വാഗണ്‍ കൂട്ടക്കുരുതിക്ക് 94 വയസ്സ്
സ്വാതന്ത്ര്യസമരത്തിലെ കുറുത്ത അധ്യായമായ വാഗണ്‍ ട്രാജഡിക്ക് 94 വയസ്സ്. 1921 നവംബര്‍ 20-നു മലബാറിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം വേട്ടയാടി പിടിച്ച ഒരു കൂട്ടം മാപ്പിള- ഹൈന്ദവ സഹോദരന്മാര്‍ക്ക്, ശ്വാസവും വെളളവും കിട്ടാതെ റെയില്‍വേ വാഗണില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദുരന്ത സംഭവമാണിത്.
പിറന്നനാടിന് വേണ്ടി ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ 90 പേരാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. മുസ്‌ലിംകളായിരുന്നു ഇവരില്‍ ഏറെയും.
തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണിലെ മൂന്ന് മുറികളില്‍ ഇത്രയും പേരെ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂരിലേക്ക് കയറ്റിവിടുകയായിരുന്നു. പ്രാണവായു ലഭിക്കാതെ വാഗണിലെ ദ്വാരങ്ങള്‍ പരതുകയായിരുന്നു കുത്തിനിറക്കപ്പെട്ട യാത്രികര്‍. തിരൂരില്‍ നിന്ന് നിന്ന് 7.15-ന് യാത്ര തുടങ്ങിയ ട്രെയിന്‍ പൊതന്നൂരിലെത്തിയത് രാത്രി 12.30ന്. അവിടെയെത്തിയ വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് ഭീകരദൃശ്യമായിരുന്നു. തടവുകാരില്‍ പകുതിയിലധികം പേരും കണ്ണു തുറിച്ച് നാക്ക് ഒരു മുഴം നീട്ടി മരിച്ചു കിടക്കുന്നു.
പോത്തനൂരിലെ സ്റ്റേഷന്‍ അധികൃതര്‍ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. വാഗണ്‍ തിരിച്ച് തിരൂരിലേക്ക് തന്നെ മടക്കിയയച്ചു. തിരൂരത്തിലെത്തിയ വണ്ടിയില്‍ നിന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥലം വിട്ടിരുന്നുവത്രെ.
മരിച്ച മുസ്ലിംകളെ തിരൂരിലെ കോരങ്ങത്ത് ജുമാമസ്ജിദിലെയും കോട്ടമസ്ജിദിലെയും ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. ഹൈന്ദവപോരാളികളെ പൊതുശ്മശാനത്തിലും മറവ് ചെയ്തു.കുരുവമ്പലം, മമ്പാട്, തൃക്കലങ്ങോട്, നീലാമ്പ്ര, ചെമ്മലശ്ശേരി, പയ്യനാട്, പുന്നപ്പാല, പേരൂര്‍, മേല്‍മുറി, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു ഈ ക്രൂരകൃത്യത്തിന് ഇരയായത്. കുരുവമ്പലം ദേശത്തുള്ളവരാണ് മരിച്ചവരിലേറെയും.
ബ്രിട്ടീഷുകാരുടെ ഈ ക്രൂരകൃത്യത്തെ കുറിച്ച് അന്വേഷണം നടന്നുവെങ്കിലും അത് വെറും പ്രഹസനമായിരുന്നു. ഒരു പ്രകൃതദുരന്തമായി അതിനെ ചിത്രീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയത്. വാഗണ്‍ ട്രാജഡി എന്ന് അവരീ കൂട്ടക്കുരുതിയെ വിളിച്ചത് പോലും വെറും ദുരന്തമാണെന്ന് വരുത്താനായിരുന്നു. മനപ്പൂര്‍വം നടത്തിയ ഒരു 'വാഗണ് മസാകറാ'യിരുന്നു സത്യത്തില്‍ വാഗണ്‍ ട്രാജഡി.
ഈ ക്രൂരകൃത്യത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണക്കാണ് തിരൂര്‍ നഗരസഭ വാഗണ്‍ ട്രാജഡി ടൌണ്‍ഹാള്‍ നിര്‍മിച്ചത്. രക്തസാക്ഷികളുടെ പേരുവിവരങ്ങള്‍ ടൌണ്‍ഹാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



Leave A Comment