സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ്
സൂക്ഷ്മദൃക്കുകളായ ആത്മജ്ഞാനികളുടെ നിത്യസാന്നിധ്യത്താല്‍ നന്മയുടെ നീരുറവ വറ്റാതെ നിലകൊള്ളുന്ന ഗ്രാമീണ ദേശമാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തെ പറപ്പൂര്‍. നഗരകോലാഹലങ്ങളില്‍ നിന്നകന്ന് ഗ്രാമ്യ സൗകുമാര്യം തുടിച്ചുനില്‍ക്കുന്ന ഈ മണ്ണിലാണ് വിശ്വവിജ്ഞാനത്തിന്റെ പ്രഭ ചുരത്തിക്കൊണ്ട് ഒന്നര ദശാബ്ദക്കാലമായി സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് നിലകൊള്ളുന്നത്. 1986ല്‍ വലിയ ഖാദി സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറക്കല്ലിട്ട സെക്കന്ററി മദ്‌റസയുടെ വരവോടെയാണ് പറപ്പൂരിലെ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. ഏറെ ചരിത്ര പാരമ്പര്യം അവകാശപ്പെടാനില്ലാത്ത പറപ്പൂരിന് കേരളീയ ഭൂപടത്തില്‍ പ്രത്യേകമായ ഇടം ലഭിച്ചതും അന്നു മുതലാണ്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആത്മീയ സാമൂഹ്യ സേവന മേഖലകളില്‍ നിറഞ്ഞുനിന്ന ജ്ഞാനിയും വലിയ്യുമായിരുന്ന ചോലക്കലകത്ത് കുഞ്ഞീന്‍ മുസ്‌ലിയാരുടെ പേരില്‍ രൂപംകൊണ്ട സ്മാരക ട്രസ്റ്റിനു കീഴിലാണ് പ്രസ്തുത സ്ഥാപനം പടുത്തുയര്‍ത്തപ്പെട്ടത്. മഹാന്റെ വിയോഗ ശേഷം ആ വിടവ് നികത്തുകയും സമൂഹത്തിന്റെ ആശാ കേന്ദ്രമായി മാറുകയും ചെയ്ത പുത്രന്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരാണ് ഈ വൈജ്ഞാനികമായ ഉണര്‍വിന് നേതൃത്വം നല്‍കിയത്. ജ്ഞാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ആ മഹാമനീഷി തന്റെ ഊര്‍ജ്ജവും അധ്വാനവും സമ്പാദ്യവും വിജ്ഞാന വളര്‍ച്ചക്കായി സമര്‍പ്പിച്ചു. വിജ്ഞാനത്തെ അളവറ്റ് സ്‌നേഹിക്കുകയും അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത പിതാവിന്റെ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ മദ്രാസി(ചെന്നൈ)ല്‍ പഠനം നടത്തുകയും കര്‍ണാടകയിലെ കോലാറില്‍ ദര്‍സ് നടത്തുകയും ചെയ്ത ജ്ഞാനദാഹിയായിരുന്നു സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍. 1986ല്‍ ആരംഭം കുറിച്ച സ്ഥാപനം നിരവധി പരിണാമ ദശകളിലൂടെ കടന്നുപോയിട്ടുണ്ട്. അറുപതില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ആരംഭിച്ച സെക്കന്ററി മദ്രസക്കു പുറമെ മദ്രസാ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ദര്‍സ് വിദ്യാഭ്യാസവും ദര്‍സില്ലാത്തവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും സ്ഥാപനത്തില്‍ നല്‍കപ്പെട്ടു. അവസാനം, കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതി സ്വീകരിക്കാന്‍ സ്ഥാപന മേധാവികള്‍ തീരുമാനിക്കുകയായിരുന്നു. 1997ല്‍ 45 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി മത-ഭൗതിക സമന്വയ രീതിയിലുള്ള വിദ്യാഭ്യാസ ശൈലിക്ക് തുടക്കം കുറിച്ചു. മതപ്രബോധന രംഗത്തെ വെല്ലുവിളികളെ മുഴുവന്‍ തരണം ചെയ്യാനുള്ള പ്രാപ്തിയും ഒരു സമുദായത്തിന്റെ സ്പന്ദനങ്ങള്‍ നെഞ്ചിലേറ്റാനുള്ള പ്രതിജ്ഞാബദ്ധതയുമുള്ള പണ്ഡിതരെയാണ് ഇതിലൂടെ സ്ഥാപനം വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. പതിനഞ്ചു വര്‍ഷത്തെ സ്ഥാപന ചരിത്രത്തില്‍ വിപ്ലവകരമായ ഒരുപാട് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞുവെന്നത് സ്ഥാപനത്തെ സ്വയം മറന്ന് നയിക്കുന്ന സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരുടെയും സ്ഥാപന മേധാവികളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും പ്രായോഗിക ചിന്തയുടെയും നിദര്‍ശനമാണ്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ പൊന്‍തൂവലായ അന്നഹ്ദ അറബി ദൈ്വമാസിക വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. കേരളീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു അറബി പ്രസിദ്ധീകരണം ഇത്രയും കാലം മുടങ്ങാതെ പുറത്തിറങ്ങുന്നത്. ആഗോള മുസ്‌ലിം പ്രശ്‌നങ്ങളിലെ സക്രിയമായ ഇടപെടല്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച അന്നഹ്ദ ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ അനുവാചക സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പഠനഗ്രന്ഥങ്ങളും സുവനീറുകളും ഡോക്യുമെന്ററികളുമടക്കം വേറെയും അനേകം ഉപഹാരങ്ങള്‍ അക്ഷരകൈരളിക്ക് സ്ഥാപനം സമര്‍പ്പിച്ചിട്ടുണ്ട്. നൂറോളം യുവപണ്ഡിതര്‍ ഇതിനകം സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്ന മത്സരവേദികളിലും മറ്റും കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികളും സ്ഥാപനത്തിന്റെ അഭിമാനമാണ്. കേരളീയ മുസ്‌ലിം സാമുദായിക വളര്‍ച്ചക്ക് ശക്തിപകര്‍ന്ന സയ്യിദ് ഹുസൈന്‍ ഹള്‌റമി(റ), വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍(ന.മ), സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍(ന.മ) തുടങ്ങിയ ചരിത്രപുരുഷന്മാരുടെ ആത്മീയ സാന്നിധ്യവും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ശക്തിയേകുന്നു. മീറാന്‍ ദാരിമി കാവനൂരാണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter