സിറിയ: വിദേശരാഷ്ട്രങ്ങളെ കുറ്റം പറഞ്ഞ് എത്രകാലം തുടരാനാണ് അസദിന്‍റെ പരിപാടി?
രണ്ട് വര്‍ഷത്തിലേറെ നീണ്ടു നിന്ന സിറിയയിലെ അഭ്യന്തര വിപ്ലവം ഏറ്റവും കടുത്ത ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ ഒരു മില്യനിലധികം പേര്‍ നാടുവിട്ടു കഴിഞ്ഞിട്ടുണ്ട്. 70,000 ത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുമുണ്ട്. പ്രശ്നം ഇത്രയും കടുത്തതിന് പിന്നില്‍ വിദേശരാജ്യങ്ങള്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി യുദ്ധം ഇതുപോലെ തുടരാനനുവദിക്കണമോ, അതോ ആയുധമേന്തിയി ഇരുവിഭാഗത്തെയും ചര്‍ച്ചക്കായി ഒപ്പമിരുത്തണോ. ഇനിയത് തീരുമാനിക്കേണ്ടത് വിദേശ രാജ്യങ്ങള്‍ തന്നെയാണ്.
ഏതായാലും ഇരുവിഭാഗത്തിനും ആയുധം നല്‍കേണ്ടതില്ലെന്ന് ചില രാജ്യങ്ങളെങ്കിലും തീരുമാനമെടുത്ത് കണ്ടു. അതു നല്ല സൂചനയാണ്. എന്നാലും സിറയയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ വിദൂരമാണെന്ന് തന്നെയാണ് തോന്നല്‍.
കഴിഞ്ഞ അഞ്ചു ദശകങ്ങളായി പ്രദേശിക രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള രാജ്യങ്ങളിലൊന്നാണ് സിറിയ. അത് കൊണ്ട് തന്നെ സിറിയയിലെ അസമാധാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. അയല്‍രാജ്യങ്ങളായ തുര്‍ക്കി, ഇറാന്‍, ഇറാഖ്, ലബനാന്‍, സുഊദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പ്രശ്നത്തിലേക്ക് ഇതിനകം തന്നെ വലിച്ചിഴക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ലിബയയിലെ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്കെതിരില്‍ നടന്ന പ്രക്ഷോഭമായിരിക്കണം സിറിയയിലെ പൊതുനിരത്തുകളില്‍ തീ കത്തിച്ചത്. ലിബിയയിലെന്ന പോലെ അസദിനെതിരിലും തങ്ങളെ സഹായിക്കുന്നതിന് പാശ്ചാത്യലോകം പരസ്യമായി തന്നെ രംഗത്തുവരുമെന്ന് വിമതപ്രവര്ത്തനത്തിന് നേതൃത്വം കൊടുത്തവര്‍ വിശ്വസിച്ചിരുന്നിരിക്കണം. അത്തരമൊരു ഇടപെടല്‍ അസദിന്‍റെ വിഷയത്തില്‍ ഉണ്ടായില്ല. എന്നാല്‍ പുറം രാജ്യങ്ങളില് വെച്ച് വിമതവിഭാഗത്തിന് അമേരിക്കയടക്കമുള്ളശ രാജ്യങ്ങള്‍ സൈനികാഭ്യാസം നല്‍കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളെ കണ്ടില്ലെന്ന് നടിക്കുന്നുമില്ല.
തന്‍റെ ദേശീയതാബോധവും ഇസ്റായേലിനെതിരെ തുടരുന്ന പ്രതിരോധവും തന്നെ ഭരണത്തില് തന്നെ തുടര്‍ത്താന്‍ പോന്നതാണെന്ന ചിന്തയായിരിക്കണം തുടക്കം മുതലേ അസദിനെ മഥിച്ചു കാണുക. പ്രതിഷേധം ആളിത്തുടങ്ങിയത് സ്വന്തം അടുക്കളയില്‍ നിന്നാണെന്ന് തിരിച്ചറിയാന്‍ അസദിനായില്ലെന്നര്‍ഥം.
രാജ്യത്തിന് പുറത്തുള്ള ശക്തികളാണ് യുദ്ധം നടത്തുന്നതെന്നാണ് തുടക്കം മുതലേ അസദ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അതിനര്‍ഥം പ്രക്ഷോഭത്തെ അതിന്‍റെ ആത്മാവോടെ ഉള്‍ക്കൊള്ളാന് അസദിനായില്ലെന്നാണ്. സിറയയിലെ പൊതുജനങ്ങളില്‍ ആരെല്ലാമാണ് ഈ പ്രക്ഷോഭത്തെ പിന്തുണക്കുന്നത്. പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ആണ് പിന്നിലുള്ളത്.
ഒന്ന്, സിറിയയിലെ അഭ്യസ്ഥ വിദ്യരായ ജോലിയില്ലാത്ത യുവാക്കള്‍. അടുത്ത കാലത്തായി രാജ്യത്ത് നടന്ന ജനസംഖ്യാ വിസ്ഫോടനത്തിന്‍റെ ഇരകളാണ് ഈ വിഭാഗം. പുറമെ നിലവില്‍ തന്നെ 24 മില്യനോളം വരും ഇവരുടെ എണ്ണം. സിറിയ അറബു രാജഭരണകൂടങ്ങളെ പോലെ സമ്പന്ന രാജ്യമല്ല. അതു കൊണ്ട് തന്നെ നഗരങ്ങളില്‍ ജോലിയില്ലാത്ത നിരവധി യുവാക്കള്‍ തെണ്ടി നടക്കുകയാണ്.
അതിനുപുറമെ 2006 മുതല്‍ 2011 വരെ അതിശക്തമായ ക്ഷാമമായിരുന്നു സിറിയയില്‍. വിവിധ ദിക്കുകളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ തങ്ങളുടെ കിടപ്പാടം ഉപേക്ഷിച്ചും കന്നുകാലികളെ അറുത്തൊഴിവാക്കിയും നഗരത്തിലേക്ക് കുടിയേറുകയുണ്ടായി. ചുരുങ്ങിയത് 8 ലക്ഷം ജനങ്ങള്‍ക്ക് തങ്ങളുടെ കിടപ്പാടം നഷ്ടമായിട്ടുണ്ടെന്ന് ക്ഷാമകെടുതികളെ കുറിച്ച് 2009 ലെ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ മൊത്തം ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കിയ ഈ ക്ഷാമത്തിന്‍റെ ഇരകളായ ഗ്രാമീണരായ കുറിച്ച് ചെറുപ്പക്കാരുണ്ട്. അവരാണ് ഇതിനു പിന്നിലുള്ള രണ്ടാമത്തെ വിഭാഗം.
ഈ രണ്ടു വിഭാഗത്തെയും തൃപ്തിപ്പെടുന്ന ഒരു നടപടിയും അസദില്‍ നിന്നുണ്ടായില്ലെന്ന് ഇവിടെ നാം കൂട്ടിവായിക്കേണ്ടതാണ്. ഒരര്‍ഥത്തില്‍ ഇരകളെന്ന് വിളിക്കാവുന്ന ഈ രണ്ടു വിഭാഗത്തെയും പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതികളെ കുറിച്ച് അസദ് ഭരണകൂടം അടിയന്തിരമായി ആലോചിക്കേണ്ടിയിരുന്നു. പുനരധിവാസ പദ്ധതികള്‍ക്ക് പകരം ടൂറിസം വികസിപ്പിച്ചും മ്യൂസിയങ്ങള്‍ പണിതുമാണ് അസ്ദ് രാജ്യം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ നോക്കിയത്. സാമ്പത്തികമായി മന്നിട്ടു നില്‍ക്കുന്ന ഒരു വിഭാഗത്തിന് പ്രസ്തുത പദ്ധതികള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന കാര്യവും അവിതര്‍ക്കിതമാണ്. എന്നാല്‍ അടിസ്ഥാനപരമായി സംവദിക്കേണ്ടവരോട് ആ വികസനം നയം മൌനം പാലിക്കുകയായിരുന്നുവെന്നതും വിസ്മരിച്ചുകൂടാ.
രാജ്യത്തെ സാധാരണ പൌരന്മാര്‍ കടുത്ത ദുരിതത്തില് കഴിഞ്ഞിരുന്നപ്പോഴും അത് പരിഹരിക്കുന്നതിലേറെ അന്താരാഷ്ട്ര ഭീഷണികളെ എങ്ങനെ പരിഹരിക്കുമെന്നാണ് അസദ് ആലോചിച്ചു കൂട്ടിയത്. ശരിയാണ്. സിറയയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് പുറത്തുള്ള ശക്തികള് തന്നെയാണ് വലിയൊരു വെല്ലുവിളി. 2003 ലെ ഇറാഖ് അധിനിവേശം വിജയിച്ചിരുന്നെങ്കില്‍ അവരുടെ അടുത്ത ലക്ഷ്യം സിറിയ തന്നെയാകുമായിരുന്നു. എന്നാല്‍ മിഡിലീസ്റ്റിന്‍റെ ഭാഗ്യമെന്ന് പറയാം. പ്രസ്തുത അധിനിവേശം പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന് മാത്രമല്ല, പലപ്പോഴും പരാജയമാണെന്ന് തോന്നിക്കുകയും ചെയ്തു.
അതിനു ശേഷവും സിറിയക്ക് ഭീഷണിയെന്നോണം നിരവധി സംഭവങ്ങള്‍ മിഡീലീസ്റ്റില്‍ നടന്നു. ഇസ്റായേലിന്‍റെ 2006 ലെ ലബനാന് ആക്രമണം, 2007 ല്‍ സിറിയയുടെ തന്നെ ആണവസൌകര്യം നശിപ്പിക്കപ്പെട്ടത്, 2008-9 ല്‍ ഇസ്റായേല് തന്നെ നടത്തിയ ഗാസ അക്രമണം തുടങ്ങിയ ഓരോന്നും സത്യത്തില്‍ സിറിയ കൂടിയായിരുന്നു അനുഭവിച്ചു തീര്‍ത്തതെന്ന് പറയാം. അക്കാലത്തെല്ലാം തങ്ങള്ക്കെതിരിലുള്ള അന്താരാഷ്ട്ര ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഭരണകൂടം ആലോചിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
സ്വാഭാവികമായും 2011 ല്‍ ഡമസ്കസ് വിമതസൈനികരുടെ പോരാട്ടം നേരിട്ടപ്പോള്‍ അതിനെ രാജ്യത്തുള്ള അന്താരാഷ്ട്ര ഇടപെടലായി തന്നെ വ്യാഖ്യാനിക്കുകയായിരുന്നു. പ്രതീക്ഷകെട്ട സ്വന്തം ജനവിഭാഗത്തിന്‍റെ പ്രതിഷേധവും ദേശ്യവുമാണ് അതിന്‍റെ അടിസ്ഥാനമെന്ന വസ്തുത അറിയാതെ വിസ്മരിക്കുകയും.
മന്‍ഹര്‍ യു.പി കിളിനക്കോട്



Leave A Comment