കഅബ: മഥാഫിന്റെ വിസ്തൃതി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
മക്ക: കഅബക്കു ചുറ്റും ഥവാഫ് ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചുവരുന്ന ഹജ്ജാജുമാരുടെ സൗകര്യം പരിഗണിച്ച് മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായതായി സഊദി ഭരണാധികാരി അബ്ദുല്ലാ രാജാവിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സീനിയര്‍ ഉദ്ദ്യോഗസ്ഥന്‍ അബ്ദുല്‍ അസീസ് സറൂജി പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന മഥാഫ് മണിക്കൂറില്‍ 1,30,000 തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം വലുതായിരിക്കും. മൂന്നു വര്‍ഷംകൊണ്ടായിരിക്കും പണി പൂര്‍ത്തീകരിക്കുക. മഥാഫില്‍ നിസ്‌കാരത്തിനും ഥവാഫിനും തടസ്സമാവാത്ത വിധം കഴിയുന്ത്ര വേഗത്തില്‍തന്നെ പണിതീര്‍ക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്വഫാ-മര്‍വകള്‍ക്കിടയില്‍ ഓടുന്ന സ്ഥലം (മസ്ആ) ഈയിടെ നാലു തട്ടുകളിലായി വിസ്തൃതമാക്കിയത് തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാരം ചെയ്തതായി അദ്ദേഹം അനുസ്മരിച്ചു.
വിദ്യാഭ്യാസ മന്ത്രി ഖലീല്‍ അല്‍ അന്‍ഖാരി അവതരിപ്പിച്ച ഈ പദ്ധതിക്ക് കഴിഞ്ഞ ജൂണ്‍ മാസത്തോടെത്തന്നെ ആരംഭം കുറിച്ചിരുന്നു. നാടിന്റെ നാനാ ഭാഗത്തുനിന്നും ഉംറ നിര്‍വഹിക്കാനായി വന്നവരുടെ ബാഹുല്യം കാരണം റമദാനില്‍ പണി നിര്‍ത്തിവെച്ചിരിക്കയാണ്. റമദാന്‍ കഴിഞ്ഞാല്‍ പണി പുനരാരംഭിക്കുമെന്നും ഈ പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നതോടെ തീര്‍ത്ഥാതടകര്‍ നേരിടുന്ന വലിയൊരു അളവോളം ബുദ്ധിമുട്ടുകള്‍ തീരുമെന്നും അദ്ദേഹം പറഞ്ഞു.
അഭ്യന്തരമന്ത്രി അഹ്മദാണ് ഈ പ്രൊജക്റ്റ് നടത്തിപ് കമ്മിറ്റിയുടെ ചെയര്‍മാന്‍. വിദ്യാഭ്യാസ മന്ത്രി അല്‍ അന്‍ഖാരിയും ഹജ്ജ് മിനിസ്റ്റര്‍ ബന്തര്‍ ഹജ്ജാറും മെമ്പര്‍മാരാണ്.
ഹജ്ജ്-ഉംറ വേളയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 630 ഓളം പഠനങ്ങള്‍ തങ്ങളുടെ സ്ഥാപനം നടത്തിയതായും ഹജ്ജിനെയും ഉംറയെയും കിറിച്ചു മാത്രം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരേയൊരു സ്ഥാപനം തങ്ങളുടെതു മാത്രമാണെന്നും സറൂജി വ്യക്തമാക്കി. 38 വര്‍ഷമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സഊദി യൂണിവേഴ്‌സിറ്റികളില്‍ ഇവയുമായി ബന്ധപ്പെട്ട റിസര്‍ച്ച് ചെയറുകള്‍ ആരംഭിക്കലാണ് തങ്ങളുടെ അടുത്ത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ മക്ക, മദീന തുടങ്ങിയ വിശുദ്ധ പട്ടണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രിന്‍സ് നായിഫ് ചെയര്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ റമദാനില്‍ മാത്രം അതില്‍ നാല്‍പതോളം ഗവേഷണങ്ങള്‍ നടന്നതായും വിവിധ തരം അമൂല്യ വിവരങ്ങള്‍ ശേഖരിക്കാന്‍ 230 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനോട് സഹകരിച്ചതയും അദ്ദേഹം പറഞ്ഞു.
Leave A Comment