ഡോ. ഖാസിം ചേലാട്ട്: ഖുര്‍ആനിക ഗവേഷണത്തില്‍ അറുപതാണ്ട് പിന്നിട്ട മലയാളി ശാസ്ത്രജ്ഞന്‍
378279_405577432840182_1053679305_nഖുര്‍ആനില്‍ ശാസ്ത്രീയ സത്യങ്ങള്‍ എന്ന് കേള്ക്കുമ്പോള്‍ ഒരുപക്ഷേ നമ്മില്‍ പലരിലും വലിയ അത്ഭുതമൊന്നും ഉണ്ടായെന്നുവരില്ല. ഈ വിഷയത്തില്‍ ഇതിനകം അനേകം പഠനങ്ങളും എഴുത്തുകളും നടന്നു കഴിഞ്ഞു. പക്ഷേ, എന്തിനും ഒരു തുടക്കവും, ആവേശംകൊള്ളിക്കുന്ന ചരിത്രവും കാണും. ഇവിടെ നാം പരിചയപ്പെടുവാന്‍ പോകുന്നത് അത്തരത്തിലൊരു ചരിത്രത്തിന്റെ അവകാശം ഉയര്ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വത്തെയാണ്. ഡോ. ഖാസിം ചേലാട്ട്. ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തില്‍ കഴിഞ്ഞ അറുപതുകൊല്ലത്തോളമായി നിരന്തര പഠനങ്ങളും, ഗവേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു അപൂര്വ്വ വ്യക്തിത്വം. ശാസ്ത്ര ഗവേഷണ പരിചയവും PhDയും ഉള്ള ഡോ. ഖാസിം തൊഴില്‍ കൊണ്ട് ഒരു രസതന്ത്ര ശാസ്ത്രജ്ഞനാണെങ്കിലും അദ്ദേഹം അര്പ്പണംകൊണ്ട് ഒരു ‘ഖുര്‍ആന്‍  ശാസ്ത്രജ്ഞനാണ്.’തന്റെ സ്വീകരണമുറിയില്‍ അടക്കിയിരിക്കുന്ന അനേകായിരം ഖുര്‍ആന്‍ വിഷയത്തിലുള്ള പുസ്തകങ്ങളുടെ എണ്ണത്തിലൂടെ നമുക്കെളുപ്പത്തില്‍ മനസ്സിലാകും ഖുര്‍ആന്‍ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ജീവശ്വാസത്തിന്റെ ഭാഗമായിത്തീര്ന്ന ഒന്നാണെന്ന്. ആസ്ത്രേലിയയിലെ സിഡ്നി നഗരത്തില്‍ തന്റെ എണ്‍പതുകളിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ സഹധര്‍മിണിയുമൊന്നിച്ച് ഖുര്‍ആന്‍ പഠനത്തിലും പ്രചരണത്തിലും മുഴുകിയിരിക്കുന്ന ഒരു മലബാറിയെ നമുക്കിവിടെ പരിചയപ്പെടാം. ജനനം, കുട്ടിക്കാലം, കുടുംബസാഹചര്യങ്ങള്‍, ഒന്ന് വിശദീകരിക്കാമോ? സ്കൂള് രജിസറ്ററിലെ കണക്കുകള്‍ പ്രകാരം 1934 മാര്ച്ച്‌ 15 നാണ് ജനനം. തിരൂരിനടുത്ത് നിരമരുതൂര്‍ ആണ് ജനിച്ചത്. ഒരു റമദാനില്‍ ആണ് ജനിച്ചത് എന്ന് മാതാപിതാക്കളില്‍ നിന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. മദ്രസ്സയിലൂടെയാണ് പഠനകാലം ആരംഭിക്കുന്നത്. കാലത്തെ പ്രാതലിനുശേഷം 7 മണി മുതല്‍ 9മണി വരെ മദ്രസ്സ പഠനം. പിന്നീടാണ് സ്കൂളില്‍ പോകുക. നിരമരതൂര്‍ ഗവണ്മെന്റ് പ്രൈമറി സ്കൂളില്‍ ആണ് ആദ്യ പഠനം, പിന്നീട് തിരൂര്‍ മാപ്പിള ഹയര്‍ എലെമെന്ടരി സ്കൂളിലും ശേഷം പുതിയങ്ങാടി ഗവണ്മെന്റ്സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി. മദ്രസ്സ പഠനശേഷം പള്ളി ദര്സില്‍ ഇസ്ലാമിക പഠനം തുടര്ന്നു.   ശാസ്ത്ര പഠന മേഖലയിലേക്കുള്ള ചുവടുവെപ്പ്‌ എങ്ങിനെയായിരുന്നു? അതിനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ? സ്കൂള്‍ പഠനകാലത്ത്‌ തന്നെ ഗണിതത്തിലും, ശാസ്ത്ര വിഷയങ്ങളിലും എനിക്ക് വലിയ താത്പര്യം തോന്നിയിരുന്നു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും എന്നെ നന്നായി ആകര്ഷിച്ചു.   അന്നത്തെ മലബാറില്‍  ഒരു മുസ്‌ലിം വിദ്യാര്ഥി എന്നനിലക്ക്‌ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികള്‍ എന്തൊക്കെയായിരുന്നു? മുസ്ലിംകള്ക്കി‍ടയില്‍ പ്രത്യേകിച്ചും മലബാര്‍ മുസ്ലിംകള്ക്കി‍ടയില്‍‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള താത്പര്യം വളരെ കുറവായിരുന്നു. അന്നത്തെ മുസ്ലിംകളുടെ സാമ്പത്തിക, സാമൂഹിക, സാഹചര്യങ്ങളും വലിയ പ്രോത്സാഹനം നല്കുന്നതായിരുന്നില്ല. സ്വാതന്ത്രസമാരാനന്തരവും നിലനിന്നിരുന്ന ദേശീയ പ്രസ്ഥാനങ്ങളുടെയും, സ്വദേശി മനോഭാവത്തിന്റെയും ഫലമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നന്നേ കുറവായിരുന്നു. ഉയര്ന്ന വിദ്യാഭ്യാസം നേടിയവര്‍ മതപരമായ കാര്യങ്ങളില്‍ താത്പര്യം കാണിക്കുന്നത് കുറവായും, മുഴുവന്‍ സമയം ഭൌതിക ജീവിതത്തില്‍ മുഴുകുന്നതായും അന്ന് കാണപ്പെട്ടു. ഞാന്‍ ഉയര്ന്ന വിദ്യാഭ്യാസത്തിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പല കുടുംബാംഗങ്ങളും നിരുത്സാഹപ്പെടുത്തി. എന്നാല്‍ എന്റെ പിതാവ് മറിച്ചാണ് ചിന്തിച്ചിരുന്നത്. അദ്ധേഹം: “ഞാന്‍ എന്റെ മകനെ ബിലാത്തിയില്‍ (ഇംഗ്ലണ്ട്) വിട്ടുവരെ പഠിപ്പിക്കും”, എന്നവരോടായി ഉരുളക്കുപ്പേരി മറുപടി നല്കുമായിരുന്നു.   എന്നാണ് ഖുര്‍ആന്‍- ശാസ്ത്രം എന്ന വിഷയത്തിലേക്കുള്ള കടന്നുവരവുണ്ടായാത്, ആരായിരുന്നു ഇതിന് പ്രോത്സാഹനം നല്കിയത്? എന്റെ ആദ്യ ‘ഖുര്‍ആന്‍ ശാസ്ത്ര’യാത്ര തുടങ്ങുന്നത് ദര്സ് പഠനക്കാലത്തായിരുന്നു. അതിന് പ്രചോദനമായിമാറിയ ഒരു അനുഭവം പറയാം. അന്ന് ഒരു ദിവസം വീട്ടിലേക്ക് റേഷനരിയും മറ്റും വാങ്ങിക്കൊടുത്തശേഷം, ആടുകളെ പറമ്പില്നിന്ന് കൊണ്ടുവന്ന് തൊഴുത്തിലാക്കിയ ശേഷമാണ് പള്ളി ദര്സിലേക്ക് പോയത്. അല്പം വൈകിയാണ് ദര്സില്‍ എത്തിയത്. ഞാന്‍ കയറിചെല്ലുമ്പോള്‍ ഈസാ നബി (അ) ആകാശത്തേക്ക് യാത്രപോയി എന്നാണ് കേട്ടത്. ഇതുകേട്ടപ്പോള്‍ എന്നില്‍ ഒരു കൌതുകം തോന്നി അതോടൊപ്പം ഒരു ബാലിശമായ സംശയവും. ഉടനെ ഞാന്‍ മുസ്ലിയാരോടായി ചോദിച്ചു: “അല്ല ഉസ്താതെ, ഈസാ നബിക്ക് എത്ര യൂണിറ്റായിരുന്നു റേഷന്‍ ?”എന്റെ ഗുരുനാഥനായിരുന്ന സൈതാലി മുസ്‌ലിയാര്‍ ഉത്തരം പറയുന്നതിന് പകരം അല്പമൊന്നു ചിന്തിച്ച് നിര്ത്താതെ ചിരിക്കാന്‍ തുടങ്ങി. പൊതുവെ ഗൌരവക്കാരനായിരുന്ന മുസ്‌ലിയാര്‍ ചിരിക്കുന്നത് കണ്ട് മറ്റുകുട്ടികള്‍ എല്ലാവരും കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി. അന്ന് പിന്നെ പഠനമൊന്നും നടന്നില്ല. എന്റെ ചോദ്യം ഒരു വലിയതമാശയായി ആദ്യം തോന്നിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് സൈതാലി  മുസ്ലിയാര്‍ വന്ന് എന്നോട് പറഞ്ഞു: “അന്നദാതാവായ അല്ലാഹുവിനാല്‍ സാധിക്കാത്തതായോന്നുമില്ല.”ഈ അല്ലാഹു, അന്നം, സ്വര്ഗ്ഗം, ഭൂമിയേതര ആകാശ പ്രദേശം (Heavenly Bodies) ഇവയൊക്കെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ശാസ്ത്രാന്വേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ചു.    പൂനെയിലെ പഠന ഗവേഷണ കാല അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാമൊ? പൂനെയിലെ നവറോജി വാദിയ കോളേജില്‍ ആയിരുന്നു ബിരുദപഠനം. അവിടെ നിന്ന് കെമിസ്ട്രിയില്‍ ബി.എസ് സി ബിരുദം എടുത്തശേഷം പൂനെ സര്‍വകലാശാലയില്‍ കെമിസ്ട്രിയില്‍ M.Sc ചെയ്തു. അക്കാലത്ത് സര്‍വകലാശാല ലൈബ്രയിയില്‍ ചില പുസ്തകങ്ങളില്‍ മുസ്ലിംകളുടെ ശാസ്ത്രലോകത്തിനുള്ള സംഭാവനകള്‍, അവരുടെ കണ്ടു പിടുത്തങ്ങള്‍ എന്നിവ എനിക്ക് ഖുര്‍ആന്‍ ശാസ്ത്രം കേന്ദ്രീകരിച്ച് പഠിക്കാനുള്ള പ്രചോദനമായി. പഠനകാലത്ത്‌ അണു (atom) -വിനെ കുറിച്ചും അതില്‍ പ്രോടോണ്‍ ന്യൂട്രോണ്‍ ഇലക്ട്രോണ്‍ തുടങ്ങിയവയുടെ ക്രമീകരണവും എന്നെ ഇതിന്റെയെല്ലാം സൃഷ്ടാവിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സ്വാധീനിച്ചു. ‘നിങ്ങള്ക്ക് ഗ്രഹിക്കാവുന്നതും അതിന് കഴിയാത്തതുമായ പല അത്ഭുതകരമായ ക്രമീകരണങ്ങളും നാം ഈ പ്രപഞ്ചത്തില്‍ ഒരുക്കിയിട്ടുണ്ട്.’–എന്ന ഖുര്‍ആന്‍ സൂക്തം എന്നില്‍ കൂടുതല്‍ ജിജ്ഞാസയുണ്ടാക്കി. ശാസ്ത്രം പഠിക്കാതെ അല്ലാഹുവിന്റെ പല സ്വിഫത്തുകളും ഗ്രഹിക്കുക പ്രയാസകരമാകും എന്ന തോന്നല്‍ എന്നിലുണ്ടായിതുടങ്ങി.   അന്നത്തെ മുസ്ലിം പണ്ഡിതലോകം എങ്ങിനെയാണ് ‘ഖുര്‍ആന്‍ -ശാസ്ത്രം എന്ന വിഷയത്തെ വീക്ഷിച്ചിരുന്നത്? അമ്പതു കൊല്ലത്തിനിങ്ങോട്ട് അത്തരം സമീപനങ്ങളിൽ മാറ്റം കാണുന്നുണ്ടോ? എന്തായിരിക്കും ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം? ക്ലാസ്സിക്കല്‍ ഇസ്‌ലാമികലോകത്തുണ്ടായിരുന്ന ശാസ്ത്രീയ മുന്നേറ്റം യോറോപ്പിന്റെ കടന്നുകയറ്റത്തിലൂടെ ഭാഗീകമായി ക്ഷീണിക്കാന്‍ തുടങ്ങി. ഖുര്‍ആന്‍  കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ ഗവേഷണം കാലക്രമേണെ ഇല്ലാതാകുന്നത് കാണാനിടയായി. അവിടവിടെയായി വിരലിലെണ്ണാവുന്ന പഠനങ്ങള്‍ ഒഴിച്ചാല്‍ മുഖ്യാധാരാ ഗവേഷണങ്ങള്‍ പാടെ നിര്ജ്ജീവമായി. പിന്നീട് ഇരുപതാം നൂറ്റാണ്ടില്‍ അതിന് പുതുജീവന്‍ വെച്ചതായും ഇരുപത്തൊന്നാം നൂറ്റാണ്ടോടെ പൂര്‍വാധികം ശക്തിയോടെ മുന്നേറ്റം തുടങ്ങുന്നതായും നമുക്ക് കാണുവാന്‍ സാധിക്കും. എനിക്ക് ഈ വിഷയത്തില്‍ തോന്നിയ കൌതുകവും താത്പര്യവും ഞാന്‍ സുഹൃത്തക്കളുമായി പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് ഫറൂക്ക് കോളേജിലും, PSMO കോളേജിലുമായുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ എന്നെ നന്നേ പ്രോത്സാഹിപ്പിച്ചു. ആധുനിക ലോകത്ത് ശാസ്ത്രീയ വിഷയങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ദൈവിക സന്ദേശങ്ങള്‍ അതിന്റെ പ്രധാന്യത്തോടെ അവതരിപ്പിക്കുക പ്രയാസമാണ്. ഇത് ഇസ്ലാമിക പ്രബോധന ലോകവും പണ്ഡിത ലോകവും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.   പൂനെ ജീവിതത്തിന് ശേഷം അങ്ങ് സ്വകുടുംബം ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെക്കാണല്ലോ പോയത്, ആദ്യകാല നൈജീരിയന്‍ അനുഭവങ്ങള്‍ ഒന്ന് ഓര്ത്തെടുക്കാമോ? പൂനെ നാഷനല്‍ ലബോറട്ടറിയില്‍ (NCL, Pune) PhD ഗവേഷണം ചെയ്തിരുന്ന കാലത്ത് എന്റെ സഹപ്രവര്ത്തകനായിരുന്ന തിരുവനന്തപുരം സ്വദേശി Dr. പോള്‍ തോമസ്‌ ആണ് ആദ്യമായി അക്കാലത്ത് നൈജീരിയയില്‍ ഉണ്ടായിരുന്ന തൊഴില്‍ സാദ്ധ്യതകളെ കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. അദ്ധേഹത്തിന്റെ നിര്ദ്ധേശപ്പ്രകാരം, നൈജീരിയന്‍ സംസ്ഥാനമായ കാനോ-വിലെ വിദ്യാഭ്യാസ വകുപ്പിലേക്ക് ശാസ്ത്രാധ്യാപകന്‍ എന്ന തസ്തികക്കുവേണ്ടി അപേക്ഷഅയച്ചു. മാസങ്ങള്ക്കകം കുടുംബസമേതം നൈജീരിയയിലേക്ക് പോയി. പിന്നീട് എന്റെ ജോലിമികവിലും സ്കൂളിലെ വിദ്യാഭ്യാസ മേഖല കൈവരിച്ച അഭിവൃദ്ധി ഗണിത ശാസ്ത്രത്തിലെ അധ്യാപകരുടെ സംസ്ഥാന തല പരിശീലകനായി നിയമിതനാക്കാന്‍ സഹായിച്ചു. ആറുവര്ഷത്തിനുള്ളില്‍ ഏറ്റവും നല്ല HSC റിസള്ട്ട്‌ കാനോ സംസ്ഥാനത്തിന് അവകാശപ്പെട്ടതായി. 600 അധ്യാപകരുടെ ആറുവര്ഷത്തെ കൂട്ടായ പ്രയത്ന ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. അവരുടെ അന്നത്തെ മേധാവി എന്നനിലയില്‍ ആ നേട്ടത്തില്‍ അഭിമാനിക്കാന്‍ എനിക്കും അവസരം ലഭിച്ചു. പിന്നീട് കാനോ-വിലെ കോളേജ് ഓഫ് അഡ്വാന്സ്ഡ്‌ സ്റ്റടീസിലേക്ക് ജോലികയറ്റം ലഭിച്ചു. അന്ന് കോളേജ് കാമ്പസിന് ചുറ്റും ഒരു മരുഭൂമിയെന്നവണ്ണം വരണ്ടുണങ്ങിയ പ്രദേശമായിരുന്നു. എന്റെ സഹപ്രവര്ത്തകരുടെയും, പ്രകൃതി സ്നേഹികളുടെയും സഹായത്തോടെ കോളേജിന് ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ ഇതില്‍ അതീവ താത്പര്യം കാണിച്ചിരുന്നു. പിന്നീടൊരിക്കല്‍ ഗവര്ണര്‍ ആയിരുന്ന ഔടു ബാക്കു ക്യാമ്പസ്‌ സന്ദര്ശിക്കാന്‍ ഇടയായി. അദ്ധേഹം മുന്പൊരിക്കല്‍ ഉദ്ഘാടനം ചെയ്ത കോളേജ് ഇന്ന് ഒരു ഹരിതാഭ ശോഭയില്‍ കണ്ടപ്പോള്‍ അദ്ധേഹം അതീവ സന്തോഷവാനായി. കര്ഷക വിഷയങ്ങളില്‍ തല്പരനായിരുന്ന ഗവര്ണര്‍ ഇതിനു പിന്നില്‍ പ്രവര്ത്തിച്ചതാരാണ് എന്ന് അന്വേഷിക്കുകയും ആദരസൂചകമായി ക്യാമ്പസിന്റെ മുന്നിലുള്ള ബസ്‌ വൈറ്റിംഗ് ഭാഗമടക്കമുള്ള ആ പ്രദേശത്തെ ‘Quasim Square’  എന്ന് നാമകരണം ചെയ്തു. നൈജീരിയയില്‍ നിന്ന് മടങ്ങിയ ശേഷം കേരളത്തില്‍ ആദ്യമായി ഒരു ഖുര്‍ആന്‍ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു. 1986 -ല്‍ തിരൂര്‍ സീതി സാഹിബ്‌ മെമ്മോറിയല്‍ പോളിടെക്നിക്കില്‍ വെച്ചായിരുന്നു ഈ സെമിനാര്‍ നടന്നത്. കേരളത്തില്‍ അത്തരമൊരു സെമിനാര്‍ ആദ്യമായിട്ടായിരുന്നു. പിന്നീട് കേരളത്തിലെ അന്നത്തെ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുമായും മാസികകളുമായും സഹകരിച്ചുകൊണ്ട് ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും, എഴുതുവാനും സാധിച്ചു.   IMG_1063പിന്നീട് ആസ്ത്രേലിയയിലേക്ക് വന്നു, എന്തായിരുന്നു ഈ യാത്രയുടെ കാരണം? അന്നത്തെ ആസ്ത്രേലിയന്‍ മുസ്‌ലിം ജീവിതവും, പിന്നീടുണ്ടായ മാറ്റങ്ങളും ഒന്ന് വിശദീകരിക്കാമോ? എന്റെ അനുജന്‍ അബ്ബാസ്‌ ചേലാട്ടിന്റെ നിര്ദ്ധേശപ്രകാരമാണ് ആസ്ത്രേലിയയിലേക്ക് ആദ്യമായി വരുന്നത്. ശാസ്ത്ര അധ്യാപകനായും, പിന്നീട് ഒരു അന്താരാഷ്ട്ര കമ്പനിയില്‍ industrial chemist ആയി ജോലിനോക്കി. അന്നൊക്കെ കേരളത്തില്നിന്നുള്ള മുസ്‌ലിംകള്‍ വളരെ കുറവായിരുന്നു. വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ എന്നുതന്നെ പറയാം. ഇവിടെയുള്ള മറ്റു മുസ്ലിംകളുടെ മതജീവിത രീതി വളരെ വ്യത്യസ്തമായിരുന്നു. ഇസ്ലാമില്‍ നിന്നും വളരെഅകന്ന ഒരു ജീവിതരീതിയാണ് ആ കാലത്ത് ഇവിടെയുണ്ടായിരുന്ന അഫ്ഘാന്‍, അറബ്, തുര്കി വംശജരായ ഒട്ടുമിക്ക മുസ്ലിംകളും സ്വീകരിച്ചിരുന്നത്. സിഡ്നി നഗരത്തില്‍ മൊത്തമായി മൂന്നോ നാലോ നമസ്കാര പള്ളികളെ ഉണ്ടായിരുന്നുള്ളൂ. 30 വര്ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ ഈ പറയുന്നത്. അവയിയില്‍ രണ്ടോ മൂന്നോ ഇടങ്ങളില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി ചില ക്ലാസുകള്‍ നടന്നുകൊണ്ടിരുന്നു. ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പ്രവര്ത്തനങ്ങള്‍ ആവശ്യമാണ് എന്ന് അന്നെനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാനും എന്റെ ഭാര്യ റുഖിയ്യ ഖാസിമും കൂടി ഇവിടെയുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച്ചതോറും തോറും ഖുര്‍ആന്‍ ക്ലാസ്സുകള്‍ നടത്തുവാന്‍ തുടങ്ങി. ഓരോ പള്ളികളിലും രണ്ടു മണിക്കൂര്‍ വീതം ഒരു ദിവസത്തില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഞങ്ങള്‍ ഖുര്‍ആന്‍ പഠിപ്പിച്ച്കൊണ്ടിരുന്നു. അന്നത്തെ സിഡ്നിയിലെ പ്രമുഖ ഇന്ത്യന്‍ മുസ്ലിം വ്യക്തിത്വങ്ങളായിരുന്ന Dr. ഖാസി അഷ്ഫാഖ്, മുഹമ്മദ്‌ ഹഫീഫ് എന്നിവര്‍ ഇത്തരം ഖുര്‍ആന്‍ പ്രവര്ത്തനങ്ങള്ക്ക് ഞങ്ങളെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു. പിന്നീട് ക്ലാസുകള്‍ വര്ദ്ധിക്കുകയും വിദ്യാര്ത്ഥികള്‍ കൂടുകയും പുതിയ രീതിയിലേക്കും ക്രമീകരണങ്ങളിലേക്കും ഖുര്‍ആന്‍ പഠനം വ്യാപിക്കുകയും ചെയ്തു.   ആഗോളതലത്തില്‍ ഇസ്ലാമോഫോബിയ വളര്ന്നുവന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള വല്ല പ്രതിസന്ധികളും ആസ്ത്രേലിയയിലെ ഉദ്യോഗകാലത്ത് താങ്കള്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ?   അന്ന് ഇവിടെയുണ്ടായിരുന്നവരില്‍ കൂടുതലും മതാധിഷ്ടിതജീവിതം പുലര്ത്തിയിരുന്നവരല്ല, അതുകൊണ്ടുതന്നെ മതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് ഇവിടെയുള്ളവര്ക്ക് അത്രകണ്ട് അറിവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ ഇസ്ലാമോഫോബിയ എന്നനിലയിലുള്ള പ്രതിസന്ധികളൊന്നും ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടില്ല. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ഇസ്‌ലാമിക സാമൂഹിക ജീവിതത്തിന്റെയും രാഷ്ട്രീയ പ്രസക്തിയുടെയും അലയൊലികള്‍ ഉണ്ടായിതുടങ്ങി. Middle East, അറബ് രാജ്യങ്ങളില്‍ ഈ വിപ്ലവം ഇസ്ലാമികജീവിതത്തിലെക്ക് തിരിച്ചുവരാനുള്ള അനുകൂലസ്ഥിതി ഉണ്ടാക്കിയിരുന്നു. എന്നാല്‍, ആസ്ത്രേലിയ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച് ഒരു അസാധാരണവും അയുക്തവുമായ ഭീതിയും അതിലുറച്ച കാഴ്ചപ്പാടുകളും വളര്ന്നുവന്നു. അങ്ങിങ്ങായി പല തിക്താനുഭവങ്ങളും ഇതിന്റെ പേരില്‍ പല മുസ്‌ലിംസഹോദരങ്ങള്ക്കും ഉണ്ടായിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എങ്കിലും മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി  കുറഞ്ഞ അളവിലുള്ള പ്രതികൂല സാഹചര്യങ്ങളെ ഒരുമുസ്‌ലിമിന് അന്നും ഇന്നും ആസ്ത്രേലിയയില്‍ ഉള്ളൂ. രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ ഇവിടത്തുകരായ ആസ്ത്രേലിയക്കാര്ക്കുള്ള അമിതാവേഷമില്ലായ്മയും, താത്പര്യക്കുറവും അതിനൊരു കാരണമാണ്.   കേരളത്തിലെ മുസ്‌ലിം വിദ്യഭ്യാസ മുന്നേറ്റത്തെ പ്രത്യേകിച്ചും മലബാറില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വളര്ച്ചയെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു? ഗള്ഫ്‌ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഒഴുക്ക് കേരളത്തിലേക്ക് വന്നത് മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രവാസികളായ ഒട്ടുമിക്ക മുസ്ലിംകളും ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും അതിന് ലഭിച്ചേക്കാവുന്ന ഗുണവും മേന്മയും ഗള്ഫ്‌ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള തൊഴില്‍ സാധ്യതകളില്നിന്ന് മനസ്സിലാക്കി. ക്രൈസ്തവ സമുദായം അടക്കമുള്ള മറ്റുമത വിശ്വാസികള്ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്കി‍ക്കൊണ്ടിരിക്കുന്ന പ്രസക്തി ഒരു പരിധി വരെ മുസ്‌ലിം സമുദായത്തെയും സ്വാധീനിച്ചിട്ടുണ്ട്. മാത്രവുമല്ല, മുസ്ലിംകള്ക്കിടയില്‍ നിന്നുതന്നെ വളര്ന്നുവന്ന പ്രതിഭാധരരായ വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും പണ്ഡിതരുടെയും അശ്രാന്ത പരിശ്രമഫലമായി മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റുതന്നെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ വീശുകയുണ്ടായി. ഇതൊക്കെയാണ് ഇന്ന് നാം കാണുന്ന മലബാര്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കാരണങ്ങളായി എനിക്ക് തോന്നിയിട്ടുള്ളത്. നിലവിലുള്ള സൌകര്യങ്ങളെയും സജ്ജീകരണങ്ങളെയും പരമാവധി ഉപയോഗിക്കാന്‍ മലബാര്‍ മുസ്‌ലിം യുവത മുന്നോട്ടുവരണം. അവര്ക്ക് പ്രോത്സാഹനം നല്കാന്‍ വിഭാഗീയ ചിന്തകള്‍ മാറ്റിവെച്ചുകൊണ്ട് ഇസ്‌ലാമിക സംഘടനകളും കൂട്ടായ്മകളും ഒരുമിച്ചു മുന്നോട്ട് വരണം.   ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ താങ്കള്‍ ഈയിടെ സന്ദര്ശനം നടത്തിയല്ലോ, എന്തായിരുന്നു അനുഭവങ്ങള്‍? ദാറുല്‍ ഹുദാ അടക്കമുള്ള കേരളത്തിലെ മതധ്യാപനരംഗത്തെ വളര്ച്ചയെ എങ്ങിനെയാണ് വിലയിരുത്തുന്നത്?  ഞാന്‍ നേരത്തെ സൂചിപ്പിച്ച ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി മലബാറില്‍ നടന്ന ശീത വിപ്ലവം ഭൌതിക വിദ്യാഭ്യാസ മേഖലകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. അനുഗ്രഹീതരായ പണ്ഡിതന്മാരുടെ പ്രയത്നഫലമായി പല വിദ്യാഭ്യാസ മേഖലകളിലും പക്വതയിലേക്കുള്ള മാറ്റങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. അത് വ്യക്തിപരമായി ഞാന്‍ നേരിട്ട് കണ്ട് അനുഭവിച്ച രണ്ടു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയാണ്. വര്ഷങ്ങള്ക്ക് മുമ്പ് ലണ്ടനില്‍ ഒരു ഇസ്‌ലാമിക കോണ്‍ഫറന്സിന്റെ അഥിതിയായി ചെന്നപ്പോഴാണ് ഞാന്‍ Dr. ബഹാവുദ്ധീന്‍ നദ്‍വിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹവുമായി നടത്തിയ സൌഹൃദ സംഭാഷണത്തില്‍ നിന്നാണ് ദാറുല്‍ ഹുദായെ ക്കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്. അന്നുതന്നെ അദ്ദേഹം എന്നെ ദാറുല്‍ ഹുദായിലേക്ക് അഥിതിയായി ക്ഷണിച്ചിരുന്നുവെങ്കിലും ദാറുല്‍ ഹുദ സന്ദര്ശിക്കാന്‍ എനിക്കവസരം ലഭിച്ചത് ഈ വര്ഷമാണ്‌ (2014). കേരളത്തില്‍ ഇത്രയും ചിട്ടയോടുകൂടിയും വ്യവസ്ഥാനുസൃതമായും നടത്തിപോരുന്ന ഒരു ഇസ്‌ലാമിക വിദ്യഭ്യാസസ്ഥാപനം ഉണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പാരമ്പര്യ വിദ്യഭ്യാസ മൂല്യങ്ങളുടെയും നൂതന വിദ്യാഭ്യാസ സംവിധാനങ്ങളുടെയും ഒരു സംഗമവേദിയായിട്ടാണ് എനിക്ക് ദാറുല്‍ ഹുദാ ക്യാംപസ് തോന്നിയത്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌, ക്ലാസ്സ്മുറികള്‍ എന്നിവ എന്നെ വല്ലാതെ ആഘര്ഷിച്ചു. ദാറുല്‍ ഹുദായില്‍ നിലനില്ക്കുന്ന അധ്യാപകരും വിദ്യാര്ഥികളും തമ്മിലുള്ള മൂല്യാധിഷ്ടിത സമ്പര്ക്കം വളരെ വൈകാരികവും, ആഴത്തിലുള്ളതുമാണെന്ന് അവര്ക്കിടയില്‍ സമയം ചിലവഴിച്ചതിലൂടെ എനിക്ക് മനസ്സിലായി. തീവ്ര ഉത്കര്‍ഷേഛയും, ദീര്ഘദൃഷ്ടിയും ഉള്ള വിദ്യാസമ്പന്നമായ ഒരു പണ്ഡിത കൂട്ടായ്മക്ക് മാത്രമേ ദാറുല്‍ ഹുദായെപ്പോലെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയുകയുള്ളൂ എന്നതില്‍ തര്ക്കമില്ല. ഒരു വിദ്യാര്ഥിയുടെ സമയം ഒട്ടും നഷ്ടപ്പെടാതെ ക്രിയാത്മകമായ രീതിയിലുള്ള വിദ്യയാര്ജ്ജിക്കുന്നതിന് അര്പ്പണബോധത്തോടെ ശ്രമിക്കാനും ആത്മീയ ഭൌതിക വിദ്യാഭ്യാസങ്ങള്‍ ഒരേ സമയം മികച്ച രീതിയില്‍ നേടിയെടുക്കാനും ദാറുല്‍ ഹുദ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ കഴിയൂ. ഖുര്‍ആന്‍ പഠനത്തില്‍ യുവതലമുറക്ക് നല്കാനുള്ള സന്ദേശം എന്താണ്? ഒരു യഥാര്ഥ മുസ്‌ലിം ഖുര്‍ആനിനെ എങ്ങിനെ സമീപിക്കണം? പ്രവാചകന്‍ മുഹമ്മദിന്റെ (സ്വ)- 23 വര്ഷക്കാലത്തെ പ്രബോധന ജീവിതത്തില്‍ സുപ്രധാന ദൌത്യമായി അല്ലാഹു നിശ്ചയിച്ചത് ഖുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗത്തില്‍ കൊണ്ടുവരിക എന്നിവയായിരുന്നു. പ്രവാചകന്‍ ചെയ്തിരുന്നതും ഇതുതന്നെയായിരുന്നു. പ്രവാചകനെ പിന്പറ്റുന്നവര്‍ എന്ന നിലയില്‍ ഓരോ മുസ്‌ലിമും ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രവര്ത്തനത്തില്‍ കൊണ്ടുവരേണ്ടതുമുണ്ട്. കണ്ണിന് കുളിര്‍മയേകുന്ന പെട്ടികളിലും, പട്ടുതുണികളിലും പൊതിഞ്ഞ് ഖുര്‍ആന്‍ ഒരു കൗതുക പ്രദര്ശന വസ്തുവായി മാറ്റുന്നതിന് പകരം. സ്വന്തം ജീവിതത്തിലേക്കുള്ള ഒരു lifestyle guide ആയി ഖുര്‍ആനിനെ സമീപിക്കേണ്ടത് അത്യാവിശ്യമായിട്ടുള്ള ഒരു അവസ്ഥയിലാണ് നാം ഇപ്പോള്‍ ഉള്ളത്. ഖാലിഖായ (സൃഷ്ടാവായ) അല്ലാഹുവിനെ അറിയുവാനുള്ള മാര്ഗം മഖ്‍ലൂഖുകളിലൂടെ (സൃഷ്ടികളിലൂടെ) ആണ്. “ഇഖ്‌റഅ”എന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെ വന്ന സൂക്തം ഖലഖ് എന്ന ജന്തുശാസ്ത്ര പ്രസക്തിയെക്കുറിച്ചുള്ള ദിവ്യവെളിപാടായിരുന്നു ഇതില്‍ നിന്നുതന്നെ ആത്മീയ ഭൌതിക വിദ്യഭ്യാസമേഖലകള്‍ തമ്മിലുള്ള അന്തരം എത്രയോ ചെറുതാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇവ്വിധത്തില്‍ ഖുര്‍ആനിനെയും ഇസ്‌ലാമിക ആത്മീയ പഠന ശാഖകളെയും സമീപിക്കാന്‍ യുവതലമുറക്കും വരും തലമുറക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter