ജാമിഅ നൂരിയ്യ കേരളത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞതിനു പിന്നിലെ രഹസ്യം
jamവിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും യമനീപൈതൃക സുകൃതം നേരില്‍ അനുഭവിച്ചവരാണ് കേരള മുസ്‌ലിംകള്‍. അഹ്‌ലുസ്സുഫ്ഫയുടെ പഠനമാതൃകകള്‍ ജ്ഞാനാന്വേഷണവഴിയില്‍ വെളിച്ചം പകരുന്ന വിളക്കുമാടമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂര്‍വകാല പണ്ഡിത ജ്യോതിസ്സുകള്‍. പള്ളികള്‍ കേവലം നിസ്‌കാരാദി കര്‍മങ്ങള്‍ക്കു വേണ്ടി മാത്രം പണിതുയര്‍ത്തപ്പെട്ടവയല്ല; സമുദായത്തിന്റെ ഗതിനിര്‍ണയത്തിലും സാംസ്‌കാരിക നയരൂപീകരണത്തിലും രചനാ നിര്‍വഹണത്തിലും അവകള്‍ക്ക് വലിയ പങ്കുണ്ട്. തിരുനബി(സ്വ)യുടെയും ഖുലഫാഉറാശിദയുടെയും കാലത്തെ മസ്ജിദുന്നബവിയുടെ ചരിത്രം നമുക്ക് മാതൃകയാണല്ലോ. പുണ്യ നബി(സ്വ)യുടെ അനുഗൃഹീത ജ്ഞാനസദസ്സിലിരുന്ന് അന്വേഷണ ത്വരയോടെ, ഗവേഷണ പാടവത്തോടെ കാര്യങ്ങള്‍ അപഗ്രഥിച്ച് ദീന്‍ പഠിച്ച സ്വഹാബത്തിന്റെ പഠന രീതിയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ് നമ്മുടെ പാരമ്പര്യ ദര്‍സ് സമ്പ്രദായം. അതുകൊണ്ട് തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ പല പരിഷ്‌കരണങ്ങളും പൂര്‍വകാലങ്ങളില്‍ നിലവില്‍വന്നപ്പോഴും ദര്‍സിനെ മുസ്‌ലിം ഉമ്മത്ത് നെഞ്ചോട് ചേര്‍ത്തു പിടിച്ചത്. വിദ്യാഭ്യാസത്തെ ദര്‍സുകള്‍ ആത്മീയതയുടെ നാലുകെട്ടുകള്‍ക്കിടയില്‍ തളച്ചിട്ടു എന്ന ആരോപണം മുസ്‌ലിം വിദ്യാഭ്യാസ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ദര്‍സ് പാഠ്യപദ്ധതിയെ സംബന്ധിച്ച അജ്ഞതയില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും ഉത്ഭവിക്കാറുള്ളത്. വൈജ്ഞാനിക രംഗത്തെ മതം/ഭൗതികം എന്ന വേര്‍തിരിവിനെ തന്നെ ദര്‍സ് സമ്പ്രദായം പാടെ നിരാകരിക്കുന്നുണ്ട്. തഫ്‌സീറും ഫിഖ്ഹും തസ്വവ്വുഫുമൊക്കെ ചൊല്ലിപ്പഠിക്കുന്ന അതേ ഉത്സാഹത്തോടെയാണ് ദര്‍സുകളില്‍ കണക്കും സയന്‍സുമൊക്കെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. അതെല്ലാം സ്വായത്തമാക്കുന്നതാവട്ടെ വറഇന്റെ പ്രതീകങ്ങളായ ഗുരുക്കളില്‍ നിന്നും. കേരളത്തിലെ ദര്‍സുകളുടെ പ്രശസ്തിയും കീര്‍ത്തിയും പുറംനാടുകളിലും പ്രസിദ്ധമായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പല ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മതപഠനം നടത്താന്‍ കേരളത്തിലെ ദര്‍സുകളെ അക്കാലങ്ങളില്‍ തെരഞ്ഞെടുത്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ മഖ്ദൂമുമാരുടെ ദര്‍സ്, താനൂര്‍, ചാലിയം, വാഴക്കാട് തുടങ്ങിയ ദര്‍സുകള്‍ എടുത്തു പറയേണ്ട പൂര്‍വകാല മതപാഠശാലകളാണ്. ചെറിയ ചെറിയ ദര്‍സുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് പൊന്നാനിയെയും വാഴക്കാടിനെയുമൊക്കെ സമീപിക്കുന്ന സമ്പ്രദായവും അന്ന് നിലവിലുണ്ടായിരുന്നു. കാലക്രമത്തില്‍ പൊന്നാനിയുടെയും വാഴക്കാടിന്റെയുമൊക്കെ പ്രതാപത്തിന് മങ്ങലേറ്റു. കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്ത്, ദയൂബന്ദ് ദാറുല്‍ ഉലൂം തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ പാഠശാലകളെ ആശ്രയിക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ പലര്‍ക്കും ഉപരിപഠന മോഹം അസാധ്യമായിരുന്നു. അതിന് പ്രധാനമായും രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ആ രണ്ടു കാരണങ്ങള്‍ തന്നെയാണ് കേരളത്തില്‍ ഒരു ഉപരിപഠന സ്ഥാപനം എന്ന ആശയത്തിനു പിന്നിലുള്ളതും. