ദീദാത്ത് മുതല്‍ ഹംസ യൂസുഫ് വരെ: ആഗോള പ്രഭാഷകരുടെ ചിന്താലോകങ്ങളും വ്യവഹാര വഴികളും
hamzaസാമൂഹിക സമുദ്ധാരണത്തിന്റെയും ജ്ഞാന കൈമാറ്റത്തിന്റെയും നാനോന്മുഖ സ്പര്‍ശിയായ പ്രധാനപ്പെട്ട ഒരു മീഡിയമാണല്ലോ പ്രഭാഷണം. സ്ഥല കാല ഭാഷാ ബൗണ്ടറികള്‍ക്കപ്പുറം ഇതിനു അതി വിപുലവും വ്യാപകവുമായ ഒരിടമുണ്ട് മത-സാമൂഹിക നവോത്ഥാനം സാധ്യമാക്കുന്നതില്‍. കേരളീയ പശ്ചാത്തലത്തില്‍ ഇതിന്റെ ഏറെ പരിമിതവും ലളിതവുമായ തലങ്ങള്‍ മാത്രമേ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളൂവെങ്കിലും ഈയൊരു മാധ്യമത്തിന്റെ വിവിധങ്ങളായ സാധ്യതകളെക്കുറിച്ച് പുതിയ കാലത്തിന്റെ പരിസരങ്ങളില്‍നിന്നും എല്ലാവരും ബോധവാന്മാരായിക്കൊണ്ടിരിക്കുന്നുണ്ട്. പബ്ലിക്കിനോടുള്ള ആശയസംവേദനത്തിന്റെ ഔദ്യോതിക രീതി എന്നതിലപ്പുറം സാമൂഹിക പരിവര്‍ത്തനത്തിന്റെയും അക്കാദമിക തിരുത്തിന്റെയും ആശയ സംവാദത്തിന്റെയും ആത്മീയ വിപ്ലവത്തിന്റെയും വേരുകളിലൊന്നായി ഇന്നിത് മാറിക്കഴിഞ്ഞു. ചരിത്രത്തിലെ പ്രഭാഷണങ്ങള്‍ക്കും വൈകാരിക ഇറങ്ങിപ്പുറപ്പെടലിന്റെയും ആദര്‍ശ കൊടുങ്കാറ്റിന്റെയും കഥകള്‍ പറയാനുണ്ടെങ്കിലും പുതിയ കാലത്ത് ഈയൊരു രംഗം വിവേകത്തിന്റെ അതി തീവ്രമായ ചില പുതിയ മേഖലകളിലാണ് എത്തിനില്‍ക്കുന്നത്. പാതിരാപ്രഭാഷണങ്ങളുടെയും നാട്ടു വയളുകളുടെയും നാടന്‍ ഉറുദികളുടെയും കേരളീയ പരിസരത്തിനപ്പുറം ചിന്താ വ്യവഹാരങ്ങളുടെ അക്കാദമിക പരിസരത്തുനിന്നും മത സംവാദങ്ങളുടെ ഗവേഷണാത്മക ചുറ്റുവട്ടത്തുനിന്നും പഠന-മനനങ്ങളുടെ പുതിയ വാതായനങ്ങളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. പ്രഭാഷണങ്ങള്‍ ഗ്രന്ഥങ്ങളുടെ വാമൊഴികളായി ഇവിടെ മാറുന്നു. അവതരണത്തിന്റെ ശൈലീവിന്യാസത്തില്‍ പ്രഭാഷണങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനു പകരം പക്വമായ ചിന്തകള്‍കൊണ്ടും യുക്തമായ ആശയങ്ങള്‍കൊണ്ടും വാമൊഴികളെ ഫലപ്രദ (effective) മാക്കുന്നതിലാണ് ഇന്നത്തെ ആഗോള പ്രഭാഷകര്‍ ശ്രദ്ധേയരാവുന്നത്. പ്രഭാഷകന്‍ അല്ലെങ്കില്‍ പ്രഭാഷണം എന്ന സാമ്പ്രദായിക രീതിക്കു പകരം ഇവിടെ അത് ലക്ച്ചറിംഗ്, അക്കാദമിക് ഡിസ്‌കോഴ്‌സ്, ഇന്‍സ്പയറിംഗ് ടോക്ക്, പേപ്പര്‍ പ്രസന്റേഷന്‍, ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് തുടങ്ങിയ തലത്തിലേക്ക് പരിവര്‍ത്തിതമാകുന്നു. ചിന്തയും പ്രായോഗിക ഭാവവും കൂടിക്കലര്‍ന്ന ഒരു തരം ധൈഷണിക വ്യവഹാരമായാണ് ഇവിടെ പ്രഭാഷണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കാലത്ത് സമൂഹത്തില്‍ ഫലപ്രദമാവുക ഇത്തരം രീതികളാണെന്നതിനാലാണ് ഈയൊരു അനിവാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി തലം മുതല്‍ സൂഫീ ഖാന്‍ഖാഹുകള്‍വരെയും പള്ളികള്‍ മുതല്‍ മത സംവാദ വേദികള്‍വരെയും ഇന്ന് ഈ ആശയ പ്രചാരണ രീതികള്‍ പുതിയ തലങ്ങളിലേക്കു മാറിക്കഴിഞ്ഞു. മനുഷ്യന്റെ ഹൃദയത്തെ ഏറെ ആവേശിക്കുന്നത് പരമ്പരാഗത സംവേദന രീതിയാണോ അതോ ആധുനിക ശൈലികളാണോ എന്ന ചര്‍ച്ചകള്‍ മങ്ങലേല്‍ക്കാതെ നിലനില്‍ക്കെത്തന്നെ പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ശൈലികള്‍ക്കാണ് പൊതുവില്‍ കൂടുതല്‍ ജനപ്രിയമുണ്ടാവുന്നത്. പൊതുവെ മതമേഖലയോട് അലസത നിലനില്‍ക്കുന്ന ഇക്കാലത്ത് ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ഫലം ചെയ്യുന്നുവെന്നത് നേരാണ്. ഈയൊരു പശ്ചാത്തലത്തില്‍ പുതിയ കാലത്തെ ആഗോള പ്രഭാഷകരെക്കുറിച്ചും അവരുടെ ചിന്താലോകങ്ങളെക്കുറിച്ചും വകതിരിച്ചൊരു അന്വേഷണം പ്രസക്തിയര്‍ഹിക്കുന്നു. ബോധനത്തിന്റെ വിവിധ തലങ്ങള്‍ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ഇന്ററാക്ഷനുകള്‍, ഡയലോഗുകള്‍ തുടങ്ങിയവ ഒരു പൊതുവായ വാര്‍പ്പുമാതൃകയില്‍ രൂപപ്പെടുന്നതോ നടത്തപ്പെടുന്നതോ അല്ല. ലക്ഷ്യങ്ങളും വിഷയവും ഓഡിയന്‍സും സ്ഥല-കാലവുമെല്ലാം അടിസ്ഥാനമാക്കി ഇവയോരോന്നിന്റെയും രീതിയും ഉള്ളടക്കവും സ്വഭാവവും വിത്യാസപ്പെടാം. ഒരാള്‍ക്ക് ഇതിലെ ഓരോ രീതികളെയും പരീക്ഷിച്ച് വിജയിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നുമില്ല. എന്നാല്‍, താന്‍ പ്രിഫര്‍ ചെയ്ത അതതു മേഖലകളില്‍ ഓരോരുത്തരും പ്രതിഭകളുമായിരിക്കും. പ്രഭാഷണമെന്നത് നാം അനുഭവിച്ച ബൗണ്ടറികള്‍ക്കുള്ളില്‍നിന്നും പുറത്തുകടന്ന് പുതിയ ലോകങ്ങള്‍ പ്രാപിക്കുന്നത് ഇവിടെയാണ്. തിരുത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും നിരൂപണത്തിന്റെയും മൂര്‍ച്ചയേറിയ മുഖങ്ങളുമായാണ് ഇവിടെ നാം പ്രഭാഷണങ്ങളെ കാണുന്നത്. അത് ഒരു കല എന്നതിലപ്പുറം സാമൂഹിക നിര്‍മിതിയുടെ ആണിക്കല്ലുകളിലൊന്നായി പ്രവര്‍ത്തിക്കുന്നു. ലക്ഷ്യങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തില്‍ പ്രഭാഷണങ്ങളും പ്രഭാഷകരും വിവിധ തരത്തിലും രൂപത്തിലുമാണെന്ന് കണ്ടെത്താന്‍ കഴിയും. ഒന്ന് മറ്റൊന്നുമായി പല വിധത്തില്‍ വിത്യാസപ്പെട്ട് കാണാവുന്ന വിശാലമായൊരു മേഖലയാണിത്. ഇതില്‍ ഏറെ ശ്രദ്ധേയവും ഇന്ന് കൂടുതല്‍ നിഴലിച്ചു കാണുന്നതുമായ ചില തലങ്ങള്‍ മാത്രമാണ് ഇവിടെ അന്വേഷണത്തിനെടുക്കുന്നത്. 1. മത സംവാദങ്ങളുടെ ലോകം മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പണ്ഡിത വൃന്ദത്തിനിടയില്‍ വളരെ ക്രിയാത്മകമായി പരിഗണിക്കപ്പെട്ട ഒരു മേഖലയാണിത്. ഇബ്‌നു ഹമ്പല്‍ (റ) വിനെപ്പോലെയുള്ളവരുടെ ചരിത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും കാണാന്‍ കഴിയും. പ്രമുഖ ഇന്ത്യന്‍ പണ്ഡിതനും ഇള്ഹാറുല്‍ ഹഖ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ റഹ്മത്തുല്ലാഹ് അല്‍ കീറാനവി (മ. 1891) യും ഈ ഗണത്തിലെ വളരെ ശ്രദ്ധേയനായ പില്‍ക്കാല വ്യക്തിത്വങ്ങളിലൊരാളാണ്. പുതിയ ലോകത്ത് മതങ്ങള്‍ തമ്മിലുള്ള സ്‌നേഹ സംവാദങ്ങള്‍ക്ക് വളരെ വലിയ സാധ്യതയും പ്രസക്തിയും ഒത്തുവന്നതായി കാണാം. വിശുദ്ധ ഇസ്‌ലാം നിരന്തരമായി തെറ്റുദ്ധരിക്കപ്പെടുകയും മറ്റു മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മുമ്പില്‍ അവമതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ കാലത്ത് അത് വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. ദോഷൈകദൃക്കുകളായി വിഷയത്തെ സമീപ്പിക്കുന്നവരാണ് ചെറിയൊരു സമൂഹമെങ്കിലും ചര്‍ച്ചകളില്‍നിന്നും സത്യം മനസ്സിലാക്കി അത് സ്വീകരിക്കാന്‍ സന്നദ്ധത കാണിക്കുന്നവരാണ് വലിയൊരു വിഭാഗവും. പ്രത്യേകിച്ചും പാശ്ചാത്യന്‍ ലോകത്ത്. ജീവിതം സത്യം തേടിയുള്ള അന്വേഷണമാക്കി ഇറങ്ങിപ്പുറപ്പെട്ട ധാരാളമാളുകളെ അവിടെ കാണാന്‍ കഴിയും. ഇസ്‌ലാമിനെക്കുറിച്ച പലവിധ സംശയങ്ങളും തെറ്റുദ്ധാരണകളുമാണ് പലപ്പോഴും അവരെ പിന്നോട്ടുവലിക്കുന്നത്. ഇത്തരം ആളുകളെ ലക്ഷ്യംവെച്ചുകൊണ്ട് അടുത്ത കാലങ്ങളിലായി നടന്ന വളരെ ശ്രദ്ധേയമായ ഇടപെടല്‍ രീതികളാണ് അഹ്മദ് ദീദാത്തും സാക്കിര്‍ നായ്ക്കും പരിചയപ്പെടുത്തിയത്. ഇന്റര്‍ ഫെയ്ത്ത് ഡയലോഗിന്റെ വര്‍ത്തമാന കാല പരിസരത്തില്‍ വളരെ ഉയര്‍ന്നുകേട്ട രണ്ടു നാമങ്ങളാണിവ. എ. അഹ്മദ് ദീദാത്ത് അന്തര്‍ദേശീയ തലത്തില്‍ മതസംവാദ രംഗത്ത് ഏറെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശൈഖ് അഹ്മദ് ഹുസൈന്‍ ദീദാത്ത്. ഇസ്‌ലാമിക പ്രബോധകന്‍, ബഹുമത പണ്ഡിതന്‍, ഖുര്‍ആന്‍-ബൈബിള്‍ പണ്ഡിതന്‍ തുടങ്ങിയ മേഖലകളില്‍ വിശ്രുതനായ അദ്ദേഹം ഇസ്‌ലാം-ക്രിസ്ത്യാനിറ്റി മത സംവാദ രംഗത്തെ പ്രതിഭാവിലാസം തെളിയിച്ച മഹാ വ്യക്തിത്വമാണ്. 1918 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ സൂറത്തിലായിരുന്നു ജനനം. കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു കുട്ടിക്കാലം. തന്റെ ജനനത്തോടെ ജോലിയാവശ്യാര്‍ത്ഥം പിതാവ് തെക്കേ ആഫ്രിക്കയിലേക്കു തിരിച്ചു. ഉപജീവന മാര്‍ഗമെന്നോണം അവിടെ ഒരു തെയ്യല്‍ക്കാരനായി ജോലി നോക്കി. 1926 ല്‍ ദീദാത്തും ആഫ്രിക്കയിലെത്തി. അതീവ ബുദ്ധി ശാലിയായിരുന്ന അദ്ദേഹം ഇംഗ്ലീഷ് ഭാഷയടക്കം അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട പലതും പഠിച്ചെടുത്തു. പക്ഷെ, സാമ്പത്തിക പരാധീനതകള്‍ കാരണം ഉന്നത പഠനങ്ങള്‍ക്കു പോകാന്‍ അവസരമുണ്ടായില്ല. ആയതിനാല്‍ സെയില്‍സ് മാനും ക്ലര്‍ക്കും മറ്റുമായി ജോലി നോക്കേണ്ടി വന്നു. 1936 ല്‍ സൗത്ത് കോജറിലെ ഒരു ചായക്കടയില്‍ അദ്ദേഹം ജോലിക്കാരനായി എത്തി. അതിനടുത്തുതന്നെ ഒരു ക്രിസ്ത്യന്‍ സെമിനാരി പ്രവര്‍ത്തിച്ചിരുന്നു. ക്രിസ്ത്യാനിസം പഠിക്കാനായി അവിടെയെത്തിയിരുന്ന ആളുകള്‍ ഇടക്കിടെ ഈ കടയില്‍ വന്നു. സംസാരത്തിനിടയില്‍ അവര്‍ ഇസ്‌ലാമിനെയും പ്രവാചകരെയും ഇകഴ്ത്തി സംസാരിക്കുന്നത് ദീദാത്ത് കേള്‍ക്കാനിടയായി. അത് പല തവണയായി ആവര്‍ത്തിച്ചപ്പോള്‍ ഖുര്‍ആനും ബൈബിളും പഠിച്ചെടുക്കാനും ഇവരുടെ വാദങ്ങളോട് കഴിയുംവിധം പ്രതികരിക്കാനും അദ്ദേഹം തീരുമാനിച്ചു. അവിടെനിന്നാണ് ആദ്യമായി ഖുര്‍ആന്‍-ബൈബിള്‍ പഠനത്തിലേക്ക് അദ്ദേഹം തിരിയുന്നത്. ചെറിയ ചെറിയ പുസ്തകങ്ങള്‍ വായിച്ച് ഇവ്വിഷയകമായി ചെറിയ അറിവുകള്‍ സമ്പാദിച്ച അദ്ദേഹം അവരുമായി നിരന്തരം സംവാദത്തിലേര്‍പ്പെട്ടു. ഈ അന്വേഷണ യാത്രയിലാണ് പ്രമുഖ ഇന്ത്യന്‍ പണ്ഡിതന്‍ റഹ്മതുല്ലാഹ് ഖീറാനവിയുടെ ഇള്ഹാറുല്‍ ഹഖ് എന്ന വിഖ്യാത ഗ്രന്ഥം അദ്ദേഹത്തിന്റെ കരങ്ങളിലെത്തുന്നത്. ഇത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസവും കരുത്തും സമ്മാനിച്ചു. ഇതോടെ ക്രിസ്ത്യാനിസത്തിനെതിരെ ഒരു കുരിശുയുദ്ധം നടത്താന്‍തന്നെ തീരുമാനിക്കുകയും പഠനവും അന്വേഷണവുമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധനത്തിന്റെയും ക്രൈസ്തവതയോടുള്ള സംവാദങ്ങളുടേതുമായിരുന്നു പിന്നീടുള്ള കാലം. ക്രിസ്ത്യാനിസവും ബൈബിളും അഗാധമായി പഠിച്ച അദ്ദേഹം ഒരു പ്രത്യേക രീതിയിലുള്ള മത സംവാദങ്ങളുടെ പുതിയൊരു ലോകം പ്രോല്‍ഘാടനം ചെയ്യുകയായിരുന്നു. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് പ്രോപഗേഷന്‍ സെന്റര്‍ എന്ന പേരില്‍ ഒരു സ്ഥാപനത്തിനു തുടക്കം കുറിക്കുകയും ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമാവുകയും ചെയ്തു. ക്രൈസ്തവ വാദങ്ങളുടെ മുനയൊടിക്കുന്ന ഗ്രന്ഥരചനയും പ്രഭാഷണങ്ങളുമായിരുന്നു ഇതിനായി അദ്ദേഹം കണ്ട പ്രധാനപ്പെട്ട രണ്ടു വഴികള്‍. അമേരിക്ക, കാനഡ, സിംബാബ്‌വെ, സാംബിയ, ലിബിയ, കെനിയ, ഹോങ്‌കോങ്, ജപ്പാന്‍, മലേഷ്യ, പാക്കിസ്താന്‍, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലായി നൂറുക്കണക്കിനു വേദികളില്‍ അദ്ദേഹം പ്രസംഗിക്കുകയും സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രഭാഷണ പര്യടനങ്ങള്‍ നടത്തി. 1984 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായി പരസ്യ സംവാദത്തിനു സന്നദ്ധനായെങ്കിലും ക്രൈസ്തവ ലോകം ഒഴിഞ്ഞുമാറുകയാണുണ്ടായത്. അസാധാരണമായ ബുദ്ധിവൈഭവം കൊണ്ടും സമര്‍പ്പിതമായ പ്രബോധന മനസ്സുകൊണ്ടും മുസ്‌ലിംലോകത്തു മാത്രമല്ല, മറ്റുള്ളവരുടെ പോലും മനസ്സുകളില്‍ ഇടം പിടിക്കാന്‍ പിന്നീട് ദീദാത്തിനു കഴിഞ്ഞു. ഖുര്‍ആന്‍-ഹദീസ് വാക്യങ്ങള്‍ ഉദ്ധരിക്കുന്നതിലും ബൈബിള്‍ വചനങ്ങള്‍ ക്ൃത്യ നമ്പറുകളോടെ പ്രസ്താവിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് വിസ്മയിപ്പിക്കുന്നതുതന്നെയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണ-സംവാദ കാസറ്റുകളും സിഡികളും വിഡിയോ പ്രോഗ്രാമുകളും പുസ്തകങ്ങളും ലഘുലേഖകളും അറബ് മുസ്‌ലിംലോകങ്ങളുടെ സഹായത്തോടെ ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്. ക്രൈസ്തവ ലോകത്തിന്റെ ഉള്ളുതുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ഇരുപതോളം വരുന്ന രചനകള്‍ അറബി, ഫ്രഞ്ച്, ചൈനീസ്, ജപ്പാനീസ്, ഡച്ച്, ആഫ്രിക്കന്‍, റഷ്യന്‍, തുളു, നോര്‍വീജിയന്‍, ഉറുദു, മലയാളം തുടങ്ങി ധാരാളം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകോത്തര തലത്തില്‍ ഇന്നും സജീവമായി ശ്രവിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരമൊരു പ്രഭാഷകന്‍ ലോക ചരിത്രത്തില്‍തന്നെ വളരെ അപൂര്‍വമാണെന്നു വേണം കരുതാന്‍. മത സംവാദങ്ങള്‍ക്കു പുതിയൊരു രൂപവും ഭാവവും നല്‍കിയെന്നതാണ് ദീദാത്ത് ചെയ്ത ഏറെ മഹത്തരമായൊരു സംഭാവന. ഇതിനെ അനുകരിക്കാനും പിന്തുടരാനും ധാരാളമാളുകള്‍ തയ്യാറായി മുന്നോട്ടുവന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയം വിളിച്ചറിയിക്കുന്നു. 2005 ഓഗസ്റ്റ് എട്ടിനു തന്റെ 87 ാമത്തെ വയസ്സില്‍ ദീദാത്ത് മരണപ്പെട്ടു. ബി. സാക്കിര്‍ നായിക് മത സംവാദങ്ങളുടെ മേഖലയില്‍ ദീദാത്തിന്റെ ശൈലി സ്വീകരിച്ച് ഏറെ ശ്രദ്ധേയനായ ഇന്നത്തെ പ്രമുഖ സംവാദകനും പ്രഭാഷകനുമാണ് ഡോ. സാക്കിര്‍ നായിക്. അതോറിറ്റി ഓഫ് കംപാരറ്റീവ് റിലീജ്യന്‍ എന്ന ടൈറ്റിലിലാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. 1965 ല്‍ ബോംബെയില്‍ ജനിച്ചു. ബോംബെയിലെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍നിന്നായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ശേഷം കിഷിന്‍ചന്ദ് ചെല്ലാറം കോളേജില്‍ നിന്നും മുംബൈ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കി. ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍നിന്നാണ് എം.ബി.ബി.എസ് ബിരുദം സ്വന്തമാക്കിയത്. 1991 ഓടെയാണ് ഈ വൈദ്യവിദ്യാര്‍ത്ഥി സജീവമായ ദഅവാ പ്രവര്‍ത്തന മേഖലയിലേക്ക് തിരിയുന്നത്. 1987 ല്‍ അഹ്മദ് ദീദാത്തുമായി നേരില്‍ കാണുകയും അദ്ദേഹത്തില്‍നിന്നും ആവേശം സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പുതന്നെ മത താരതമ്യ മേഖലയില്‍ ആകൃഷ്ടനായ അദ്ദേഹം അവ്വിഷയകമായി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ മുംബൈ ആസ്ഥാനമാക്കി ഒരു ഇസ്‌ലാമിക പ്രബോധന കേന്ദ്രം സ്ഥാപിച്ചതോടെ ദഅവാ മേഖലയില്‍ ഏറെ സജീവമായി സാകിര്‍ നായിക് രംഗത്തെത്തി. പീസ് ടിവിയിലൂടെ നിരന്തരം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അദ്ദേഹം ഈ സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നത്. ദീദാത്തിനെപ്പോലെ പുസ്തകങ്ങളും തുറന്ന സംവാദങ്ങളും തന്നെയായിരുന്നു നായികിന്റെ ഏറ്റവും വലിയ ആയുധങ്ങള്‍. മത താരതമ്യവുമായി ബന്ധപ്പെട്ട് പത്തോളം പുസ്തകങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് സംവാദങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. വളരെ ലളിതമായ ഇംഗ്ലീഷ് ഭാഷയില്‍ സാധാരണ സംസാര രീതിയിലായതുകൊണ്ടുതന്നെ തന്റെ പ്രഭാഷണങ്ങള്‍ക്ക് വലിയൊരു ഫോളവേഴ്‌സിനെ സ്വന്തമാക്കാന്‍ സാധിച്ചു. ഓരോ പ്രോഗ്രാമുകളുടെയും വീഡിയോ-ഓഡിയോ സംവിധാനങ്ങളും ലഭ്യമാക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രബോധന മേഖല കൂടുതല്‍ സജീവമായി. ഇസ്‌ലാമും ആധുനിക ശാസ്ത്രവും, ഇസ്‌ലാമും ക്രിസ്ത്യാനിസവും, ഇസ്‌ലാമും മതേതരത്വവും, ഇസ്‌ലാമും ഹിന്ദുയിസവും, ഇസ്‌ലാമും ഭീകര വാദവും തുടങ്ങിയ വിഷയങ്ങളിലാണ് അധികം പ്രഭാഷണങ്ങളും നടക്കുന്നത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കും മറ്റു മതസ്ഥര്‍ക്കും ഉണ്ടായേക്കാവുന്ന എല്ലാവിധ സംശയങ്ങളും കൃത്യമായി തീര്‍ത്തുകൊടുക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. ചോദ്യോത്തര സെഷനുകളാണ് അദ്ദേഹത്തിന്റെ പല സംവാദങ്ങളുടെയും ഏറെ ആകര്‍ഷകമായ രംഗം. ഖുര്‍ആനും ബൈബിളും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എന്ന തലക്കെട്ടില്‍ 2000 ഏപ്രിലില്‍ ചിക്കാഗോയില്‍വെച്ച് വില്യം കാംപെല്ലുമായി നടന്ന സംവാദം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ ഐതിഹാസികമായ ഒരു സംഭവമാണ്. 2006 ജനുവരിയില്‍ ബോംബെയില്‍വെച്ച് ഇസ്‌ലാമിലെയും ഹിന്ദുയിസത്തിലെയും ദൈവ സങ്കല്‍പം എന്ന വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കറുമായും ഒരു സംവാദം നടന്നു. 2011 ല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഓക്‌സ്‌ഫോഡ് യൂണിയനില്‍ സംസാരിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു. കൂടാതെ, 2007 മുതല്‍ എല്ലാ വര്‍ഷവും മുംബൈ കേന്ദ്രമാക്കി പത്തു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പീസ് കോണ്‍ഫ്രന്‍സ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. തനിക്കു പുറമെ ഇരുപതോളം വരുന്ന ഈ മേഖലയിലെ മറ്റു പ്രഭാഷകരും പ്രസ്തുത പരിപാടിയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുന്നു. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം ഇന്ത്യയില്‍നിന്നും പുറത്തുനിന്നുമായി ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ദുബായ് ഇന്റര്‍നാഷ്ണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് (2013), കിംഗ് ഫൈസല്‍ അവാര്‍ഡ് (2015) തുടങ്ങിയവ അതില്‍ ചിലതാണ്. 2014 ല്‍ ഗാമ്പിയ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിനു ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. പൊതുവെ സലഫി ചിന്താഗതി വെച്ചുപുലര്‍ത്തുന്ന സാക്കിര്‍ നായിക് ദഅവാ മേഖലയിലെ ഒരു അനിഷേധ്യ സാന്നിധ്യവും അനവധിയാളുകള്‍ക്കുള്ള പ്രചോദനവുമാണെന്നതില്‍ രണ്ടഭിപ്രായങ്ങള്‍ക്ക് വഴിയില്ല. 2. യുക്തിവാദ-ഡാര്‍വിനിസത്തിനെതിരെ ശാസ്ത്രീയ പോരാട്ടം ഹാറൂന്‍ യഹ്‌യ നിരീശ്വര-യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കും ഡാര്‍വിനിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ ഖുര്‍ആന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ അന്താരാഷ്ട്ര പ്രബോധകനാണ് ഹാറൂന്‍ യഹ്‌യ. പരിണാമത്തിലൂടെയാണ് മനുഷ്യോല്‍പത്തിയെന്ന ഡാര്‍വിന്‍ ചിന്താഗതിയെ ശാസ്ത്രീയമായിത്തന്നെ തിരുത്തിയെഴുതിയ അദ്ദേഹം സയണിസം, നാസിസം, കമ്യൂണിസം പോലെയുള്ള ആധുനിക പ്രസ്ഥാനങ്ങളെല്ലാം ഈയൊരു ചിന്താഗതിയുടെ പില്‍ക്കാല പരിണതികളാണെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ വാദിക്കുന്നു. ടര്‍ക്കിഷ് പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹം 1956 ല്‍ അങ്കാറയിലാണ് ചനിച്ചത്. അദ്‌നാന്‍ ഒക്താര്‍ എന്ന് ശരിയായ നാമം. ഹാറൂന്‍ യഹ്‌യ എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. അങ്കാറയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫിലോസഫിയില്‍ ഉന്നത ബിരുദങ്ങള്‍ നേടി. 1980 മുതല്‍ ശക്തനായ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി രംഗത്തു വന്നു. നിരീശ്വരവാദത്തിനും ഡാര്‍വിനിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ ഖുര്‍ആനിക വെളിച്ചത്തില്‍ തിരുത്ത് നല്‍കുകയെന്നതാണ് ഹാറൂന്‍ യഹ് യ ചിന്തകളുടെ ആകെത്തുക. തന്റെ എഴുത്തുകളും പ്രഭാഷണങ്ങളുമെല്ലാം ഈയൊരു ആശയത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ, കമ്യൂണിസം, കാപ്പിറ്റലിസം, നാസിസം, സയണിസം, ടെററിസം തുടങ്ങിയ പില്‍ക്കാല സൃഷ്ടികളെയും ഈയൊരു കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ അദ്ദേഹം നിരൂപണവിധേയമാക്കുന്നു. അമ്പതോളം ലോക ഭാഷകളില്‍ വ്യാപിച്ചുകിടക്കുന്ന ഇരുന്നൂറില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. ഡാര്‍വിനിസ്റ്റ് ചിന്താപ്രസ്ഥാനത്തിനെതിരെയാണ് ഇതില്‍ അധികം രചനകളും. അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍, ഡാര്‍വിനിസം റഫ്യൂട്ടഡ് തുടങ്ങിയവ അതില്‍ ഏറെ ശ്രദ്ധേയമാണ്. കൂടാതെ, പ്രവാചകന്മാരെക്കുറിച്ചും ഭൗതിക വിസ്മയങ്ങളിലെ ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെതായി ധാരാളം രചനകള്‍ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൂറോളം ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെതായി കാണാം. ചാനല്‍ പ്രഭാഷണങ്ങളിലും സംവാദങ്ങളിലും ഹാറൂന്‍ യഹ് യ തന്റെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. 3. ആത്മീയ ചിന്തയിലൂന്നിയ സാമൂഹിക ഉദ്ധാരണം ആത്മായതയുടെ വഴിത്താരയില്‍ ഊന്നിനിന്ന് പുതിയ കാലത്തെ അപഗ്രഥിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും കഴിവുള്ള ഒരു നവ തലമുറയും പുതിയ കാലത്തെ പ്രഭാഷണ പ്രബോധന മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാന്‍ കഴിയും. മതവും അതിന്റെ തത്ത്വ സംഹിതകളും യാഥാസ്ഥികവും പഴഞ്ചനുമായി അവതരിപ്പിക്കപ്പെടുമ്പോഴും പുതിയ ഭാവത്തില്‍ അതിനെ അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് അവര്‍. ആഗോള തലത്തില്‍ ആളുകളുടെ ആവേശമായി മാറിയ അത്തരം പ്രഭാഷകരില്‍ ചിലരാണ് അല്‍ ഹബീബ് അലി ജിഫ് രി, അല്‍ ഹബീബ് മുഹമ്മദ് സഖാഫ്, അല്‍ ഉസ്താദ് മുഹമ്മദ് സുഹാര്‍, ശൈഖ് ഫറസ് റബ്ബാനി, ഉമര്‍ ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍. എ. ഹബീബ് അലി ജിഫ്‌രി പ്രമുഖ സൂഫി ചിന്തകനും സ്പിരിച്വല്‍ ട്രൈനറും നല്ലൊരു ആത്മീയ പ്രഭാഷകനുമാണ് ഹബീബ് അലി ജിഫ് രി. 1971 ല്‍ യമനിലെ ഹളര്‍മൗത്തില്‍നിന്നുള്ള ഒരു കുടുംബത്തില്‍ ജിദ്ദയിലാണ് ജനനം. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താബാ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനാണ്. തരീമിലെ സയ്യിദ് കുടുംബങ്ങളിലൊന്നായ ജിഫ് രി ഖബീലയിലേക്ക് ചെന്നെത്തുന്നതാണ് അദ്ദേഹത്തിന്റെ താവഴി. ഇന്ന് അറിയപ്പെട്ട സൂഫീ പ്രഭാഷകനും സമുദ്ധാരകനുമാണ് ഹബീബ് ്‌ലി ജിഫ് രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് വേദികളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. കെനിയ, ടാന്‍സാനിയ, അമേരിക്ക, കാനഡ, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ഇന്ത്യ, ബംഗ്ലാദേഷ്, ശ്രീലങ്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഡന്മാര്‍ക്ക്, ബെല്‍ജിയം, ഹോളണ്ട് തുടങ്ങി വിവിധ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യൂട്യൂബിലും മറ്റും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ധാരാളമായി ലഭഇക്കുന്നതാണ്. 4. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ വൈകൃതങ്ങള്‍ക്കെതിരെ പ്രഭാഷകന്മാരായി അറിയപ്പെടുന്നില്ലെങ്കിലും ക്രൈസ്തവ-ജൂത പശ്ചാത്തലത്തില്‍നിന്നും ഇസ്‌ലാമിലേക്ക് കടന്നുവന്ന എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പാശ്ചാത്യ ലോകത്ത് നിറഞ്ഞുനിന്ന ചിന്തകന്മാരാണ് ഇവര്‍: എ. യൂസുഫുല്‍ ഇസ്‌ലാം ബി. മുറാദ് ഹോഫ്മാന്‍ സി. മുഹമ്മദ് അസദ് ഡി. റജാ ഗരോഡി ഇ. ബിലാല്‍ ഫിലിപ്‌സ് 5. സെക്യുലറിസത്തിനെതിരെ ആത്മീയതകൊണ്ട് പ്രതിരോധം ഇസ്‌ലാമിന്റെ ബദ്ധവൈരികളായി മാത്രം വിലയിരുത്തപ്പെടുന്ന പടിഞ്ഞാറില്‍നിന്നും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സ്വീകരിക്കാനും പ്രബോധാനം ചെയ്യാനും ശക്തമായ ഒരു വൃന്ദം രൂപപ്പെട്ടുവന്നിരിക്കുന്നുവെന്നതാണ് പുതിയ കാലത്തെ വാര്‍ത്തകള്‍. പൗരസ്ത്യ ലോകത്തെ മതപ്രബോധനങ്ങളെപോലും വെല്ലുംവിധമാണ് ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്രിസ്തുമതം സ്വീകരിച്ചവരെക്കാള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ പന്ത്രണ്ടര മില്ല്യണിലധികം പേരെ ആകര്‍ഷിച്ചുകൊണ്ടാണ് ഇസ്‌ലാം ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്. യൂറോപ്യരും അമേരിക്കക്കാരുമാണ് ഇതില്‍ അധികപേരും. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം പടിഞ്ഞാറില്‍നിന്നും ഇസ്‌ലാമിലേക്കുള്ള പ്രവാഹം കൂടിക്കൊണ്ടിരിക്കുന്നുവെന്നത് കേവലം ഒരു വാദം മാത്രമല്ല. അതിനെ യാഥാര്‍ത്ഥ്യമാക്കി കാണിക്കുന്നതാണ് ഇന്നവിടെ നടന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ എല്ലാ നന്മകളും ആവാഹിച്ചുകൊണ്ടുതന്നെ പണ്ഡിതന്മാരും ആക്റ്റിവിസ്റ്റുകളും ഭരണപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ക്രിറ്റിക്കല്‍ അനലിസ്റ്റുകളും ഡിസൈനര്‍മാരും ഫിലിം നിര്‍മാതാക്കളും കായിക താരങ്ങളും സംഗീതജ്ഞരും കാലിഗ്രാഫര്‍മാരുമൊക്കെയായി വലിയൊരു വിഭാഗം അവിടെനിന്നും ഇസ്‌ലാമിലേക്ക് ഒഴുകി വരികയാണ്. ശൈഖ് ഹംസ യൂസുഫ്, സൈദ് ശാക്കിര്‍, അബ്ദുല്‍ ഹക്കീം മുറാദ് തുടങ്ങിയ താരപരിവേശമുള്ള ആളുകളാണ് ഇതിനു മുന്‍നിരയില്‍ നില്‍ക്കുന്നത്. അവര്‍തന്നെ പുതിയ കാലത്തെ ഇസ്‌ലാമിക ചിന്തയുടെയും സൂഫിസത്തിന്റെയും വക്താക്കളായി പ്രഭാഷണവും ഉപദേശങ്ങളുമായി ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്. എ. ശൈഖ് ഹംസ യൂസുഫ് അമേരിക്കയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്‌ലിം പണ്ഡിതരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രമുഖനാണ് ഹംസ യൂസുഫ്. ഇസ്‌ലാമിക അമേരിക്കയിലെ പുതുതലമുറക്ക് ധൈഷണിക വെളിച്ചം നല്‍കുക വഴി അവരുട ആവേശമായി മാറിയിരിക്കുന്നു ഇന്ന് അദ്ദേഹം. ബൈബിള്‍ വചനങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇന്ന് പതിനായിരങ്ങളുടെ ആവേശമാണ്. 1960 ല്‍ വാഷിങ്ടണില്‍ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു. മാര്‍ക് ഹാന്‍സണ്‍ എന്നാണ് ശരിയായ പേര്. 1977 ല്‍ മരണത്തെ മുഖാമുഖം കണ്ട തനിക്കുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ വഴിയൊരുങ്ങി. ഖുര്‍ആന്‍ വായിച്ച് അതിലെ വിസ്മയങ്ങള്‍ കണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നു. 1979 ല്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു. നാലു വര്‍ഷം അവിടെ തങ്ങി ഇസ്‌ലാമിക ശരീഅത്തിനെ കൃത്യമായി മനസ്സിലാക്കി. അറബി ഭാഷയിലും ഖുര്‍ആന്‍ പാരായണത്തിലും കര്‍മശാസ്ത്രത്തിലും ്അഗാധ പാണ്ഡിത്യം നേടി. 1984 ല്‍ അള്‍ജീരിയ, മൊറോക്കോ, സ്‌പെയ്ന്‍, മൗരിത്താനിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്രകള്‍ നടത്തുകയും അവിടത്തെ മുസ്‌ലിം പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. 1996 ല്‍ കാലിഫോര്‍ണിയയില്‍ സൈതൂന എന്ന പേരില്‍ ചില സഹപ്രവര്‍ത്തകരോടുകൂടെ ഒരു സ്ഥാപനമുണ്ടാക്കി. തന്റെ ഇസ്‌ലാമികതയിലൂന്നിയ ചിന്തകളെ പുതിയ തലമുറകളിലേക്കുകൂടി പ്രസരിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ഈയൊരു ഉദ്ദ്യമം. ഇസ്‌ലാമിനെയും അമേരിക്കന്‍ സംസ്‌കാരത്തെയും അനുരജ്ഞിപ്പിക്കാന്‍ പര്യപ്തമായ ഒരു പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് പ്രധാനമായും ഈയൊരു സ്ഥാപനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ഈ സ്ഥാപനം അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം പോലും നേടിക്കഴിഞ്ഞു. മതേതര പശ്ചാത്തലത്തിലിരുന്ന് ഇസ്‌ലാമിനെ എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുപോകാമെന്ന് പുതുതലമുറയെ പഠിപ്പിക്കുകയാണിന്ന് യൂസുഫുല്‍ ഇസ്‌ലാം. ട്രഡീഷ്ണല്‍ ഇസ്‌ലാമിന്റെ വഴിയില്‍ ശാദുലി സരണിയുടെ ധാരയിലാണ് ഇദ്ദേഹം ഇന്ന് ജീവിതം നയിക്കുന്നത്. അമേരിക്കയില്‍ മാത്രമല്ല, മുസ്‌ലിം ലോകത്തെ തന്നെ ലക്ഷക്കണക്കിന് യുവാക്കളുടെ ആശാകേന്ദ്രവും പ്രചോദന സ്രോതസ്സുമായി അദ്ദേഹമിന്ന് പ്രവര്‍ത്തിക്കുന്നു. ന്യൂ ജെനറേഷന്റെ സാന്നിധ്യംകൊണ്ട് നിറഞ്ഞുകവിയുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണ സദസ്സുകളും. ലോകത്തെ ഏറ്റവും ജനപിന്തുണയുള്ള, തിരക്കേറിയ പ്രഭാഷകന്മാരിലൊരാളായാണ് അദ്ദേഹമിന്ന് നിലകൊള്ളുന്നത്. യൂട്യൂബിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍ക്കു പുറമെ സമൂഹ സമുദ്ധാരണവുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ബി. അബ്ദുല്‍ ഹക്കീം മുറാദ് ലോക ജനതയെ ഏറെ സ്വാധീനിച്ച പ്രമുഖ മുസ്‌ലിം നായകരെക്കാള്‍ പലനിലക്കും മുന്നില്‍ നില്‍ക്കുന്ന പ്രമുഖ ചിന്തകനും ഇസ്‌ലാമിക പ്രബോധകനുമാണ് അബ്ദുല്‍ ഹക്കീം മുറാദ്. കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവനും കാംബ്രിഡ്ജ് മുസ്‌ലിം കോളേജിന്റെ സ്ഥാപകനും കൂടിയാണ്. ഗവേഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം പാരമ്പര്യ ഇസ്‌ലാമിക ജ്ഞാനവും ആധുനിക ഇസ്‌ലാമിക സംസ്‌കാരവും തമ്മിലുള്ള അടുപ്പവും അകലവും കൃത്യമായി നിര്‍വ്വചിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്. 1960 ല്‍ ഒരു യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം. 