ലണ്ടനിലെ നീണ്ട പകലുകളിലും നോമ്പെടുത്ത് മുസ്‌ലിം താരങ്ങള്‍
ലണ്ടന്‍ - മെഡലുകള്‍ എന്ന ഏക ലക്ഷ്യത്തോടെ വന്നെത്തിയ കായിക താരങ്ങള്‍ക്ക്, ചൂടേറിയ ലണ്ടന്‍ പകലുകളില്‍ യഥാസമയം ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. ഓരോ മണിക്കൂറിലും ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും പ്രോട്ടീനുകളും പ്രത്യേകം പരിശോധിച്ച് അത് കൃത്യമായി കാത്തുസൂക്ഷിച്ചു പോരുന്നവരാണ് ഭൂരിഭാഗം മല്‍സരാര്‍ത്ഥികളും.
ഇത്തരം സാഹചര്യത്തിലാണ് 3,000ത്തിലേറെ വരുന്ന മുസ്‌ലിം താരങ്ങള്‍ നോമ്പെടുത്തുകൊണ്ട് കളത്തിലിറങ്ങുന്നത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്സും റമദാനും ഒത്തുവരുന്നത്. വിശിഷ്യാ ലണ്ടനില്‍ ചൂടുകാലങ്ങളില്‍ 5മണി മുതല്‍ രാത്രി 9മണി വരെ നീളുന്ന പകലുകളാണ് ഉണ്ടാവാറ്. ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരൊക്കെ ഈ വിശുദ്ധ മാസത്തില്‍ നോമ്പെടുക്കുന്നവരാണെന്നതിനാല്‍ ഈ ഒളിമ്പിക്സ് അടുത്ത മാസത്തേക്ക് മാറ്റിവെക്കാന്‍ ചില മുസ്‌ലിം സംഘടനകളൊക്കെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, സാങ്കേതിക കാരണങ്ങളാല്‍ ആ ആവശ്യം അംഗീകരിക്കപ്പെടാതെ പോകുകയായിരുന്നു. എന്നാല്‍ നോമ്പെടുക്കുന്ന താരങ്ങള്‍ക്ക് അത്താഴ സമയത്തും നോമ്പ്തുറ സമയത്തും ആവശ്യമായ ഹലാല്‍ ഭക്ഷണം തന്നെ ലഭ്യമാവുന്നുണ്ടെന്ന് സംഘാടകര്‍ യഥാസമയം ഉറപ്പുവരുത്തുന്നുണ്ട്.
യാത്ര നോമ്പെടുക്കാതിരിക്കാന്‍ ന്യായമാണെന്നതിനാല്‍ ചില താരങ്ങളൊക്കെ നോമ്പ് ഉപേക്ഷിക്കുകയും നാട്ടില്‍തിരിച്ചെത്തിയ ശേഷം അത് നോറ്റ് വീട്ടുകയുമാണ് ചെയ്യാറ്. യു.എ.ഇ, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, സൌദി അറേബ്യ തുടങ്ങി അധികരാജ്യങ്ങളിലെയും മതനേതാക്കള്‍, താരങ്ങള്‍ക്ക് നോമ്പ് നോല്‍ക്കാതിരിക്കാന്‍ ന്യായമുണ്ടെന്നും പിന്നീട് വീട്ടിയാല്‍ മതിയെന്നും അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും റമദാനിന്റെ പ്രത്യേക പ്രാധാന്യവും പ്രതിഫലവും കാംക്ഷിച്ച് ഈ മാസം തന്നെ നോമ്പെടുക്കാനാണ് താല്‍പര്യപ്പെടുന്നത്.
“ഈ മാസം പ്രത്യക അനുഗ്രഹങ്ങളുടെ മാസമാണ്”, സോമാലിയന്‍ കായികതാരം മുഹമ്മദ് മുഹമ്മദ് പറയുന്നു, കഴിഞ്ഞ പതിനൊന്ന് മാസമായി ഞാന്‍ ഈ മാസത്തിനായി കാത്തിരിക്കുകയാണ്. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം നോമ്പെടുത്തുകൊണ്ട് മല്‍സരിക്കുക എന്നത് പ്രയാസകരം തന്നെ. പക്ഷേ, ആ പ്രയാസത്തില്‍ എന്തെന്നില്ലാത്ത ഒരു സുഖം കൂടിയുണ്ട്.
അത്ലറ്റ് വില്ലേജിലെ ഇമാം ആയ യൂനുസ് ദൂദ് വാലാ പറയുന്നു, ഞാന്‍ കണ്ട താരങ്ങളില്‍ ചിലരൊക്കെ നോമ്പ് മാറ്റിവെക്കുന്നവരാണ്. എന്നാല്‍ അധിക പേരും സാധാരണ ദിവസങ്ങളില്‍ നോമ്പെടുക്കുകയും അവരുടെ മല്‍സരഇനങ്ങള്‍ നടക്കുന്ന ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുകയാണ് പതിവ്. മല്‍സരവേളയിലും നോമ്പെടുക്കുന്നവരും ഉണ്ട്.
മൊറോക്കന്‍ ഫുട്ബോള്‍ താരം നൂറുദ്ദീന്‍ അംറാബാത് നോമ്പെടുത്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള കളിയില്‍ കളത്തിലിറങ്ങിയത്. 70 മിനുട്ട് പിന്നിട്ടപ്പോള്‍ അദ്ദേഹം തിരിച്ചുകയറി. “നോമ്പെടുത്തതിനാല്‍ ക്ഷീണമുണ്ട്, പക്ഷേ, അതെന്റെ മതത്തിന്റെ ഭാഗമാണ്. മാച്ച് കളിക്കാന്‍ വേണ്ടി മാത്രം അത് മാറ്റിവെക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല” അദ്ദേഹം പറയുന്നു. ടീമിന്റെ കോച്ച് ഡച്ചുകാരനായ പിം വെര്‍ബീക് പറയുന്നു, “ഈ സമയത്ത് നോമ്പെടുക്കുന്നത് അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. നൂറ് ശതമാനം ശാരീരികക്ഷമത കാണിക്കാന്‍ കഴിയില്ല, എന്നാല്‍ മാനസികമായി അല്‍പം കൂടി മെച്ചപ്പെടാനായാല്‍ അത് പരിഹരിക്കാനാവും”
എന്നാല്‍ ശാസ്ത്രീയമായ പഠനങ്ങളിലൊന്നും തന്നെ നോമ്പ് താരങ്ങളുടെ കായികക്ഷമതയെ ബാധിക്കുന്നതായി വ്യക്തമായി തെളിഞ്ഞിട്ടില്ല. സ്പോര്‍ടിംഗ് ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ റോണ്‍ മോഗന്‍ പറയുന്നത്, പല താരങ്ങളും നോമ്പെടുക്കുമ്പോള്‍ കൂടുതല്‍ ക്ഷമത കാണിക്കുന്നുണ്ടെന്നും മല്‍സരങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാവുന്നുണ്ടെന്നുമാണ് തന്റെ അനുഭവം എന്നാണ്.
നോമ്പ് എടുക്കുക എന്നത് ക്ഷീണത്തിന്റെയോ ബലക്ഷയത്തിന്റെയോ പര്യായമല്ല, കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് നോമ്പ് വിശ്വാസികളോട് പറയുന്നത്. റമദാന്‍ എന്നത് പ്രവര്‍ത്തനത്തിന്റെയും പൂര്‍വ്വോപരി കര്‍മ്മോല്‍സുകതയുടെയും മാസമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ കഴിയേണ്ടിവരുന്നതിനോട് ശരീരം വളരെ വേഗം പൊരുത്തപ്പെടും, അതാണ് ഞങ്ങളുടെയെല്ലാം അനുഭവം, 27കാരനായ ഫുട്ബോള്‍ കോച്ച് കോളിന്‍ നെല്‍ പറയുന്നു.
ലണ്ടനിലെ പല പള്ളികളും താരങ്ങളെ പങ്കെടുപ്പിച്ച് ഇടക്കിടെ വിപുലമായ ഇഫ്താറുകളും സംഘടിപ്പിക്കുന്നുണ്ട്. അമുസ്‌ലിം സഹോദരങ്ങളും ഇത്തരം ഇഫ്താര്‍ സംഗമങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും ഇസ്‌ലാമിന്റെ സുന്ദരസന്ദേശം അവരിലേക്ക് കൂടി എത്തിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് ഒളിമ്പിക്സിനോടനുബന്ധിച്ച് ലണ്ടന്‍ നഗരത്തിലെ നിത്യകാഴ്ചയാണ്. ഈസ്റ്റ് ലണ്ടന്‍ മസ്ജിദില്‍ വ്യാഴാഴ്ച നടന്ന ഇഫ്താര്‍ സംഗമത്തില്‍ 1000ലേറെ പേരാണ് പങ്കെടുത്തത്. അതില്‍ പകുതിയിലേറെയും അമുസ്‌ലിം സഹോദരങ്ങളായിരുന്നു.
അഞ്ചു നേരത്തെ നിസ്കാരത്തിനും മറ്റു മതകര്‍മ്മങ്ങള്‍ക്കുമായി ഒളിമ്പിക്സ് വില്ലേജില്‍തന്നെ സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ മതനിയമങ്ങളും ആചാരങ്ങളും അത്രതന്നെ പാലിക്കാത്തവരും ഈ വിശുദ്ധ മാസത്തില്‍ അവ പാലിക്കാന്‍ പ്രത്യേകതാല്‍പര്യമെടുക്കുന്നു എന്നത് പരിഗണിച്ചാണ് ഇത്.
-NBC news-





Leave A Comment