ഖാസി കേസ്: കോടതികളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന കാലം
(ഫെബ്രുവരി 15 ന് ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വിയോഗത്തിന് ഏഴു വര്‍ഷം തികയുന്നു). court കോടതികള്‍ വഴി നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. പ്രപഞ്ച നാഥന്റെ കരുണാകടാക്ഷം മാത്രമാണ് പ്രതീക്ഷ. ഖാസിയുടെ കുടുംബക്കാരുടെ പ്രതികരണമാണിത്. നീതിക്കുമേല്‍ അനീതിയുടെ കരിനിഴല്‍ വീഴ്ത്തി പണ്ഡിതന്റെ കൊലപാതകത്തിന് 7 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് എന്നും നീതി നിരാശ തന്നെയാണ്. കുടുംബവും ജീവിതവുമുള്ള മനുഷ്യര്‍ തന്നെയാണ് ഖാസിയുടെ കുടുംബം. ലോകം അറിയപ്പെട്ട പണ്ഡിതനായിട്ടും നീതി ലഭിക്കാതിരിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നു. യാതാര്‍ത്ഥ്യം ഇങ്ങനെയാണ്. പാതിരാത്രിക്ക് ഖാസിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. നേരം വൈകിയതിനാല്‍ തന്നെ അടുത്തറിയുന്നവര്‍ ആരെങ്കിലുമായിരിക്കാം വിളിച്ചത്. ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റി ചെമ്പരിക്ക കടപ്പുറത്ത് എത്തിച്ചുവെന്നാണ് തെളിവുകള്‍ സംസാരിക്കുന്നത്. സംഭവ സമയത്ത് വെളുത്ത കാര്‍ കണ്ടുവെന്ന അയല്‍വാസിയുടെ മൊഴി ഇത് സൂചിപ്പിക്കുന്നു. മരണത്തിന് മുമ്പ് ബലപ്രയോഗം നടന്നെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൊലപാതകരീതിയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. കഴുത്തെല്ല് പൊട്ടിയതും കണ്ണിന്റെ ഭാഗത്തുണ്ടായ ആഴമായ മുറിവും പ്രൊഫഷണല്‍ കില്ലറുടെ രീതിയാണ്. ഇതുവഴി നോക്കുമ്പോള്‍ അധോലോക നായകനായ റഷീദ് മലബാരി ചട്ടഞ്ചാല്‍ മാഹിനാബാദിലും ചെമ്പരിക്കയിലും താമസിച്ചതും പിന്നീട് കര്‍ണ്ണാടക പോലീസിന്റെ പിടിയിലായതും സംശയത്തിന് വക നല്‍കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ കാസറഗോട്ടെ പ്രമുഖ വ്യക്തിയെ ഇല്ലാതാക്കാനാണ് വന്നതെന്നും മൊഴി നല്‍കിയിരുന്നു. കഴുത്തെല്ല് പൊട്ടിയ ഒരാള്‍ക്ക് ശരീരമനക്കാന്‍ സാധ്യമാവുകയില്ല. സി.എം അബ്ദുല്ല മൗലവിയുടെ ശരീരത്തിലും വസ്ത്രത്തിലും പൂഴിയുണ്ടായത്, കരയ്ക്കുവെച്ചാണ് കൃത്യം നടത്തിയതെന്ന് അനുമാനിക്കാം. പാറക്കെട്ടില്‍ നിന്ന് സി.എം അബ്ദുല്ല മൗലവിയെ തള്ളിയിട്ട് വെള്ളം കുടിച്ചാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത് എളുപ്പമാകും എന്ന് കൊലയാളികള്‍ കരുതി. പിന്നെ ആത്മഹത്യയാണെന്ന് വിളിച്ചുപറയാം. എങ്കില്‍ ഒരാള്‍ വെള്ളത്തില്‍ ചാടി മരിക്കുമ്പോള്‍ എങ്ങനെയാണ് കഴുത്തെല്ല് പൊട്ടുക?. പൂഴി വാരുന്ന പ്രദേശമായതിനാല്‍ തന്നെ എല്ലാ രാത്രികളിലും കടപ്പുറത്ത് അനക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അന്നേദിവസം മാത്രം പൂഴി എടുക്കാന്‍ ആരും എത്തിയില്ല. പോലീസ് ചെക്കിംങ് നടത്തുമെന്ന വിവരം അവരെ അറിയിച്ചിരുന്നത്രേ. എന്നാല്‍ ഇയാള്‍ ആരാണ്? കൃത്യം നടക്കുമ്പോള്‍ ചെമ്പരിക്ക ഭാഗത്തെ വൈദ്യുതി നിലച്ചിരുന്നു. ഇത് സി.ബി.ഐ അന്വേഷിക്കുകയും ചില ഫോണ്‍കോളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. cmmmകൊലപാതകം നടത്തിയ മാന്യവേഷധാരികളുടെ ലക്ഷ്യമായിരുന്നു ആത്മഹത്യാ പ്രചരണം. അതിന് കൂട്ടുനില്‍ക്കുന്നതായാണ് ഡി.വൈ.എസ്.പി ഹബീബ് റഹ്മാനെ കണ്ടത്. സമൂഹത്തിലെ ഉയര്‍ന്ന വ്യക്തിയെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട് കാണുമ്പോള്‍ ഡോഗ് സ്‌ക്വാഡിനെ കൊണ്ട് വരാതിരിക്കുകയും ഇത് അന്വേഷിച്ച നാട്ടുകാരോട് ആദ്യം നിന്റെ വീട്ടിലേക്കായിരിക്കും നായ ഓടിക്കയറുക എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതും സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നു തന്നെ തിരിച്ചറിയാം. ഖാസി രചിച്ച ബുര്‍ദ വിവര്‍ത്തന ശകലത്തില്‍ പെട്ട ഒരേടിനെ ആത്മഹത്യാകുറിപ്പാക്കി കാണിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്തിന് ധൃതി കാണിച്ചു?. മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം കുടുംബം ഡി.