1970 ല്‍ വെസ്റ്റ് മിനിസ്റ്ററിലെ സ്‌കൂളില്‍നിന്നും ആദ്യകാല പഠനം. ശേഷം കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി. കുശാഗ്ര ബുദ്ധിശാലിയായിരുന്ന അദ്ദേഹം ചെറുപ്പകാലംമുതല്‍തന്നെ എല്ലാറ്റിനെക്കുറിച്ചും ഗവേണ മനസ്സോടെ പഠനം നടത്തി. ക്രൈസ്തവതയുടെയും ജൂതായിസത്തിന്റെയും ഇസ്‌ലാമിന്റെയും ഭൗതികവും ആത്മികവുമായ വിശദീകരണങ്ങളെ പരിശോധന വിധേയമാക്കി. ശേഷം, ടര്‍ക്കിഷ്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍ തുനി്ഞ്ഞ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയുകയും അതില്‍ ആകൃഷ്ടനാവുകയുമായിരുന്നു. ബ്രിട്ടനിലെ പുതുതലമുറയിലെ യുവാക്കള്‍ക്ക് മുസ്‌ലിം ജീവിതവുമായി പൊരുത്തപ്പെടാന്‍ അവസരമുണ്ടാക്കുകയെന്ന നിലയിലാണ് അദ്ദേഹമിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇമാം ഗസ്സാലിയെ മാതൃകാപുരുഷനായി കാണുന്ന മുറാദിന് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഇഹ്‌യാ ഉലൂമുദ്ദീനാണ്. മോഡേണിസത്തെ പ്രതിരോധിക്കാനും പടിഞ്ഞാറന്‍ സംസ്‌കാരത്തെ തൃപ്തിപ്പെടുത്താനും കഴിയുന്ന ഒന്നാന്തരം മാനിഫെസ്റ്റോയാണ് ഇഹ്‌യ എന്ന് അ്‌ദ്ദേഹം പറയുന്നു. ഇമാം ബൂസ്വീരി, ഇബ്‌നു ഹജര്‍, ഇമാം ബൈഹഖി, ഗസ്സാലി (റ) തുടങ്ങിയവരുടെ പല ഗ്രന്ഥങ്ങളും അദ്ദേഹം ഭാഷാന്തരം നടത്തിയിട്ടുണ്ട്. തന്റെ അക്കാദമിക വട്ടത്തില്‍ യുവാക്കളുടെ ആവേശമായിട്ടാണ് അദ്ദേഹമിന്ന് കഴിയുന്നത്. സി. ശുഐബ് വെബ്ബ് അമേരിക്കയിലെ അറിയപ്പെട്ട പ്രബോധകനും പ്രഭാഷകനുമാണ് ശുഐബ് വെബ്ബ്. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബോസ്റ്റണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഇമാമായി അറിയപ്പെടുന്ന അദ്ദേഹം പുതിയ കാലത്തെ യുവാക്കള്‍ക്ക് മതാഭിനിവേശം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ ചിന്തിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. 1973 ല്‍ ഒക്ലഹാമോയിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജനനം. വില്യം വെബ്ബ് എന്നാണ് ശരിയായ പേര്. പതിനാലാമത്തെ വയസ്സുമുതല്‍തന്നെ മതങ്ങളെക്കുറിച്ച് പഠിച്ചുതുടങ്ങി. തുടര്‍ന്ന് ഡി.ജെ. ഗ്രൂപ്പില്‍ അംഗമാവുകയും വിവിധ കലാസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തു. നിശാക്ലബ്ബ് പോലെയുള്ള കൂട്ടങ്ങളിലായിരുന്നു ഇക്കാലത്തെ ജീവിതം. 1992 ല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ഇതില്‍നിന്നെല്ലാം മാറിച്ചിന്തിക്കുകയായിരുന്നു. ശേഷം, ഒക്ലഹാമോ സെന്ററല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് എജ്യുക്കേഷനില്‍ ഡ്ിഗ്രി ചെയ്തു. അതോടൊപ്പം ഒരു സെനഗല്‍ ശൈഖിന്റെ കീഴില്‍ സ്വകാര്യമായി ഇസ്‌ലാമിക പഠനവും അറബി ഭാഷാ പഠനവും നടത്തി. അതേതുടര്‍ന്ന് അവിടെത്തന്നെ ഒരു ഇമാമായി പ്രവര്‍ത്തനമാരംഭിക്കുകയും ഒരു ഇസ്‌ലാമിക പഠന കേന്ദ്രത്തില്‍ അധ്യാപകനായി ചേരുകയും ചെയ്തു. ഈജിപ്തിലെ അല്‍ അസ്ഹറിലായിരുന്നു പിന്നീട് ഉപരിപഠനം. ഇന്ന് മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ ശക്തനായ പ്രവര്‍ത്തകനാണ് ശുഐബ് വെബ്ബ്. മത പഠനവുമായി രംഗത്തുവരുന്നവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതോടൊപ്പം അറബി ഭാഷ പഠിക്കാനുള്ള എല്ലാ വിധ സപ്പോര്‍ട്ടും ഇത് നല്‍കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അമേരിക്കയിലും മലേഷ്യയിലുമായി നിരന്തരം ഇസ്‌ലാമിക പ്രഭാഷണങ്ങളും അദ്ദേഹം നടത്തിവരുന്നു. വളര്‍ന്നുവരുന്ന മുസ്‌ലിം യുവതക്ക് വഴി കാണിക്കുന്ന ഒരു പ്രഭാഷകന്‍ എന്ന നിലക്ക് വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് അമേരിക്കയിലും പുറത്തുമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞത്. പുതുതലമുറയിലെ മറ്റു പ്രഭാഷക ബുദ്ധിജീവികള്‍ ഇവര്‍ക്കു പുറമെ പുതിയ കാലത്ത് ഇസ്‌ലാമിക വിഷയങ്ങളോട് പക്വമായി പ്രതികരിക്കുന്ന വലിയൊരു പണ്ഡിത വിഭാഗം തന്നെ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇന്ന്. ഇതില്‍ പലരും മറ്റു മതങ്ങളില്‍നിന്നും ഇസ്‌ലാമിലേക്കു കടന്നുവന്നവരാണെന്നതാണ് അല്‍ഭുതം. ഇസ്‌ലാമിന്റെ ആത്മ സത്ത ഉള്‍കൊണ്ടതുകൊണ്ടുതന്നെ അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വലിയ ആവേശവും ആനന്ദവും കണ്ടെത്തുന്നവരാണവര്‍. പടിഞ്ഞാറിന്റെ മതേതര പശ്ചാത്തലത്തില്‍ വല്‍ സ്വീകാര്യതയാണ് ഇവര്‍ക്കിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സൈത്തൂന മുസ്‌ലിം കോളേജിന്റെ സ്ഥാപകരില

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter