മുസ്‌ലിങ്ങള്‍ ലോകത്തിന് ശാസ്ത്രം പറഞ്ഞുകൊടുത്ത ഒരു കാലമുണ്ടായിരുന്നു
ലോകത്തു നടക്കുന്ന ഏറ്റവും ഉന്നതമായ നേട്ടങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമുള്ള അംഗീകാരമായി നല്‍കപ്പെടുന്ന നൊബേല്‍ സമ്മാനം ശാസ്ത്രീയ രംഗത്ത് ഇതുവരെ രണ്ടു മുസ്‌ലിംകള്‍ക്കാണു ലഭിച്ചിട്ടുള്ളത്. ആദ്യം 1979-ല്‍ പാകിസ്ഥാന്‍കാരനായ അബ്ദുസ്സലാമിന് ഫിസിക്‌സിലും, പിന്നീട് 1999-ല്‍ ഈജിപ്തുകാരനായ അഹ്മദ് സിവൈലിന് കെമിസ്ട്രിയിലും നൊബേല്‍ സമ്മാനം ലഭിച്ചു. അബ്ദുസലാം 1996-ല്‍ മരണപ്പെട്ടു. മുസ്‌ലിംലോകത്ത് ശാസ്ത്രീയ രംഗത്ത് നൊബേല്‍ സമ്മാനം ലഭിച്ച ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് അഹ്മദ്. ഫൗണ്ടൈന്‍ മാഗസിന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഇസ്‌ലാമും ശാസ്ത്രവും തമ്മിലെ ബന്ധമാണ് അദ്ദേഹം അഭിമുഖത്തില്‍ ഊന്നിപ്പറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം തുറന്നു പറയുന്നു. ഒപ്പം നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് അടിത്തറ പാകിയ ഇന്നലെകളിലെ മുസ്‌ലിംകളുടെ പുതുതലമുറ ആ മേഖലയില്‍ ശക്തമായി തിരിച്ചുവരേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
ഈയ്യിടെ താങ്കള്‍ ഒരു പത്രത്തിലെഴുതിയൊരു നിരീക്ഷണത്തില്‍ വിശുദ്ധ ഖുര്‍ആനിലെ സൂറത്തു റഅ്ദിലെ 11ാം സൂക്തമായ 'സ്വയം മാറ്റത്തിന് വിധേയമാകാത്ത ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയില്ലെ'ന്ന ആയത്ത് ഉദ്ധരിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ഈ ഇലാഹീ വചനം താങ്കള്‍ ഉദ്ധരിക്കാന്‍ കാരണം?
മുസ്‌ലിങ്ങളുടെ ഇന്നലെകളിലേക്ക് നിങ്ങള്‍ കണ്ണോടിച്ചാല്‍ ചരിത്രത്തില്‍ എത്ര സുന്ദരമായ ഇടപെടലുകളാണ് അവര്‍ നടത്തിയതെന്ന് കാണാന്‍ സാധിക്കും. ജാജ്ജ്വല്ല്യമാനമായ ചരിത്രത്തിനുടമകളാണ് മുസ്‌ലിംകള്‍. ശാസ്ത്രലോകത്തിന് അടിത്തറയിട്ട വിഭാഗമാണവര്‍. ഇതിനൊക്കെ കാരണം അവര്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ്. അതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിജ്ഞാനം നേടാന്‍ അവര്‍ സക്രിയമായി രംഗത്തു വന്നു. നിങ്ങള്‍ക്കറിയാമല്ലോ, വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ വായനയ്ക്ക് അഥവാ അറിവ് നേടാനുള്ള പ്രോത്സാഹനവുമായാണ് അവതരിച്ചത്. ഇതിനുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിച്ച് വന്നിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ അക്കാലത്തെ മുസ്‌ലിംകള്‍ അറിവിന്റെ ധ്വജവാഹകരായി. വിജ്ഞാനം കരഗതമാക്കാന്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ച് അവര്‍ മുന്നോട്ടു വന്നു. അതിന്റെ ഫലം ചരിത്രത്തില്‍ കാണുകയും ചെയ്തു. പക്ഷേ, ഖേദകരമെന്നു പറയട്ടെ, ആധുനിക കാലത്തെ മുസ്‌ലിങ്ങള്‍ ഈ രംഗത്ത് അപക്വമായ സമീപനമാണ് പിന്തുടരുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയ രംഗത്ത് തികഞ്ഞ അധഃപതനമാണ് മുസ്‌ലിംകള്‍ക്ക് പൊതുവെ സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. എന്നാല്‍, രസകരമായ മറ്റൊരു കാര്യം, നമ്മുടെ പിന്നാക്കത്തിന് മറ്റുള്ളവരാണ് കാരണമെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നതാണ്. ശാസ്ത്രീയ മേഖലയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കാതെ പോയതിനു നാം തന്നെയാണ് ഉത്തരവാദികള്‍ എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്.
നമ്മുടെ തകര്‍ച്ചയ്ക്ക് പല ബാഹ്യശക്തികളുടെയും ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ, അത് മാത്രമാണ് കാരണമെന്നു പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാനുള്ള ശ്രമം അപക്വവും അല്‍പത്തവുമാണ്. നമുക്ക് നമ്മുടെ കൂടി കുറ്റവും കുറവും ഈ രംഗത്ത് വിലയിരുത്തേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളാറുണ്ട്. അത് ഏതു പ്രായക്കാരുമാവട്ടെ, ഞാനവരെ പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ട്. പഠനം നിറുത്താതെ ഉന്നതമായ നേട്ടങ്ങള്‍ കൊയ്യും വരെ അവര്‍ പഠനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്നെങ്കിലെന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാറുണ്ട്.
ചുരുക്കത്തില്‍, ശാസ്ത്രീയ രംഗത്ത് നമുക്ക് വന്നു പെട്ട അപചയത്തിനുള്ള പ്രധാന കാരണം വിശുദ്ധഖുര്‍ആന്‍ മുന്നില്‍ വച്ചു കൊണ്ട് തന്നെ എനിക്ക് പറയാനാവും, അത് നാം മാത്രമാണെന്ന്. നമ്മുടെ സ്വന്തം പ്രശ്‌നം കൊണ്ടാണ് നമുക്ക് നമ്മുടെ ഇന്നലെകളിലെ സുന്ദരമായ ചരിത്രം വര്‍ത്തമാനത്തിലും എഴുതിച്ചേര്‍ക്കാന്‍ കഴിയാതെ പോയത്.
''സിദ്ദി ഇബ്‌റാഹീം ദസൂഖി മസ്ജിദ് എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തെ വഴിതിരിച്ചുവിട്ടത് ആ പള്ളിയാണ്. ഞാന്‍ പതിവായി ആരാധിക്കാനെന്നതിനു പുറമെ പഠിക്കാന്‍ വേണ്ടിയും പള്ളിയില്‍ പോവാറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ പള്ളിയെന്നത് കേവല ആരാധനക്കു വേണ്ടി മാത്രമുള്ളതല്ല, മറിച്ച് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് മസ്ജിദുകള്‍' എന്ന് നിങ്ങളുടെ പുസ്തകത്തില്‍ 15ാം പേജില്‍ സൂചിപ്പിക്കുകയുണ്ടായി. ഇത് ഇന്ന് എത്രത്തോളം പ്രസക്തമാണ്. ഇത് ഇന്നും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണോ?
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്‌ലാമികമായ കാര്യങ്ങളില്‍ കൃത്യമായ രീതിയില്‍ പൊതു കാഴ്പ്പാടുകളോടിഴുകിച്ചേര്‍ന്ന് വീക്ഷണങ്ങള്‍ രൂപപ്പെടുത്താന്‍ പൂര്‍ണാര്‍ത്ഥത്തില്‍ കഴിവുള്ളവരുടെ നേതൃത്വത്തിലല്ല പള്ളികളുടെ നടത്തിപ്പ് ഇന്ന് മുന്നോട്ട് പോവുന്നത്. രാഷ്ട്രീയമായ ചില ഘടകങ്ങള്‍ പള്ളികളുമായി ബന്ധപ്പെടുന്ന കാര്യത്തില്‍ കൂടിക്കലരുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. അങ്ങനെയാവുമ്പോള്‍ പള്ളിയുടെ ആത്മാവ് ചോര്‍ന്നുപോവും. ഇത് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള അവബോധ രാഹിത്യം കൊണ്ട് സംഭവിക്കുന്നതാണ്.
ഇന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ലോകത്തെ വിദ്യാഭ്യാസ ഭൂമികയില്‍ എണ്ണപ്പെട്ട കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. എന്റെ സ്വന്തം നാട്ടില്‍ ഒരു പള്ളിയുണ്ടായിരുന്നു. ഞങ്ങള്‍ അവിടേക്കായിരുന്നു പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സാധാരണ പോകാറുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന ഇമാം ഞങ്ങളോട് ഇപ്രകാരം പറയുമായിരുന്നു: നിങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതങ്ങള്‍ കൈവരിക്കണം. അങ്ങനെ പ്രഗത്ഭരായ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമെല്ലാമായി മാറണം.
ഞങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച ശേഷം കൂട്ടമായി പള്ളിയില്‍ തന്നെ പഠിക്കാനിരിക്കും. വല്ലാത്തൊരു ആനന്ദദായകമായ അവസ്ഥയായിരുന്നു അത്. യുവാക്കളായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ പള്ളിയില്‍ നിന്നും ആരാധനയ്ക്ക് ശേഷം സ്‌കൂളിലെ പുസ്തകങ്ങള്‍ നോക്കാനിരിക്കുമായിരുന്നു. ഞങ്ങളുടെ പഠനത്തിന്റെ കേന്ദ്രം തന്നെ പള്ളിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അതു കൊണ്ടാണ് എല്ലാ നാടുകളിലും അറിവിന്റെ സംഗമകേന്ദ്രമായി പള്ളികള്‍ മാറണമെന്ന് എന്റെ പുസ്തകത്തില്‍ ഞാന്‍ പറഞ്ഞത്.
നിങ്ങളുടെ പുസ്തകത്തില്‍ പലയിടങ്ങളിലായി എന്തെങ്കിലും നേടണമെങ്കില്‍ അതിനോട് ഉല്‍ക്കടമായ താല്‍പര്യമുണ്ടായിരിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സയന്‍സ്, സ്‌കോളര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള താല്‍പര്യം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ നമുക്കിടയിലെ പുതിയ തലമുറയില്‍ എങ്ങനെ അതിനെ പുനഃസൃഷ്ടിക്കാനാവും?
നമുക്ക് നമ്മുടെ ആ മേഖലയിലുള്ള താല്‍പര്യവും ബോധവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രത്യേകിച്ചും നൊബേല്‍ സമ്മാനം ലഭിച്ച ശേഷം മുസ്‌ലിം ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിക്കുകയും പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രഭാഷണം നടത്തിയ രാജ്യങ്ങള്‍ ഇസ്താംബൂള്‍ മുതല്‍ ലബനാന്‍ വരെയും ഖൈറോ മുതല്‍ മലേഷ്യ വരെയും നീണ്ടുകിടക്കുന്നു. ഓരോ സ്ഥലങ്ങളിലും ആയിരക്കണക്കിനാളുകള്‍ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടാറുണ്ട്. അവിടെനിന്നെല്ലാം ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം ഉന്നതമായ കാര്യങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യം കാണാനുമുള്ള അതിയായ താല്‍പര്യവും ആഗ്രഹവും യുവതയില്‍ പ്രകടമാകുന്നുണ്ടെന്നതാണ്. വിജ്ഞാനത്തിനു വേണ്ടി അതിയായി ദാഹിക്കുന്നവരാണവര്‍. പക്ഷേ, ഖേദകരമെന്നു പറയട്ടെ അവിടെയൊരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എന്താണെന്നാല്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള യഥാര്‍ത്ഥ വഴിയിലല്ല അവര്‍ നിലകൊള്ളുന്നത്.
മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ സമ്പത്ത് അവരുടെ മനുഷ്യ വിഭവശേഷിയാണെന്നു ഞാന്‍ പലപ്പോഴും പറയാറുണ്ട്. ഈ വിഭവ ശേഷിയെ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ ഇന്നലെകളില്‍ നിലനിന്ന സുന്ദരമായ ചരിത്രത്തെ ഒരിക്കല്‍ കൂടി തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിക്കും. അത്രമേല്‍ പര്യാപ്തവും ശക്തവുമാണ് മുസ്‌ലിം ലോകത്തുള്ള മനുഷ്യവിഭവ സമ്പത്ത്. നമ്മുടെ അഭിമാനകരമായ അസ്ഥിത്വത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ വഴിയാണത്.
മുസ്‌ലിം ലോകമൊരു മാറ്റത്തിനു വേണ്ടി തയ്യാറെടുക്കാനുള്ള സമയമതിക്രമിച്ചിരിക്കുന്നു. നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും അവിടെ നിലവിലുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.അതിന്റെയെല്ലാം കാരണം സാമ്പത്തികമായ അപര്യാപ്തതയോ മനുഷ്യവിഭവ ശേഷിയുടെ കുറവോ അല്ല എന്ന കാര്യമെനിക്കുറപ്പുണ്ട്. ആ രണ്ട് സമ്പത്തിലും നാം മുന്‍പന്തിയിലാണ്. അതുകൊണ്ട് കാര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ വിലയിരുത്തി മുന്നോട്ട് പോവുകയെന്നതാണ് മാറ്റങ്ങള്‍ കടന്നുവരാനുള്ള ഏറ്റവും നല്ല മാര്‍ഗം. അത് എത്രയും പെട്ടെന്നാവുന്നുവോ അത്രയും നല്ലത്.
മതവും ശാസ്ത്രവും തമ്മില്‍ രഞ്ജിപ്പ് സാധ്യമല്ലെന്ന വാദമുയര്‍ത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട താങ്കളുടെ നിരീക്ഷണമെന്താണ്?
തികച്ചും അബദ്ധജടിലമായ വാദമാണത്. മതവും ശാസ്ത്രവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതല്ലെങ്കില്‍ മതം എല്ലാ വ്യവസ്ഥിതികളുമായി ബന്ധപ്പെടുന്നുണ്ട്.
ലോകത്തെ ഏറ്റവും നല്ല മനസ്സും കാഴ്ചപ്പാടുമുള്ളവര്‍ മതകീയമായ കാര്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ്. യുക്തിവാദവുമായി നടക്കുന്ന ചിലയാളുകളാണ് ഇത്തരം അയുക്തികമായ വാദങ്ങളുയര്‍ത്തുന്നത്. ജീവിതത്തില്‍ മതവുമായി സ്വരച്ചേര്‍ച്ചയിലാകുന്നത് താണ കാര്യമായാണ് യുക്തിചിന്തയുമായി നടക്കുന്നവര്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ മതം എന്ന കാഴ്ചപ്പാട് വിവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യന് അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. കൃത്യമായ ചില കാഴ്ചപ്പാടുകളിലൂടെ മുന്നോട്ടു പോയാല്‍ മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനമോ സംഘര്‍ഷമോ നിലനില്‍ക്കുന്നതായി നമുക്ക് കാണാനാവില്ലെന്നത് സത്യമാണ്. ഇതര ചിന്താഗതികള്‍ക്ക് മുന്നില്‍ മറ്റുപല നിഗൂഢ ലക്ഷ്യങ്ങളും അടങ്ങിയിരിക്കുന്നതായി നമുക്ക് കാണാനാവുന്നതാണ്.
മതത്തെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്ന 'ദി ഫൗണ്ടൈന്‍' എന്ന സംവിധാനത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
സുന്ദരം. ദി ഫൗണ്ടൈന്റെ ഇടപെടലുകള്‍ക്ക് ഞാന്‍ അടിവരയിടുന്നു. ഈയൊരു അവസരമൊരുക്കിയതില്‍ നന്ദിയുണ്ട്. കാര്യ കാരണ സഹിതം വിഷയങ്ങളെ സമീപിക്കുന്ന ഇതിന്റെ രീതിയാണെനിക്കേറെയിഷ്ടം. പൊതുവായ രീതിയില്‍ എല്ലാ വീക്ഷണക്കാരെയും ഉള്‍ക്കൊളളാനുള്ള ശ്രമം കൂടി ഉണ്ടാവേണ്ടതുണ്ട്.
ഇസ്‌ലാമിക ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ശാസ്ത്രീയമായ ഉണര്‍വ് നിങ്ങളിലും അബ്ദുസ്സലാമിലും (അഹ്മദിനെ കൂടാതെ മുസ്‌ലിം ലോകത്ത് ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമനാണ് അബ്ദുസ്സലാം) മാത്രം പരിമിതപ്പെടുന്നതാണോ? നിങ്ങളുടെ നേട്ടങ്ങളെ കേവല വ്യക്തിഗത നേട്ടങ്ങളായി മാത്രം കാണക്കാക്കാനാവുമോ? അതല്ല, മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന മൊത്തം ഉണര്‍വായി ഇതിനെ വിലയിരുത്താമോ?
എന്നെ സംബന്ധിച്ചിടത്തോളം രണ്ടു സുപ്രധാന കാര്യങ്ങള്‍ കുട്ടിക്കാലത്തും യുവത്വകാലത്തും കരസ്ഥമാക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ കുടുംബ പശ്ചാത്തലം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കുടുംബത്തില്‍ നിലനിന്ന സുന്ദരമായ മൂല്യവ്യവസ്ഥിതി ചെറുപ്പത്തിലേ എന്നെ വഴി നടത്തി. ഈജിപ്തിലെ മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. അക്രമങ്ങളോ മദ്യം പോലോത്ത മറ്റു സാമൂഹികാനാചാരങ്ങളോ നിലനില്‍ക്കുന്ന ചുറ്റുപാടില്‍നിന്നും പരിസരത്ത് നിന്നും മുക്തമായിരുന്നു എന്റെ കുട്ടിക്കാലം. ഈജിപ്ത് വിട്ടതിനു ശേഷമാണ് തോക്ക് എന്ന സാധനം തന്നെ ഞാന്‍ കാണുന്നത്. എന്റെ കുടുംബ ചുറ്റുപാടില്‍ നിന്നും ലഭിച്ച സ്വഭാവ സവിശേഷതകള്‍ ഭാവിയെ വഴിനടത്താന്‍ ഏറെ സഹായകമായിട്ടുണ്ട്. ഇസ്‌ലാമിക രീതിയിലുള്ള ആ ചുറ്റുപാടാണ് എനിക്കൊരു ആത്മവിശ്വാസം പകര്‍ന്നു തന്നത്. എന്നാല്‍, അതോടൊപ്പം തുറന്ന് പറയാനുള്ള മറ്റൊരു കാര്യം ഈജിപ്ത് വിട്ടതിനു ശേഷമാണ് സര്‍വകലാശാല തലത്തിലുള്ള വിദ്യാഭ്യാസം നേടാനെനിക്ക് അവസരമുണ്ടായത്.മുസ്‌ലിം ലോകത്ത് ലഭിക്കാത്ത വിദ്യാഭ്യാസാവസരവും പ്രോത്സാഹനവും അമേരിക്കയിലാണ് എനിക്ക് ലഭിച്ചത്. സത്യം പറഞ്ഞാല്‍ ഞാന്‍ അറിവ് കരസ്ഥമാക്കാന്‍ വേണ്ടി ഈജിപ്തില്‍ നിന്നും അമേരിക്കയിലെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് ഇന്ന് കാണുന്ന ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുമായിരുന്നില്ല. മുസ്‌ലിം ലോകത്ത് നമുക്ക് ലഭിക്കുന്നതിനെക്കാളും അവസരം നമുക്ക് അമേരിക്കയടക്കമുള്ള നാടുകളില്‍ കിട്ടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്.
മുസ്‌ലിം ലോകത്തെ കുറിച്ച് വിലയിരുത്തുകയാണെങ്കില്‍ ചില ഭാഗങ്ങള്‍ വളരെ സമ്പന്നവും ചില സ്ഥലങ്ങള്‍ പരമ ദാരിദ്ര്യാവസ്ഥയിലുമാണ് നിലകൊള്ളുന്നത്. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, സമ്പന്ന നാടുകള്‍ മനുഷ്യവിഭവത്തെ വേണ്ടവിധം വിനിയോഗിക്കുകയോ ആ മേഖലയിലെ വിജയത്തിനു വേണ്ടി കൂടുതല്‍ മൂലധനമിറക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, ചിലയിടങ്ങളില്‍ ഈ രംഗത്ത് നേട്ടങ്ങള്‍ക്കു വേണ്ടി അമിത പ്രാധാന്യം നല്‍കുന്നവരുമുണ്ട്. ഈയ്യിടെ ഞാന്‍ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ ആ രാഷ്ട്രത്തിലെ മുന്‍പ്രധാനമന്ത്രിയായ ഡോക്ടര്‍ മഹാതീര്‍ മുഹമ്മദിനെ കാണുകയുണ്ടായി. അദ്ദേഹം ആ നാട്ടിലെ പലതും എന്നോട് പങ്ക് വെച്ചു. അവിടത്തെ മൊത്തം ജനസംഖ്യയിലെ 60 ശതമാനവും മുസ്‌ലിങ്ങളാണ്.
മലേഷ്യയില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലവും നമുക്ക് കാണാനാവുന്നതാണ്. ഇന്ന് അധിക മുസ്‌ലിം രാജ്യങ്ങളെക്കാളും ജി.ഡി.പിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് മലേഷ്യ. വലിയ മാറ്റമാണവിടെ സംഭവിച്ചത്. ഇന്ന് ആ നാട് അതിദ്രുതം വികസിച്ചു കൊണ്ടിരിക്കുകയാണ്. 60 ശതമാനത്തിലധികം മുസ്‌ലിംകള്‍ താമസിക്കുന്ന ഒരു നാട്ടിലാണിതു സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നിക്ഷേപമിറക്കാന്‍ തയ്യാറായതു മൂലമാണ്. റബര്‍, ടിന്‍ അടക്കമുള്ള രംഗത്ത് മാത്രം നിക്ഷേപമിറക്കി അവികസിതമായി തുടര്‍ന്നിരുന്ന മലേഷ്യയില്‍ മാറ്റത്തിനു വേണ്ടി ജി.ഡി.പിയുടെ 20 ശതമാനവും വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചതിന്റെ പരിണിത ഫലമായാണ് മലേഷ്യക്ക് വളരാനും വികസിക്കാനുമുള്ള അവസരം തെളിഞ്ഞുവന്നത്. വികസനത്തിന്റെ പ്രായോഗിക മാര്‍ഗമാണിത്. എന്നു മാത്രമല്ല, ഒരു നാടിന് മുന്നോട്ട് കുതിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്.
നിങ്ങള്‍ ഈയ്യിടെയെഴുതിയ ഒരു ലേഖനത്തില്‍ മുസ്‌ലിം ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യം വിമര്‍ശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക എന്നതാവേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സത്യത്തില്‍, എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
യഥാര്‍ത്ഥത്തില്‍, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിവേചിച്ചറിയാനുള്ള കഴിവ് ഇന്ന് യുവാക്കള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിന്തിക്കാനുള്ള മനസ് നമുക്കൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാര്‍മികമായ ശരിയും തെറ്റും ഏതാണെന്നു കണ്ടെത്താനുള്ള വഴിയില്‍ ചിന്തയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പഠിപ്പിക്കണം. അതുപോലെ ത്തന്നെ ശാസ്ത്ര മേഖലകളെ കുറിച്ചും അവബോധമുള്ളവരാകാന്‍ അവരെ നാം ഉദ്ബുദ്ധരാക്കണം. പ്രപഞ്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതില്‍ യാതൊരുവിധ തെറ്റുമില്ല. നീയൊരു യഥാര്‍ത്ഥ മുസ്‌ലിമാണെങ്കില്‍ വിജ്ഞാനീയങ്ങളുടെ പൂന്തോപ്പാണ് നീ. അതുകൊണ്ട് എന്താണ് മനനം ചെയ്യേണ്ടതെന്നത് നീ തന്നെ തിരഞ്ഞെടുക്കുക. അത്‌പോലെത്തന്നെ ജനങ്ങളെ വിരട്ടാന്‍ വേണ്ടി ഇത് ചെയ്യരുത്, അതുചെയ്യരുത്, അതിനെക്കുറിച്ച് വായിക്കരുത്. തുടങ്ങിയ കാര്യങ്ങളൊന്നും നീ പറയരുത്. അത് വിമര്‍ശനാത്മക ചിന്തയുടെ രീതിയല്ല. അത് നമുക്ക് ആവശ്യമായ കാര്യവുമല്ല.
ഇന്ന് നമുക്കിടയില്‍ കാണുന്ന പല നിലപാടുകളും പ്രവാചകന്‍ (സ) നിലപാടുകളുമായി ഒത്തുപോകുന്നതാണെന്നെനിക്ക് തോന്നുന്നില്ല. നബി(സ)ചിന്തയെയും ആലോചനകളെയും കൃത്യമായി വിനിയോഗിക്കുകയും പ്രായോഗിക കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്തിരുന്നു. വികസനോന്മുഖ ചിന്താഗതിയുടെ ഉടമയായിരുന്നു മഹാന്‍. വിമര്‍ശനാത്മക പഠനവും സമാധാനവുമായിരുന്നു പ്രവാചകന്‍(സ) ഉയര്‍ത്തിപ്പിടിച്ച സന്ദേശങ്ങള്‍.
ചന്ദ്രനില്‍ കോളനികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ചെറുകണികകള്‍ക്ക് ബാധിക്കുന്ന രോഗവുമായി ബന്ധപ്പെട്ട ചികിത്സാരീതികളുടെ പുതിയ ലോകം സൃഷ്ടിക്കുന്നതിനെ കുറിച്ചും സാങ്കേതികമായി അതിസൂക്ഷ്മമായ മറ്റുപലതിനെ കുറിച്ചുമാണ് ഈ 21ാം നൂറ്റാണ്ടില്‍ ആളുകള്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നത്. മുസ്‌ലിംകളായ നമുക്കും ഇത്തരം ആലോചനകളും ചിന്താലോകവും നമ്മുടേതുമാക്കി മാറ്റേണ്ട ബാധ്യതയുണ്ട്.
ലോകത്തെ നിങ്ങള്‍, ഞങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ രണ്ടായി വിഭജിക്കേണ്ടതില്ലെന്നും സംസ്‌കാരങ്ങള്‍ക്കിടയിലുള്ള സംഘട്ടനം, മതങ്ങള്‍ക്കിടയിലെ സംഘര്‍ഷം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനസമൂഹത്തിനിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കരുതെന്നും നിങ്ങളുടെ പുസ്തകത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അതോടൊപ്പം മതങ്ങള്‍ക്കിടയില്‍ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളുമല്ല വേണ്ടതെന്നും മറിച്ച് സംവാദാത്മക അന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്നും നിങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. സംവാദത്തിനുള്ള ഏറ്റവും ക്രിയാത്മകമായ വഴി ഏതാണെന്നാണ് നിങ്ങള്‍ വിലയിരുത്തുന്നത്?
എന്റെ ഒരു വാദത്തിന് ശക്തി കൂടിയെന്നു വന്നേക്കാം. എങ്കിലും എനിക്ക് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്.
രണ്ടു ഭാഗത്തു നിന്നും ചില അവഗണനാത്മകമായ നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം. മുസ്‌ലിം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരല്ല. പാശ്ചാത്യരായ ആളുകളുമായി എങ്ങനെ സംസാരിക്കണമെന്ന വിഷയത്തില്‍ പോലും വേണ്ടത്ര പാകതയും പക്വതയും വന്നവരല്ല അക്കൂട്ടര്‍. അതു പോലെത്തന്നെ പടിഞ്ഞാറിലെ പലരും മുസ്‌ലിംകളെ കുറിച്ചോ മുസ്‌ലിം ലോകത്തെ കുറിച്ചോ പഠിക്കാനും തുറന്ന മനസ്സോടെ വിലയിരുത്താനും തയ്യാറാവുന്നില്ല. അതിന്റെ പരിണിതഫലമെന്നോണം മുസ്‌ലിങ്ങളുമായി ഏതു നേരവും സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. ഇരുദ്രുവങ്ങളില്‍ നിന്നും ഇത്തരം നിലപാടുകളുയര്‍ന്ന് വരുമ്പോള്‍ അവിടെ സംവാദത്തിനുള്ള അന്തരീക്ഷം തെളിഞ്ഞുവരികയില്ല.
നിങ്ങള്‍ക്കറിയുമോ, ഞാന്‍ ആദ്യമായി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ അന്ന് അവിടെയുള്ള അമേരിക്കക്കാര്‍ ജപ്പാനികളെ ജാപ് എന്നും ചൈനക്കാരെ റെഡ് ചൈനീസ് എന്നുമായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അവിടെയുള്ളവര്‍ വ്യത്യസ്ത സംസ്‌കാരങ്ങളെയും ജീവിത രീതികളെയും മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളം ചൈനീസുകളുടെയും ജപ്പാന്‍കാരുടെയും ഹോട്ടലുകള്‍ കാണാവുന്നതാണ്. മറിച്ചും അങ്ങനെത്തന്നെയാണ്.
പരസ്പരം ഇരു ഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയാണു നടക്കേണ്ടത്. വിവിധ പദ്ധതികളും എല്ലാ രൂപത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങളും കൈമാറ്റം ചെയ്യപ്പെടണം. നമ്മെ കുറിച്ച് തന്നെയുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ മുസ്‌ലിം ലോകം മുന്‍ കൈയെടുക്കാത്തത് അവരുടെ ഭാഗത്തു നിന്നുള്ള അലംഭാവം തന്നെയാണ്. ബാക്കിയുള്ളവരൊക്കെ ഈ രീതി പിന്തുടരുമ്പോള്‍ പ്രത്യേകിച്ചും.
ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലാണ് താങ്കളിപ്പോള്‍ ജീവിക്കുന്നത്. വ്യക്തിപരമായ മറ്റുപല തിരക്കുകള്‍ക്കിടയിലും കുടുംബ ജീവിതത്തെ എങ്ങനെയാണ് ബാലന്‍സ് ചെയ്തു മുന്നോട്ട് പോവാനാകുന്നത്?
കുടുംബ ജീവിതത്തിന്റെ മഹത്വം ഞാന്‍ മനസ്സിലാക്കുന്നു. എന്ത് തിരക്കുകള്‍ക്കിടയിലും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ വേണ്ടവിധം പരിഗണിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ മക്കള്‍ ഞാന്‍ അവരെയൊക്കെ ശ്രദ്ധിക്കുന്ന പിതാവാണെന്ന് പലപ്പോഴും പറയാറുണ്ട്. എല്ലാ ഞായറാഴ്ചയും അവരോടൊപ്പം ഞാന്‍ ചെലവഴിക്കുന്നു. ഞാന്‍ വീട്ടില്‍നിന്ന് വായിക്കുന്ന സന്ദര്‍ഭത്തില്‍ പോലും അവര്‍ എനിക്ക് ചുറ്റിലും കൂടിയിരിക്കും. അവരുമായി മറ്റുപല വിനോദങ്ങളിലും ഞാന്‍ ഏര്‍പ്പെടാറുണ്ട്.
ജോലിയുടെ പേരില്‍ കുടുംബത്തെ തിരസ്‌കരിക്കുകയോ വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് ജീവിതത്തിന്റെ പ്രധാന ഭാഗം തന്നെ നഷ്ടപ്പെടുത്തുന്നതിനു തുല്ല്യമാണ്.
നൊബേല്‍ സമ്മാനം ലഭിച്ചത് താങ്കളെ കൂടുതല്‍ ആവേശഭരിതനാക്കുകയാണല്ലോ ചെയ്തിരിക്കുന്നത്? താങ്കളുടെ മുസ്‌ലിം പശ്ചാത്തലം ഇതില്‍ വല്ല പങ്കും വഹിച്ചിട്ടുണ്ടോ?
വ്യത്യസ്ത കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഓരോന്നും വേര്‍തിരിച്ചു മനസ്സിലാക്കാനും സാധിക്കുന്നതാണ്. ആത്യന്തികമായി അല്ലാഹു എന്നെ സൃഷ്ടിച്ചിരിക്കുന്നത് എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കാനുള്ള ഒരു പ്രത്യേകമായ ത്വരയുമായാണ്. ഞാന്‍ ഒരു പുസ്തകം വായിക്കുകയാണെങ്കില്‍ അത് പൂര്‍ത്തിയാക്കാനുള്ള അദമ്യമായ ആഗ്രഹം എന്നില്‍ ഉടലെടുക്കും.
മറ്റൊരു കാര്യം, എന്റെ പശ്ചാത്തലമാണ്. ഞാന്‍ അമേരിക്കയിലെത്തിയപ്പോള്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയുണ്ടായി. രാഷ്ട്രീയവും സാംസ്‌കാരികവും ശാസ്ത്രപരവുമായ തടസ്സങ്ങളെഎനിക്കു മുന്നില്‍ പ്രതിബന്ധം തീര്‍ത്തു. പക്ഷേ, അതിനെയൊക്കെ മറികടക്കാന്‍ എനിക്ക് സാധിക്കുകയുണ്ടായി.
ഇപ്പോള്‍ ഞാന്‍ നൊബേല്‍ സമ്മാനത്തിനുമപ്പുറമുളള കാര്യത്തെയാണ് ചിന്തിക്കുന്നത്. എങ്ങനെയെനിക്ക് ജനങ്ങളെ സഹായിക്കാനാവുമെന്നും ശാസ്ത്രലോകത്തിന് എന്തെങ്കിലുമൊക്കെ എങ്ങനെ ചെയ്തുകൊടുക്കാനാവുമെന്നുമൊക്കെയുള്ള ചിന്തയാണ് ഇന്നെന്നെ നയിക്കുന്നത്. പ്രപഞ്ചത്തിന്റെ ഇലാഹിലും എന്നില്‍ തന്നെയും ഞാന്‍ വിശ്വസിക്കുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് ഞാന്‍ ഉണ്ടായത്.
Leave A Comment