മിസ്റ്റര്‍ മോദിജീ, താങ്കളിത് നേരത്തെ പറയേണ്ടിയിരുന്നു
ആസന്നമായ പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ മുന്നില്‍ കണ്ട് മോദി പശുവിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അനവധിയാളുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചുവീണപ്പോഴും മിണ്ടാതിരുന്ന മോദിയാണ് ഇപ്പോള്‍ എടുത്തുചാടി പ്രസ്താവന ഇറക്കിയിരിക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം തടയണമെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ മോദി പറഞ്ഞിരിക്കുന്നത്.
ഹരിയാനയില്‍ ജുനൈദ് എന്ന വിദ്യാര്‍ത്ഥി ട്രൈനില്‍വെച്ച് വധിക്കപ്പെടുകയും നാടുനീളെ അതിനെതിരെ പ്രതിഷേധം കത്തിയാളുകയും ചെയ്തപ്പോഴും മോദി സമാനമായ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍, അതിനു മുമ്പ് അഖ് ലാഖ് മുതല്‍ ധാരാളം മുസ്‌ലിംകളും ദലിതുകളും ദാരുണമായി കൊല ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടും മോദി അവക്കെതിരെ വാ തുറന്നിരുന്നില്ല.
ഇത് വ്യക്തമാക്കുന്നത് ഈ വിഷയത്തിലുള്ള മോദിയുടെ ഒളിയജണ്ടയാണ്. തികച്ചും അവസരവാദമാണ് മോദി ഇവിടെ കാണിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കാണുമ്പോള്‍ മാത്രം പ്രസ്താവന ഇറക്കുന്ന കുടിലമായ ഒരു രീതി. അതു തന്നെയാണ് ഇപ്പോഴും മോദി നടത്തിയിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ഈ മഴക്കാല സെഷനില്‍ മോദി ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക തന്റെ ഭരണകാലത്ത് രാജ്യത്ത് നടന്ന പശുവിശയ സംബന്ധമായ കൊലപാതകങ്ങളെക്കുറിച്ച ചോദ്യങ്ങളും പ്രതിഷേധങ്ങളുമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് ശരിക്കുമറിയാം. അതിനെ നേരത്തെ അറിഞ്ഞ് ഒരു പടി മുമ്പില്‍ വിത്തെറിഞ്ഞിരിക്കയാണ് നരേന്ദ്ര മോദി. ഇതില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലായെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്.
പണ്ട് യു.പി തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സമയത്താണ് മോദി ഗോരക്ഷകരെക്കുറിച്ച് സംസാരിച്ചത്. പിന്നീട് അക്കാര്യം മറന്നുപോകുകയായിരുന്നു. മോദിയുടെ ഈ മൗനം രാജ്യത്തെ ഗോഭീകരവാദികള്‍ക്ക് വളമാവുകയും ചെയ്തു. നാടായ നാട്ടിലെല്ലാം വേണ്ടപ്പെട്ടവരെയൊക്കെ അവര്‍ കൊന്നു തള്ളി. അതില്‍ തൊപ്പിവെച്ചവരെയും താടിവെച്ചവരെയും പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍, കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളുടെ വേദന കാണാന്‍ അധികാരികള്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല. മോദിയും ഗഡ്കരിയും ഇതെല്ലാം കണ്ട് മൗനം നോറ്റ് കഴിഞ്ഞുകൂടുകയായിരുന്നു.
ഇപ്പോഴിതാ ജനപ്രതിനിധികളുടെ പ്രതിഷേധം മുന്നില്‍ കണ്ട് മോദിക്ക് ബോധോദയം ഉണ്ടായിരിക്കുന്നു. ഇതിലെ വിശ്വാസ്യതയും ആത്മാര്‍ത്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഈ അവസരവാദം മോദി ഉപേക്ഷിക്കുകയും പൗരന്മാരുടെ ക്ഷേമവും നന്മയും മനസ്സിലാക്കുകയും വേണം.
Leave A Comment