കുട്ടികളുടെ പരീക്ഷ: മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍
ഇത് പരീക്ഷക്കാലം. എങ്ങും കുട്ടികള്‍ വായനയുടെയും പഠനത്തിന്റെയും തിരക്കിലാണ്. തീവ്രമായ പരീക്ഷാ സംഘര്‍ഷത്തില്‍നിന്നും ഒഴിവാക്കി അവരെ സന്തോഷകരമായി പരീക്ഷാ ഹാളിലേക്കയക്കാന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നും ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
പരീക്ഷ അടുക്കുന്തോറും മിക്ക കുട്ടികളിലും ഭയവും മാനസികമായ പിരിമുറുക്കവും സാധാരണമായി കണ്ടുവരുന്നുണ്ട്. ഇതവരെ മാനസികമായി മാത്രമല്ല, ശാരീരികമായും ക്ഷീണിപ്പിക്കും. ഫലമോ? തൃപ്തികരമായി പരീക്ഷയെഴുതാന്‍ കഴിയാതെ വരുന്നു. സ്‌കൂള്‍ അന്തരീക്ഷവും കുടുംബാന്തരീക്ഷവും തന്നെയാണിതിന് കാരണം.
അധ്യാപകരുടെ പെരുമാറ്റം, കൂട്ടുകാരുടെ കളിയാക്കല്‍ എന്നിവ കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങളുളവാക്കാറുണ്ട്. മാതാപിതാക്കളുടെ കാര്യമെടുത്താലോ? നിരന്തരമായ വിമര്‍ശനവും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. മക്കളുടെ പരീക്ഷാ സമയത്ത് അവരെ പഠിപ്പിക്കാനായി അവധിയെടുക്കുന്ന മാതാപിതാക്കളുണ്ട്. സത്യത്തിലിത് മക്കളുടെ ഭാവിയെ നശിപ്പിക്കുന്ന ഏര്‍പ്പാടാണ്. പരീക്ഷ പോലെ സ്വന്തം കഴിവ് പ്രകടിപ്പിക്കേണ്ടിവരുന്ന അവസരങ്ങളിലെല്ലാം കുട്ടിക്ക് മാതാപിതാക്കളുടെ സഹായം ലഭിക്കുക എന്നതു നല്ലതു തന്നെ. എന്നാല്‍ പരിധി വിട്ട സഹായം കുട്ടിക്ക് സ്വയം പര്യാപ്തത നേടാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അധ്യാപകരും കൂട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുട്ടിയെ വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. കുട്ടിയില്‍ പരീക്ഷയോട് ഒരു തരം ഭയവും വെറുപ്പും സൃഷ്ടിച്ചെടുക്കുന്നു.
കുട്ടി പരീക്ഷയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കണമെന്ന സദുദ്ദേശ്യത്തോടെയായിരിക്കുമിതെങ്കിലും പലപ്പോഴും ഇത്തരം സമീപനം വിപരീത ഫലങ്ങളാണുളവാക്കുന്നത്. കുട്ടികളെ പരീക്ഷക്കൊരുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പലതും ചെയ്യാനുണ്ട്. പരീക്ഷയെഴുതുന്നത് കുട്ടിയാണെങ്കിലും അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.
ആദ്യമായി ചെയ്യേണ്ടത് പുതിയ പാഠ്യ പദ്ധതിയുടെ രീതിയനുസരിച്ച് പഠിക്കാനും പരീക്ഷയെഴുതാനുമുള്ള സഹായവും സഹകരണവും ചെയ്തുകൊടുക്കുകയാണ്. മക്കള്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതോടൊപ്പം മാതാപിതാക്കള്‍ അവരെ നിരീക്ഷിച്ച് അതിന്റെ വെളിച്ചത്തില്‍ തങ്ങളുടെ കുട്ടിയുടെ ബുദ്ധിശക്തിയും സര്‍ഗശേഷിയും മനസ്സിലാക്കി അവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും പ്രോത്സാഹനവും നല്‍കേണ്ടതാണ്. കുട്ടികളിലെ മനോ വൈകല്യങ്ങള്‍ (അതുണ്ടെങ്കില്‍) അതിന്റെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിഞ്ഞ് വേണ്ട പരിഹാരം കാണേണ്ടതാണ്.
അതുപോലെ കുട്ടിക്ക് നല്‍കേണ്ട സഹായങ്ങളെ സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. വിവര ശേഖരണത്തിന് കുട്ടികളെ സഹായിക്കണം. ഭൂപടങ്ങള്‍, അറ്റ്‌ലസ്, ശാസ്ത്ര സംബന്ധമായ ചിത്രങ്ങള്‍, ശാസ്ത്രകാരന്മാരുടെയും മഹാന്മാരുടെയും അതി പ്രശസ്തരുടെയും വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും ശേഖരിച്ചുവെക്കണം. കുട്ടികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും അറിവുള്ളവരെ പരിചയപ്പെടുത്താനും ശ്രമിക്കണം. പരീക്ഷണ ശാലകള്‍, ലൈബ്രറികള്‍, പല തരത്തിലുള്ള മീഡിയകള്‍, നൂതനമായ നിരവധി ശാസ്ത്ര സാങ്കേതിക മാര്‍ഗങ്ങള്‍ മുതലായവയുടെ സഹായങ്ങള്‍ സ്വീകരിക്കേണ്ടിവരികയാണെങ്കില്‍ അതിനു തയാറാകണം.
കുട്ടിക്ക് വീട്ടില്‍ പഠിക്കാന്‍ പറ്റിയ അന്തരീക്ഷം ഉണ്ടാകണം. പുസ്തകങ്ങളും പഠന സാമഗ്രികളും ശരിയായും സൗകര്യപ്രദമായും വെയ്ക്കാനും ഇരുന്നു പഠിക്കാനുമുള്ള സൗകര്യമൊരുക്കിക്കൊടുക്കാനും അവ ക്ലാസില്‍ പങ്കുവെക്കാനുള്ള മനോഭാവവും സന്മനസ്സും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
പുതിയ പാഠ്യക്രമമനുസരിച്ച് പാഠ്യ പദ്ധതിയിലെ ലക്ഷ്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് വിദ്യാലയത്തില്‍ വെച്ചല്ല എന്നതുകൊണ്ട് പഠന സാമഗ്രികള്‍ ശേഖരിക്കുന്നതിനും പ്രൊജക്ട് ചെയ്യാനും നിരീക്ഷണത്തിനും സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം മാതാപിതാക്കള്‍ കുട്ടിയെ സഹായിക്കണം. വീട്ടില്‍ നടക്കുന്ന പത്രപാരായണം, മറ്റു വായനകള്‍, ടെലി വിഷന്‍ എന്നിവയൊക്കെ കുട്ടിയുടെ പഠന പ്രവര്‍ത്തനങ്ങളായി മാറ്റാന്‍ ശ്രമിക്കണം. കുട്ടിയില്‍ വായനാ ശീലം പ്രോത്‌സാഹിപ്പിക്കുകയും ടെലിവിഷനിലെ വിജ്ഞാന കൗതുക പരിപാടികള്‍ കാണാന്‍ അനുവദിക്കുകയും വേണം.
പരീക്ഷ അടുക്കുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യാതെ അവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറണം. മക്കളില്‍ മുമ്പ് കണ്ടിട്ടുള്ള കഴിവുകളും മെച്ചപ്പെട്ട പ്രകടനങ്ങളും എടുത്തുപറയാനും മടിക്കരുത്. ഉദാഹരണമായി പാദ വാര്‍ഷിക പരീക്ഷയിലോ ക്ലാസ് ടെസ്റ്റിലോ ഏതെങ്കിലും വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കില്‍ അതെടുത്തുപറയാം.
പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ തീത്തും ഒഴിവാക്കുകതന്നെവേണം. അതിഥികള്‍ വന്ന് സംസാരിച്ചിരിക്കുന്നിടത്താകരുത് കുട്ടികളുടെ പഠന മുറി. അതുപോലെ മറ്റു കുട്ടികളെ, പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തുവന്ന് കളിക്കരുതെന്ന് പറഞ്ഞുമനസ്സിലാക്കുക. പഠനപരീക്ഷാവേളയില്‍ ടി.വി കാണുന്നത് ഒഴിവാക്കുക തന്നെ വേണം. കുട്ടിയോട് പഠിക്കാന്‍ പറഞ്ഞിട്ട് മാതാപിതാക്കള്‍ ടി.വി ഓണ്‍ ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം.
പഠിക്കാന്‍ പറ്റിയ സമയം കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തണം. പരീക്ഷയടുത്തെന്നു വെച്ച് പാതിരാത്രിയോളം കുത്തിയിരുന്ന് പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ശാരീരിക ക്ഷീണത്തിനേ അതിടയാക്കുകയുള്ളൂ. പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം രാവിലെ തന്നെയാണ്. അതിരാവിലെ എഴുന്നേറ്റ് പഠിക്കാന്‍ മക്കളെ ശീലിപ്പിക്കണം. എന്നു വെച്ചു മൂന്നു മണിക്കോ മൂന്നരമണിക്കോ എഴുന്നേല്‍ക്കേണ്ട ആവശ്യം ഒന്നുമില്ല. അഞ്ച് മണിക്ക് വിളിച്ചാല്‍ മതിയാകും. എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങളും ആ സമയത്തെ ദിനചര്യകളുമുണ്ടെങ്കില്‍ അതു ചെയ്തതിനുശേഷം മാത്രം പഠിക്കാനിരിക്കാന്‍ പറയുക. നേരത്തെ വിളിച്ചാല്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങാനിടയുണ്ട്. മറ്റൊരു കാര്യം. തുടര്‍ച്ചയായി ഒരേ ഇരിപ്പില്‍ കൂടുതല്‍ സമയമിരുന്ന് പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. പഠനത്തിനിടയില്‍ ആവശ്യത്തിന് വിശ്രമം കൊടുക്കണം. അതു പോലെ സമയത്ത് ആഹാരവും നല്‍കണം. ആഹാരം ഒഴിവാക്കി പഠിക്കുന്ന ചില കുട്ടികളുണ്ട്. അത് പ്രോത്സാഹിപ്പിക്കരുത്.
ചില വിഷയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പമുള്ളതായും മറ്റു ചിലത് വളരെ വിഷമമുള്ളതായും അനുഭവപ്പെടുക സ്വാഭാവികമാണ്. ഈ വസ്തുത മനസ്സിലാക്കി കൂടുതല്‍ എളുപ്പമുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കാന്‍ പറയുക. പിന്നീട് വിഷമമുള്ള വിഷയങ്ങളിലേക്ക് കടക്കുന്നതാണ് ഉത്തമം. ആ വിഷയം മാതാപിതാക്കള്‍ക്ക് അറിയുന്നതാണെങ്കില്‍ കുട്ടിക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞുകൊടുത്ത് സഹായിക്കുക. ഇല്ലെങ്കില്‍ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരുടെയോ മറ്റോ സഹായം തേടുക. അതുമല്ലെങ്കില്‍ കുട്ടിക്ക് വിശ്വാസമുള്ള കൂട്ടുകാരെകൊണ്ട് പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യാം.
പരീക്ഷക്ക് സമയം തികയുന്നില്ല എന്നാണ് മിക്ക കുട്ടികളുടെയും പരാതി. സമയത്തിനുള്ളില്‍ ഉത്തരമെഴുതാന്‍ കഴിയാത്തതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. സമയത്തിന് എഴുതി ശീലിക്കാന്‍ കുട്ടികളെ സഹായിക്കണം. പഴയ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തില്‍ വീട്ടിലിരുത്തി ഉത്തരമെഴുതി ശീലിപ്പിക്കുന്നത് തെറ്റ് കുറ്റങ്ങള്‍ പരിഹരിക്കുന്നതിനും കൃത്യസമയത്ത് എഴുതിതീര്‍ക്കാനും ഉള്ള ഒരു പരിശീലനമാകും. ഇന്നത്തെ പരീക്ഷാ രീതിയാണെങ്കില്‍ പാഠപുസ്തക കേന്ദ്രീകൃതമല്ല, പകുതിയിലേറെയും സ്വതന്ത്രമായും സ്വന്തമായും ചിന്തിച്ച് എഴുതാനുള്ളവയാണ്. ആകയാല്‍ അതിനുള്ള പരിശീലനം നേരത്തെ നല്‍കുന്നത് നല്ലതാണ്.
ഒരിക്കലും കുട്ടികളെ പരീക്ഷയുടെ പേരില്‍ ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്യരുത്. പരീക്ഷ എന്നത് എന്തോ ഭയപ്പെടേണ്ട ഒന്നാണെന്ന തോന്നല്‍ ഉണ്ടാകുന്ന ഒരു സമീപനവും മാതാപിതാക്കളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. പകരം കുട്ടിയെ പഠിക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനും അവരില്‍ ആത്മ വിശ്വാസം വളര്‍ത്താനും ശ്രമിക്കുന്നതായാല്‍ സംശയിക്കേണ്ട, നിങ്ങളുടെ കുട്ടി പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കും. തീര്‍ച്ച.



Leave A Comment