മഊനത്തുല്‍  ഇസ്‌ലാം അറബിക് കോളേജ്, പുതുപൊന്നാനി
മഖ്ദൂമുമാരുടെ ആഗമനത്തോടെയാണ് നൂറ്റാണ്ടുകളുടെ വൈജ്ഞാനിക പാരമ്പര്യമുള്ള പൊന്നാനി വിശ്വപ്രസിദ്ധയാര്‍ജിക്കുന്നത്. തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകള്‍ മലബാറിന്റെ വൈജ്ഞാനിക രംഗം ചുറ്റിത്തിരിഞ്ഞത് പൊന്നാനി വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഹോസ്റ്റലുകള്‍ വരെ പള്ളിയോട് ചേര്‍ന്ന് നിലനിന്നിരുന്നു. പൊന്നാനിയിലെ ‘വിളക്കത്തിരുന്ന’ പണ്ഡിതന്‍മാരാണ് അക്കാലത്തെ മതരംഗം സജീവമാക്കിയത്. മഖ്ദൂമുമാര്‍ കൊളുത്തിവെച്ച ഈ വിജ്ഞാന സരസില്‍നിന്നാണ് ഊര്‍ജം ആവാഹിച്ച് പിന്നീടൊരുപാട് സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. മഊനതുല്‍ ഇസ്‌ലാം സഭ ആ ശൃംഖലയിലെ ഒരു കണ്ണി മാത്രം. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വിദ്യാഭ്യാസ സാംസ്‌കാരിക വളര്‍ച്ചയില്‍ മഊനതുല്‍ ഇസ്‌ലാം സഭയും കീഴ്സ്ഥാപനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. 1900 ആണ്ടില്‍ വിക്‌ടോറിയ രാജ്ഞിയുടെ ആശീര്‍വാദത്തോടെ സ്ഥാപിതമായ സഭ 1908 ലാണ് ഇന്ത്യന്‍ കമ്പനി ആക്റ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുവിശ്വാസികളുടെ വൈജ്ഞാനിക ഉന്നതിയും സാമൂഹിക ക്ഷേമവും മുന്‍നിര്‍ത്തി നിര്‍മിതമായ സ്ഥാപനം നൂറ്റാണ്ടുകള്‍ക്കിപ്പുറവും നിലക്കാത്ത പ്രവാഹമായി മുസ്‌ലിം സാമൂഹിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സഭയുടെ കീഴില്‍ 1959 ഫെബ്രുവരി 18നാണ് മഊനതുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിതമാകുന്നത്. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പല്‍ ആയിരുന്ന ആദം ഹസ്‌റത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബഖിയാത്ത് സിലബസ് അനുസരിച്ച് തുടങ്ങിയ സ്ഥാപനം തസ്വവ്വുഫും കണക്കും മന്‍ത്വിഖുമടക്കമുള്ള വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു; കേരളത്തിലെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ വേരുകള്‍ പൊന്നാനിയിലുണ്ടെന്നര്‍ത്ഥം. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്‍മാര്‍ ഈ സ്ഥാപനത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും മര്‍ഹും നാട്ടിക മൂസ മൗലവിയും മാത്തൂര്‍ യു.പി മുഹമ്മദ് മുസ്‌ലിയാറും ഈ സ്ഥാപനത്തിലൂടെ വളര്‍ന്നുവന്നവരില്‍ ചിലരാണ്. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തെ വിജ്ഞാന കേന്ദ്രമായി അറിയപ്പെടുന്ന പുതുപൊന്നാനി മഊനതുല്‍ ഇസ്‌ലാം അറബിക് കോളേജ് പഴയ അറബിക് കോളേജിന്റെ പരിഷ്‌കൃത രൂപമാണ്. 1999ലാണ് കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിയ സ്ഥാപനഭാരവാഹികള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സിലബസ് അനുസരിച്ച് പഠനം പുനഃസംവിധാനിച്ചത്. വിജ്ഞാനത്തിന്റെ ചക്രവാള സീമകള്‍ തൊട്ടറിഞ്ഞ ഒരു കൂട്ടം ഉസ്താദുമാരാണ് ഈ സ്ഥാപനത്തിന്റെ അടിക്കല്ലുകള്‍. നീണ്ട 12 വര്‍ഷം സ്ഥാപനത്തിന്റെ പ്രന്‍സിപ്പല്‍ ആയിരുന്ന ഉസ്താദ് റാഫി ഹുദവിയും, ദീര്‍ഘകാലം സ്ഥാപനത്തിന്റെ സെക്രട്ടറിയായിരുന്ന മര്‍ഹൂം ഐ.പി അഹ്മദ് കുട്ടി മാസ്റ്ററും, പ്രസിഡന്റായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്ഥാപനത്തിന്റെ പുരോഗമനവഴിയില്‍ നിസ്തുലമായ പങ്ക് വഹിച്ചവരാണ്. പൊന്നാനിയുടെ സാമൂഹിക ജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിന്റെ വൃത്തത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ പൊതു ജീവിതത്തിന്റെ വിഷമതകളെ ആരോഗ്യകരമായി സമീപിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. പൊന്നാനിയിലെ സാമൂഹിക ജീവിതത്തെ കൃത്യവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന പൊന്നാനി ഡോക്യുമെന്ററിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അവയിലൊന്ന് മാത്രം. കര്‍മ നൈരന്തര്യത്തിന്റെയും വൈജ്ഞാനിക നവോത്ഥാനത്തിന്റെയും വഴിയില്‍ ഒരു വ്യാഴവട്ടക്കാലം പിന്നിട്ട സ്ഥാപനം അറുപതോളം പണ്ഡിതവര്യരെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞചാരിതാര്‍ത്ഥ്യത്തിലാണ്. തെന്നല സ്വദേശിയായ ഇബ്രാഹീം ഹുദവിയാണിപ്പോള്‍ സ്ഥാപനത്തിന്റെ പ്രന്‍സിപ്പല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter