മീഡിയ: ഉപയോഗത്തില്‍ കരുതല്‍ വേണം
സമൂഹത്തില്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുക, വ്യക്തികള്‍ക്കിടയില്‍ സ്‌നേഹബന്ധവും സഹജീവിബോധവും സാഹോദര്യമനോഭാവവും സംജാതമാവുക എന്നതൊക്കെ മനുഷ്യന്റെ ആരോഗ്യകരമായ ഈ ജീവിതത്തിന്റെ അനുപേക്ഷണീയമായ ആവശ്യങ്ങളാണ്. വിവിധങ്ങളായ സംസ്‌കാരങ്ങള്‍, മതവിശ്വാസങ്ങള്‍, ഭാഷകള്‍, ജാതികള്‍ ഉള്‍ക്കൊള്ളുന്ന ബഹുസ്വര സാമൂഹിക പശ്ചാതലമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ പുരോഗതിയും നിലനില്‍പ്പ് തന്നെയും ഈദൃശമായ സൗഹാര്‍ദത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് എന്നു പറയേണ്ടതില്ലല്ലോ. സന്തുഷ്ടമായ സമാധാനാന്തരീക്ഷത്തെയാണ് ശരാശരി മനുഷ്യന്‍ അഭിലഷിക്കുന്നത്. സംഘട്ടനാത്മകമായ ശത്രുതാ ചുറ്റുപാടുകളെ ജീവിത സ്വസ്ഥത ആഗ്രഹിക്കുന്ന ആരും തന്നെ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ടുതന്നെ മാനവിക നന്മയില്‍ ഗുണകാംക്ഷയുള്ള ഒരാളില്‍നിന്നു മനുഷ്യസൗഭ്രാത്രത്തിന് ഹാനികരമായ വാക്കുകളോ പ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്നത് അഭിലഷണീയവുമല്ല. ഇത്തരം താത്വിക വശങ്ങള്‍ മനുഷ്യമനസ്സുകളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് മനസ്സുകളെ കൂട്ടിയിണക്കാനും അതുവഴി സ്വാസ്ഥ്യപൂര്‍ണമായ സമാധാനാന്തരീക്ഷത്തിലേക്ക് മാനവതയെ നയിക്കാനും പ്രതിജ്ഞാബദ്ധമാണ് വാര്‍ത്താ മാധ്യമങ്ങള്‍. എന്നാല്‍ വര്‍ത്തമാന കാലത്ത് അവ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിനാശകരമായ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നത് അത്യന്തം വേദനാജനകമായ പ്രവണതയാണ്. ചൂടും ചൂരുമുള്ള ആനുകാലികാനുഭവങ്ങളും വാര്‍ത്തകളും ഏറ്റവുമാദ്യം പുറത്തുകൊണ്ടുവരുവാന്‍ ഓരോ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കിടമത്സരം ശ്ലാഘനീയവും വാര്‍ത്താ പ്രചരണരംഗത്ത് അനിവാര്യവും തന്നെയാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, ഊഹാപോഹങ്ങളും നിഗമനങ്ങളും കേവലാഭിപ്രായങ്ങളും മാത്രം അടിസ്ഥാനമാക്കി, ഇല്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ നിന്നു മാത്രം ഇഴപിരിച്ചെടുത്ത് യാഥാര്‍ത്ഥ്യത്തിന്റെ ആവരണം ചാര്‍ത്തി നെയ്‌തെടുക്കുന്നതാണ് ആക്ഷേപാര്‍ഹമാകുന്നത്. അങ്ങനെ ചെയ്യുന്നതിനാല്‍ വന്നുഭവിക്കുന്ന സാമൂഹിക ദുരന്തത്തെക്കുറിച്ചോ തകര്‍ന്നടിയുന്ന മാനവിക ബന്ധത്തെക്കുറിച്ചോ ഒരുവേള മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ല. നൂതന വാര്‍ത്തകള്‍ പുറത്തുവിടാനുള്ള വ്യഗ്രതയില്‍ എല്ലാതരം മാനവികധര്‍മങ്ങളും കാറ്റില്‍ പറത്തുന്നതായി മാറുകയാണ് മാധ്യമ പ്രവര്‍ത്തനം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമിടയിലെ ഭിന്നാഭിപ്രായ വ്രണങ്ങള്‍ കുത്തിക്കീറി കൂടുതല്‍ സങ്കീര്‍ണമാക്കാനും പഴുത്തൊലിക്കാനും നിമിത്തമാക്കുന്നവിധം അടിസ്ഥാനരഹിതങ്ങളായ വാര്‍ത്തകള്‍ക്ക് മൂര്‍ച്ച കൂടുന്ന തരത്തിലാണ് പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്കും സങ്കുചിത വീക്ഷണങ്ങള്‍ക്കും എതിരു നില്‍ക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമൂഹമധ്യെ ഇകഴ്ത്തിക്കാട്ടാനും തെറ്റിദ്ധരിപ്പിക്കാനും ചില മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രത സദാചാരത്തിന്റെ എല്ലാ സീമകളും അതിലംഘിക്കുന്ന വിധത്തിലുള്ളതാണ്. സമൂഹത്തിലെ ഓരേ സമുദായത്തിനുള്ളില്‍ തന്നെയുള്ള അഭിപ്രായാന്തരങ്ങള്‍ വ്യാജങ്ങളും അര്‍ധസത്യങ്ങളും മാത്രമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ട് തമ്മിലടിപ്പിക്കാന്‍ നടത്തുന്ന ഹീനശ്രമം എത്രമാത്രം ക്രൂരവിനോദമാണ്? വര്‍ഗീയവും വിഭാഗീയവുമായ സംഘട്ടനങ്ങള്‍ സൃഷ്ടിച്ച് ആത്മസായൂജ്യമടയുന്ന പൈശാചിക മനഃസ്ഥിതി വച്ചുപുലര്‍ത്തുകയാണ് പുതിയ 'വഴിത്തിരിവുകളാ'യ ചില മാധ്യമങ്ങള്‍. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന ചില പത്ര 'മാധ്യമ'ങ്ങള്‍ പോലും സമുദായ ഭിന്നിപ്പില്‍ സായൂജ്യം കാണുന്നുവെന്നത് അത്യന്തം ഖേദകരമാണ്. വിവരാവകാശത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് പോലും എത്തിനോക്കി വാര്‍ത്ത മെനയുന്ന പ്രവണതയാണ് ഇന്ന് വളര്‍ന്നുവരുന്നത്. സമൂഹബന്ധിയോ പൊതുകാര്യപ്രസക്തമോ അല്ലാത്ത കേവലം വ്യക്തിയുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും വലിച്ചിഴച്ച് മാലോകര്‍ക്കു മുമ്പില്‍ വ്യക്തിയെ അപഹാസ്യനും കൊള്ളരുതാത്തവനുമാക്കി ചിത്രീകരിക്കാന്‍ ആധുനിക വാര്‍ത്താമാധ്യമങ്ങള്‍ കാണിക്കുന്ന തിടുക്കം ആരുടെ നന്മ വിചാരിച്ചുകൊണ്ടുള്ളതാണ്? ഭരണകൂടം, സംഘടന, സമുദായം, കുടുംബം-ഇവയ്‌ക്കെല്ലാം ചില രഹസ്യങ്ങളുണ്ടാകും. അതതിന്റെ നിലനില്‍പ്പിനും കെട്ടുറപ്പിനും ഭദ്രതയ്ക്കും അതാവശ്യവുമാണ്. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാന്‍ വിട്ടുകൊടുക്കുന്നത് ഓരോ കൂട്ടായ്മയുടെയും ശൈഥില്യത്തിനും നാശത്തിനും ഹേതുവായി ഭവിക്കുക തന്നെ ചെയ്യും. വിവരാവകാശത്തിന്റെ പേരില്‍ ഇത്തരം സ്വകാര്യതകള്‍ 'വലിച്ച് പൊളിച്ച്' നാട്ടില്‍ പാട്ടാക്കുന്ന ഏര്‍പ്പാട് മാധ്യമധര്‍മത്തില്‍ പെട്ടതാകാന്‍ നിവൃത്തിയില്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് വഴിവിട്ട 'ധര്‍മ'വും തികച്ചും അനഭിലഷണീയവുമാണ്. പൊതുജനങ്ങള്‍ക്കിടയില്‍ അങ്കലാപ്പും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന വിധത്തില്‍ സത്യത്തിന്റെ കണികയോ അടിസ്ഥാനമോ ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയ്ക്കും മാനവിക നന്മയ്ക്കും ചേര്‍ന്നതല്ല. ആ നിലപാടിനെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിരോധിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ പറഞ്ഞുപരത്തുന്നതും ആളുകളുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞാലോചിച്ച് നടക്കുന്നതും അരുതാത്ത കാര്യമാണെന്ന് ഖുര്‍ആന്‍ അധ്യാപനം ചെയ്തിരിക്കുന്നു: ''ഹേ! സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരപ്പണി-കുറ്റവും കുറവും ചുഴിഞ്ഞാലോചിക്കല്‍-നടത്തരുത്. നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി ദുഷിച്ചു പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?''(ഹുജുറാത്ത് 12) അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയെക്കുറിച്ച് 'ഫാസിഖ്' (അധര്‍മകാരി) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. നിജസ്ഥിതി ബോധ്യപ്പെടാതെ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഖുര്‍ആന്‍ ഉപദേശിച്ചിരിക്കുന്നു. ''സത്യവിശ്വാസികളേ! ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്തു വന്നാല്‍ നിങ്ങള്‍ അതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ, ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരാതിരിക്കാന്‍ വേണ്ടി.'' (അല്‍ഹുജുറാത്ത് 6) കേള്‍ക്കുന്ന കാര്യങ്ങളെല്ലാം വിളിച്ചുകൂവി നടക്കുന്നത് സാമൂഹ്യ ഭദ്രതയ്ക്കും വ്യക്തിബന്ധങ്ങള്‍ക്കും ആശാസ്യകരമല്ല. സത്യമാണെങ്കില്‍ പോലും ഓരോ വാര്‍ത്തയും ആധികാരികമായി പുറത്തുവരാന്‍ ഒരു സ്രോതസ്സുണ്ട്. അതില്‍നിന്നല്ലാതെ പ്രചരിപ്പിക്കപ്പെടുന്നത് ഗുരുതരമായ അനര്‍ത്ഥങ്ങള്‍ക്ക് നിമിത്തമായിത്തീരും. യുദ്ധ വാര്‍ത്തകളെക്കുറിച്ച് കപടവിശ്വാസികള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും അങ്കലാപ്പും സൃഷ്ടിക്കാന്‍ നബിതിരുമേനി(സ്വ)യുടെ കാലത്ത് ഹീനശ്രമം നടത്തുകയുണ്ടായി. അത്തരം കാര്യങ്ങളുടെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവരിലൂടെ മാത്രം ജനങ്ങള്‍ അറിയുകയാണു വേണ്ടത്, കേട്ടവര്‍ കേട്ടവര്‍ പ്രചരിപ്പിക്കുകയല്ല എന്നു വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുകയുണ്ടായി: ''സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് (കപട വിശ്വാസികള്‍ക്ക്) വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ക്കൊള്ളുമായിരുന്നു.'' (അന്നിസാഅ് 83) സാമൂഹിക നന്മയെക്കുറിച്ച് ഗുണകാംക്ഷാബോധമുള്ളവര്‍ വളരെ സൂക്ഷ്മതയോടെയും നിഷ്പക്ഷമായും നടത്തേണ്ട കാര്യമാണ് വാര്‍ത്താ പ്രചാരണം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ സമാധാനാന്തരീക്ഷത്തിനും സ്വാസ്ഥ്യത്തിനും വിഘാതമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് പിശാചിന്റെ മാര്‍ഗമാണ്. മനുഷ്യനെ തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനും പൈശാചികവും ക്രൂരവുമായ മനസ്സുകള്‍ക്കേ സാധ്യമാകൂ. മാനവികമായ ഏകതാ ബോധമാണ് സത്യവിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. തന്നെപ്പോലെ തന്റെ സഹോദരനെയും കരുതണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. സ്വയം അപമാനിതനാകാന്‍ ഒരാള്‍ ഇഷ്ടപ്പെടുകയില്ല. അപ്രകാരം മറ്റൊരാള്‍ അപമാനിതനാകാന്‍ ആഗ്രഹിക്കാവുന്നതുമല്ല. അതിനാല്‍, പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത അപരനെ ഇകഴ്ത്തുന്നതോ അപഹസിക്കുന്നതോ ആകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ രക്തത്തിനും ശരീരത്തിനും വില കല്‍പ്പിച്ച പ്രകാരം ഇസ്‌ലാം മനുഷ്യന്റെ അഭിമാനത്തിനും പവിത്രത കല്‍പ്പിച്ചിട്ടുണ്ട്. അഭിമാനക്ഷതം വരുത്തല്‍ ഇസ്‌ലാം കുറ്റകരമായി കാണുന്നു.
Leave A Comment