അമേരിക്കന്‍ ഒളിയജണ്ടകളും ജി.സി.സിയുടെ ഭാവിയും
ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള തീരുമാനം കൈകൊണ്ടത് എന്നത് വര്‍ത്തമാന അറബ് പ്രതിസന്ധിയുടെ കാറ്റ് എവിടെനിന്നാണെന്ന് വ്യക്തമാക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളായ സൗദിയും ബഹ്‌റൈനും യു.എ.ഇയും മറ്റുമാണ് ഉപരോധം പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ പിന്നില്‍ കുഴലൂത്ത് നടത്തുന്നത് അമേരിക്ക തന്നെ. ജി.സി.യെ അസ്ഥിരപ്പെടുത്താനും ഭീഷണിയായി അവിടെ ഉയര്‍ന്നുവരുന്നവരെ അടിച്ചിരുത്താനും തികച്ചും തന്ത്രപരമായ ഒരു വഴി അത് തുറക്കുകയായിരുന്നുവെന്നുമാത്രം.
ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ നടപടി കൈകൊണ്ടശേഷം തല്‍വിഷയകമായി ട്രംപ് നടത്തിയ പ്രസ്താവന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനം മേഖലയില്‍നിന്ന് തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള ആദ്യപടിയാണെന്നാണ് മീഡിയയോട് അദ്ദേഹം പറഞ്ഞത്. ട്രംപിന്റെ ഈ കൈയടിയും ചിരിയും തങ്ങളുടെ ലക്ഷ്യങ്ങള്‍ ഫലം കാണുന്നുവെന്നതിന്റെ സന്തോഷം കൂടിയാണ് അറിയിക്കുന്നത്.
ട്രംപ് അറബ് രാജ്യത്തുനിന്നും മടങ്ങിപ്പോയതോടെയാണ് ജി.സി.സി രാഷ്ട്രങ്ങള്‍ തങ്ങളിലെ ഒരംഗമായ ഖത്തറിനെതിരെ രംഗത്തുവരുന്നത്. ഈ പെട്ടന്നുള്ള എഴുന്നള്ളല്‍ ചില നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ട്രംപ് സൗദിയില്‍ വന്നപ്പോള്‍ തന്നെ ഇറാനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അയച്ചുവിട്ടിരുന്നു. സൗദിയുടെ പിന്തുണയോടെ ഇറാനെതിരെ സംഘടിതമായി നീങ്ങാനും ആഹ്വാനം ചെയ്തിരുന്നു. പക്ഷെ, ഈ നീക്കം ഖത്തര്‍ പിന്തുണച്ചിരുന്നില്ല. അവര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. അതിനിടെ ഇറാന് അനുകൂലമായി ഖത്തര്‍ അമീറിന്റെ പ്രസ്താവന പുറത്ത് വരികയും ചെയ്തു. ഇറാന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയുമായി ഖത്തര്‍ അമീര്‍ ഫോണില്‍ ബന്ധപ്പെട്ടതായും വാര്‍ത്ത പുറത്തുവന്നു. ഇതോടെ രംഗം വഷളാവുകയും അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ സംഘടിക്കുകയുമായിരുന്നു.
സൗദിയും അമേരിക്കയും മറ്റു രാജ്യങ്ങളും പല നിലക്കും ഇറാനെ പ്രതികൂലിക്കുന്നതുകൊണ്ടുതന്നെ, ഖത്തറിന്റെ ഇറാന്‍ അനുകൂല നിലപാടുകള്‍ അവര്‍ക്ക് വലിയൊരു ആയുധമായിരിക്കുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും അതുതന്നെ അവര്‍ക്കുള്ള വലിയൊരു പിടിവള്ളിയാണ്. ജി.സി.സിക്കിടയില്‍ ഛിദ്രതയുണ്ടാക്കാനും പശ്ചിമേഷ്യയില്‍ ഒന്നുംകൂടി കൈവെക്കാനും അമേരിക്കക്കും ഇത് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ട്രംപ് തന്റെ സൗദി സന്ദര്‍ശനത്തിലൂടെ ഇവിടെ ഇട്ടേച്ചുപോയ വിഷബീജങ്ങളാണ് അറബ് രാഷ്ട്രങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ മുളച്ചുപൊന്തുന്നത് എന്നുവേണം കരുതാന്‍.
ഇതിനിടെ ജി.സി.സിയുടെ ഭാവിയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഥാനി പറഞ്ഞത് ചിന്തനീയമാണ്.
Leave A Comment