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ആണ് ആ ആശയത്തിന്റെ ശില്‍പി. അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അവിടങ്ങളില്‍ താമസിച്ച് പഠിക്കുക ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രയാസമായിരുന്നു. യാത്രാക്ലേശവും സാമ്പത്തിക പരാധീനതയും പലര്‍ക്കും അവിടങ്ങളില്‍ എത്തിപ്പെടാന്‍ വിഘാതങ്ങള്‍ സൃഷ്ടിച്ചു. എല്ലാ പ്രയാസങ്ങളും അതിജീവിച്ച് അവിടെ എത്തിപ്പെട്ട കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായി. ശൈഖുനാ കോട്ടുമല ഉസ്താദിന്റെയും ആദരണീയരായ സദഖത്തുല്ല മുസ്‌ലിയാരുടെയും പ്രശസ്തമായ ദര്‍സുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പ്രഗത്ഭമതികളായ വിദ്യാര്‍ത്ഥികള്‍ വരെ അങ്ങനെ പ്രവേശനം നിഷേധിക്കപ്പെട്ടവരിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആധിക്യവും സ്ഥാപനങ്ങളിലെ അസൗകര്യവുമൊക്കെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ നിന്നും സ്ഥാപനമേധാവികളെയും ഗുരുനാഥന്‍മാരെയും പിന്തിരിപ്പിച്ചു എന്നു പറയുന്നതാവും ശരി. അന്യസംസ്ഥാനങ്ങളില്‍ പോയി പഠനം നടത്തുകവഴി പലര്‍ക്കും ഭാഷാപഠനത്തിനും വിവിധ സംസ്‌കാരങ്ങളോടും ദേശക്കാരോടും സൗഹൃദം സ്ഥാപിക്കുന്നതിനും ആക്കം കൂട്ടിയെന്നത് ശരിതന്നെ. ദയൂബന്ദില്‍ പഠനം നടത്തിയവര്‍ക്ക് ഉര്‍ദുഭാഷ മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും ബാഖിയാത്തില്‍ അത്തരം സാധ്യതകള്‍ വളരെ കുറവായിരുന്നു. തമിഴ്ഭാഷയാണ് ഉര്‍ദുവിനെക്കാള്‍ ബാഖിയാത്തിലെ ഉസ്താദുമാര്‍ ആശയവിനിമയങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഭാഷാപഠന സൗകര്യം ബാഖിയാത്ത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അത്ര പ്രായോഗികമായിരുന്നില്ല. ഭാഷാ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടായിരുന്നു ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദുമൊക്കെ ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് കിതാബുകള്‍ക്ക് പുറമെ ഇംഗ്ലീഷ് ഭാഷയും ഉര്‍ദു ഭാഷയും പഠിപ്പിക്കാന്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തിയത്. ഉസ്മാന്‍ സാഹിബായിരുന്നു അന്നത്തെ ഭാഷാധ്യാപകന്‍. ഉസ്മാന്‍ സാഹിബിന്റെ ഇംഗ്ലീഷ്, ഉര്‍ദു ക്ലാസുകളോടുള്ള വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയും താല്‍പര്യവും കോട്ടുമല ഉസ്താദ് പലപ്പോഴും അന്വേഷിക്കാറുണ്ടായിരുന്നു. അറിവിനെ വിശാലമായി ഉള്‍ക്കൊള്ളുന്ന പുതിയ രീതി ഉണ്ടാവുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതെന്നോര്‍ക്കുമ്പോഴാണ് നമ്മുടെ ഗുരുനാഥന്‍മാര്‍ എത്രവലിയ ക്രാന്ത ദര്‍ശികളായിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. ഉസ്മാന്‍ സാഹിബിന്റെ ഭാഷാക്ലാസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയവര്‍ക്ക് ദഅ്‌വാ രംഗത്ത് പല സാധ്യതകളെയും ഗൗരവപൂര്‍വം സമീപിക്കാനായി. ദര്‍സ് രംഗം പല വെല്ലുവിളികളെയും നേരിടുന്ന ഇക്കാലത്ത് അതിനൊരു പരിഹാരം കണ്ടേ മതിയാവൂ. ആ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുക എന്നതാണ് ജാമിഅഃ ഏറ്റെടുത്ത പുതിയ ദൗത്യം. ജാമിഅഃ ജൂനിയര്‍ കോളേജുകളും മാതൃകാ ദര്‍സുകളും സ്ഥാപിച്ച് വളരെ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ജാമിഅ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മത വിഷയങ്ങളോടൊപ്പം ഭൗതിക വിഷയങ്ങള്‍ക്കും ഭാഷാ പഠനത്തിനും അവിടങ്ങളില്‍ സൗകര്യം നല്‍കപ്പെടുന്നുണ്ട്. ജൂനിയര്‍ കോളേജുകളിലൂടെയും മാതൃകാ ദര്‍സിലൂടെയും നാം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ സാക്ഷാത്കരിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ഉപരിപഠനത്തിന് ഒരു പാട് സാധ്യതകള്‍ തുറക്കപ്പെടും. അതിന്നുവേണ്ടിയുള്ള പരിശ്രമത്തിലാണിപ്പോള്‍ ജാമിഅ. അതുസംബന്ധമായി പല യാത്രകളും ഉന്നതരോടുള്ള ആശയവിനിമയങ്ങളും നടത്തിവരുകയാണ്. 1986-ല്‍ ഹൈദരാബാദില്‍ നടന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗ്വേജസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ ജാമിഅയുടെ പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. മതപഠന രംഗത്തെ പല പരിഷ്‌കരണങ്ങളെ സംബന്ധിച്ചും അന്ന് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. നിരവധി പണ്ഡിതര്‍ സംബന്ധിച്ച പ്രസ്തുത സംഗമത്തില്‍ മുസ്‌ലിം വിദ്യാഭ്യാസത്തെ സംബന്ധിച്ച് പല അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ എനിക്ക് സാധിച്ചു. വളരെ ഉത്സാഹപൂര്‍വമാണ് അവരൊക്കെ എന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശ്രവിച്ചത്. 'പ്രൈമറി തലം മുതല്‍ സെക്കന്ററി തലം വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ പ്രസ്തുത സംഗമം ചുമതലപ്പെടുത്തിയത് ഡോ. എസ്.കെ. ഖാദിരിയെയും അഹ്മദ് പാലമ്പൂരിയെയും എന്നെയുമായിരുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത പതിനാറംഗ സമിതിയിലും ഞാനുണ്ടായിരുന്നു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ പ്രഥമവും പ്രധാനവുമായ ബാധ്യത ഇസ്‌ലാമിക ദഅ്‌വത്താണ്. ദഅ്‌വാ രംഗത്തെ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പണ്ഡിതര്‍ പരിശീലിക്കുകതന്നെ വേണം. നിരവധി വിജ്ഞാനശാഖകളില്‍ അവഗാഹം നേടിയ പലരും ദഅ്‌വാ രംഗത്ത് പരാജയപ്പെടുന്നത് ഇത്തരം പരിശീലനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ടാണ്. ''നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് സദുപദേശം വഴിയും തന്ത്രപൂര്‍വവും ജനങ്ങളെ ക്ഷണിക്കുക'' എന്ന ഖുര്‍ആന്‍ വചനം പ്രസ്താവ്യമാണല്ലോ. നൈസര്‍ഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം പ്രബോധനം സാധ്യമാവൂ. അത് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വ്വസൂരികള്‍. വിദ്യാര്‍ത്ഥികളെ കലാസാഹിത്യ രംഗങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ അഭിമാനകരമായ ചുവടുവെപ്പുകളും ജാമിഅ നടപ്പില്‍വരുത്തിയിട്ടുണ്ട്. നൂറുല്‍ ഉലമ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതുതന്നെ അതിന്നുവേണ്ടിയാണ്. ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലത്താണ് നൂറുല്‍ ഉലമ നിലവില്‍വരുന്നത്. സയ്യിദ് അലി ബാഫഖിയായിരുന്നു പ്രഥമ പ്രസിഡന്റ്. നൂറുല്‍ ഉലമയുടെ കീഴില്‍ വിവിധ കീഴ്ഘടകങ്ങളും പില്‍ക്കാലങ്ങളില്‍ നിലവില്‍വന്നു. വിജ്ഞാനപ്രദമായ പല ഗ്രന്ഥങ്ങളും കേരളീയ മുസ്‌ലിംകള്‍ക്ക് നൂറുല്‍ ഉലമ സംഭാവന ചെയ്തിട്ടുണ്ട്. 'അല്‍ മുനീര്‍' കൈയ്യെഴുത്ത് മാസിക നൂറുല്‍ ഉലമയുടെ എടുത്തുപറയേണ്ട വിഭവമാണ്. കേരളത്തിലെ ഇരുത്തംവച്ച പല എഴുത്തുകാരും എഴുത്തു പരിശീലിച്ചത് അല്‍മുനീറിലൂടെയാണ്. അബ്ദുല്‍ ഹമീദ് വെട്ടത്തൂരിന്റെ പത്രാധിപത്യത്തിലാണ് അല്‍ മുനീര്‍ പ്രഥമലക്കം പ്രകാശിതമായത്. പഠനാര്‍ഹമായ വിഷയങ്ങളെ സംബന്ധിച്ചും അറബിയിലും മലയാളത്തിലും ഒരു ലക്കം പോലും ഇടവിടാതെ ഞാന്‍ അക്കാലങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. എഴുത്തു ജീവിതത്തില്‍ അല്‍മുനീര്‍ പച്ചയായ ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. സമ്മേളനങ്ങള്‍ കേരള മുസ്‌ലിംകള്‍ക്ക് ജാമിഅയുടെ സമ്മേളന ദിനങ്ങള്‍ സന്തോഷത്തിന്റെ ആഘോഷദിനങ്ങള്‍ കൂടിയാണ്. കേവലമൊരു സമ്മേളനം എന്ന രീതിയിലല്ല അവര്‍ അതിനെ കാണുന്നത്. കേരളത്തിലെയും വിദേശങ്ങളിലെയും പണ്ഡിതരും സാദാത്തുക്കളുമൊക്കെ സമ്മേളിക്കുന്ന സംഗമത്തില്‍ സംബന്ധിച്ച് പുണ്യം നേടാനാണ് അവര്‍ ജാമിഅഃയുടെ സമ്മേളനത്തിലെത്തുന്നത്. കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാന്‍ മാത്രം വിദൂരദിക്കുകളില്‍ നിന്നും നിരവധിയാളുകള്‍ ജാമിഅഃ സമ്മേളനത്തിന് എത്താറുണ്ടായിരുന്നു. ശംസുല്‍ ഉലമയുടെ ഓരോ വര്‍ഷത്തെയും സനദ്ദാന പ്രസംഗങ്ങള്‍ ഇന്നും മറക്കാനാവില്ല. യുക്തിവാദികളെയും മിഷനറി പ്രവര്‍ത്തകരെയും ആശയവൈരികളെയും സമസ്തയുടെ എതിരാളികളെയുമൊക്കെ നിഷ്പ്രഭമാക്കുന്ന ശൈഖുനായുടെ പ്രസംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് സമ്മേളനത്തില്‍ സംബന്ധിച്ച പരസഹസ്രങ്ങള്‍ ശ്രവിച്ചിരുന്നത്. കാലികപ്രസക്തമായ വിഷയങ്ങളില്‍ ഗഹനമായ പല ചര്‍ച്ചകളും സമ്മേളനങ്ങളെ ശ്രദ്ധേയമാക്കി. പുതിയ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണങ്ങള്‍ വിശകലനം ചെയ്യുന്ന വിവിധ പഠനസെഷനുകള്‍ ജാമിഅഃ സമ്മേളനത്തെ വേറിട്ടുനിര്‍ത്തുന്നു. സമ്മേളനങ്ങള്‍ നടത്തി നഷ്ടം നികത്താനാവാത്ത ദുരവസ്ഥ ജാമിഅയുടെ ചരിത്രത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍വകാലങ്ങളെ പോലെ ഈ വര്‍ഷത്തെ സമ്മേളനവും വളരെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമാണ്. സുവര്‍ണ ജൂബിലി ആയതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും മികച്ച രീതിയിലാണ്. പൊതുസമൂഹം ആ നിലക്ക് ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുന്നു. ജനുവരി ഒമ്പത് മുതല്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ പല വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കും. ആത്മീയം, കര്‍മശാസ്ത്രം, ആദര്‍ശം, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖ പണ്ഡിതര്‍ പഠനങ്ങള്‍ അവതരിപ്പിക്കും. വിദേശ രാജ്യങ്ങളിലെ അതിഥികളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. ഈ വര്‍ഷത്തെ സമ്മേളനം ഇരുന്നൂറിലേറെ യുവപണ്ഡിതര്‍ക്ക് 'ശഹാദ' നല്‍കി സേവനസജ്ജരാക്കുന്നു. ഉള്ളില്‍ തട്ടിയ രണ്ട് അഭിനന്ദനങ്ങള്‍ പഠനകാലത്തെ അവിസ്മരണീയ ഓര്‍മകളാണ് പലരുടെയും ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ജാമിഅ ജീവിതകാലത്ത് ഒരിക്കലും മറക്കാത്ത രണ്ടനുഭവങ്ങളുണ്ട്. ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലം. സാത്വികനും സൂഫിവര്യനും സുന്നത്ത് ജമാഅത്തിന്റെ ശക്തനായ വക്താവുമായ കായല്‍പട്ടണത്തുകാരന്‍ ശുഐബ് ആലം സാഹിബ് കോളേജില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അറബിയില്‍ പ്രസംഗിക്കണമെന്നും ശംസുല്‍ ഉലമ(ന.മ) സയ്യിദ് അലി ബാഫഖിയെ അറിയിച്ചു. അലി ബാഫഖി എന്നെ സമീപിച്ച് ഒരു പ്രസംഗം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാന്‍ പ്രസംഗം തയ്യാറാക്കി. ഉസ്മാന്‍ മാണിക്കോത്ത് എന്ന സുഹൃത്ത് വളരെപ്പെട്ടെന്ന് അത് മനഃപാഠമാക്കുകയും ചെയ്തു. ശുഐബ് ആലം സാഹിബിന്റെ സന്ദര്‍ശനവേളയില്‍ വളരെ മനോഹരമായി ആ പ്രസംഗം അദ്ദേഹം അവതരിപ്പിച്ചു. പ്രസംഗശേഷം ആലംസാഹിബ് ഇങ്ങനെ ശ്ലാഘിച്ചു: ''ഈജിപ്ത് വിട്ടശേഷം ഇത്ര മനോഹരവും സാഹിത്യസംപുഷ്ടവുമായ ഒരു അറബി പ്രസംഗം ഞാന്‍ കേള്‍ക്കുന്നത് ഇപ്പോഴാണ്.'' ആലംസാഹിബിന്റെ ഈ പ്രശംസാവാക്കുകള്‍ നല്‍കിയ പ്രചോദനങ്ങള്‍ എന്റെ പഠനജീവിതത്തെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. 1967-ല്‍ ഇസ്രയേല്‍-അറബ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സന്ദര്‍ഭം. ശംസുല്‍ ഉലമ അലി ബാഫഖിയെ വിളിച്ച് ഓരോ മണിക്കൂറിലും യുദ്ധവിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. അക്കാലത്ത് മുന്തിയതും വളരെ ചെറിയതുമായ ഒരു റേഡിയോ അദ്ദേഹത്തിന്റെ കൈവശം മാത്രമാണുണ്ടായിരുന്നത്. തങ്ങള്‍ ശംസുല്‍ ഉലമയുടെ ആവശ്യം എന്നെ അറിയിച്ചു. അതുപ്രകാരം റേഡിയോ അനൗണ്‍സ്‌മെന്റ് വഴി യുദ്ധറിപ്പോര്‍ട്ടുകള്‍ കുറിച്ചെടുക്കുകയും തല്‍സമയം വിവരങ്ങള്‍ ശംസുല്‍ഉലമക്ക് കൈമാറുകയും ചെയ്തു. ശംസുല്‍ ഉലമ ഏറെ സംതൃപ്തി പ്രകടിപ്പിക്കുകയും താപര്യപൂര്‍വം എന്നെ അഭിനന്ദിക്കുകയും ചെയ്തു. ഉള്ളില്‍ തട്ടുന്ന ശൈഖുനായുടെ അഭിനന്ദനവാക്കുകള്‍ ഇന്നും ഓര്‍മകളുടെ അറകളില്‍ അവിസ്മരണീയമായിക്കിടക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter