയല്ല, മറിച്ച് നല്ല കൂട്ടുകളും ആ കൂട്ടുകെട്ടില്‍ തന്നെ കാമ്പസിന്റെ ആസ്വാദങ്ങളും യാത്രകളും ഒക്കെ ഉള്‍പെടുത്താവുന്ന രീതികളെ വളര്‍ത്തി കൊണ്ടുവരികയാണ് ഇവിടെ പോംവഴി. ഇക്കാരണത്താല്‍ തന്നെ സംഘടനകള്‍ക്ക് കാമ്പസില്‍ വലിയ പ്രസ്‌കതിയുണ്ട്. ഒരര്‍ഥത്തില്‍ സമൂഹത്തിന്റെ മറ്റേത് മേഖലകളെക്കാളും സംഘടനകള്‍ക്ക് പ്രസക്തിയുള്ളത് കാമ്പസില്‍ തന്നെയാണ്. സമൂഹത്തിലെ മറ്റേത് മഹല്ല് തലത്തിലും മറ്റുമുള്ള സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് കാമ്പസുകളില്‍ ഇടപെടാനാവില്ല എന്നതിനാല്‍ തന്നെ സംഘടനകള്‍ക്ക് മാത്രമേ ആ ദൗത്യം നിര്‍വഹിക്കാനാകൂ. എന്നാല്‍ ഇന്നും ആ വിഷയത്തില്‍ കാര്യമായ പുരോഗതി കണ്ടിട്ടില്ല. ചില മാതൃകാപരമായ നീക്കങ്ങള്‍ ഉണ്ടെങ്കിലും നിരന്തരം ഇടപെടുന്ന സംഘടനകളും ഇന്നും ചില വിഭാഗീയ വിഷയങ്ങള്‍ കാമ്പസുകളില്‍ തര്‍ക്കത്തിനിട്ടുകൊടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. അതുപോലെ തന്നെ കൃത്യമായ പ്രോട്ടോകോളോ ലക്ഷ്യമോ നിര്‍വചിക്കാതെ അമിതമായ പ്രകടന പരതയില്‍ കേന്ദ്രീകരിക്കുന്ന തലത്തിലേക്കു കാമ്പസിലെ ചില മുസ്‌ലിം രാഷ്ട്രീയ നീക്കങ്ങളും മാറുന്നുണ്ട്. ഇവയെക്കുറിച്ച് നേതൃത്വം സ്വയം അഭിമാനം കൊള്ളുന്നുവെങ്കിലും ഇവ പലപ്പോഴും പൊതു സമൂഹത്തില്‍ പ്രതികൂലമായ പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് പറയാതെ വയ്യ. സംഘടനെയക്കുറിച്ച് പറയുമ്പോള്‍ തന്നെ കൂടെ പറയേണ്ടതാണ് സംഘടനാവല്‍കരിക്കപ്പെട്ട മതത്തോടു കാമ്പസിനുള്ള മടുപ്പും. കാമ്പസിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും സംഘടനാവൃത്തങ്ങളുടെ പുറത്താണ് എന്ന് പറയുന്നതാകും ശരി. ഈ പുതിയ ട്രന്‍ഡ് സംഘടന തിരിച്ചറിയാതെ പോയാല്‍ അത് സമൂഹത്തില്‍ വലിയ വിടവുണ്ടാക്കും. പരസ്പര സംവാദങ്ങളെ താഴെ തട്ടില്‍ ആസ്വദിക്കുകയാണെങ്കില്‍ കാമ്പസ് അതിനെ മടുപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മതത്തിനും സംഘടനക്കും അതീതമായി പരസ്പരം സഹകരിച്ചു ജീവിക്കാനുള്ള പരിശീലനമാണ് കാമ്പസ് നല്‍കുന്നത് എന്നതിനാല്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിനു ശേഷം കേരളത്തിലെ പൊതു സംഘടനാ പ്രവര്‍ത്തന രീതിയോട് അസംതൃപ്തി തോന്നുക സ്വാഭാവികമാണ്. ഇത് ചിന്താ ശേഷിയുള്ളവരുടെ മത രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കിന് തന്നെ കാരണമാകും. മതത്തിലെ സംഘടനാ വിഭാഗീയ സംഘട്ടനങ്ങളോട് മടുപ്പാണെങ്കിലും ആത്മീയതയോടും ഇന്റലക്ച്വലിസത്തോടും താല്‍പര്യമുണ്ടാക്കുന്ന സാഹചര്യമാണ് കാമ്പസ് കാലം. സമൂഹത്തില്‍ നിന്നും കൂടുംബത്തില്‍ നിന്നുമുള്ള അമിത പ്രതീക്ഷകളും തൊഴില്‍ രംഗത്തെ കിടമാത്സര്യങ്ങളും ബാക്കിയാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ശുദ്ധ ആത്മീയതയെ പ്രണയിക്കുന്ന മനസ്സുണ്ടാക്കുന്നു. ഒപ്പം സെപ്തംബര്‍ 11ന് ശേഷമുളള പുതിയ ലോക ചുറ്റുപാടുകളും പുറത്ത് നിന്നും മതത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളും ഇന്റലക്ചലിസത്തോട് അടുപ്പം നില്‍ക്കുന്നു. പുറമെ നിന്നുള്ള ചോദ്യങ്ങള്‍ അധികരിച്ചത് തന്നെയാകണം അകത്തുള്ള വിഭാഗീയതയോട് വിരോധം കൊണ്ടുവന്നതും. ആത്മീയതയോടുള്ള പ്രണയത്തെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. ഉദാഹരണമായി വ്യാജ ത്വരീഖത്തുകള്‍ വിദ്യാര്‍ഥികളെ പ്രത്യേകമായി ലക്ഷ്യം വെച്ച് തുടങ്ങിയിട്ടും ഉണ്ട്. കാമ്പസുകളെക്കുറിച്ചു പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട മറ്റൊരു വിഷയം നമ്മുടെ വിദ്യാര്‍ഥിനികള്‍ തന്നെയാണ്. മുസ്‌ലി പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ്വ് നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പ്രത്യേകിച്ച്, മെഡിക്കല്‍, പാരാമെഡിക്കല്‍, ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ ഇന്ന് കാമ്പസുകളില്‍ പെണ്‍ പ്രാധിനിത്യം തന്നെയാണ് കൂടുതല്‍. എന്നാല്‍ മതപ്രബോധന രംഗത്ത് ഇന്നും പെണ്‍കുട്ടികള്‍ക്കിടയില്‍ ഇടപെടാവുന്ന നല്ല സംവിധാനങ്ങളുടെ അഭാവം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാമ്പസുകളില്‍ എത്തിയാല്‍ പിന്നെ അവര്‍ക്ക് മതവുമായി ബന്ധപ്പെടാന്‍ സംവിധാനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. ഭൗതിക മേഖലയിലുള്ള നിരവധി ആളുകളുമായി ബന്ധപ്പെടുന്ന ഇവര്‍ക്ക് കാമ്പസ് ജീവിതത്തിന്റെ നീണ്ട കാലത്തിനിടെ മത -ആത്മീയ രംഗവുമായി ഒരു ബന്ധവും പുലര്‍ത്താന്‍ കഴിയാതെ പോകുന്നു എന്നതാണ് പ്രധാന പ്രശ്‌നം. സ്ത്രീ ചര്‍ച്ചകള്‍ ഒളിച്ചോട്ട കഥകളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം ഈ അടിസ്ഥാന പ്രശ്‌നത്തെ നേരിടുകയാണ് വേണ്ടത്. ഇന്ന് മുസ്‌ലിം ലോകത്തിനു നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് തന്നെ മുസ്‌ലിം സ്ത്രീ എന്നതാണ്. പടിഞ്ഞാറില്‍ രൂക്ഷമായ ഈ ചോദ്യങ്ങള്‍ക്ക് മുസ്‌ലിം സ്ത്രീകള്‍ തന്നെയാണ് ഉത്തരം നല്‍കുന്നത്. നമുക്കിടയിലും പെണ്ണെഴുത്തുകളും നല്ല ചിന്താശേഷിയുള്ള സ്ത്രീ വ്യക്തിത്വങ്ങളും വളര്‍ന്നുവരേണ്ടതുണ്ട്. കാമ്പസുകളില്‍ നിന്ന് തന്നെയാണ് അത്തരം നീക്കങ്ങള്‍ തുടങ്ങേണ്ടത്. അതിനുള്ള പരിശീലനങ്ങള്‍ നല്‍കാനും അവരെ അറിവിന്റെ സ്രോതസ്സുകളുമായി ബന്ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ നമ്മില്‍ നിന്നുണ്ടാവണം. നമ്മുടെ വിദ്യാര്‍ഥിനികള്‍ക്ക് പ്രാര്‍ഥനാ സൗകര്യമുള്ള എത്ര കാമ്പസുകള്‍ കേരളത്തിലുണ്ട്? ആണ്‍കുട്ടികള്‍ക്കു പോലും നിസ്‌കാര സൗകര്യമില്ലാത്ത പ്രദേശങ്ങളിലാണു കേരളത്തിലെ പല പ്രമുഖ കാമ്പസുകളും സ്ഥിതി ചെയ്യുന്നത്. മലബാറിലെ നഗരങ്ങളില്‍ അനാവശ്യ പള്ളി നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുമ്പോഴും നൂറു കണക്കിന് മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്ഥിരമായി പഠിക്കുന്ന പല പ്രമുഖ കലാലയങ്ങളുടെയും പരിസരങ്ങളിലെവിടെയും പള്ളികളോ നിസ്‌കാര സൗകര്യമുള്ള ഇല്ലാത്ത അവസ്ഥയാണുള്ളത് എന്നത് ഓര്‍ക്കാതെ പോകരുതായിരുന്നു. ഹലാലായ ഭക്ഷണം പോലും ലഭ്യമാവാത്ത പ്രദേശങ്ങളില്‍ ജീവിതത്തിന്റെ സുപ്രധാനമായ ഒരു ഭാഗം അവര്‍ക്ക് കഴിച്ചുകൂട്ടേണ്ടി വരുന്നു. കാമ്പസുകളിലെ ഏറ്റവും നല്ല വായനാ സമൂഹങ്ങള്‍ മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരും തന്നെയാണ്. രാഷ്ട്രീയമായും കാമ്പസുകളില്‍ ഏറ്റവും വലിയ ശക്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ ചിന്താപരമായും കാമ്പസുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ടു വിഭാഗങ്ങള്‍ എന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ആശയ സംഘട്ടങ്ങളില്‍ ഏര്‍പ്പെടേണ്ടി വരാരുല്ലതും മാര്‍ക്‌സിസത്തോട്. കേരളത്തിലെ ഗ്രാമങ്ങളിലെ മാര്‍ക്‌സിസ്റ്റ് മാര്‍കിസ്‌സ്റ്റേതര രാഷ്ട്രീയ ചര്‍ച്ചകളലില്‍ നിന്ന് വ്യത്യസ്തമായി സൈദാന്തികമായ സമവാദങ്ങള്‍. ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനം കാമ്പസുകലില്‍ ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. എങ്കിലും അവയില്‍ ആകൃഷ്ടരാവുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മത സംവിധാനങ്ങളോട് മാനസികമായി അകലം വരുന്നുണ്ട്. അപൂര്‍വം ചിലരെങ്കിലും തീര്‍ത്തും മത വിരുദ്ധമായ ഒരു ചിന്താഗതിയിലേക്ക് ചേക്കേറുന്നുണ്ട്. മാത്രമല്ല, അവ കാമ്പസുകളില്‍ പ്രചരിപ്പിക്കുന്ന അക്രമ സംസ്‌കാരവും അത്ര ഗുണകരമല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കേവലം രാഷ്ട്രീയ ശത്രു പക്ഷത്ത് നിര്‍ത്തുന്നതിനു പകരം, മാര്‍ക്‌സിസ്റ്റു വിമോജന ആശയങ്ങളുടെ ഇസ്‌ലാമിക വശങ്ങളെ കുറിച്ച് ബോധ്‌യമുള്ളവരായി മുസ്‌ലിം വിദ്യാര്‍ഥികളെ മാറ്റേണ്ടതുണ്ട്. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലെ അതിപ്രസരം ബാധിച്ച കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച് പറയാം. നാല് വര്‍ഷത്തെ കേരളത്തിലെയും രണ്ട് വര്‍ഷത്തെ തമിഴ് നാട്ടിലെയും അനുഭവം വെച്ച് പറയാം. രാഷ്ട്രീയം കൊണ്ട് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പല അടിസ്ഥാന ആവശ്യങ്ങളും അവഗണിക്കുന്ന പ്രവണതക്കെതിരെ ചെറിയ രൂപത്തിലെങ്കിലും വിദ്യാര്‍ഥി കൂട്ടായ്മകള്‍ വേണ്ടതുണ്ട്. എന്നാല്‍ കേരളത്തിലേക്ക് ഇന്ന് രാഷ്ട്രീയ അതിപ്രസരണമാണ്. അത് ഗുണത്തെക്കാളേറെ ദോഷകരമായാണ് ഭവിക്കുന്നത്. കാമ്പസിന്റെ സുഗമമായ നടത്തിപ്പിനെ ഏതു ചെറു സംഘങ്ങള്‍ക്കും തടസ്സപ്പെടുത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ഗുണത്തെക്കാളേറെ ദോഷകരമായാണ് അവ ഭവിക്കുന്നത്. സമയവും അധ്വാനവും പാഴായി പകരം കുറെ ബാക്ക് പേപ്പറും അല്‍പം ചിലര്‍ക്കെങ്കിലും കേസ് കെട്ടുകളും ഇതാണ് മെച്ചം. സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കാനുള്ള അമിതമായ താല്‍പര്യം കൊണ്ടാണോ എന്നറിയില്ല, ഒട്ടുമിക്ക മുഖ്യധാരാ പാര്‍ട്ടികളുടെയം നേതൃസ്ഥാനത്ത് മുസ്‌ലിം വിദ്യാര്‍ഥികളെ എമ്പാടും കാണാനാവുന്നുണ്ട്. അതിന്റെ പുറമെ മുസ്‌ലിം പാര്‍ട്ടികളും കൂടെ ആവുമ്പോള്‍ പഠന കാലം രാഷ്ടീയതിനക്കുന്നവരില്‍ കൂടുതലും മുസ്‌ലിം വിദ്യാര്‍ഥികളാണ് എന്ന് തന്നെ തീര്‍ത്ത് പറയേണ്ടി വരും. ഇങ്ങനെ എണ്ണിപ്പറയാനൊരു പാടുണ്ട് കാമ്പസിന്. ഒരു പാടു പ്രതീക്ഷകളിലൂടെയും ശുഭ വാര്‍ത്തകളിലൂടെയും കൂടെ കുറേ പ്രശ്‌നങ്ങളും, പരാതികളും, ചെറിയ പരിശ്രമം കൊണ്ട് പരിഹരിക്കാവുന്നതാണ് അതില്‍ കൂടുതലും. കാമ്പസിനു വ്യത്യസ്തമായ രീതികള്‍ തന്നെ വേണ്ടി വരും. മത ബൗദ്ധിക സമന്വയമെന്ന ആശയത്തിന് തുടക്കം കുറിച്ചിട്ടും കാലമേറെയായി. ഹുദവി വാഫീ സംവിധാനങ്ങളിലൂടെ അതിന്റെ ഒന്നാം ഘട്ടം മനോഹരമായി മുന്നോട്ടു നീങ്ങുന്നു. മത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബൗദ്ധിക ഡിഗ്രി നേടിക്കൊടുക്കുക എന്നതില്‍ നിന്ന് ബൗദ്ധിക സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മത ബോധം നല്‍കുക എന്ന രണ്ടാം ഘട്ടത്തിലേക്കു കൂടി മത ബൗദ്ധിക സമന്വയം വ്യാപിപ്പിക്കേണ്ടതുണ്ട്. പണ്ഡിതരോട് ഒപ്പം നില്‍ക്കാനും നല്ല പ്രവര്‍ത്തനങ്ങളെ വരവേല്‍ക്കാനും വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വലിയ സമൂഹമുണ്ട് കാമ്പസുകലില്‍. അവര്‍ പിച്ച വെച്ച് തുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കാനെഹ്കിലും അല്‍പം സമയം ചിലവഴിക്കാന്‍ മുസ്‌ലിം നേതൃത്വം മുന്നോട്ടു വരണം. അത് പ്രബോധന രംഗത്തെ കാലികമായ അനിവാര്യതയാണ്. രണ്ടാം ഘട്ടം തുടങ്ങാന്‍ നേരമായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter