ബാബരി തകര്‍ത്തവരെ 'നിയമം' എത്രകാലം സംരക്ഷിക്കും?!

ബാബരി മസ്ജിദ് കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതോടെ എല്‍.കെ അദ്വാനി, ജോഷി, ഉമാഭാരതി അക്കമുള്ള പ്രമുഖര്‍ ഒരിക്കലൂടെ വെട്ടിലായിരിക്കുന്നു.  പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഐ.പി.സി 20 ബി പ്രകാരമുള്ള കുറ്റമാണ് ലക്‌നോവിലെ സി.ബി.ഐ കോടതി അവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പള്ളി തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മൂന്നു പേരുടെയും ഹരജി കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. പള്ളി തകര്‍ക്കാന്‍ അയോധ്യയില്‍ സംഘടിച്ച ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും ഗൂഢാലോചന നടത്തിയതിലും വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കിയിരിക്കയാണ്.

നേരത്തെത്തന്നെ പകല്‍വെളിച്ചം പോലെ വ്യക്തവും എല്ലാവരും ഒരേപോലെ വിശ്വസിക്കുകയും ചെയ്ത കാര്യങ്ങളാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍തന്നെ ഇതിന്റെ അണിയറാശില്‍പികള്‍ ആരെന്ന് കൃത്യമായി പുറത്തുവന്നതാണ്. ഒരു സംശയത്തിനും വകയില്ലാത്തവിധം പലരും അത് തുറന്നു പറയുകയും ചെയ്തിരുന്നു. മാധ്യമങ്ങളും സാക്ഷികളും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്. പക്ഷെ, പള്ളി തകര്‍ത്തതിനു 25 വര്‍ഷം തികയുമ്പോഴാണ് കോടതി ഇത് സമ്മതിക്കുന്നതെന്നു മാത്രം. മുമ്പും പല നിലക്കുള്ള കോടതി വിധികള്‍ വന്നിരുന്നു. അപ്പോഴെല്ലാം അധികാരംകൊണ്ടോ സ്വാധീനം കൊണ്ടോ വഴുതി മാറുകയായിരുന്നു വമ്പന്‍ സ്രാവുകള്‍. 

ബാബരി ഭൂമി കേസ് ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ വിധി നടത്തിയ കോടതി ഈ കേസിലും പ്രതികളെ പിടികൂടാന്‍ ഇത്രയും വൈകിച്ചത് മറ്റൊന്നുകൊണ്ടുമല്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രണേതാക്കള്‍ ഉത്തരവാദപ്പെട്ട സ്ഥാനമാനങ്ങളില്‍ ഇരിക്കുന്ന കാലമത്രയും ഇത് തന്നെയാണ് സംഭവിക്കുക. 25 വര്‍ഷങ്ങള്‍ക്കു ശേഷം പള്ളി തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കുമെതിരെ കുറ്റം ചുമത്തി വിധി വരുമ്പോള്‍ അതിന്റെ ഭാവിയും നീതിയുക്തമാകില്ലായെന്നതിന് അനവധി ചരിത്രങ്ങള്‍ സാക്ഷിയാണ്. 

എന്നിരുന്നാലും കോടതിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കോടതിയുടെ ഈയൊരു വിധി ഏറെ ആശ്വാസം പകരുന്നതാണ്. ഹിന്ദുത്വ ഫാസിസം രാജ്യം ഭരിക്കുന്ന കാലത്തുതന്നെ, പള്ളി പൊളിച്ച മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ മുഖാവരണം നീക്കി പുറത്തുകൊണ്ടുവരാന്‍ പറ്റിയത് വലിയ കാര്യമാണ്. അവര്‍ക്കു നേരെ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 

പള്ളിതകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന നിലവിലെ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങും കേന്ദ്രമന്ത്രി ഉമാഭാരതിയും ഇതില്‍ കുറ്റക്കാര്‍ തന്നെയാണ്. ഭരണഘടനാപരമായ പരിരക്ഷയുള്ളതിനാല്‍ വിചാരണ നടപടികളില്‍ അവര്‍ വന്നിട്ടില്ല. സ്ഥാനമാനങ്ങള്‍ രാജിവെച്ച് വിചാരണ നേരിടാന്‍ തയ്യാറാകുമ്പോള്‍ ആ മുഖാവരണങ്ങളും താഴെ പതിക്കും തീര്‍ച്ച. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തിയതിനാല്‍ കേന്ദ്ര ജല വിഭവ മന്ത്രികൂടിയായ ഉമാഭാരതി രാജിവെക്കേണ്ടിവരും. ബാബരി കേസില്‍ കൊടുകുറ്റവാളികളായി രാജ്യത്ത് വിലസുന്നവര്‍ ഇനിയെങ്കിലും നിയമത്തിനു മുമ്പില്‍ വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter