ദൈവങ്ങള്‍ മരിക്കുന്ന കാലം
'ഭഗവാന്‍ ഇനി ഭൗതികമായി നമുക്കൊപ്പമില്ല. ഹൃദയം നിലച്ചതോടെ അദ്ദേഹം ഈ ശരീരം വിട്ട് പോയിരിക്കുന്നു.' പുട്ടപ്പര്‍ത്തി ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സത്യസായി ബാബയുടെ ചികിത്സാ സംഘത്തിന്റെ തലവന്‍ ഡോ. എന്‍. എ സഫായയുടെ വാര്‍ത്താകുറിപ്പ് വിവിധ ചിന്തകളുടെ ഭണ്ഡാരമാണ് വര്‍ത്തമാന മുഖത്ത് തുറന്നിടുന്നത്. ബാബ ഒരു സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്നു. അത്ഭുതങ്ങള്‍ കാണിക്കുകയും സാധുജന സേവനം ചെയ്യാന്‍ കാര്‍മികത്വം വഹിക്കുകയും ചെയ്ത ആള്‍. ദുരൂഹതകളുടെ പുകമറയില്‍ മരണം വരെ ബാബയിലെ മനുഷ്യന്‍ അവ്യക്തമായിക്കിടന്നു. വ്യതിരക്തമായ രീതിശാസ്ത്രത്തിലൂടെ വലിയൊരു ജനസഞ്ചയത്തെ തന്റെ ആശ്രമത്തിലേക്ക് ആവാഹിക്കുന്നതില്‍ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു.
സത്യസായി ബാബയിലെ സാധാരണ മാനുഷിക മുഖം തന്റെ അണികള്‍ക്ക് സമക്ഷം ഗോപ്യമാക്കപ്പെടുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് അടിസ്ഥാനം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അത്ഭുതങ്ങള്‍ കാണിക്കുക, ദൈവീകമായൊരു ദുരൂഹത വാക്കിലും പ്രവൃത്തിയിലും സമീപനത്തിലും പ്രകടമാവുക എന്നിവയാണത്. എന്നാല്‍ തന്റെ മരണം പോലും തെറ്റായി പ്രവചിക്കുമ്പോള്‍ സത്യസായി ബാബയിലെ സ്വയം പ്രഖ്യാപിത ദൈവികത പുതിയ പ്രശ്‌നങ്ങള്‍ സ്വീകരിക്കുന്നു.
ദിവ്യത്വ സങ്കല്‍പവും ബാബയും 'ഞാന്‍ ദൈവമാണ്. നിങ്ങളും ദൈവമാണ്. എന്നാല്‍ നമ്മള്‍ തമ്മിലുള്ള വ്യത്യാസം ഞാന്‍ തിരിച്ചറിയുന്നുവെന്നതും നിങ്ങള്‍ അറിയുന്നില്ല എന്നതുമാണ്.' ഈ 'തിരിച്ചറിവാ'ണ് അടിസ്ഥാനപരമായി സത്യനാരായണ രാജുവെന്ന സത്യസായി ബാബയെ വിവാദ പുരുഷനാക്കുന്നത്. എന്തുകൊണ്ട് ബാബയുടെ സ്വയം പ്രഖ്യാപനങ്ങള്‍ ജനം വിശ്വസിക്കുന്നു? പുട്ടപര്‍ത്തിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഒരു ദൈവമായി അവതരിപ്പിക്കപ്പെടാനുള്ള നിദാനമെന്ത്? വിശ്വാസപരമായും സാഹചര്യ സംബന്ധമായുമുള്ളൊരു മാനസിക ഘടന ബാബയുടെ വളര്‍ച്ചക്ക് പിന്നില്‍ സമൂഹം അനുഭവിച്ചിട്ടുണ്ടെന്നതാണ് പരമ യാഥാര്‍ത്ഥ്യം.
ദൈവമെന്നാല്‍ പരമോന്നതമായ ശക്തിവിശേഷമാണ്. അതുല്യതയും അര്‍ഹതയുമാണ് യുക്ത്യാതീതമായ ദൈവികത. ദൈവമാകുന്നതിനുള്ള യോഗ്യത പെര്‍ഫക്ട് ആയിരിക്കുക എന്നതാണ്. ദൈവമല്ലാത്തതിനൊന്നും സമ്പൂര്‍ണത നേടാനുള്ള കെല്‍പുണ്ടാവില്ല. ദൈവീക ഗുണപ്രധാനമായ പെര്‍ഫക്ഷന്‍ ഇഹലോക സംബന്ധിയായതിന്റെ വിശേഷമല്ല. Perfect is not of this world എന്ന പൊതുവാക്ക് ചേര്‍ത്ത് വായിക്കാം. ഏകദൈവ വിശ്വാസത്തില്‍ കവിഞ്ഞുള്ളതെല്ലാം അപൂര്‍ണവും അവ്യക്തവുമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഖുര്‍ആനികാഭിപ്രായം പോലെ മനുഷ്യന്‍ ദുര്‍ബലനാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കാണ് ഭൂരിഭാഗവും അടിപ്പെടുന്നത്. യുക്തിവിചാരങ്ങള്‍ക്കും വിവേകബോധത്തിനും മുകളില്‍ വികാരം മനുഷ്യനെ കീഴടക്കുന്നു. ക്ഷിപ്രചലനങ്ങളുടെ സൗകുമാര്യത കണ്‍കാഴ്ചകള്‍ക്ക് മീതെ ആവരണം തീര്‍ക്കുന്നു. ഇത് കാരണം അത്ഭുത പ്രവൃത്തികള്‍ അവരെ അന്ധാളിപ്പിക്കുന്നു. മഞ്ഞളിച്ച നയനങ്ങളില്‍ അവന്‍ ദൈവത്തെ തേടുന്നു. പട്ടിണിയിലുഴറിയവന് അന്നദാതാവ് ദൈവമാകുന്നു. നിരാലംബന് സഹായിയാകും ഏറ്റവും വലിയവന്‍. മനുഷ്യനിലെ മൃഗപരതയുടെ സ്വഭാവവിശേഷമാണ് അവനെ കടപ്പാടുകള്‍ക്ക് ദിവ്യത്വം നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.
യുക്തിയുടെ ഭാഷയില്‍ പരസഹായം ദിവ്യത്വത്തിന്റെ പൂര്‍ണിമയല്ല. അത്ഭുതങ്ങള്‍ കൊണ്ട് ഇന്ദ്രജാല വൈദഗ്ധ്യത്തിന്റെ പരമകാഷ്ഠയിലെത്തുന്നതിനേ ബാബക്ക് സാധിച്ചിട്ടുള്ളൂ. സാഹചര്യത്തെളിവുകളും പി.സി സര്‍ക്കാറിനെപ്പോലുള്ളവരുടെ വെല്ലുവിളികളും വ്യക്തമാക്കുന്ന സത്യമിതാണ്. അപ്പോള്‍ സത്യസായ് ബാബ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിച്ച് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതും വിദ്യാഭ്യാസ സമുച്ചയങ്ങളൊരുക്കി പാവങ്ങള്‍ക്ക് വിജ്ഞാനം പകരുന്നതും വന്‍ ജലസേചന പദ്ധതികളിട്ട് സര്‍ക്കാറുകളെപ്പോലും ഞെട്ടിക്കുന്നതും മാനുഷികതയില്‍ നിന്നുളവാകുന്ന മനസ്ഥിതിക്കപ്പുറം ദൈവീകതയുടെ മാനദണ്ഡമല്ല.
സായ്ബാബയുടെ വിഹാരം ആധുനികതയുടെ വിളറിയ പരിസരത്തായിരുന്നു. ആഗോള മനുഷ്യര്‍ അസ്തിത്വ ദുഃഖവും ജീവിത ക്രമങ്ങളുടെ താളവ്യത്യാസവും ഏറ്റവും കൂടുതല്‍ അനുഭവിച്ച് കൊണ്ടിരുന്ന സാഹചര്യം. ഭൗതിക സങ്കേതങ്ങള്‍ വികസിക്കുകയും ആത്മിക ശോഷണം പാരമ്യതയിലെത്തുകയും ചെയ്ത കാലം. 'അന്ന'ത്തേക്കാളേറെ മനുഷ്യന് ആവശ്യം അന്ന് ജീവിക്കാനുള്ള ഇത്തിരി ശാന്തിയായിരുന്നു. ഇത് പലര്‍ക്കും ബാബയില്‍ നിന്ന് ലഭിച്ചു എന്നതിന് അനുഭവസ്ഥര്‍ സാക്ഷി. സാമൂഹിക നിലവാരത്തില്‍ ഔന്നിത്യങ്ങള്‍ കീഴടക്കിയവരായിരുന്നു ബാബയുടെ അനുയായിവൃന്ദങ്ങളില്‍ ഏറെയുമെന്നത് വിഷയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ക്ലിഷ്ടതകളില്‍ നിന്ന് കരകയറ്റുന്നവനെ ദൈവമെന്ന് വിളിക്കുന്നതിന്റെ ബാലിശത കാണാമിതില്‍. എന്നാല്‍ ബാബക്ക് മാത്രം സാധ്യമായ ഒന്നായിരുന്നില്ല ഇത്. തന്റെ വിഭൂതിയാദി പ്രവൃത്തികളില്‍ ഇന്ദ്രജാല സമാനത ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സന്ദര്‍ഭത്തില്‍ സ്വൂഫികളും ബാബേതര ആള്‍ദൈവങ്ങളും ഇവ്വിഷയകമായി തുല്യതകാണിക്കുമ്പോള്‍ ബാബയുടെ ദിവ്യത്വം നിശിതമായി ചോദ്യം ചെയ്യപ്പെടുന്നു.
പിഴവ് പറ്റിത്തുടങ്ങുന്നത് ദൈവവിശ്വാസികളില്‍ നിന്ന് തന്നെയാണ്. ദൈവത്തെ നിര്‍വചിക്കുകയും സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ക്രിസ്ത്യാനിസത്തിന് വലിയ തോതില്‍ പാളിച്ചകള്‍ സംഭവിച്ചു. പ്രമാദമായ 'നികിയ കൗണ്‍സി' ലാണ് ദൈവ നിരാസത്തിന്റെ അടിസ്ഥാന ഹേതുകമെന്ന മുഹമ്മദ് അസദിന്റെ നിരീക്ഷണം പരമാര്‍ത്ഥമാണ്. കുരിശിലേറ്റപ്പെടുന്ന ദൈവത്തിന് ആത്മരക്ഷ പോലും സാധ്യമാകുന്നില്ലെന്ന യുക്തികേടില്‍ നിന്നാണ് നീഷെയുടെ ദിവ്യസ്തംഭനം (Death of God) എന്ന ചിന്തകള്‍ രൂപമെടുക്കുന്നത്. ദേവവിയോഗമെന്ന അടിവേരില്‍ നിന്ന് ദൈവനിരാസം ശക്തി പ്രാപിച്ച് പ്രചരിച്ചു. യൂറോപ്പിന്റെ ധിഷണയില്‍ ക്രിസ്ത്യാനിസത്തിന്റെ അയുക്തികവും അയഥാര്‍ത്ഥവുമായ വാദങ്ങള്‍ റാഷണലിസത്തിനും, റാഷണലിസത്തിന്റെ സ്‌തോഭകരവും വിഭ്രമാത്മകവുമായ ഇടപെടലുകളിലെ മരവിപ്പുകള്‍ ആള്‍ദൈവത്വ സങ്കല്‍പങ്ങള്‍ ക്കും വഴിമരുന്നിട്ടെന്ന് ചുരുക്കം. യുക്തിയെ സര്‍വ്വ തലങ്ങളിലും അടിച്ചമര്‍ത്തിയപ്പോള്‍ ഉത്ഭൂതമായതാണ് കമ്യൂണിസം പോലെ പിന്നീടുണ്ടായ പ്രത്യയശാസ്ത്രങ്ങളെല്ലാം. ചില ലഹരികള്‍ക്ക് പിന്നില്‍ അഭയം തേടാന്‍ സമകാലിക ആശങ്കകള്‍ ജനവിഭാഗങ്ങളില്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നു. 1970കാലത്ത് എല്‍.എസ്.ഡി ആയിരുന്നെങ്കില്‍ ഇപ്പോഴത് ആള്‍ദൈവങ്ങളാണെന്ന കോളമിസ്റ്റ് രാംപുനിയാനിയുടെ അഭിപ്രായത്തോട് ഞാനിവിടെ യോജിക്കുന്നു.
ഇസ്‌ലാം പ്രതിപാദിച്ച ദിവ്യത്വവും ദൈവവും അനുയായികളും തമ്മിലുള്ള ബന്ധവും യുക്തമെന്ന പോലെ വ്യക്തവുമായിരുന്നു. വിശദീകരണങ്ങളിലെ ലാളിത്യവും സമീപനങ്ങളുടെ രീതിയും മഹത്തരമായിരുന്നു.ഇസ്‌ലാമികാശയങ്ങള്‍ക്ക് കീഴിലിരുന്ന് സ്വൂഫികള്‍ അനുവര്‍ത്തിച്ച ജീവിത പ്രബോധനം ആള്‍ദൈവ പ്രചരണത്തെ അപ്രസക്തമാക്കുന്നതായിരുന്നു. എന്നാല്‍ വഹാബികളെപ്പോലുള്ള മതത്തിനുള്ളിലെ റാഷണലിസ്റ്റുകള്‍ ഇതിനെതിരെ രംഗത്ത് വരിക വഴി മതത്തിന്റെ ഉള്‍കാമ്പ് നിലനിര്‍ത്തിയ യുക്തമായ പരിഹാരമായിരുന്നു വിപാടനം ചെയ്യപ്പെട്ടത്. പ്രാദേശികമായും അല്ലാതെയുമുള്ള ഗാന്ധിജി, ആര്യഭടന്‍ തുടങ്ങിയ പൊതു പരിഷ്‌കര്‍ത്താക്കള്‍കുപരി സ്വൂഫീധാരകളുടെ സ്വാധീനം വലിയ തോതില്‍ സമൂഹത്തിന് തണലും വെളിച്ചവും നല്‍കി. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെയും ശൈഖ് ജീലാനിയുടെയുമെല്ലാം ജീവിത ചരിതം തുറന്നിടുന്ന സത്യമതാണ്.
ഇത്തരം സ്വൂഫികള്‍ വലിയ അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ മജീഷ്യര്‍ക്ക് വെല്ലുവിളിക്കാന്‍ മാത്രം വിലകുറഞ്ഞവയോ കണ്‍കെട്ട് വിദ്യയോ ആയിരുന്നില്ല അവ. സര്‍വ്വേശ്വരന്റെ ദിവ്യമായ സാമീപ്യത്തില്‍ നിന്നുള്ള ബഹിര്‍സ്ഫുരണമായിരുന്നു. ഐഹിക വിരക്തിയും ജീവിത ലാളിത്യവും തീര്‍ത്ത ഇടങ്ങളില്‍ നിന്നാണ് അവര്‍ മാനവികതയുടെ സന്ദേശം പാടിയിരുന്നത്. വിശ്വാസവഞ്ചന കാണിക്കേണ്ടതിന്റെയോ അതിഭാവുകത്വ പ്രകടനങ്ങളുടെയോ ആവശ്യമുണ്ടായിരുന്നില്ല അവര്‍ക്ക്. വ്യക്തിജീവിതത്തില്‍ മാത്രമായിരുന്നില്ല ഇതിന്റെ ഗുണഫലം; സാമൂഹിക തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായിരുന്നു.
കമ്പോളനിലയറിഞ്ഞ് ചരക്കിറക്കുന്ന വ്യാവസായിക ബുദ്ധിയാണ് ആള്‍ദൈവങ്ങള്‍ പ്രയോഗിക്കുന്നതും പ്രയോഗിച്ചതും. ശാസ്ത്രീയാന്ധതയില്‍ നിന്നുളവായ യാന്ത്രികത മനുഷ്യനെ 'കച്ചിത്തുരുമ്പ്' സര്‍വ്വലോകമായി ദര്‍ശിക്കുന്നവന്റെ മാനസിക തലത്തിലേക്ക് സങ്കോചിപ്പിച്ചിരുന്നു. ഇവിടെ 'പുല്‍കൊടി' കാണിച്ച് മാനുഷിക വികാരത്തിനാവശ്യമായ നൈമിഷിക സാന്ത്വനം നല്‍കി സ്വാര്‍ത്ഥതയുടെ പരകോടി പ്രാപിക്കുകയാണ് ആള്‍ദൈവമനസ്ഥിതിക്കാര്‍ ചെയ്യുന്നത്. സമൂഹത്തിന് ഋജുവായ ജീവിത പാത കാണിക്കുക്കുന്നതിലുപരി ജീവിതം എങ്ങനെ ഫീല്‍ ചെയ്യാമെന്ന് മാത്രം പിഴച്ച മത സൈദ്ധാന്തികരും ആള്‍ദൈവ പ്രോക്താക്കളും അവതരിപ്പിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യന്റെ സ്വത്വാവശ്യങ്ങളോട് ചെയ്യുന്ന ക്രൂരതയാണിത്.
സായ് രീതിശാസ്ത്രം 'ഞാന്‍ എന്നതില്‍ നിന്ന് ഞങ്ങളിലേക്കുള്ള യാത്രയാണ് ജീവിതം'. സായിബാബ ജീവിതത്തെനിര്‍വ്വചിക്കുന്നത് പോലെയാണ് തന്റെ ആള്‍ദൈവ ജീവിതത്തില്‍ അദ്ദേഹത്തിന്റെ രീതി ശാസ്ത്രവും. പ്രശാന്തിനിലയം ആശ്രമത്തിലെ ക്രിസ്തുവിന്റെയും ഗണപതിയുടെയും പ്രതിമകളും പുട്ടപര്‍ത്തി പഴയ ഗ്രാമത്തില്‍ ബാബ പണിത ജുമാമസ്ജിദും ഇതിനടിവരയിടുന്നു. ക്രിസ്തുമസും റമസാനും ഈദും ഗുരുപൂര്‍ണിമയുമെല്ലാം ആശ്രമം അതി വിപുലമായി അനുഷ്ടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ജന്മഭൂമി ഭാരതമായതിനാലാവാം 'നാനാത്വത്തില്‍ ഏകത്വമെ'ന്ന നിലപാടാണ് സായിയന്‍ സമീപനങ്ങള്‍ക്ക്. രാഷ്ട്രീയപരമായി ഈ ആശയം ഉന്നതമെങ്കിലും ആത്മികമായി ഇത് ആശയപാപ്പരത്വത്തിന്റെ മകുടോദാഹരണമാണ്.
ഹിന്ദു, മുസ്‌ലിം,ക്രൈസ്തവ വിശ്വാസങ്ങളിലൂന്നി പ്രവര്‍ത്തിച്ചിരുന്ന ഷിര്‍ദിസായി ബാബയുടെ പുനരവതാരമാണ് താനെന്നാണ് സത്യസായി ബാബ ഇവിടെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഷിര്‍ദിയുടെ ഔദ്യോഗിക അനുയായികള്‍ ബാബയുട അവതാരവാദം അംഗീകരിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ ബാബയുടെ പടം പോലും എവിടെയുമില്ല. തന്റെ പുനര്‍ജന്മ സിദ്ധാന്തത്തിന് സത്യസായ് ബാബ ഷിര്‍ദിബാബയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നത് ഒരു ഷിര്‍ദി അനുകൂലിയുടെ ചുവട് പിടിച്ചാണ്. ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരുടെ ശിഷ്യനായ ഗായത്രി സ്വാമി പുനര്‍ജന്മ വാദം കേട്ട് പുട്ടപര്‍ത്തിയില്‍ ദര്‍ശനത്തിന് വന്നു. 1906ല്‍ ഷിര്‍ദിയില്‍ ചെന്ന് ബാബയോടൊന്നിച്ച് ഒരു വര്‍ഷത്തോളം സ്വാമി താമസിച്ചിട്ടുണ്ടായിരുന്നു. ശേഷം വ്യക്തി ബന്ധം പുലര്‍ത്തിപ്പോന്നു. എന്നാല്‍ സത്യസായി ബാബയുടെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിന്റെ തലേദിവസം സ്വാമിക്ക് സ്വപ്ന ദര്‍ശനം ഉണ്ടായി. 'താന്‍ മഹാസമാധി കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം പുനര്‍ജന്മം എടുത്തിരിക്കുകയാണെന്നും തന്റെ സ്വത്തുക്കളെല്ലാം ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം കൂടെ കൊണ്ടുവന്നിരിക്കുകയാണെന്നുമാണ് ഷിര്‍ദി പറയുന്നത്' സ്വത്തുക്കള്‍ എന്ന് കൊണ്ട് സിദ്ധികള്‍ എന്നാണ് അര്‍ത്ഥമാക്കുന്നതത്രെ. 1938ല്‍ പതിനഞ്ചാം വയസ്സില്‍ അങ്ങനെ താന്‍ ഷിര്‍ദിയിലെ ബാബ പുനര്‍ജന്മമെടുത്തതാണെന്ന് ധരിപ്പിക്കാന്‍ ഒരു കൈയ്യില്‍ ഷിര്‍ദിയുടെ രൂപവും മറുകൈയ്യില്‍ പുട്ടപര്‍ത്തിയിലെ സായ് രൂപവും കാണിക്കുകയായിരുന്നെന്ന് കെ.പി കേശവമേനോന്റെ പൂര്‍ണജീവിതത്തില്‍ കാണാം.
ഷിര്‍ദി സായ് ബാബയുടെ നിലപാടിന്റെ സാമൂഹികാംഗീകരത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാവാം സത്യസായ് ബാബ മത മൈത്രിയുടെയും മാനവികതയുടെയും വിപണി മൂല്യം മനസ്സിലാക്കുന്നത്. ഇന്ത്യന്‍ ആത്മീയതയുടെ കയറ്റുമതി സാധ്യത പരിചയപ്പെടുത്തിയവരില്‍ പ്രധാനിയാണ് ബാബ. ഷിര്‍ദി സായിബാബയെന്നയാള്‍ മരച്ചുവടുകളില്‍ ഭജനമിരുന്നും മറ്റും ലളിത ജീവിതം നയിച്ച ആര്‍ഷമുനിയായിരുന്നു. പുനര്‍ജന്മമെടുത്തപ്പോഴേക്കും രമ്യഹര്‍മ്മങ്ങളില്‍ പരിലസിക്കുന്ന ആഢംബര ജീവിതത്തിന്റെ അപ്പോസ്തലനായി പരിണമിക്കുന്ന വിധിവൈപരീത്യം സത്യസായ് ബാബ പ്രശ്‌നമാക്കുന്നില്ല. ദൈവമെന്ന നിലയില്‍ വിധി തിരിഞ്ഞ് കൊത്തുന്ന പ്രായോഗികതയിലൊന്നും ആ'ശങ്ക' പാടില്ല.
ശ്രോതാവിന് 'പോസിറ്റീവ് ഫീലിംഗ്' തോന്നിക്കുന്ന രീതിയില്‍ സംസാരിച്ച് മനസ്സു കീഴടക്കുകയെന്ന കേവല ചൂഷക മനോഭാവക്കാരുടെ വിക്രിയകള്‍ സത്യസായ് ബാബയുടെ ശൈലിയായിയിരുന്നു. തന്റെ 'ദൈവീക' പ്രഖ്യാപനത്തില്‍ സായ് സ്വീകരിക്കുന്നതും ഇതു തന്നെയാണെന്ന് നമുക്ക് കാണാം. മാതാ അമൃതാന്ദ മയിയെന്ന 'ദേവ'ലോകത്തെ സ്ത്രീ പ്രതിനിധിയുടേതും തഥൈവ. 'ഞാന്‍ ദൈവമാണ്, നിങ്ങളും ദൈവമാണ്, എല്ലാവരും ദൈവമാണ്' എന്ന് 'അമ്മ' പറയുന്നു. ഏറെക്കാലം ക്രിസ്ത്യാനിസം കൊണ്ടുനടന്ന 'സ്‌നേഹം' പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയെന്ന ആള്‍ദൈവങ്ങളുടെ പൊതു സ്വഭാവം സായ്ബാബയും നിലനിര്‍ത്തി. 'നിങ്ങള്‍ എന്റെ ജീവിതമാണ്, ശ്വാസമാണ്, ആത്മാവാണ്. നിങ്ങളെല്ലാം എന്റെ രൂപങ്ങളാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെയാണ് സ്‌നേഹിക്കുന്നത്. നിങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുമ്പോള്‍ നിങ്ങള്‍ എന്നെയാണ് സ്‌നേഹിക്കുന്നത്. ഈശ്വരന്‍ പ്രേമമാകുന്നു. പ്രേമം നിസ്വാര്‍ത്ഥതയും.'
മതങ്ങളുടെ പുറംചട്ടകള്‍ പൊളിച്ചുനീക്കിയാണ് ബാബ സായ് പ്രസ്ഥാനം രൂപപ്പെടുത്തിയത് എന്ന് പൊതുധാരണയുണ്ടെങ്കിലും അടിസ്ഥാനപരമായി ഹൈന്ദവമൂല്യങ്ങളിലാണ് ബാബ വിശ്വസിക്കുന്നത്. അവതാര സങ്കല്‍പവും ബഹുദൈവത്വ ബോധവും ഏറ്റവും പരമമായി ബന്ധപ്പെട്ട് കിടിക്കുന്നത് ഹൈന്ദവതയോടാണല്ലോ. മാത്രമല്ല, 'സനാതന ധര്‍മ'മെന്ന ഹൈന്ദവ മുദ്രാവാക്യത്തിന്റെ ബലത്തിലാണ് നാല്‍പതിനായിരം കോടിയിലേറെയുള്ള സായ് ആസ്ഥികളത്രയും സാധിച്ചെടുത്തതെന്നത് വസ്തുതയാണ്. ശ്രീ ശ്രീ രവി ശങ്കറെപ്പോലെ പ്രത്യക്ഷമായി സംഘപരിവാര്‍ ലക്ഷ്യങ്ങള്‍ക്ക് ഓശാന പാടിയിട്ടില്ലെങ്കിലും തന്റെ ചന്താധാരകളില്‍ അതിന്റെ സ്വാധീനം നമുക്ക് വായിച്ചെടുക്കാനാകും. അതുകൊണ്ടാണ് ദൈവത്തിന് മുകളില്‍ ബാബ ഉയരുകയാണെന്നും 'ഓം സായി റാം' എന്ന മന്ത്രം 'നാരയണ'ക്ക് പകരം 'ഹിരണ്യായ നമഃ' ചൊല്ലിയ ഹിരണ്യ കശിപുവിനെ ഓര്‍മിപ്പിക്കുന്നുവെന്നും ആദ്യഘട്ടത്തില്‍ വിമര്‍ശിച്ച സംഘ്പരിവാര്‍ സംഘടനകള്‍ പിന്നീട് 'സനാതന ധര്‍മ്മങ്ങളുടെ വിധി ദാതാവാ'യി ബാബയെ വാഴ്ത്തിയത്.
വിവാദങ്ങളെയും ആരോപണങ്ങളെയും ലാഘവത്വത്തോടെ സമീപിക്കുകയും എതിരാളികളെ ഇന്ദ്ര പ്രസ്ഥത്തിന്റെ ഇടനാഴികളില്‍ താനുണ്ടാക്കിയ സ്വാധീന ബലത്തില്‍ അവഗണിക്കുകയുമായിരുന്നു സായിയന്‍ ശാസ്ത്രീയതയുടെ മറ്റൊരു രീതി. 1993 ജൂണ്‍ 6ന് ബാബക്ക് നേരെ വധശ്രമമുണ്ടായി. നാലുപേര്‍ ആശ്രമത്തിനുള്ളില്‍ കൊല്ലപ്പെട്ടു. സ്വത്തുതര്‍ക്കമായിരുന്നു പിന്നിലെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. 1987 ഫെബ്രുവരി 20ന് ആശ്രമത്തിനകത്ത് 20കാരനായ വിദ്യാര്‍ത്ഥിയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. സാഹചര്യത്തെളിവുകള്‍ കൊലപാതകമാണെന്ന് വ്യക്തമാക്കിയിട്ടും ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. 2001 ഡിസംബറില്‍ ലൈംഗിക പീഢനാരോപണം ഉയര്‍ന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് വരെ ബാബയെ അനുകൂലിച്ച് രംഗത്ത് വന്നു. ബാബ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയവരുടെ അഭിമുഖങ്ങളടക്കം 2004 ജൂണില്‍ ബി.ബി.സി ഡോക്യുമെന്റെറി അവതരിപ്പിച്ചു. ബാബയുടെ അത്ഭുത പ്രവൃത്തികളെല്ലാം വെറും ഇന്ദ്രജാല പ്രകടനങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ കൂടി അടങ്ങിയതായിരുന്നു ബി.ബി.സിയുടെ സീക്രട്ട് സ്വാമി. ബാബയുടെ ദൈവിക പരിവേഷം ചോദ്യം ചെയ്യുന്നതും ലൈംഗികാരോപണങ്ങളില്‍ കുറ്റപ്പെടുത്തുന്നതുമായ മറ്റൊരു ഫിലിമാണ് ഗുരു ബസ്റ്റേഴ്‌സ്. ഇന്ത്യാ ടുഡെ പോലുള്ള പ്രസിദ്ധീകരണങ്ങളും ഒരുപാട് വസ്തുതകള്‍ മറനീക്കി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലെഴുതിയ ഡോം ബ്രൂക്കിന്റെ രാത്രിയുടെഅവതാരം: സായ് ബാബയുടെ മറയ്ക്കപ്പെട്ട വശം ഈ ഗണത്തില്‍ വിശ്രുതമായ പുസ്തകമാണ്. വിശ്വാസത്തിന്റെ മറവില്‍ കൊഴുത്ത ബാബയുടെ ശക്തിയും അധികാര കേന്ദ്രങ്ങളുമായുള്ള രൂഢമൂലമായ ബന്ധവും ബാബയിലെ ക്രിമിനലിനെ ഗോപ്യമാക്കി വെക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സായ് ട്രസ്റ്റിന്റെ കോടിക്കണക്കായ വരുമാന മേഖലയില്‍ ഏറ്റവും വലിയ ജനാധിപത്യ ഭരണ കൂടം പോലും നികുതിയിളവ് നല്‍കിയിരിക്കുന്നു എന്നത് കൊമ്പന്‍ സ്രാവുകളോടുള്ള പ്രീണനമോ ഉപകാര സ്മരണയോ ആണെന്നേ മനസ്സിലാക്കാനാവൂ.
ദൈവം മരിക്കുന്നു രണ്ടായിരത്തി മൂന്നാമാണ്ടിലെ ഗുരുപൂര്‍ണിമാ ദിനത്തില്‍ താന്‍ 96 വയസ്സ് വരെ ജീവിക്കുമെന്ന് പ്രവചനം നടത്തിയ ആള്‍ദൈവമായിരുന്നു സായ് ബാബ. ആദിമധ്യാന്തങ്ങള്‍ ഇല്ലാതാവേണ്ട ദൈവമെന്തിന് മരണങ്ങള്‍ പ്രവചിക്കുന്നു? പ്രവചിച്ച തിയ്യതികളില്‍ തന്നെ എന്തുകൊണ്ട് പിഴവുകള്‍ സംഭവിക്കുന്നു? മൃത്യാന്തം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരിനടുത്ത മണ്ഡ്യയില്‍ പ്രേം സായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്ന പ്രവചനങ്ങളെല്ലാം അസ്ഥാനത്താവില്ലേ? എന്തുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍ മാത്രം ഇത്തരം ദൈവങ്ങള്‍ മുളച്ചു പൊന്തുന്നു? യുക്തിക്ക് സുഖം നല്‍കുന്ന ചോദ്യങ്ങളല്ല ഇവയൊന്നും. അനാരോഗ്യ കാരണം 2005 മുതലേ ബാബ വീല്‍ ചെയറിലായിരുന്നു ദര്‍ശനം നല്‍കാറുണ്ടായിരുന്നത്.
1926 നവംബര്‍ 23ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ഇടവന്‍ കാമരാജു രത്‌നാകരന്റെയും ഈശ്വരമ്മയുടെയും മകനായി പിറന്ന സത്യ നാരായണ രാജു വെറും സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു എന്നതിലേക്കാണ് ഉത്തരങ്ങളെല്ലാം ചെന്നെത്തുന്നത്. സായ് ബാബ ഗുരുവല്ല, അന്താരാഷ്ട്ര ബന്ധങ്ങളുള്ള മാഫിയാ തലവനാണെന്ന് തുറന്ന് പറഞ്ഞത് ബസവ പ്രേമാനന്ദ എന്ന ശാസ്ത്രാന്വേഷിയാണ്. മനുഷ്യന്റെ യുക്തിയെ തകര്‍ക്കുന്ന സ്യൂഡോസ്പിരിച്വലിസമായിരുന്നു ബാബയുടേത്. 'തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് അലങ്കരിച്ച് കൊടുക്കുകയും അവരെ അവന്‍ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു' എന്ന് ഖുര്‍ആന്‍ (19/82).
ആള്‍ദൈവങ്ങള്‍ സങ്കീര്‍ണമായ സമസ്യയാണ് യുക്തി സഹമായ ചിന്തകള്‍ക്കും വസ്തുനിഷ്ടമായ ദൈവിക വിശ്വാസത്തിനുമിടയില്‍ തീര്‍ക്കുന്നത്. സത്യ സായ് ബാബ അതിപ്രധാനമായ ഒരു റോളാണിതില്‍ വഹിച്ചത്. തന്റേതായ തലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബാബ ഒരു പടി മുന്നിലായിരുന്നു. ഒരു തരത്തില്‍ സ്വഭാവിക ക്രൗഡ് പുള്ളര്‍ക്കുണ്ടായിരിക്കേണ്ട ഭാഷണ മികവ്, വൈജ്ഞാനിക മികവ് എന്നീ ഘടനകള്‍ പോലുമില്ലാതിരുന്നിട്ടും ബാബയില്‍ വലിയൊരു സമൂഹം ചേര്‍ന്ന് നിന്നത് ഒരു സോഷ്യോ- പൊളിറ്റിക്കല്‍ പ്രതിസന്ധിയായി ഇന്നും തുടരുന്നു. ചുരുക്കത്തില്‍ സത്യസായി ബാബ അവകാശപ്പെട്ടിരുന്ന ദൈവം മരിച്ചു. യുക്തിയും ധിഷണയും മനുഷ്യനില്‍ ബാക്കി നില്‍ക്കുന്നു.
റഫറന്‍സ്: ഇസ്‌ലാം അറ്റ് ദ ക്രോസ് റോഡ്‌സ് - മുഹമ്മദ് അസദ് സത്യം, ശിവം, സുന്ദരം - എന്‍ കസ്തൂരിരംഗന്‍ രാത്രിയുടെ അവതാരം: സായിബാബയുടെ മറയ്ക്കപ്പെട്ട വശം - ടോം ബ്രൂക്ക് പൂര്‍ണ ജീവിതം - കെപി കേശവമേനോന്‍ സീക്രട്ട് സ്വാമി - ബി.ബി.സി ഡോക്യുമെന്ററി, 2004 ജൂണ്‍ മാന്‍ ഓഫ് മിറാക്ള്‍സ് - ഹാവാര്‍ഡ് മര്‍ഫറ്റ് പിസി ബശീര്‍ വളമംഗലം
Leave A Comment