പരിസ്ഥിതി എന്ന വിസ്മയം
വിസ്മയങ്ങളുടെ അക്ഷയഖനിയാണ് പ്രകൃതി. അതിസമ്പന്നതയുടെ മടിത്തട്ടില്‍ അഭിരമിക്കുന്ന കുത്തക മുതലാളിമാരുടെ അടങ്ങാത്ത വെറിയുടെ ഇരയായിരിക്കുന്നു, ഇന്ന് പരിസ്ഥിതി. വീണ്ടുമൊരു പരിസ്ഥിതി ദിനം വന്നുചേരുമ്പോള്‍ എന്‍ഡോസള്‍ഫാനും അണുവികിരണങ്ങളും നമ്മെ നോക്കി ക്രൂരമായി പല്ലിളിക്കുന്നു. ശാസ്ത്ര സാങ്കേതികതയുടെ അതിശീഘ്ര മുന്നേറ്റത്തില്‍ അരികുവത്കരിക്കപ്പെട്ട സാധാരണ ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കേണ്ടിവരുന്നത്. അനിയന്ത്രിത കാര്‍ബണ്‍ വ്യാപനം മൂലം ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഭൂമുഖത്ത് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. നാനോന്മുഖ ജ്ഞാന വിപ്ലവത്തിന് തിരികൊളുത്തിയ ഈ ശാസ്ത്ര പ്രവാഹം പക്ഷേ, ഒരുപാട് വിനാശകരമായ ഭീമാബദ്ധങ്ങളാണ് ഭൂമിക്ക് സമ്മാനിച്ചത്. 1945ല്‍ അമേരിക്ക വര്‍ഷിച്ച അണുബോംബ് ഹിരോഷിമ- നാഗസാക്കിയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഒരു ദുര്‍ഭൂതമായി പിന്തുടരുകയാണ്. കാര്‍ബണ്‍ വ്യാപനത്തിന്റെ ക്രമാതീതമായ വളര്‍ച്ചയെ തടയിടാനായി ഒപ്പുവെച്ച 1997ലെ ക്യോട്ടോ ഉടമ്പടി പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കോര്‍പറേറ്റ് രാഷ്ട്രങ്ങള്‍. സ്വതാല്‍പര്യ സംരക്ഷണത്തിന് പരിസ്ഥിതിയെ കുരിശിലേറ്റാന്‍ വിധിക്കുന്ന സാമ്പത്തിക സാമ്രാജ്യത്വ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതിയുടെ ഇസ്‌ലാമിക പരിസരങ്ങളിലേക്കുള്ള എത്തിനോട്ടം പ്രസക്തമാവുന്നത്. ‘മനുഷ്യന്റെ ദുഷ്‌ചെയ്തികളാല്‍ കരയിലും കടലിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നു.’ (സുറഃ റൂം) എന്ന ഖുര്‍ആനിക വചനം വിരല്‍ ചൂണ്ടുന്നത് ആധുനികന്റെ ആര്‍ത്തിയുടെ പ്രത്യാഘാതങ്ങളിലേക്കാണ്. സുപ്രധാന പരിസ്ഥിതി പ്രതിസന്ധികളില്‍ പെട്ടതാണ് വനനശീകരണം. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി അനിയന്ത്രിതമായി മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം വ്യക്തമായ മാതൃകകളിലൂടെ പരിഹാര മാര്‍ഗങ്ങള്‍ ലോകത്തിന് വരച്ച് കാണിക്കുന്നുണ്ട്. പ്രവാചകര്‍ പറയുന്നു: അന്ത്യനാളില്‍ നിങ്ങളുടെ കൈയില്‍ ഒരു തൈ ലഭിച്ചാല്‍ അത് നിങ്ങള്‍ നട്ട് പിടിപ്പിക്കുക. ഇത്രത്തോളം ഗൗരവ പൂര്‍വ്വമാണ് ഇസ്‌ലാം പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്നത്. റസൂലും(സ്വ) ഉമറും(റ) ഈത്തപ്പനകള്‍ നട്ടതായി ഹദീസുകളിലുണ്ട്. കൃഷിയുടെ ക്രമാതീതമായ കുറവ് പരിസ്ഥിതിയുടെ നിലനില്‍പിനെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം കൃഷിയെ നിരന്തരമായി പ്രോത്സാഹിപ്പിക്കുന്നത് കാണാം. ‘ഒരു വിശ്വാസി കൃഷി ചെയ്താല്‍ അതില്‍ നിന്ന് ഭക്ഷിക്കപ്പെട്ടതും, മോഷ്ടക്കപ്പെട്ടതും, പക്ഷികളോ വന്യമൃഗങ്ങളോ ഭക്ഷിച്ചതും അവന് പുണ്യദാനമായി ഭവിക്കു’മെന്ന പ്രവാചകാധ്യാപനത്തിലൂടെ കൃഷിയുടെ ഇസ്‌ലാമിക മാനത്തിന്റെ വിശാലാര്‍ത്ഥങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളില്‍ നിന്ന് CO2 വിനെക്കാ ള്‍ കഠിനമായ മീഥൈന്‍ ഗ്യാസ് പുറത്തുവരുന്നതിനാല്‍ അമിതമായി ഉപയോഗിച്ച് പാഴാക്കല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരിച്ചറിയുന്നു; ‘നിങ്ങള്‍ ഭക്ഷിക്കുക, ദാഹമകറ്റുക, പക്ഷേ അമിതവ്യയം അരുത്.’ മാനുഷിക നന്മയുടെ സര്‍വതല സ്പര്‍ശിയായ ഇസ്‌ലാമിക നിയമ സംഹിതയില്‍ പരിസ്ഥിതി സംരക്ഷണത്തിന് ചെറുതല്ലാത്ത ഒരിടം നല്‍കുന്നുണ്ടെന്ന് ചുരുക്കം. ശബ്ദ മലിനീകരണത്തെയും വായു മലിനീകരണത്തെയും ഇസ്‌ലാം നിശിതമായി തന്നെ വിമര്‍ശിക്കുന്നു. ഇ-മാലിന്യം കൊണ്ടും മനുഷ്യ നാശിനികള്‍ കൊണ്ടും സമ്പന്നമായ ഭൂമിയെന്ന ചവറ്റുകൊട്ടയില്‍ ഇസ്‌ലാം ഉയര്‍ത്തുന്ന നിലപാടുകളിലുറച്ച് സുദൃഢമായൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter