മൂര്‍സിയുടെ പ്രഭാഷണം: 'ഈ ഫലത്തില്‍ ജനാധിപത്യത്തിന്‍റെ കുളിര്‍കാറ്റ് വീശുന്നത് എനിക്ക് അനുഭവപ്പെടുന്നു'
ഹിതപരിശോധനയുടെ ഫലം ഔദ്യോഗികമായി പുറത്തു വന്ന ശേഷം ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മൂര്‍സി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം. അല്‍അഹ്റാം പ്രസിദ്ധീകരിച്ചത്. പ്രസംഗരൂപത്തില്‍ തന്നെയുള്ള വിവര്‍ത്തനത്തിനാണ് ശ്രമിച്ചിരിക്കുന്നത്.
ഇന്ന് നമ്മള്‍ പുതിയ ഭരണഘടനയുടെ തെരഞ്ഞെടുപ്പുവിജയം ആഘോഷിക്കുകയാണ്. ഇന്ന് ചരിത്രപ്രാധാന്യമേറിയ ഒരു ദിനമാണ്, അവിസ്മരണീയവും. ഈ ഭരണഘടന ആരും ഇജിപ്തിനു മേല്‍ അടിച്ചേല്‍പിച്ചതല്ല. ഒരു രാജാവും നേരിട്ടു ചുമത്തിയതല്ല, പ്രസിഡണ്ട് ആരെയും നിര്‍ബന്ധിച്ചതല്ല; അധിനിവേശ ശക്തികളോ മറ്റോ കെട്ടിവെച്ചതുമല്ല. ഈജിപ്തുകാര്‍ സ്വന്തം മനസ്സാക്ഷിയോട് കൂറുകാണിക്കാനായി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു ഈ കരടിനെ. ഈജിപ്തിന്‍റെ മണ്ണിലടിഞ്ഞു കിടക്കുന്ന സാംസ്കാരികത്തനിമ ഇന്നും ജൈവമാണെന്ന്, ഈ ഫലം ആഗോളസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ഹിതപരിശോധന വിജയകരമായി പൂര്‍ത്തീകരിക്കാനായി, സുതാര്യമായി തന്നെ. രാജ്യത്തെ ന്യായാധിപര്‍ അതിന് മേല്‍നോട്ടം വഹിച്ചു. മാധ്യമങ്ങളും സിവില്‍ സമൂഹവും അതിന്‍റെ കുറ്റമറ്റ നടത്തിപ്പിനായി പ്രയത്നിക്കുകയും ചെയ്തു.
(ഹിതപരിശോധനയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയ പൊതുജനങ്ങള്‍ക്കും അതിന്‍റെ നടത്തിപ്പിനായി പ്രയത്നിച്ച മുഴുവന്‍ ആളുകള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുണ്ട് മൂര്‍സി. എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദിവാക്കുകള്‍ രേഖപ്പടുത്തുകയും ചെയ്യുന്നു അദ്ദേഹം)
രാജ്യം അതിന്റെ പുതിയൊരു ദശാസന്ധിയിലേക്കേ കടന്നിരിക്കുകയാണിപ്പോള്‍. ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷാനിര്‍ഭരമാണ് ഈ സന്ധി.
കുറച്ച് ആഴ്ചകളായി രാജ്യം കടുത്ത ആശങ്കകള്‍ക്ക് മധ്യേ കിടന്നുഴലുകയായിരുന്നു. സമാധാനം പുനസ്ഥാപിക്കാന് ആവുന്നത് നോക്കി. രണ്ടുവര്‍ഷമായി തുടരുന്ന അനിശ്ചിതാവസ്ഥ രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും സുരക്ഷാപരമായും കടുത്ത നഷ്ടം വരുത്തിയിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ.
ഭരണഘടനയുടെ രൂപീകരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില് വിവിധ പക്ഷത്തായിരുന്നു. ജനാധിപത്യത്തിലേക്ക് ചുവട് വെച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ആ ഭിന്നത തീര്‍ത്തും സ്വാഭാവികമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അഭിപ്രായങ്ങളുടെ വൈവിധ്യം സ്വതന്ത്രമായ ഒരു സമൂഹത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക് ഏറെ ചാലകമാകുമെന്നതില്‍ എതിരഭിപ്രായമില്ല.
സമാധാനപരമായി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് നല്ലതാണ്. ജനുവരി 25 ന് തഹ്റീര് സ്ക്വയറില്‍ സാധ്യമായ വിപ്ലവം ഈജിപ്തു ജനതയോട് ഉദ്ഘോഷിച്ചത് തന്നെ അവകാശങ്ങള്‍ക്കായി ശബ്ദിക്കണമെന്നാണ്. എന്നാല്‍ തങ്ങളുടെ അഭിപ്രായം അന്യനു മേല്‍ അടിച്ചേല്‍പക്കുന്നതിനായി അക്രമവഴികള്‍ അവംലബിക്കുന്നതും അതിനായി പൊതു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുടക്കി പൌരന്മാരില്‍ ഭീതയുണ്ടാക്കുന്നതും അത്ര നല്ലതല്ല. അത് രണ്ടും പരസ്പരം തിരിച്ചറിയാന്‍ രാജ്യത്ത് ചിലര്‍ക്ക് കഴിയാതെ പോയി എന്നത് ഏറെ ദൌര്‍ഭാഗ്യകരമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ നാമെല്ലാവരും സ്വാഗതം ചെയ്യുന്നു. അതെ സമയം, അക്രമം നടത്തലും നിയമം കൈയിലെടുക്കലും നാമൊരിക്കലും അംഗീകരിക്കുന്നില്ല. ജനുവരി 25 ലെ വിപ്ലവം ഇവ്വിഷയകമായി ലോകത്തിന് ഒരു മാതൃകയാണ്.
നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണെങ്കിലും പ്രതീക്ഷയുടെ പ്രഭാതപുലരി ഞാനിപ്പോള്‍ നേരില്‍ കാണുന്നു. ജനാധിപത്യത്തലേക്കുള്ള വഴിയിലെ എല്ലാ വൈതരിണികളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് പക്വതയുണ്ടെന്ന് ഈജിപ്തിലെ ജനത ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു.
ശരിയാണ്, ഇക്കാലത്തിനിടെ പല തെറ്റുകളും കുറവുകളും പറ്റിയിട്ടുണ്ട്. പ്രസിഡണ്ടെന്ന നിലയില്‍ അതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. അല്ലാഹുവാണെ, ദൈവപ്രീതിയും രാജ്യനന്മയും കാംക്ഷിച്ചല്ലാതെ ഞാനൊരു തീരുമാനമെടുക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. സത്യമായിട്ടും ഞാന്‍ അധികാരപ്രിയനല്ല. ആരുടെ മേലിലും ആധിപത്യം സ്ഥാപിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല. ഈജിപ്തിന്റെ ചരിത്രത്തില് പുതിയൊരു ഘട്ടം കുറിക്കാന്‍ പാകത്തിലുള്ള ഒരു നവോഥാനം മാത്രമാണെന്‍റെ മുന്നിലെ ലക്ഷ്യം.
ജനുവരിവിപ്ലവത്തിന്റെ വീര്യുമുള്‍ക്കൊണ്ടാണ് പുതിയ ഭരണഘടനയുടെ രൂപീകരണം നടന്നിരിക്കുന്നത്. ഒരു വ്യത്യാസവുമില്ലാതെ പൌരന്മാര്‍ക്കെല്ലാം തുല്യപരിഗണന ഈ ഭരണഘടന ഉറപ്പുനല്‍കുന്നു. മനുഷ്യന്റെ അഭിമാനത്തെ അത് ബഹുമാനിക്കുന്നു. പൌരരെ ബഹുമാനിക്കാത്തിടത്തോളം രാജ്യം അപമാനമാണെന്ന് അത് വിശ്വസിക്കുന്നു. സ്ത്രീയുടെ അവകാളങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് ഈ ഭരണഘടന ഉറപ്പുവരുത്തുന്നു. അധ്വാനിക്കുന്നവരുടെ വിയര്‍പ്പുതുള്ളികളെ അത് വിലമതിക്കുന്നു. ജോലി, വിദ്യാഭ്യാസം, ആരോഗ്യം, താമസം തുടങ്ങിയ പൌരാവകാശങ്ങളെ അത് രാജ്യത്തിന്റെ ബാധ്യതയായി പരിചയപ്പെടുത്തുന്നു. അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്ക് അത് കാവലിരിക്കുന്നു.
കര്‍ഷകരുടെയും നിത്യജോലിക്കാരുടെയും സംരക്ഷണം ഭരണഘടന ഏറ്റെടുക്കുന്നു. രാജവാഴ്ചയെ അത് എതിര്‍ക്കുന്നു, എല്ലാവരുടെ സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണത്തെയും പത്രമാധ്യമങ്ങളുടെ പ്രസാധനത്തെയും അത് പ്രോത്സാഹിപ്പിക്കുന്നു. എല്ലാത്തിലുമുപരി ഇസ്‌ലാമികവും അറബിപരവുമായ ഈജിപ്തിന്റെ അസ്തിത്വത്തിന് അത് അടിവരയിടുന്നു.
ജനങ്ങളുടെ മൂന്നില് രണ്ടു ശതമാനമാണ് ഈ ഭരണഘടനയെ അനുകൂലിച്ചിരിക്കുന്നത്. അപ്പോഴും ഒരു ശതമാനം ഇതിനെ എതിര്‍ക്കുകയാണെന്ന് ഞാന് മറക്കുന്നില്ല. കാരണം, വിപ്ലവാനന്തര ഈജിപ്തില് ക്രിയാത്മകമായ ഒരെതിര്‍പ്പും അവഗണന നേരിടുകയില്ല. അനുകൂലിച്ചും പ്രതികൂലിച്ചും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയവര്ക്ക് ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളട്ടെ.
എതിരഭിപ്രായക്കാരെ ഷണ്ഡീകരിച്ച് ഏകശിലാത്മകമായ അഭിപ്രായത്തിന്റെ പഴയ കാലത്തേക്ക് തിരിച്ചു നടക്കാന്‍ ഇനി ഈജിപ്തിന് ഉദ്ദേശ്യമില്ല. വിപ്ലവാനന്തരം നാം നേടിയ സാംസ്കാരികമായ പക്വതയിലേക്ക് ഈ ഫലം വെളിച്ചം വീശുന്നു. അവിടെ ജനാധിപത്യത്തിന്‍റെ കുളിര്‍കാറ്റ് വീശുന്നത് എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു.
മുന്നിലുള്ള പ്രതിസന്ധികളെ നാം ഒരുമിച്ച് നേരിടേണ്ടിയിരിക്കുന്നു. അതു കൊണ്ട് പരസ്പരം ക്രിയാത്മകമായ സംവാദങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന ഘട്ടങ്ങളിലെ പ്രതിസന്ധികളെ എങ്കില്‍ മാത്രമെ നമുക്ക് തരണം ചെയ്യാനാകൂ. നേരത്തെ സൂചിപ്പിച്ച പോലെ, ഈജിപ്തിലെ ജനങ്ങളുടെ സേവകാനയി തുടരും ഞാന്‍. രാജ്യത്തിന്റെ നന്മ കാംക്ഷിച്ച് ഓരോ കാര്യങ്ങളിലും എന്റെ പരമാവധി ശ്രമിക്കും.
വരാനുള്ള ദിവസങ്ങള് കൂടുതല്‍ ശ്രമകരങ്ങളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. സാമ്പത്തികമായും വികസനപരമായും രാജ്യത്തെ പരമാവധി മുന്നോട്ട് നയിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. കഴിഞ്ഞ ആഗസ്ത് 2 ന് ഭരണത്തിലേറിയ ഈ ഭരണകൂടം ഇത്തരം വിഷയങ്ങളിലെല്ലാം ആവുന്നത്ര ശ്രമിക്കുമെന്ന് ഉറപ്പു തരുന്നു.
Leave A Comment