വൈ.എസ്.പി യെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ തെങ്ങിന്റെ മണ്ഡയില്‍ കയറിയാണെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് പറയാന്‍ മാത്രം എന്ത് ധൈര്യമാണ് അദ്ദേഹത്തിന്റെ പിന്നിലുണ്ടായത്. ഖാസി കേസ് തുടക്കം മുതലേ അട്ടിമറിക്കാന്‍ ശ്രമിക്കുകയും അപവാദ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഹബീബ് റഹ്മാനെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ഉയര്‍ന്ന പദവി നല്‍കാനൊരുങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുസ്ലിം ലീഗിന്റെ മുതിര്‍ന്ന മന്ത്രി ഇതിന് ചുക്കാന്‍പിടിച്ചെന്നാണ് സംസാരം. ശക്തമായി എതിര്‍ത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്തരുതെന്ന് പറഞ്ഞ ത്വാഖ അഹ്മദ് മൗലവിക്ക് ഈ മന്ത്രി നേരിട്ട് ഫോണ്‍ വിളിച്ച് പ്രശ്നത്തില്‍ നിലപാട് മയപ്പെടുത്തണമെന്ന് നിര്‍ദേശിച്ചത് ആരുടെ മുഖം രക്ഷിക്കാനാണ് എന്നത് ചര്‍ച്ചാ വിഷയമായിരുന്നു. ഇതേ സംഘടനയുടെ യുവജന വിഭാഗം ഖാളികേസില്‍ പുനരന്വേഷണം വേണമെന്ന ഒപ്പുശേഖരണം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കാനായി ഡല്‍ഹിക്ക് പോയപ്പോള്‍ വീണ്ടും ഖബര്‍ തുറക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതും ഇതേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. cmmഉന്നത ഇടപെടലുകള്‍ കൊണ്ട് സങ്കീര്‍ണ്ണമാവുകയാണ് ഖാളി കേസ്. സത്യം പുറത്ത് വരുന്നതോടെ പല പകല്‍ മാന്യന്മാരുടേയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുമെന്ന ഭയമാണ് സത്യത്തെ മൂടിവെക്കാന്‍ പ്രേരിപ്പിക്കുന്നത്. സാമൂഹിക ബാധ്യതകള്‍ നാള്‍ക്കുനാള്‍ ഏറ്റുപറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഖാളികേസ് തൊടാന്‍ ഭയക്കുന്നത് ഇത് മൂലമാണ്. ഖാസിയുടെ ഫോണിലേക്ക് അവസാന കോള്‍ വന്ന വ്യക്തി മരിക്കുകയും ആരെയും അറിയിക്കാതെ പെട്ടെന്ന് ഖബറടക്കുകയും ചെയ്തത് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കൊലപാതക കേസ് സി.ബി.ഐ ഏറ്റെടുത്ത ആദ്യമാസങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമായിരുന്നു. തെളിവുകള്‍ ഓരോന്ന് കണ്ടുപിടിച്ച് പ്രതികളെ പിടികൂടാനായി എന്ന സമയത്താണ് അപ്രതീക്ഷിതമായി അന്വേഷണ തലവനെ സ്ഥലം മാറ്റിയത്. രാഷ്ട്രീയ ലോബികളുടെ ഇടപെടലുകള്‍ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടേയും അവിഹിത ബന്ധങ്ങളാണ് പ്രതിഫലിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും വഴങ്ങി കേസന്വേഷണ ഏജന്‍സി സി.ബി.ഐ ഇരട്ടത്താപ്പ് തുടരുമ്പോള്‍ നീതിയേയും നീതിപീഠത്തേയും വഞ്ചിക്കുകയാണ്. കുടുംബവും ആക്ഷന്‍ കമ്മിറ്റിയും തെരുവില്‍ രണ്ടര മാസത്തോളം സമരം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന പ്രതീക്ഷ അസ്തമിക്കാനിരിക്കെ ഒരു ജനതയുടെ പ്രതീക്ഷ ഉള്‍ക്കനമില്ലാതെ ഇന്നും മിടിക്കുന്നുണ്ട്. ഖാളികേസ് ഒരു പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടേയോ പ്രശ്നമല്ല. സുരക്ഷിതത്വത്തിന്റെ പ്രശ്നമാണ്. കുറ്റവാളികള്‍ക്ക് ജീവിക്കാനും കേസിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നരക ജീവിതം നല്‍കാനും മടിക്കാത്ത ഒരുതരം വിഭ്രാന്തിയാണ് ഖാളികേസിന്റെ അകത്തളങ്ങളില്‍ പുകയുന്നത്. സംശയത്തിന്റെ നിഴലില്‍ പല പ്രമുഖരുമുണ്ട്. എന്നാല്‍ പണവും പ്രതാപവും ഉപയോഗിച്ച് മൂടിവെക്കാനാണ് ശ്രമം. ഇടപെടേണ്ടവര്‍ ഇടപെടാതിരിക്കുമ്പോള്‍ സ്വാഭാവികമായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. അതിനൊക്കെ വ്യക്തമായ മറുപടി നല്‍കാനായിട്ടില്ലെങ്കില്‍ സമൂഹം എന്നും ഇറുങ്ങിയ കണ്ണുകളില്‍ മാത്രമേ നോക്കിക്കാണൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter