ദലിത് പീഡനങ്ങളും ജാതി വിദ്വേഷവും: ഭീകരമാണ് പരിവാര്‍ അജണ്ടകള്‍

ആര്‍.എസ്.എസ് പ്രത്യേയശാസ്ത്രമനുസരിച്ച് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ദലിതുകളും (സൂദ്രന്മാര്‍/തൊട്ടുകൂടാത്തവര്‍) സ്ത്രീകളും പൗരാവകാശങ്ങളെതൊട്ട് വിലക്കപ്പെടേണ്ടവരാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നാണ് പറയപ്പെടുന്നത്. അക്കാദമികമായി ഇതൊരുപക്ഷെ ശരിയായിരിക്കാം. പക്ഷെ, ആര്‍.എസ്.എസ് പോലെയുള്ള സംഘടനകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് കോടിക്കണക്കിന് ദലിതുകള്‍ക്ക് ഈ ജനാധിപത്യം വേണ്ടപോലെ ആസ്വദിക്കാന്‍ കഴിയുന്നില്ല. അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കുരിശുയുദ്ധം നയിച്ച ഡോ. അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയിലൂടെ അവര്‍ക്കുവേണ്ട എല്ലാ അവകാശങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്. മത ജാതി ഭേതമന്യേ എല്ലാവര്‍ക്കും തുല്യ നീതിയും തുല്യ അവസരവും നല്‍കുന്നതായിരിക്കും ഈ നാടെന്ന് ഭരണഘടനയുടെ ആമുഖം തന്നെ വ്യക്തമാക്കുന്നു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ നിരോധിക്കുന്നതാണ്. തൊട്ടുകൂടായ്മ രാജ്യത്ത് റദ്ദാക്കപ്പെട്ടിരിക്കുന്നുവെന്നും ഒരു നിലക്കും അതിവിടെ പ്രാക്ടീസ് ചെയ്യപ്പെട്ടുകൂടെന്നും ഭരണഘടന പറയുന്നു. ഇതിന്റെ പേരില്‍ ഏതു അവശത അടിച്ചേല്‍പ്പിക്കുന്നതും നിയമമനുസരിച്ച് കുറ്റകരമാണ്. 

പക്ഷെ, വസ്തുത ഇങ്ങനെയെല്ലാമാണെങ്കിലും രാജ്യത്ത് അധസ്ഥിത വിഭാഗങ്ങള്‍ ഇന്നും പല വിധത്തിലുള്ള വിവേചനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. നാഷ്ണല്‍ കമീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ട്രൈബ്‌സിന്റെ 2001 ലെ ഒരു കണക്കനുസരിച്ച് 1999 ല്‍ മാത്രം ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (പീഡന നിരോധന) ആക്റ്റനുസരിച്ച് 27561 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2000 ആയപ്പോള്‍ ഇത് 28441 ആയി വര്‍ദ്ധിച്ചു. ഇത് സമ്പൂര്‍ണമായ ഒരു കണക്കാണെന്ന് ഒരിക്കലും മനസ്സിലാക്കരുത്. ഔദ്യോഗികമായി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യം കാണിച്ച വളരെ ചുരുക്കം ആളുകളുടെ കണക്കു മാത്രമാണിത്. യഥാര്‍ത്ഥത്തില്‍, വിവിധ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഇതിലും എത്രയോ വലുതാണ്. ജീവിതത്തിലെ സാധാരണ സംഭവങ്ങളെന്ന നിലക്ക് വലിയൊരു അളവോളം ജാതി വിവേചന പീഡനങ്ങള്‍ ഇന്ന് അവഗണിക്കപ്പെടുകയോ ദ്രോഹികളായ ഉന്നത ജാതിക്കാരുടെ ഇടപെടലുകള്‍ കാരണം ഒതുക്കിനിര്‍ത്തപ്പെടുകയോ ആണെന്നാണ് നിലവിലെ പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതേസമയം, ഒറ്റപ്പെട്ട വിദൂര ഗ്രാമപ്രദേശങ്ങളില്‍ അധസ്ഥിത വിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ പുറംലോകത്തിന്റെ ശ്രദ്ധയില്‍ വരികയോ ചെയ്യുന്നില്ല. 

അധസ്ഥിത വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ രാജ്യം എത്രമാത്രം ഗൗരവത്തോടെ എടുക്കുന്നുണ്ടെന്നതിലെ സത്യാവസ്ഥ എസ്.സി & എസ്.ടി ദേശീയ കമീഷനോട് രാജ്യം കാണിക്കുന്ന അവഗണനയില്‍നിന്നുതന്നെ വ്യക്തമാണ്. എസ്.സി-എസ്.ടിയുടെ വര്‍ത്തമാന നില വ്യക്തമാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് കൃത്യമായി പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വെക്കുന്നുപോലുമില്ല. പാര്‍ലമെന്റ് ചര്‍ച്ചക്ക് എടുക്കുന്നില്ലെങ്കില്‍ പിന്നെ ഈ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഈയിടെ എസ്.സി-എസ്.ടി കമ്മീഷന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ നാലു വര്‍ഷം വരെ കഴിഞ്ഞാണ് പുറത്തെത്തുന്നതെന്നത് ഏറെ ഖേദകരമാണെന്ന് കമീഷന്‍ മെമ്പര്‍മാര്‍ പറയുന്നു.

പ്രമുഖ പാര്‍ലമെന്റേറിയനായിരുന്ന പ്രൊഫ. ഹിരന്‍ മുഖര്‍ജി ഇവ്വിഷയകമായി സൂചിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്. ഇതുവരെയുള്ള എസ്.സി-എസ്.ടി കമീഷന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റോ രാജ്യമോ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല എന്നതാണ് തന്റെ അനുഭവമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍ 2001 ലെ തന്റെ റിപ്പബ്ലിക് ഡേ പ്രസംഗത്തില്‍ ഇങ്ങനെ സമ്മതിക്കുന്നത് കാണാം: 'നിയമപരമായി രാജ്യം തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും ജാതിവ്യവസ്ഥ രൂപപ്പെടുത്തിയെടുത്ത ഒരു അന്തരീക്ഷത്തിന്റെ പശ്ചാതലത്തില്‍ അത് ഇപ്പോഴും പല രൂപത്തിലായി നിലനില്‍ക്കുന്നുണ്ട്.' ഉന്നത ജാതിക്കാരായ പുരുഷന്മാരുടെ ക്രൂരതകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ദലിത് സ്ത്രീകള്‍ ഇരയാകുന്നുണ്ടെന്നും പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് 1998 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി തന്നെ സമ്മതിക്കുകയുണ്ടായി. 

ദലിത് പീഡനം കൂടുന്നത് ബി.ജെ.പി ഭരണത്തില്‍

ഹിന്ദുത്വ ഉയര്‍ത്തിക്കാട്ടി 1999-2004 കാലത്ത് ഭരണം നടത്തുകയും രാജ്യത്ത് പരിഗണനീയ രാഷ്ട്രീയ ശക്തിയായി നിലകൊള്ളുകയും ചെയ്ത ആര്‍.എസ്.എസ്/ബി.ജെ.പി കൂട്ടായ്മകള്‍, അധസ്ഥിത വിഭാഗങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവന്ന പീഡനങ്ങളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല എന്നതാണ് സത്യം. 2014 ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാറിന്റെ അവസ്ഥയും ഇതു തന്നെ. അടിസ്ഥാനപരമായും ഹിന്ദു ഗണത്തില്‍ പെടുന്ന ദലിതുകളുടെ കാര്യം അവര്‍ അവഗണിക്കുകയാണ്. ഇവിടെ നടക്കുന്ന അധികം ദലിത് പീഡന സംഭവങ്ങളും അരങ്ങേറുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയും സ്വാധീനം നിലനിര്‍ത്തുകയോ നേരിട്ടു ഭരിക്കുകയോ അതുമല്ലെങ്കില്‍ അവയുടെ സഖ്യകക്ഷികള്‍ ഭരിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിലാണെന്നത് ഏറെ ദു:ഖകരമായ സത്യമാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ്സ, രാജസ്ഥാന്‍, ആന്ദ്രാപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ ഭാഗങ്ങള്‍ ഉദാഹരണം. നരേന്ദ്ര മോദി കേന്ദ്ര ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ന് ഇവിടങ്ങളിലെല്ലാം ദലിത് പീഡനങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്പെട്ടിരിക്കുന്നു. 

2015-16 കാലങ്ങളില്‍ മാത്രം യു.പിയുടെ വിവിധ ഭാഗങ്ങളില്‍ മാത്രം നടന്ന, ലോകമറിഞ്ഞ സംഭവങ്ങള്‍തന്നെ ധാരാളമാണ്. ബി.ജെ.പി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ദലിത് വിരുദ്ധത തങ്ങളുടെ നിലപാടിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ ദിവസവും. ഗോമാസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ദാദ്രിയില്‍ അഖ്‌ലാഖ് ദാരുണമായി കൊല ചെയ്യപ്പെട്ട സമയം. ഗോരക്ഷക് എന്ന പേരില്‍ ആര്‍.എസ്.എസ് പിന്തുണയുള്ള സേന രംഗത്തുവരികയും നാടുനീളെയുള്ള ദലിതുകള്‍ക്കെതിരെയും ശക്തമായ കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ചത്ത പശുക്കളുടെ തൊലിയെടുത്തതിന്റെ പേരിലും കാലികളെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി എന്ന പേരിലും അവരെ ദാരുണമായി മര്‍ദിച്ചു. പലരെയും പരസ്യമായി അവഹേളിക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. പലര്‍ക്കും ജീവന്‍വരേ നഷ്ടപ്പെട്ടു. ദലിതുകളോടുള്ള ആര്‍.എസ്.എസ്സിന്റെ നിലപാടാണ് ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത്. ബി.ജെ.പി രാജ്യം ഭരിച്ച എക്കാലത്തും ഇത്തരം സംഭവങ്ങള്‍ ധാരാളമായി അരങ്ങേറിയത് കണ്ടെത്താന്‍ കഴിയും.  

2002 ഒക്ടോബര്‍ മാസം. ഹരിയാനയില്‍ അഞ്ചു ദലിത് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടു. രാജ്യത്ത് അധസ്ഥിത വിഭാഗങ്ങള്‍ക്കെതിരെയുള്ള അധക്രമങ്ങള്‍ ഇളക്കിവിടുന്നതില്‍ ഹിന്ദുത്വ ഘടകങ്ങളുടെ പങ്ക് ഏറെ വ്യക്തമാക്കുന്നതായിരുന്നു ഈ കൂട്ടക്കൊല. ഈ മൃഗീയമായ സംഭവം റിപ്പോര്‍ട്ടു ചെയ്തുകൊണ്ട് അന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഇങ്ങനെ എഴുതുകയുണ്ടായി: അവര്‍ വില്‍ക്കാനായി ഒരു ചത്ത പശുവിന്റെ തൊലി ഉരിക്കുകയായിരുന്നു. പശുവിനെ അറുത്തതാണെന്നു പറഞ്ഞ് പ്രാദേശിക വി.എഛ്.പി-ശിവസേന പ്രവര്‍ത്തകര്‍ നാടുനീളെ കിംവദന്തി പ്രചരിപ്പിച്ചു. ഭരണകൂടം നോക്കി നില്‍ക്കെ ഹരിയാനയില്‍ അഞ്ച് ദലിത് യുവാക്കള്‍ മൃഗീയമായി കൊല ചെയ്യപ്പെട്ടു.

നടന്ന സംഭവം പത്രം വിവരിക്കുന്നത് ഇങ്ങനെയാണ്:
'തലസ്ഥാനത്തുനിന്നും ഏറെ വിദൂരത്തല്ലാത്ത ഝജ്ജാര്‍ ജില്ലയിലെ ദുലേന പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. റോഡില്‍ രക്തം തളം കെട്ടിനില്‍ക്കുന്നു. ഒരു ഭാഗത്ത് എരിഞ്ഞുകത്തുന്ന ചാരക്കൂമ്പാരം. അവിടെയാണ് ഇരുപത് വയസ്സ് പ്രായം വരുന്ന അഞ്ചു ദലിത് യുവാക്കള്‍ അടിച്ചു കൊലചെയ്യപ്പെട്ടത്. രണ്ടു പേരുടെ ശരീരം അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. കാലങ്ങളായി തങ്ങള്‍ ചെയ്തുവന്ന ജോലി തുടര്‍ന്നു എന്നതായിരുന്നു അവര്‍ ചെയ്ത തെറ്റ്. ചത്ത പശുക്കളുടെ തൊലി എടുത്തു വില്‍ക്കുക എന്നതായിരുന്നു അവരുടെ ജോലി. പക്ഷെ, ഇത്തവണ പശു ജീവനുള്ളതായിരുന്നുവെന്നും തൊലിക്കുവേണ്ടി അതിനെ അറുക്കുകയായിരുന്നുവെന്നും 'ചിലര്‍' പ്രചരിപ്പിച്ചു. ഇതുകേട്ട് ദുസ്സഹ്‌റ ചന്ത കഴിഞ്ഞു മടങ്ങുകയായിരുന്ന ജനക്കൂട്ടം ഓടിക്കൂടി. തങ്ങള്‍ അഭയം തേടിയ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍നിന്നും അവരെ വലിച്ച് പുറത്തിടുകയും അവിടെനിന്നും 'ഗോ മാതാ കീ ജെയ്' വിളിച്ച് അവരെ അടിച്ചുകൊല്ലുകയുമായിരുന്നു. സിറ്റി മജിസ്‌ട്രേറ്റ്, ഡി.എസ്.പി, ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍ തുടങ്ങി 50 പോലീസ് ഉദ്യോഗസ്ഥന്മാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ആദ്യം 'അജ്ഞാതരായ കൊലയാളികള്‍'ക്കെതിരെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രണ്ടാമതായി ഇരകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതേസമയം, കുറ്റവാളികള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞുകൊണ്ട് വി.എച്ച്.പി-ശിവസേന പ്രാദേശിക ഭരവാഹികള്‍ ലോക്കല്‍ പോലീസിന് ഒരു മെമൊറാണ്ടം സമര്‍പ്പിച്ചു.'

സംഭവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി സോനു ജയ്ന്‍ ദൃസാക്ഷികളുമായും ജില്ലയിലെ പ്രധാനികളുമായും സംസാരിച്ചു. ഇത് കേവലം വൈകാരികതയില്‍ സംഭവിച്ചുപോയതല്ലെന്നും തികച്ചും ആസൂത്രിതമാണെന്നുമാണ് അദ്ദേഹത്തിനു വ്യക്തമായത്. മൂന്നു-മൂന്നര മണിക്കൂര്‍ നീണ്ട വിദ്വേഷ വെറിയുടെ പരിണതിയായിരുന്നു ഈ കൂട്ടക്കൊല. വൈകുന്നേരം 6.30 നു തന്നെ യുവാക്കള്‍ പിടിക്കപ്പെടുന്നുണ്ട്. രാത്രി ഒമ്പതിനും പത്തിനുമിടയിലാണ് അവര്‍ വധിക്കപ്പെടുന്നത്.

സംഭവം റിപ്പോര്‍ട്ടില്‍ വിശദമായി ഇങ്ങനെ  പറയുന്നു:
'അഞ്ചു ദലിത് യുവാക്കള്‍, അവര്‍ പറയുന്നതനുസരിച്ച്, ഫാറൂഖ് നഗറില്‍നിന്നും ഒരു ചത്ത പശുവിനെ വാങ്ങി. അതിന്റെ തോലെടുത്ത് വില്‍പന നടത്തുകയെന്നതായിരുന്നു പദ്ധതി. ഉപജീവന മാര്‍ഗമെന്നോണം പരമ്പരാഗതമായി അവര്‍ ചെയ്തുവരുന്ന തൊഴിലാണിത്. ദുസ്സഹ്‌റ ഉല്‍സവം കഴിഞ്ഞ് വരുന്നവരാണ് പോലീസ് സ്‌റ്റേഷനില്‍നിന്നും 500 മീറ്റര്‍ അകലെ അവരെ ആദ്യമായി കാണുന്നത്. 15 മിനുട്ടിനു ശേഷം ഝജ്ജാറിലെത്തിയ അവര്‍ ഇവിടെ ചിലര്‍ പശുവിനെ അറുക്കുന്നുണ്ടെന്നു പറഞ്ഞ് അവിടെ പ്രചരിപ്പിച്ചു. മിനുട്ടുകള്‍ക്കകം രണ്ടു വാഹനങ്ങളിലായി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്, ക്ഷേത്രത്തില്‍നിന്നുള്ള രണ്ടു പുരോഹിതന്മാര്‍, ചില വി.എച്ച്.പി പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലം ലക്ഷ്യമാക്കി പുറപ്പെട്ടു. അപ്പോഴേക്കും യുവാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയിരുന്നു. താമസിയാതെ വിവരം പരിസരത്തെ പത്തോളം ഗ്രാമങ്ങളില്‍ പരക്കുകയും രണ്ടായിരത്തോളം വരുന്ന വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടുകയും ചെയ്തു.

വി.എച്ച്.പി പ്രവര്‍ത്തകരും ചില സാമൂഹിക വിരുദ്ധ വിഭാഗങ്ങളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ യുവാക്കള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു. 'അവര്‍ക്ക് ഞങ്ങളുടെ മാതാവിനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് അവയെ കൊന്ന ഞങ്ങളുടെ സുഹൃത്തുക്കളെ ഞങ്ങള്‍ക്ക് കൊന്നുകൂടായെന്ന് അവിടത്തെ ക്ഷേത്ര പൂജാരി മഹേന്ദ്ര പര്‍മാനന്ദ് പറഞ്ഞു. അവര്‍ ചെയ്യുന്നത് തെറ്റാണെന്നും അവര്‍ ശിക്ഷ അര്‍ഹിക്കുന്നവരാണെന്നും ഞാന്‍ പോലീസിനു മുമ്പില്‍ പറയുമെന്ന് വി.എഛ്.പി ഭാരവാഹി രമേഷ് സൈനി പറഞ്ഞു. സംഭവിച്ചതെല്ലാം തെറ്റാണെന്നും പക്ഷെ, അവരൊരിക്കലും സഹായമര്‍ഹിക്കുന്നില്ലെന്നും ശിവസേനാ പ്രാദേശിക അംഗം ശിശു പാല്‍ പറഞ്ഞു.'

ഈ ദാരുണമായ സംഭവത്തില്‍ പ്രദേശത്ത് സജീവമായി പ്രവര്‍ത്തന രംഗത്തുള്ള ആര്യസമാജത്തിന്റെ ഘടകങ്ങളും പങ്കാളികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, എത്ര മനുഷ്യരുടെ ജീവനെക്കാളും ഒരു പശുവിന്റെ ജീവനാണ് പ്രധാനമെന്ന് പ്രഖ്യാപിച്ച് ദലിതുകളോടുള്ള വെറുപ്പ് ഒരിക്കലൂടെ പ്രകടമാക്കുകയായിരുന്നു സീനിയര്‍ വി.എച്ച്.പി നേതാവ് ഗിരിരാജ് കിഷോര്‍. ദലിതുകള്‍ക്കെതിരെ നടക്കുന്ന അധിക്രമങ്ങളെ ഇത്തരത്തില്‍ ന്യായീകരിക്കുന്നത് ഏറെ നിന്ദ്യമാണ്. ദി ഹിന്ദു എഡിറ്റോറിയല്‍ എഴുതി ഇതിനെതിരെയുള്ള പൊതുജനത്തിന്റെ വികാരം അറിയിച്ചിട്ടുണ്ട്:

'ഹിന്ദു ശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ പശുവിന്റെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന വി.എച്ച്.പി നേതാവിന്റെ നിരീക്ഷണം, കൊല്ലപ്പെട്ട അഞ്ചു ദലിതുകളുടെയും ജീവന്‍ തീരെ പ്രധാനമല്ല എന്ന സൂചനയാണ് നല്‍കുന്നത്. പുരോഗമിച്ച ഒരു സമൂഹത്തില്‍ ഇത്തരം ആശയങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. സിവില്‍ ഭരണകൂടം ഇതിനെ പിച്ചും പേയും പറയുന്ന ചിലരുടെ കേവലം വര്‍ത്തമാനം മാത്രമായി കണ്ട് പരിഗണിക്കാതെ പോകരുത്. ഇത്തരം ജുഗുപ്‌സാവഹമായ ചിന്തകളെ 'ദേശീയ വികാര'മായി അവതരിപ്പിക്കുന്നതിലുള്ള അപകടം ഏറെ പ്രകടമാണിതില്‍.'

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter