ദാറുല്‍ ഇര്‍ശാദ് അക്കാദമി, ചട്ടഞ്ചാല്‍
കാസര്‍ഗോഡിന്റെ വിദ്യാഭ്യാസ ചരിതം ശൈഖുനാ ശഹീദെ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെയും കൂടി വിദ്യാഭ്യാസ ചരിതമാണ്. വടക്കേ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന നായകനാണ് മഹാനവര്‍കള്‍. കേരളക്കരയില്‍ സച്ചരിതരായ സ്വഹാബത്ത് പകര്‍ന്ന ദീനീ പാഠങ്ങള്‍ പിന്‍ഗാമികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ആ സ്വഹാബീ പരമ്പരയില്‍ പെട്ടവരായിരുന്നു ചെമനാടില്‍ നിന്ന് ചെമ്പരിക്കയിലേക്ക് താമസം മാറിയ സൂഫി വര്യന്‍ പോകൂഷാ. അവരും മകന്‍ അബ്ദുല്ലാഹില്‍ ജവാഹിരിയും പേരമകന്‍ ചെമ്പരിക്ക എന്നറിയപ്പെട്ട സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും നാടിന്റെ ആത്മീയ ധാരയിലെ നിലക്കാത്ത പ്രവാഹങ്ങളായിരുന്നു. ധാര്‍മിക വിജ്ഞാനീയങ്ങളായിരുന്നു അവര്‍ക്ക് കൊടുക്കാനും വാങ്ങാനും ഉണ്ടായിരുന്നത്. അവരുടെ പിന്‍ഗാമി സി.എം ആ വഴിയെ നടന്നു. ദര്‍സ് പഠന കാലത്തും ബാഖിയാത്ത് കോളെജ് പഠന കാലത്തും ശേഷം അധ്യാപന കാലത്തും സമുദായത്തിന്റെ മത ജ്ഞാനത്തിലുള്ള ആകുലതകളായിരുന്നു ആ മനം നിറയെ . ഭൗതിക പ്രസരിപ്പ് മതത്തെ നിരാകരിക്കുന്ന വിധത്തിലാകുന്ന അത്യാധുനികതയാണ് പ്രശ്‌നം. അങ്ങനെയാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്നാശയം മുള പൊട്ടുന്നതും നാട്ടിലെ പ്രമാണിയും മത ഭക്തനുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ സഹകരണത്തോടെയും വന്ദ്യ പിതാവ് ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ആശീര്‍ വാദത്തോടെയും 1971 ഏപ്രില്‍ 28ന് സഅദിയ്യ കോളജ് സ്ഥാപിക്കുന്നതും. സഅദിയ്യയുടെ സംസ്ഥാപനത്തിന് മുമ്പ് പരവനുടുക്കം ആലിയ കോളജ് സമന്വയ വിദ്യാഭ്യാസത്തിനുള്ള വേദിയാക്കാമെന്ന ഉമറാക്കളുടെ ആഗ്രഹത്തിന് വഴങ്ങി അവിടെയെത്തിയെങ്കിലും ഭരണ ഘടനയിലെ ജമാഅത്തെ ഇസ്‌ലാമി വിധേയ മത നവീകരണ വാദം മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സഅദിയ്യ വിട്ടതിന് ശേഷമാണ് ഒരു നിയോഗമെന്നോണം തെക്കില്‍ മൂസ ഹാജി സമീപിച്ച് ചട്ടഞ്ചാല്‍ മാഹിന ബാദിലുള്ള വിശാല സ്ഥലം കൈമാറുന്നതും ഒരു വിജ്ഞാന കേന്ദ്രം സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും. തുടര്‍ന്ന് 1993 ജൂലൈ 4ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ടു. ആദ്യം ഇംഗ്ലീഷ് മീഡിയം സ്‌കൂളും യതീം ഖാനയും മദ്രസയും സ്ഥാപിച്ച് ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു ഈ വിദ്യാഭ്യാസ സമുച്ചയം.1999 ഒരു തീര്‍ഥയാത്രയുടെ സുവര്‍ണ സാഫല്യത്തിന്റെ വര്‍ഷമായിരുന്നു. താന്‍ വര്‍ഷങ്ങളിത് വരെ കൊണ്ട് നടന്ന മത ഭൗതിക വിദ്യാഭ്യാസ പദ്ധതി നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നു. അപ്പോഴേക്കും സമന്വയ വിദ്യാഭ്യാസം കേരളക്കരയില്‍ ഒരു വിഷയമായിക്കഴിഞ്ഞിരുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായി മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, ദാറുല്‍ ഇര്‍ശാദ് അക്കാദമിയെ അംഗീകരിച്ചതോടുകൂടിയായിരുന്നു ആ സാക്ഷാല്‍കാരം. മഹല്‍ സ്ഥാപനത്തിന്റെ ആദ്യ ബാച്ച് ദാറുല്‍ ഹുദായിലെ രണ്ട് വര്‍ഷത്തെ പി.ജി പഠനത്തിന് ശേഷം ഹുദവികളായി പ്രവര്‍ത്തന ഗോദയിലിറങ്ങിക്കഴിഞ്ഞു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ ഉദുമ പടിഞ്ഞാര്‍ ജൂനിയര്‍ വിങ് കാമ്പസിലും ആറു മുതല്‍ ഡിഗ്രി ഫൈനല്‍ വരെയുള്ള ക്ലാസുകള്‍ ചട്ടഞ്ചാല്‍ മാഹിനാബാദ് മെയിന്‍ കാമ്പസിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി നിലവിലെ പ്രിന്‍സിപ്പള്‍ അന്‍വര്‍ അലി ഹുദവി മാവൂരാണ്. സി.എം ഉസ്താദ് തന്നെയായിരുന്നു വിയോഗം വരെയുള്ള പ്രിന്‍സിപ്പാള്‍. എം.ഐ.സി വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ദാറുല്‍ ഇര്‍ശാദിന് പുറമെ ബഹുമുഖ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമെ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠിതാക്കളും വിദ്യ നുകരുന്നു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ നിലവിലെ പ്രസിഡന്റ് പ്രമുഖ പണ്ഡിതനും സി.എം ഉസ്താദിന്റെ സഹോദരി പുത്രനുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരിയാണ്. ജന. സെക്രട്ടറി സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സി.എം ഉസ്താദിന്റെ നിഴല്‍പോലെ പ്രവര്‍ത്തിച്ച പ്രമുഖ പണ്ഡിതനുമായ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter