പ്രകൃതിസംരക്ഷണവും പ്രവാചകാധ്യാപനങ്ങളും

മനുഷ്യന്റെ ജീവിതപരിസരവും വ്യവഹാരരീതികളും സമ്പൂര്‍ണമായി അവതരിപ്പിക്കുക എന്നത് പ്രവാചക നിയോഗത്തിന്റെ സുപ്രധാനമായൊരു ലക്ഷ്യമായിരുന്നു. ‘സകല ലോകര്‍ക്കും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.'(അല്‍ അമ്പിയാഅ് 107) എന്ന ഖുര്‍ആന്‍ വചനം ഈ യാഥാര്‍ത്ഥ്യം തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു. മനുഷ്യനെ ഇതര സൃഷ്ടി ജാലങ്ങളേക്കാള്‍ ഉല്‍കൃഷ്ടനാക്കുകയും സവിശേഷമായ ആദരം നല്‍കുകയും ചെയ്തതായി അല്ലാഹു തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ ഉപയോഗത്തിനും ഉപകാരത്തിനുമായി സൃഷ്ടിക്കപ്പെട്ടതിനാല്‍ അവയുടെ സംരക്ഷണവും രക്ഷാകര്‍തൃത്വവും മനുഷ്യന്റെ തന്നെ അനിഷേധ്യമായ ഉത്തരവാദിത്തമാണ്. പ്രകൃതി വിഭവങ്ങളെ സ്‌നേഹമസൃണമായും മാന്യമായും കൈകാര്യം ചെയ്യുക, അവയുടെ ഗുണകരമായ ഉപഭോഗത്തിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക, അവയുടെ ഉത്ഭവം നിലനില്‍പ് എന്നിവയെക്കുറിച്ചൊക്കെ ചിന്താനിമഗ്നനാവുക തുടങ്ങിയവയൊക്കെ പ്രവാചകാധ്യാപനത്തിലെ സുപ്രധാന അധ്യായങ്ങളാണ്. പ്രകൃതി (Environment), പരിസ്ഥിതി ശാസ്ത്രം (Ecology), നിലനില്‍പ് (Sustainability), ബോധവത്കരണം (Environmental awareness) എന്നിവയും അനുബന്ധങ്ങളും പുതിയ കാലത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പ്രകൃതി സമ്പത്തുകളുടെ ചൂഷണവും അമിതോപയോഗവും മൂലം അവയുടെ വിരളതയും അഭാവവും മനുഷ്യ ജീവിതത്തെ അപകടകരമായ രീതിയില്‍ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പുനര്‍വിചിന്തനങ്ങള്‍ക്ക് പ്രചോദനമേകുന്നത്. പ്രകൃതിയും പരിസരവും അപായപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതിലൂന്നിക്കൊണ്ട് നബി(സ) യുടെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍ദേശങ്ങള്‍ വിശകലനവിധേയമാക്കുന്ന പക്ഷം, അഭിനവ പ്രകൃതിവാദികള്‍ (Environmentalists) നബിയുടെ പ്രകൃതി സ്‌നേഹത്തിനു മുന്നില്‍ നമിച്ചേക്കും. പ്രവാചകന്‍ എന്ന പ്രകൃതിവാദി നബി (സ്വ) പറഞ്ഞു: ‘ഏതൊരു വിശ്വാസിയും, ഒരു തൈ കുഴിച്ചിടുകയോ വിത്ത് പാകുകയോ ചെയ്തത്, അതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ അതിന്നവന്ന് പുണ്യദാനത്തിന്റെ പ്രതിഫലം ലഭിക്കാതിരിക്കില്ല’ (ബു ഖാരി). പൂവും കായും തളിരും മരവും പ്രകൃതിയുടെ വര്‍ണചിത്രങ്ങളാണ്. മഞ്ഞും മഴയും വെയിലും വസന്തവും കവിത പോലെ മനോഹരവും ഹൃദയ ഹാരികളുമാണ്. മണ്ണിലും മാനത്തും ജലത്തിലും വനത്തിലുമായി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളും വരദാനങ്ങളും പ്രകൃതി ഗര്‍ഭം ധരിച്ചിരിക്കുന്നു. ഇവയോരോന്നും പ്രകൃതിയില്‍ തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കുകയും പരസ്പര ധാരണയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ നിര്‍വഹണവും സംരക്ഷണവും കരുതലോടെ വേണമെന്ന് നബി (സ്വ) നിഷ്‌കര്‍ശിച്ചിരിക്കുന്നു. പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി. രണ്ടു പേരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും രണ്ടിനും സ്വന്തമായ അസ്തിത്വവും അവകാശങ്ങളുമുണ്ടെന്നും മനുഷ്യന് പ്രകൃതിക്കു മേല്‍ കടന്നു കയറാനുള്ള അതിസ്വാതന്ത്ര്യം സ്രഷ്ടാവ് അനുവദിക്കുന്നില്ലെന്നും നബി (സ്വ) സിദ്ധാന്തിച്ചു. ഈ തുല്യാവകാശ പ്രഖ്യാപനം മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്നതും പ്രകൃതിയുടെ സൈ്വരമായ നിലനില്‍പിനും അതിജീവനത്തിനും സഹായകവുമാണ്. സംരക്ഷണം (Conservation), നിര്‍മാണാത്മക പുരോഗതി (Sustainable development), വിഭവ നിര്‍വഹണം (Resource Management) തുടങ്ങി പ്രകൃതി സുരക്ഷാ രംഗവുമായി ബന്ധപ്പെട്ട് മുഴുവന്‍ വശങ്ങളിലൂടെയും പ്രവാചകാധ്യാപനങ്ങള്‍ കടന്നുപോയതായി കാണാനാവും. ഇവ മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകളാണെന്നും ഇവയുടെ തിരോധാനം ജീവിത ചുറ്റുപാടുകളില്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നും നബി (സ്വ) നിരീക്ഷിച്ചു. പ്രകൃതിയെയും അതിലെ ബഹുവിധ വിഭവങ്ങളെയും നശിപ്പിക്കാതെയും നഷ്ടപ്പെടുത്താതെയും ഉപയോഗിക്കാനായിരുന്നു നബി (സ്വ) യുടെ നിര്‍ദേശം. തരിശ് ഭൂമികളെയും കോള്‍ നിലങ്ങളെയും കുന്നിന്‍ പ്രദേശങ്ങളെയും കാടുകളെയും കൃഷിയോഗ്യമാക്കുക, ജല സമ്പത്തിന്റെ നിലനില്‍പിനും സംരക്ഷണത്തിനും മാര്‍ഗങ്ങളാവിഷ്‌കരിക്കുക, ജന്തുജാലങ്ങളുടെയും പക്ഷി മൃഗാദികളുടെയും ക്ഷേമത്തിനായി യത്‌നിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം മനുഷ്യന്റെ ജീവിത ദൗത്യമായാണ് നബി (സ്വ) എണ്ണിയത്. പ്രസ്തുത കാര്യങ്ങളുടെ പ്രാധാന്യവും പ്രാമുഖ്യവും നബി (സ്വ) തന്നെ വിവിധ ഘട്ടങ്ങളിലായി വിശദീകരിച്ചത് ഹദീസുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. എല്ലാറ്റിലുമുപരി പ്രകൃതിയും മനുഷ്യ വര്‍ഗവും തമ്മിലുള്ള തുല്യാവസ്ഥയെ ദൃഢീകരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും നബി (സ്വ) മുന്നോട്ടു വെച്ചുതന്നു. പ്രകൃതിയുടെ ഏറ്റവും അമൂല്യമായ നാലു പദാര്‍ത്ഥങ്ങളെ പ്രത്യേക പരിഗണനക്ക് പാത്രമാക്കുകയും അവയുടെ സവിശേഷ സാന്നിധ്യത്തെയും വ്യക്തിത്വത്തെയും നബി (സ്വ) മനുഷ്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഭൂമി, ജലം, അഗ്നി, വായു എന്നിവയാണവ. ഇവയെ സംബന്ധിച്ച് കൂലങ്കശമായി ചിന്താനിമഗ്നരാവാനും ഉപയോഗം മനസ്സിലാക്കാനും നബി (സ്വ) നിര്‍ദേശിച്ചു. വന സമ്പത്തും ധാതു സമ്പത്തും ഭൂമിയുടെ ദാനങ്ങളാണ്. വ്യത്യസ്ത ജല വിധാനങ്ങളും അവയിലെ സമ്പത്തും തീ, വായു എന്നിവയുടെ വിവിധ രൂപങ്ങളും മനുഷ്യനു നല്‍കുന്ന ആനുകൂല്യങ്ങളും നിരവധിയാണ്. അഗ്നിയുടെ ഉല്‍കൃഷ്ടതയെ സൂചിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ പോലും വിശദീകരിച്ചിട്ടുണ്ട്. (സൂറത്തുല്‍ വാഖിഅ) പ്രകൃതിയിലെ ദിവ്യസ്പര്‍ശവും മനുഷ്യന്റെ ഇടവും നബി(സ്വ)യുടെ പ്രകൃതി തത്വങ്ങളത്രയും ഖുര്‍ആനികാധ്യാപനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ ഗണ്യമായ അളവില്‍ പ്രകൃതിയും അനുബന്ധ വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടതായി കാണാം. പ്രപഞ്ചങ്ങളൊട്ടുക്കും അല്ലാഹുവിന്റെ സൃഷ്ടികളും അടിമകളുമാണെന്ന ഖുര്‍ആനിന്റെ നിലപാട് അവയിലെല്ലാം ദിവ്യ സ്പര്‍ശം ഉളവാക്കുകയും നിലനില്‍പിന് കൂടുതല്‍ അവകാശപ്പെടുത്തുകയും ചെയ്യുന്നതാണ്. ഒരു മതം എന്ന നിലക്ക് അതിന്റെ അനുയായികള്‍ക്ക് കൈമാറാവുന്ന ഏറ്റവും ഉദാത്തമായ നിദര്‍ശനമാണ് ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാടിലൂടെ വ്യക്തമാകുന്നത്. പ്രധാനമായി മൂന്ന് ഘട്ടങ്ങളിലൂന്നിയാണ് ഖുര്‍ആനിന്റെ പ്രകൃതി ചട്ടങ്ങളുള്ളത്. ഒന്ന്, തൗഹീദ് അഥവാ ഏകദൈവ വിശ്വാസം. മനുഷ്യനെയും പ്രകൃതി അഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്നത് ഒരേയൊരു സ്രഷ്ടാവാണെന്നും അവയുടെയെല്ലാം ഉടമസ്ഥതയും അവകാശവും ആത്യന്തികമായി അവനിലേക്ക് തന്നെ മടങ്ങുമെന്നമുള്ളതാണ് ഈ തത്വം. അല്ലാഹുവിന്റെ ശ്രദ്ധയും സാന്നിധ്യവും മറന്ന് മനുഷ്യന് ഒന്നും പ്രവര്‍ത്തിക്കാന്‍ അവകാശമില്ലാത്തത് പോലെത്തന്നെ പ്രകൃതി സമ്പത്തില്‍ ഇഷ്ടാനുസരണം ഇടപെടാനും കൈകാര്യം ചെയ്യാനും ഈ വിശ്വാസം അവനെ അനുവദിക്കുകയില്ല. ‘ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. അല്ലാഹു ഏതു കാര്യത്തെ പ്പറ്റിയും പൂര്‍ണമായ അറിവുള്ളവനാകുന്നു.’ (അന്നിസാഅ് 126) മനുഷ്യന്റെ ചെറുവിരലനക്കം പോലും സര്‍വശക്തന് തിരിച്ചറിയാനാകുമെന്നും പ്രപഞ്ചത്തിലെ ഏതു വസ്തുവിനു നേരെയുമുള്ള അന്യായവും അനാവശ്യവുമായ പ്രവര്‍ത്തനങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അവയുടെ പേരില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്നുമുള്ള വിശ്വാസം പരിസ്ഥിതിയോട് ഇണങ്ങിക്കഴിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ ഖലീഫ അഥവാ പ്രതിനിധി സ്ഥാനമാണ് രണ്ടാമത്തെ ഘടകം. ഏറ്റവും വിശ്വസ്തരായവരെയാണ് പ്രതിനിധിളാക്കി പ്രതിഷ്ഠിക്കുക. പ്രപഞ്ചത്തിന്റെ കര്‍തൃത്വവും സംരക്ഷണ ചുമതലയും തീര്‍ച്ചയായും അവയുടെ സൃഷ്ടാവിന്റെ പ്രതിനിധിയുടെ ധാര്‍മിക ചുമതലയും ഉത്തരവാദിത്തവുമാണ്. അമാനത് അഥവാ വിശ്വസ്തതയാണ് ഇതില്‍ മൂന്നാമത്തെ തത്വം. മനുഷ്യന്‍ അല്ലാഹുവിന്റെ അമാനത്ത് സ്വയം ഏറ്റെടുക്കുകയും അതില്‍ അവന്‍ നന്ദികേടും അജ്ഞതയും പ്രവര്‍ത്തിക്കുകയും ചെയ്തതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും, മനുഷ്യന് മറ്റു ജീവജാലങ്ങളേക്കാള്‍ പ്രാമുഖ്യവും പരിഗണനയും അല്ലാഹു നല്‍കിയിരിക്കുന്നു. അവയുടെയെല്ലാം സംരക്ഷണത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാലാണത്. അല്ലാഹുവിനു മുന്നില്‍ അവന്റെ എല്ലാ അടിമകളും തുല്യരാണ്. വിശേഷ ബുദ്ധി നല്‍കപ്പെട്ടതിനാല്‍ അതിന്റെ ഉപയോഗവും മുന്‍നിര്‍ത്തി പരലോകത്ത് മനുഷ്യന്‍ രക്ഷാശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥനായിരിക്കും. അല്ലാഹു പറയുന്നു:”ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു”(അല്‍ അന്‍ആം 38). മനുഷ്യസൃഷ്ടിപ്പിനേക്കാള്‍ കേമമാണ് ഇതര പ്രകൃതി ഘടകങ്ങളെന്നതും ഖുര്‍ആന്‍ ഓര്‍മപ്പെടിത്തിയിട്ടുണ്ട്. ”തീര്‍ച്ചയായും ആകാശവും ഭൂമയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ കാര്യം, പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.” (മുഅ്മിന്‍: 37). അല്ലാഹുവിന്റെ അമാനത്ത് യഥാവിധി നിറവേറ്റുകയെന്നത് മനുഷ്യന് അല്ലാഹുവിനോടുള്ള ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ദാഹിച്ചവശനായവന് വെള്ളം നല്‍കാതിരിക്കല്‍ പാപമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter