മഴയില്‍ പെയ്യുന്ന സത്യങ്ങള്‍
ജീവന്റെ ബീജാങ്കുരങ്ങള്‍ മാന്ത്രികനായ ഒരു അവധൂതന്റെ വരവ് കാത്ത് കാലങ്ങളായി മണ്ണില്‍ ഉറങ്ങിക്കിടക്കുകയാണ്. മീനത്തിലെ പൊരിയുന്ന ചൂട് അവയെ കണ്ണു കാണാത്ത നിരാശയില്‍ ആഴ്ത്തിയിരുന്നു. എന്നാണ് ഈ പൊടിക്കാറ്റ് അമരുന്നതെന്നും ഭൂമിയുടെ വിള്ളലുകളിലേക്ക് എപ്പോഴാണ് നീരിറക്കം സംഭവിക്കുന്നതെന്നുമായിരുന്നു അവയുടെ പ്രാര്‍ത്ഥനയും ധ്യാനവും. ഇരുട്ടിനപ്പുറത്ത് പ്രതീക്ഷയുടെ പുലരിയുമായി കടന്നുവന്നത് ഇടമഴകളായിരുന്നു. വിത്തിനുള്ളിലെ സ്വപ്നങ്ങള്‍ക്ക് അത് നല്‍കിയത് ഒരു തരം ആഘാത ചികിത്സയായിരുന്നു. ഈ ഇരുട്ടില്‍ നിന്ന് വെളിയിലേക്ക് നാമ്പുകള്‍ കിളിര്‍ക്കുന്നതെന്നാണെന്ന അക്ഷമ അതോടെ ഇരട്ടിയായി. ഇടവപ്പാതിയുടെ വരവറിയിച്ച് മേഘപാളികള്‍ വെളിച്ചത്തിന്റെ വാള്‍ മിന്നുമ്പോള്‍, അലര്‍ച്ചയായി ഇടിനാദം ഉയരുമ്പോള്‍ അവയുടെ മനസ്സ് പ്രത്യാശകള്‍ കൊണ്ട് പൂത്തിരിക്കണം. പിന്നീട് നാം മലയാളികള്‍ക്ക് മേഘലീലകളുടെ മാസങ്ങളാണ്. ചിരിച്ചും ചിണുങ്ങിയും ഭ്രാന്തിയാം യുവതിയെപ്പോലെ മുടിയിട്ടുലച്ചും മഴ പല ഭാവങ്ങള്‍ പൊലിക്കുന്നു. വറ ചട്ടിയെന്ന പോലെ വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക് ആദ്യത്തെ തുള്ളി വീഴുമ്പോള്‍ അത് ജീവനെ വശീകരിച്ചുണര്‍ത്തുന്നു. ഖുര്‍ആന്‍ ആ അനുഭൂതിദായകമായ മുഹൂര്‍ത്തത്തെ ഇങ്ങനെ വിശദമാക്കുന്നു: ‘നാം ശക്തിയായി വെള്ളം ചൊരിഞ്ഞു കൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗവും പുല്ലും നാം മുളപ്പിച്ചു. (80:25-31)’ ******** അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് മഴ. ‘ജീവനുള്ള എല്ലാത്തിനെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കി’ എന്ന് പടച്ചവന്‍ തന്നെ അതിന്റെ രഹസ്യം പറഞ്ഞു തരുന്നുണ്ട്. ജീവലോകം മുഴുവന്‍-പുഴു മുതല്‍ പുഴ വരെ- അതിന്റെ വരവ് കാത്ത് നില്‍ക്കുന്നു. ഇവരുടെയെല്ലാം പ്രതിനിധി മാത്രമാണ് വേഴാമ്പല്‍. വെള്ളമില്ലാതെ ജീവച്ഛവങ്ങളായി മനുഷ്യനും തിര്യക്കുകളും പ്രേതനാടകമാടുമ്പോള്‍ ജീവന്റെ സിരാപടലങ്ങളില്‍ അനുഗ്രഹത്തിന്റെ പെയ്ത്തായി മഴയെത്തുന്നു. ഓര്‍ക്കുക ശുദ്ധജലത്തിന്റെ ഒരേയൊരു ഉറവിടമേ നമുക്കുള്ളൂ: മഴ. സമുദ്രങ്ങളും നദികളും തടാകങ്ങളും നീരുറവകളും ഹിമാനികളും കിണറുകളുമെല്ലാം തേടുന്നത് മഴയാണ്. മഴക്കാലം അവയുടെയെല്ലാം ഉത്സവകാലമാണ്. അത്ഭുതകരമാണ് അതിന്റെ പ്രതിഭാസം. ഇപ്പോഴും ഞങ്ങള്‍ക്കു, മീമരങ്ങള്‍ക്കുമൊ- രല്‍ഭുതം തന്നെയീ സ്വര്‍ഗീയ സംഭവം എന്ന് കവി പറയുന്നതിതിനെയാണ്. നാം ജീവിതചക്രത്തെ ആകെ മഴയുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. കൃഷിയും നടീലും കൊയ്ത്തും മെതിയുമൊക്കെ അതുമായി ബന്ധപ്പെട്ടാണ്. നോക്കൂ, കാലത്തെ മുഴുവന്‍ നാം മഴയുമായി കൂട്ടിയിരിക്കുന്നു. ഒരു കൊല്ലം ഒരു പെയ്ത്ത് മുതല്‍ മറ്റൊരു പെയ്ത്ത് വരെയാണ്: വര്‍ഷം. ******** അഞ്ച് ഇന്ദ്രിയങ്ങളെയും ഒരുപോലെ ഉണര്‍ത്തുന്ന അനുഭവമാണ് മഴ. ആറാമന്ദ്രിയം ആ അനുഭൂതിയില്‍ ലയിച്ചു ചേരുന്നു. സൗന്ദര്യത്തിന്റെ എല്ലാ ഭാവങ്ങളും അതില്‍ നടമാടുന്നുണ്ട്. ലാസ്യവും രൗദ്രവും കരുണയും ഭയാനകതയും അതിന്റെ തിരശീലയില്‍ മാറിവരുന്നു. കന്നിമഴ ഉയിര്‍പ്പ് നല്‍കുന്ന മണ്ണിന്റെയൊരു മണമുണ്ട്. ഞരമ്പുകളെ അത് ലഹരി പിടിപ്പിക്കും. മൂക്കു വിടര്‍ത്തിയല്ലാതെ നാം അതെങ്ങനെ ആസ്വദിക്കും. മണ്ണ് ഓര്‍മിപ്പിക്കുന്നത് നമ്മുടെ തന്നെ മണമായിരിക്കണം. മഴയുടെ വരവ് എന്ത് നാടകീയമാണ്. തെളിഞ്ഞ മാനത്ത് മേഘത്തിന്റെ ചുവരെഴുത്ത് തുടങ്ങുന്നത് പതുക്കെയാണ്. പിന്നെയത് തലക്കു മുകളില്‍ മുഴുവന്‍ പരക്കുന്നു.നാലു മൂലയില്‍ നിന്ന് ആരോ പിടിച്ചു വലിച്ച മേലാപ്പ് പോലെ. തണുത്ത കാറ്റ് യുദ്ധമുന്നണിയിലെ അഞ്ചല്‍ക്കാരനെപ്പോലെ വരുന്നു. ചക്രവാളങ്ങളില്‍ നിന്ന് അതിന്റെ കേളികൊട്ടുണരുന്നു. ഇരമ്പിയെത്തുന്ന തുള്ളികള്‍ ഇലകള്‍ക്കും മേല്‍ക്കൂരകള്‍ക്കും മുകളില്‍ പെരുമ്പറ കൊട്ടി കടന്നു പോകുന്നു. തോര്‍ന്ന ആകാശം കഴുകി വെച്ച പാത്രം പോലെയാണ്. ചിലപ്പോള്‍ അതില്‍ അല്‍പം കരിയും പാടുകളും ബാക്കി കിടക്കും. പിന്നെ പെയ്യുന്നത് മരങ്ങളും മേല്‍ക്കൂരയുമാണ്. ഇറയത്തു നിന്ന് രാവൊടുങ്ങുവോളം തുള്ളിയിട്ടു കൊണ്ടിരിക്കുന്നു. തനിച്ചാക്കിപ്പോയ ആരെയോ ഓര്‍ത്തെടുത്തു കരയുകയാണത്. മഴ കൊള്ളുന്നത് ആഹ്ലാദമാണ്. തൊലിപ്പുറത്ത് ഇക്കിളിപ്പെടുത്തുകയും വിമലീകരിക്കുകയും ചെയ്യുന്ന മഴ കുളിര് കോരുമ്പോള്‍ എങ്ങനെ മറക്കും നമ്മള്‍. പുതപ്പുകള്‍ക്ക് അര്‍ത്ഥ പൂര്‍ത്തി വരുന്നത് അപ്പോഴാണ്. വേനല്‍ കാലത്തിന്റെ പൂപ്പല്‍ മണങ്ങള്‍ അവയില്‍ നിന്ന് അപ്പോള്‍ അകന്നു പോകുന്നു. വര്‍ഷക്കാലം ആവിഷ്‌കരിക്കുന്ന സംഗീതത്തിന് വലുപ്പചെറുപ്പ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും ആ കച്ചേരിക്ക് വരിചേരാം. മഴ പെയ്യുമ്പോള്‍ ചെവി പൊത്തി അത് ഉള്ളില്‍ പെയ്യുന്നതിന്റെ അനുഭൂതി നാം ബാല്യത്തില്‍ കൊണ്ടിരിക്കും. ആ ആരവത്തിന്റെ ആത്മീയത കൊണ്ടറിയേണ്ടതു തന്നെ. ഓടിന്‍ പുറത്തും ഇലക്കവിളുകളിലും പെയ്യുന്ന തുള്ളികള്‍ കൂട്ടുന്ന കുതൂഹലങ്ങള്‍ വിവിധ താനങ്ങളില്‍ കേള്‍ക്കുന്നത് മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കൂ. ഒരു തുള്ളി ഒറ്റക്ക് വെള്ളത്തിലേക്ക് ഇറ്റി വീഴുന്നത് ഉള്ളില്‍ ആവിഷ്‌കരിച്ചു നോക്കൂ. ചേമ്പിലയില്‍ ഒരു തുള്ളി മാനം കണ്ടിരിക്കുന്നത് കണ്ണടച്ച് കണ്ടു നോക്കൂ. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളെയും ഒരുമിച്ചുണര്‍ത്തുന്ന താള, വര്‍ണ, ഗന്ധ, രുചി, അനുഭൂതികള്‍ മഴയുടെ ആവിഷ്‌കാരങ്ങളാണ്. മിഴിക്ക് നീലാഞ്ജനപുഞ്ജമായും ചെവിക്കു സംഗീതകസാരമായും മെയ്യിന്നു കര്‍പ്പൂരക പൂരമായും പുലര്‍ന്നുവല്ലോ പുതുവര്‍ഷകാലം എന്ന് കവി ഇതിനെ തിരിച്ചറിയുന്നു. ******** ഓരോ മഴക്കാലവും നമ്മുടെ ഉള്ളിലെ കുട്ടിയെ പുറത്ത് ചാടിക്കുന്നുണ്ട്. ബാല്യത്തില്‍ നാം കൊണ്ട മഴയുടെ അളവുകള്‍ അനുസരിച്ചിരിക്കും അത്. മഴക്കാലം നമുക്ക് സ്‌കൂള്‍ തുറക്കുന്ന കാലം കൂടിയാണ്. പുത്തന്‍ പുസ്തകസഞ്ചിക്കും പുസ്തകങ്ങള്‍ക്കും ഉടുപ്പുകള്‍ക്കും കുടകള്‍ക്കുമൊപ്പം പുതിയ മഴയും നമ്മുടെ കൂടെ ക്ലാസ് മുറിയിലേക്ക് നനഞ്ഞൊലിച്ചു വന്നിരുന്നു. ക്ലാസിനകത്തെ മലയാളത്തേക്കാള്‍ നമ്മുടെ ശ്രദ്ധ പുറത്തെ കയറ്റിറക്കങ്ങളുള്ള മഴത്താളത്തിലായിരുന്നു. കൂട്ടബെല്ല് പിറക്കും മുമ്പേ ധൃതിയിലെല്ലാം വാരിവലിച്ച് മുഷിഞ്ഞ തുണിസഞ്ചിയിലാക്കുമ്പോഴേക്കും ടീച്ചറുടെ കയ്യിലെ ചൂരലിനെപ്പോലും പേടിയില്ലാതെ അധികാരഭാവത്തോടെ ക്ലാസിന്റെ കുട്ടിച്ചുമരും ചാടിക്കടന്ന് വന്നിരിക്കും മഴ… നമ്മുടെ കുട്ടിക്കാലം, സ്‌കൂള്‍ കാലം എത്ര മനോഹമരായി കവി ആവിഷ്‌കരിച്ചിരിക്കുന്നു. ശീലക്കുടയും കടലാസു തോണിയും ഏതോ മഴക്കാലത്തില്‍ ഒലിച്ചു പോയെങ്കിലും, അതിന് ശേഷം എത്ര വര്‍ഷം കടന്നുവെങ്കിലും ഇന്ന് നാം അത് തിരഞ്ഞു നോക്കുന്നു. ലൗട്ടാദോ മുജ്‌കോ വോ ബാരിഷ് കാ പാനി..കാഗസ് കി കശ്തീ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter