സസ്‌നേഹം... നിങ്ങളുടെ സ്വന്തം ഭൂമി
പുഴകള്‍ മാറി
പാടങ്ങള്‍ തോടുകള്‍
ഭയന്നൊതുങ്ങിയ
വെള്ളരി വള്ളികള്‍
കര്‍ഷകന്റെ കൈരേഖകളില്‍
നിന്ന് പോലും
പുഴ പിന്‍മാറി
കമണ്ടില്‍ താണ കണ്ണില്‍ നിന്നും
സ്വാതന്ത്ര്യം പാടിയ
നാവില്‍ നിന്നും
പുഴ പിന്‍മാറി
(കെ.ജി. ശങ്കരപ്പിള്ള)
ഇത് എന്റെ തുറന്ന എഴുത്താണ്. കാത്തുനില്‍ക്കാത്ത കാലത്തിന്റെ ഗതിയില്‍ ഓര്‍മപ്പെടുത്തലുകള്‍ നന്നായിരിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഈ വാക്കുകള്‍ ഉത്ഭവംകൊള്ളുന്നത്. അതെ ഇതുഞാന്‍തന്നെയാണ്; പച്ചപ്പുനാളേക്കും നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയുമായി ഭൂമിയെന്ന മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തോന്നിക്കുന്ന ഏതെങ്കിലും ഭാഗത്ത് ഞാനിപ്പോള്‍ നിലനില്‍പ്പിന്റെ സമരത്തില്‍ തന്നെയാണ്. അല്ലെങ്കില്‍ എനിക്കു സുഖം തന്നെയാണെന്നു മേനിപറച്ചിലിന്റെ അര്‍ത്ഥം തേടി ഒരുപാട് തലമുറകള്‍ക്ക് ഗര്‍ഭം കൊടുത്തിരിക്കുന്നു ഞാന്‍. ഗ്രാമം പേരുവയ്ക്കപ്പെട്ടതിന്റെ പൊരുള്‍ തേടുമ്പോള്‍ ഒരുപക്ഷേ, അങ്ങ് ആദ്യമനുഷ്യനിലേക്കെത്തിപ്പെടേണ്ടിവരും. കാര്യപ്രസക്തമല്ലാത്ത ചര്‍ച്ചയുടെ കാമ്പ് തേടുകയല്ല. എന്റെ ഇന്നലെകളെ കുറിച്ച് ഓര്‍മപ്പെടുത്തിയെന്നു മാത്രം. ഇന്നലെ ഉച്ചയ്ക്ക് നഗരപാതക്കടുത്ത് നീ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്തി ജീവിതങ്ങള്‍ ചേക്കേറപ്പെടുമെന്ന് ഞാന്‍ നിനച്ചിരുന്നില്ല. ഫ്‌ളാറ്റെന്ന മേല്‍വിലാസത്തില്‍ നീ അറിയപ്പെട്ടതു മുതല്‍ തുടങ്ങിയതാണ് എന്റെ ഉള്ളുതുറക്കണമെന്ന ആഗ്രഹം. അറിയാനും മനസ്സിലാക്കാനും സാധിച്ചതില്‍ ഞാന്‍ സന്തുഷ്ഠനാണ്.
എനിക്കും നിനക്കുമിടയിലെ ബന്ധത്തിന്റെ വെളിച്ചം ഉദിക്കുന്നിടത്തുതന്നെ തുടങ്ങാം. ഏതെങ്കിലും കടലോരത്ത് തലയുയര്‍ത്തി നില്‍ക്കുന്നതു കൊണ്ട് ഉദയം കാണാന്‍ നിന്റെ കണ്ണുകളാണ് ആദ്യം തുറക്കുക എന്നറിഞ്ഞു. വെളിച്ചം പരന്നുകഴിയുമ്പോഴെ എന്റെ പകലിനു മിടിപ്പു തുടങ്ങാറുള്ളൂ. പുലരിക്കു തിരക്കുകളുടെ കഥ പറയാനുള്ളുവെന്നറിയാം. തട്ടിക്കുടഞ്ഞ് പിടഞ്ഞ് എഴുന്നേല്‍ക്കുന്ന ഓറോ ഉദ്യോഗാര്‍ത്ഥിയും കിടന്ന് പിടക്കുന്ന നെഞ്ചിടിപ്പ് നമുക്ക് ഒറ്റക്കനുഭവിച്ചറിയാം. റെഡിമെയ്ഡ് ജീവിതം പോലെ മാറ്റമില്ലാത്ത തിടുക്കത്തിന്റെ നിറം മാറാത്ത വായുവിന്റെ ശ്വാസംമുട്ടലല്ലേ നിന്റെ പ്രഭാതം. എന്നാല്‍, വളരെ ശാന്തമായി അമ്പലപ്പാട്ടും പള്ളിവാക്കും മണിയടിയും കേട്ട് ഇവിടെ ജീവിതങ്ങള്‍ പുലരിയുടെ മതേതര അനുഭൂതിയില്‍ തന്നെയാണ്. നിനക്കും പരസ്പര സൗഹൃദത്തിന്റെ നേരറിവ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു. കാരണം, മതിലുകള്‍ ഇല്ലാത്ത ഇഴകിച്ചേരലിന്റെ രസം നിനക്കനുഭവമുണ്ടാവുമല്ലെ. പുലരിയുടെ സൗന്ദര്യം കാണണമെങ്കില്‍ അടച്ചുപൂട്ടി തലയുയര്‍ത്തി നില്‍ക്കുന്ന നിന്റെ മൂര്‍ദ്ധാവിലെത്തണമായിരിക്കും. എന്നാല്‍, എന്റെ പുലരിക്കു സൗന്ദര്യം കൂടുതലുണ്ടെന്നു കവികളുടെ വരികളില്‍ ഞാന്‍ വായിച്ചറിഞ്ഞ സത്യമാണ്.
ഇതെഴുതുമ്പോള്‍ എന്റെയും നിന്റെയും അന്തരങ്ങളുടെ ആഴം അളക്കുകയല്ല. അതിന് എന്റെ അഹങ്കാരത്തിന്റെ മാപിനികള്‍ തീര്‍ച്ചപ്പെടുത്തിവച്ചാലും ഒരിക്കല്‍ എന്റെ നെഞ്ചിലും കയറി നീ തലയുയര്‍ത്തി നില്‍ക്കില്ലെന്ന് ആര് കണ്ടു.
എന്റെ എഴുത്തില്‍ മേനിപറച്ചിലിന്റെയും അഹങ്കാരത്തിന്റെയും ചുവയും സ്വരവുമുണ്ടെങ്കില്‍ നീ ക്ഷമിക്കണം. ഗ്രാമീണത മരിക്കുന്നു എന്ന് എത്ര തലകുത്തി വരച്ചാലും എത്ര സിന്ദാബാദുകള്‍ മുഴങ്ങിയാലും നിന്റെ മുതലാളിമാര്‍ക്ക് നീ കൊടുക്കുന്ന സമ്പാദ്യത്തിന്റെ മുമ്പില്‍ എല്ലാം അലിഞ്ഞില്ലാതാവുമായിരിക്കും. അപ്പോഴും മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വിയര്‍പ്പ് ഉറപൊട്ടിയൊലിക്കുക തന്നെയാണ്; എന്റെ ജീവനും സൗന്ദര്യത്തിനും വേണ്ടി.
ഒരു കുളവും കുഴിച്ച് ശുദ്ധ വെള്ളത്തിന്റെ തെളിനീരു കാണുന്നിടം വരെ അദ്ധ്വാനത്തിന്റെ നിര്‍വചനങ്ങള്‍ എന്റെ മാറിടത്തില്‍ ദിവസവും വരച്ചുവയ്ക്കുന്നുണ്ട്. ബീച്ചിംഗ് പൗഡറിന്റെ കെമിക്കല്‍ ചേര്‍ത്തു നീ കുടിപ്പിക്കുന്ന വെള്ളത്തിനു തെളിച്ചമുണ്ടാകാം. സ്വിമ്മിംഗ് പൂളിന്റെ അരികുപൊട്ടാത്ത കരയില്‍ നിനക്കു വിദേശ ശാംപൂവിന്റെ പതയും ഗന്ധവും തരുമ്പോള്‍ എനിക്കു ചെമ്പരത്തിയും തെച്ചിയും പിച്ചിയുമെല്ലാം പ്രകൃതിവരങ്ങളായി അരച്ചുവച്ച് എന്റെ കുളക്കരയിലുണ്ട്.
അല്ലിയാമ്പല്‍ പുഴയില്ലെന്ന്
രക്കുവെള്ളം
നമ്മുടെ നെഞ്ചിലാകെ
അനുരാഗ കരിക്കിന്‍ വെള്ളം
പഴയ ഗാനത്തിന്റെ പ്രണയാതുരമായ ഓര്‍മയിലേക്ക് ആരും ഒന്ന് തിരിഞ്ഞുനോക്കില്ലെ. ഈ ആമ്പലുകളുടെ ഭംഗിയില്‍ ലയിച്ച് ആരുമൊന്നു മൂളിപ്പോകില്ലെ ഈ വരികള്‍. ഓര്‍മകളുടെ സുന്ദരത്തീരത്തുനിന്നും നീ താഴിട്ടു പൂട്ടിയ നാണത്തിന്റെ നാല് ഇടുങ്ങിയ ചുവരുകളില്‍നിന്നും ഒരിക്കലെങ്കിലും നീ അവരെ പറഞ്ഞുവിടണം. എന്റെ മേനിയില്‍ അര്‍ദ്ധനഗ്നരായി തുള്ളിച്ചാടിയ ഈ കുളക്കരയിലേക്ക് ഈ ആറ്റിന്‍ക്കരയിലേക്ക്.
പിറന്ന മണ്ണില്‍ നിന്നെത്രയോ ദൂരം
പിന്നിട്ട നാം കൂട്ടരെ നില്‍ക്കാം
നമ്മുക്കിവിടെ കുറച്ചുനേരം
(എം.ടി. വാസുദേവന്‍ നായര്‍)
Leave A Comment