ഫ്രാന്‍സില്‍ സംഭവിച്ചതും മാധ്യമ സ്വാതന്ത്ര്യവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ല
“മാധ്യമങ്ങള്‍ ഒരിക്കലും നിശബ്ദരാക്കപ്പെടരുത്. അത് തന്നെയാണ് അവയുടെ ഏറ്റവും വലിയം ഗുണവും ദോഷവും” എന്ന് പറഞ്ഞത് ടൈംസ് മാഗസിന്റെ ചീഫ് എഡിറ്ററായ ആന്റോണ്‍ ഗ്രുവാള്‍ഡ് ആണ്. ഷാര്‍ലി എബ്ദോ ആക്രമണ പശ്ചാത്തലത്തിലാണ് ഇത് ഓര്‍മിക്കുന്നത്. വാരികയെക്കുറിച്ചും അതിന്റെ സ്റ്റാഫിനെ കൂട്ടക്കൊല ചെയ്തതിലുമുള്ള രോഷം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. അവിടെ നടന്ന കൂട്ടക്കൊലകളെ ഒരിക്കലും ആര്‍ക്കും അംഗീകരക്കാനാവില്ല. പ്രവാചകന്റെ പേരു പറഞ്ഞാണ് കൊലയാളികള്‍ കൂട്ടക്കൊല നടത്തിയിരിക്കുന്നത്.
ഈ സമയം,പാരീസ് ആക്രമണത്തെയും കൊല്ലപ്പെട്ടവരെയും പരിഹസിച്ച് ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചാലുണ്ടാകുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. എന്താവും പടിഞ്ഞാറിന്റെ പ്രതികരണം. എന്നാല്‍ സമാനമായ ഒരു കാര്‍ട്ടൂണ്‍ 2013-ല്‍ വരക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മൂര്‍സിയെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമാധാനപരമായ സമരം നടത്തിയ 50 പേരെയാണ് അന്ന് ഇജിപ്ഷ്യന്‍ സൈന്യം വധിച്ചത്. സംഭവത്തെ പരിഹസിച്ച് പക്ഷെ ഈ പറയുന്ന ഷാര്‍ലി എബ്ദോ ഒന്നാം പേജില്‍ തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. "The Qur'an is sh*t, it doesn't stop bullets (ഖുര്‍ആന്‍ ഒരു *** ആണ്. അത് എപ്പോഴും വെടിയുതിര്‍ത്തു കൊണ്ടിരിക്കും) എന്ന തലവാചകത്തോടെയായിരുന്നു അന്ന് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. പാരിസ് ആക്രമണത്തെ കുറിച്ച് ഇതേ രീതിയില്‍ ആരെങ്കിലും കാര്‍ട്ടൂണ്‍ വരച്ചാല്‍ ഏതെങ്കിലും ഒരു ഫ്രഞ്ച് പൌരന് അത് തമാശയായി തോന്നും എന്ന് എനിക്ക് തോന്നുന്നില്ല.
ഷാര്‍ലി എബ്ദോയുടെ എഡിറ്റോറിയല്‍ നിലപാട് എന്നും ആക്രമണോത്സുകവും അത്ര സുഖകരമല്ലാത്തതുമായിരുന്നു. ഇവരുടെ ഫ്രീ സ്പീച്ചിന് വേണ്ടിയുള്ള അവകാശത്തെ ഞാന്‍ എതിര്‍ക്കും. പടിഞ്ഞാറിലെ ബുദ്ധിജീവികള്‍ മനഃപൂര്‍വം മറക്കുന്ന ചില കാര്യങ്ങളാണ് എന്റെ ഈ നിലപാടിന് പിന്നില്‍.
ലോകത്തെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വവും ബുദ്ധജീവികളെന്നു പറയുന്നവരും പാരീസ് ആക്രമണത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരയുള്ള ആക്രമണമായാണ് ചിത്രീകരിച്ചിട്ടുള്ളത്. സത്യത്തില്‍ ഫ്രാന്‍സില്‍ സംഭവിച്ചതും മാധ്യമ സാതന്ത്ര്യവും തമ്മില്‍ ഒരു ബന്ധവുമില്ല.
ആദ്യമേ പറയാനുള്ളത് അഭിപ്രായ സ്വതന്ത്ര്യം, സമാധാനം, സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് പടിഞ്ഞാറിന്റെ കുത്തകയാണെന്ന് ധരിക്കരുതെന്നാണ്. ലോകത്തെ ഒട്ടുമുക്കാല്‍ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അവ. പക്ഷെ ലോകത്തെ പല ഭാഗത്തുമുള്ള മനുഷ്യര്‍ക്ക് നിരന്തരമുള്ള അടിച്ചമര്‍ത്തല്‍, സംഘര്‍ഷങ്ങള്‍, അനീതി തുടങ്ങിയ ‘ഭീകര വിരുദ്ധ യുദ്ധങ്ങള്‍’ സൃഷ്ടിച്ച ചില കാരണങ്ങളാല്‍ അവ ലഭിക്കാതെ പോയി എന്നു മാത്രം. മാത്രവുമല്ല, ഈ പടിഞ്ഞാറന്‍ മൂല്യങ്ങളെന്നു പറയുന്നവയോട് അവര്‍ക്ക് തന്നെ അത്ര പ്രതിപത്തിയുണ്ടെന്ന് തോന്നുന്നുമില്ല. അങ്ങനെയുണ്ടെങ്കില്‍ അവര്‍ ഒരിക്കലും സ്വന്തം ജനങ്ങളുടെയോ മറ്റുള്ളവരുടെയോ ഫോണ്‍ ചോര്‍ത്തുകയോ ചാരപ്പണി നടത്തുകയോ ചെയ്യില്ല. അവരുടെ മിഡില്‍ ഈസ്റ്റിലെ ഏകാധിപതികളായ സുഹൃത്തക്കളുടേതിന് സമാനമായ അടിച്ചമര്‍ത്തല്‍ നയം സ്വന്തം രാജ്യത്ത് നടപ്പാക്കുകയുമില്ല.
അഭിപ്രായം സ്വാതന്ത്ര്യം സത്യത്തില്‍ പടിഞ്ഞാറില്‍ ഒരു മായ മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ജനങ്ങളുടെ മേല്‍, പ്രത്യേകിച്ച് മുസ്‍ലിംകളുടെ മേല്‍ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിഷേധിക്കുന്ന കാര്യമാണെങ്കിലും പാരീസിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണം നിരന്തര അധിനിവേശങ്ങളും യുദ്ധവും മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ തന്നെയാണ്. അവ തന്നെയാണ് മുസ്‍ലിം ലോകത്തെ അസ്ഥിരതക്ക് കാരണവും. യു.എസ് നേതൃത്വത്തില്‍ നടന്ന ഇറാഖ് അധിനിവേശം ഒരു ദശകത്തിന് മുമ്പാണെങ്കിലും ഇപ്പോഴും അതിന്റെ ദുരന്തഫലങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
നിലവിലെ ഈജിപ്ഷ്യന്‍ ഏകാധിപതി 54 പേരെ നിഷ്കരുണം കൊലപ്പെടുത്തിയപ്പോള്‍ ഇന്ന് കാണുന്ന പോലയുള്ള പ്രതിഷേധമൊന്നും അന്ന് ഉണ്ടായില്ല. ആകെയുണ്ടായത് ഷാര്‍ലി എബ്ദോയും അതിന്റെ ദൈവനിഷേധികളായ വായനക്കാരും ഒരു മതത്തെ പ്രാകൃതവും ഭീകരവുമായി ചിത്രീകരിക്കുക മാത്രമായിരുന്നു. പാരീസിലേക്ക് നോക്കൂ. അവിടെ കൊല്ലപ്പെട്ട 12 പേര്‍ക്ക് വേണ്ടി ലോകം മൊത്തം അപലപനവുമായി എത്തിയിരിക്കുന്നു. ആരാണ് ആക്രമികള്‍ക്കു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടു പോലുമില്ല.
പിന്നില്‍ ആരായാലും അവരുടെ പ്രേരണ എന്തൊക്കെയായാലും പാരീസ് ആക്രമണങ്ങളുടെ ദുരിതം പേറണ്ടത് മുസ്‍ലിംകള്‍ തന്നെയാണ്. സിറിയയിലെ ദശലക്ഷക്കണിക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് ആക്രമണം വരുത്തിവെക്കുന്ന വിന ചെറുതായിരിക്കില്ല. അസദിന്റെ ബാരല്‍ ബോംബുകളില്‍ നിന്നും രസായുധ പ്രയോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം അനിവാര്യമാണ്. കടുത്ത ശൈത്യം അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതം ഇരട്ടിയാക്കുകയും ചെയ്തിരിക്കുന്നു. യൂറോപില്‍ ജീവിക്കുന്ന മുസ്‍ലിംകളുടെ അവസ്ഥയും സമാനമായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള മുസ്‍ലിം വിരുദ്ധരായ തീവ്രവലതു പക്ഷ വിഭാഗങ്ങളുടെ സ്വാധീനം വര്‍ധിക്കാന്‍ ആക്രമണം കാരണമവും എന്നുറപ്പാണ്. മുസ്‍ലിം വനിതകളുടെ കാര്യം അതിലും ഭീകരമായിരിക്കും.
അതെ, പാരീസില്‍ നടന്നത് തികച്ചും ഒരു ക്രിമിനല്‍ പ്രവര്‍ത്തനമാണ്. പക്ഷെ, അവയെ സമയവും സന്ദര്‍ഭവും പരിഗണിച്ചാണ് നാം വിലയിരുത്തേണ്ടത്. പാരീസ് കൂട്ടക്കൊല എന്നെ ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഫലസ്തീനിലെ 513 കുട്ടികളെ ഇസ്രയേല്‍ കൊന്നൊടുക്കിയപ്പോള്‍ എനിക്കുണ്ടായ നടുക്കത്തോളം അത് വരില്ല. തീര്‍ച്ചയായും നൂറുക്കണക്കിന് അല്ലെങ്കില്‍ 2013 ആഗസ്റ്റ് മാസം, ആയിരക്കണക്കിന് വരുന്ന, സമാധനപൂര്‍വം തെരുവിലറങ്ങിയ പ്രക്ഷോഭകരെ അന്നഹ്ദ സ്വകയറിലും റാബിയ അദവിയ്യ സ്വകയറിലും വെച്ച് ഈജിപ്ഷ്യന്‍ സൈന്യം കൂട്ടക്കൊല ചെയ്തപ്പോഴുണ്ടായ ഞെട്ടലും ഇതിനേക്കാള്‍ വലുതാണ്. ലോകത്തെ എവിടെ ജിവിക്കുന്ന മനുഷ്യരും തുല്യരാണെന്നുള്ള ബോധമാണോ അതല്ല മനുഷ്യാവകാശം ചില പ്രത്യേക പ്രദേശത്തു ജീവിക്കുന്നവര്‍ക്ക് മാത്രം ബാധകമാകേണ്ട ഒന്നാണോ എന്ന താങ്കളുടെ വിശ്വാസമനുസരിച്ചിരിക്കും ഈ ഞെട്ടലിന്റെ വലിപ്പ-ചെറുപ്പം. ഇറാഖ് അധിനവേശ സമയത്തും അതിന് ശേഷവുമായി കൊല്ലപ്പെട്ട 1.5 മില്യണ്‍ ജനങ്ങളെയും ഇതോടൊപ്പം ഓര്‍ക്കുക.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് അവര്‍തന്നെ അതിന് വിലകല്‍പിക്കാതിരിക്കുമ്പോള്‍, വിലപിക്കുന്നതിന് പകരം പാരീസില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വിശകലനം ചെയ്യുകയാണ് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ചെയ്യേണ്ടത്. ദശകങ്ങള്‍ നീണ്ട അവരുടെ അധിനിവേശ നടപടികള്‍ ലോകത്ത് സൃഷ്ടിച്ച് അസമത്വങ്ങളുടെ പ്രതിഫലനം മാത്രമായിരുന്നു അത്. 9/11-നും സമാനമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പേരില്‍ യു.എസും യൂറോപ്യന്‍ ശക്തികളും നടത്തിയ, മില്യണ്‍ കണക്കിന് ജനങ്ങളുടെ ജീവന്‍ അപഹരിച്ച, അതിന്റെ ഇരട്ടി പേരുടെ കിടപ്പാടം നഷ്ടപ്പെടുത്തിയ അധിനിവേശങ്ങള്‍ക്കെതിരെയുള്ള പ്രിതികരണങ്ങളായിരുന്നു അവ.
ജോര്‍ജ് ഡബ്ല്യൂ ബുഷ് ആരംഭിച്ച അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ തുടര്‍ന്ന് വന്ന ബറാക് ഒബാമയും തുടര്‍ന്നു, മറ്റൊരു രീതിയില്‍. പാകിസ്ഥാന്‍, സൊമാലിയ, യമന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണങ്ങള്‍ ആരംഭിച്ച ഒബാമ ഭരണകൂടം അറബ് വസന്തത്തെ തകര്‍ക്കാനുള്ള രഹസ്യനീക്കങ്ങളും നടത്തി. ഇന്നും മിഡില്‍ ഈസ്റ്റിലെ ഏറ്റവും ക്രൂരരായ ജനാധിപത്യവിരുദ്ധരായ ഭരണാധികാരികളെ പിന്തുണച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഫലസ്തീനില്‍ ഹമാസ് തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയപ്പോഴും ഈജിപ്തില്‍ മൂര്‍സി തികച്ചും ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോഴും ആശങ്കപ്പെട്ട യു.എസും പടിഞ്ഞാറന്‍ രാജ്യങ്ങളും പശ്ചിമേഷ്യയില്‍ സമാധാനമല്ല കാംക്ഷിക്കുന്നത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദക്കുമ്പോള്‍ തന്നെ ഇവര്‍ ഇസ്രയേലിനും ഈജിപ്തിനും മറ്റും അന്ധമായ പിന്തുണയാണ് നല്‍കുന്നത്.
യു.എസ്-ബ്രിട്ടീഷ്-ഫ്രഞ്ച് അധിനിവേശ നയങ്ങള്‍ മിഡില്‍ ഈസ്റ്റിലെ സ്വാതന്ത്ര്യ ദാഹികളെ നിരാശരാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും തിരിച്ചുപിടിക്കാന്‍ അക്രമത്തിന് മാര്‍ഗം സ്വീകരിക്കാന്‍ ഇത് അവരില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നു. അക്രമത്തിന്റെ പാതയാണെങ്കില്‍ എല്ലാവര്‍ക്കും നാശമേ വരുത്തൂ.
കടപ്പാട്: Middle East Monitor
സംക്ഷിപ്തം: മുഹമ്മദ് ശഫീഖ്



Leave A Comment